Friday, May 11, 2007

ലാപുട സൂചിപ്പിക്കുന്നത്..

"ദൂരത്തെ സ്വയം നിര്‍ണ്ണയിച്ച്‌ ഭാഷയ്ക്കും ചിന്തയ്ക്കും ഇടയില്‍ കവി തന്നോട്‌ തന്നെ നടത്തുന്ന ഓട്ടപന്തയം ആവുമ്പൊഴാണ്‌ കവിതയ്ക്ക്‌ അതിന്റെ ഗാഢവും ഗൂഢവുമായ ത്വരണങ്ങള്‍ ഉണ്ടാവുന്നതെന്ന് കരുതുവാന്‍ എനിക്ക്‌ ഇഷ്ടമാണ്‌".
പരാജിതന്റെ കവിതയിലെ കലാസംവിധാനം എന്ന ലേഖനത്തിന്‌ ലാപുട ഇട്ട ഈ കുറിപ്പ്‌ അദ്ദേഹത്തിന്റെ കവിതയുടെ ആത്മാവിലേയ്ക്ക്‌ തുറക്കുന്ന ഒരു വാതിലാണ്‌.ഭാഷ അതിന്റെ സൃഷ്ടിപരമായ വ്യവഹാരങ്ങളില്‍ വെളിപ്പെടുന്നത്‌ വ്യവഹര്‍ത്താവിന്റെ ചിന്തയെ പ്രതിനിധാനം ചെയ്യുന്ന കുറേ ചിഹ്നങ്ങള്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല. ചിന്തയ്ക്കും അതിന്റെ ചിഹ്നങ്ങളുപയോഗിച്ചുള്ള രേഖപ്പെടുത്തലിനും ഇടയില്‍ ഭാഷ അതിന്റേതായ ഒരു സ്വതന്ത്രമേഖല രൂപപ്പെടുത്തുന്നു. അവിടെവച്ച്‌ അത്‌ സ്ഥലകാലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയെ അതിജീവിക്കുകയും ചെയ്യുന്നു. അങ്ങനെയാണ്‌ സ്ഥലകാല ബന്ധിയായി പിറക്കുന്ന ഒരു കൃതിയ്ക്ക്‌ അവയെ അതിവര്‍ത്തിക്കുന്ന ഒരു പാഠം ഉണ്ടാവുന്നത്‌. അതായത്‌ കൃതിക്ക്‌ ആധാരമായ ചിന്താപദ്ധതി രചനയോടെ പൂര്‍ണ്ണമാകുകയും രചയിതാവിന്‌ അതിന്റെ നിയതിയ്ക്കുമേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലതാവുകയും ചെയ്യുന്നു.എന്നാല്‍ അതിന്റെ പാഠമാകട്ടെ ഭാഷയുടെ ജൈവസ്വഭാവത്തില്‍നിന്നും കരചരണങ്ങള്‍ കടം കൊണ്ട്‌ അനന്തമായ യാത്രകളിലൂടെ,അനുഭവങ്ങളിലൂടെ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ വേണമോ വേണ്ടയോ എന്നു ശങ്കിച്ചുനിന്ന ഹാമ്ലറ്റ്‌ രാജകുമാരന്‍ ഷേക്സ്പിയറെയും കടന്ന് അസ്തിത്വവാദിയായ അന്യനായി മാറിയത്‌ ഈ വഴിയിലൂടെ സഞ്ചരിച്ചാണ്‌. "മെറ്റാഫിസിക്കല്‍ " എന്ന് സമകാലികര്‍ ചിറികോട്ടിപ്പറഞ്ഞ നിയോക്ലാസിക്കല്‍ കവിതകള്‍ നമ്മുടെ നൂറ്റാണ്ടിന്റെ കവിതയിലെ ഏറ്റവും സൃഷ്ടിപരമായ സ്വാധീനമായതും ഇങ്ങനെതന്നെ.

ലാപുടയുടെ പല കവിതകളിലും ഭാഷ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു സ്വതന്ത്ര മേഖല നേടിയെടുക്കുന്നതായി കാണാം. അവിടെ വാക്കുകള്‍ കേവലം ചിന്തയുടെ ശബ്ദരൂപങ്ങളല്ല. വാച്യാര്‍ത്ഥത്തിന്റെ പരിധികള്‍ ലംഘിച്ച്‌ അവ വളരുകയും പരിസരങ്ങളില്‍ നിന്നും കാവ്യശില്‍പ്പത്തില്‍നിന്നുതന്നെയും ഊര്‍ജ്ജം കണ്ടെത്തി സ്വന്തം അസ്തിത്വം പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. അതുകൊണ്ടാവാം ലാപുടയുടെ കവിതകള്‍ സംവേദനത്തിനായി വരികളോടൊപ്പം അതിന്റെ ഘടനയേയും ഉപകരണമാക്കുന്നത്‌. അടുത്തടുത്ത്‌ വിന്യസിച്ചിരിക്കുന്ന വിരുദ്ധ സ്വഭാവമുള്ള വാക്കുകള്‍ തമ്മിലുള്ള വിനിമയങ്ങളിലൂടെ,കലഹങ്ങളിലൂടെ വികസിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ കവിതാശില്‍പ്പം.
"ഈണത്തെ
അഴിച്ചുമാറ്റി മാത്രമെ
ഒരു പാട്ടിനെ
എഴുതിവെക്കാനാവൂ.

എഴുതി വെച്ച ഒരു പാട്ട്‌
പാട്ടിനെക്കുറിച്ചുള്ള
വലിയ ഒരു നുണയാണ്‌..."
('എഴുതുമ്പോള്‍...')

ഇവിടെ പാട്ട്‌ തന്നെ അതെക്കുറിച്ചുള്ള ഒരു വലിയ നുണയായി മാറുന്നത്‌ കാണാം. ഈണത്തെ അഴിച്ചുമാറ്റി മാത്രമെ ഒരു പാട്ടിനെ എഴുതി വെക്കാനാവു എന്നിരിക്കെ എഴുതിവെച്ച പാട്ട്‌ ഒരേ സമയം ഈണത്തെയും പാട്ടിനെതന്നെയും നിഷേധിക്കുന്നു. ഇത്തരത്തില്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ബിംബങ്ങളുടെ നൈരന്തര്യത്തിലൂടെ പടുത്തുയര്‍ത്തപ്പെട്ടവയായതിനാലാവും അദ്ദെഹത്തിന്റെ കവിതകള്‍ ഒന്നും തന്നെ വിവരണാത്മകമല്ലാത്തത്‌.

രണ്ടു തവണ വീതം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന 'വെളിച്ചം' ,'ഇരുട്ട്‌', 'നിഴല്‍', 'നിറം' എന്നീ നാലു വാക്കുകളും, അവ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത ഭാഷാപരിസരങ്ങളിലൂടെ മാറി മാറിവരുന്ന ധ്വനികളും അടങ്ങുന്നതാണ്‌ സൂചന എന്ന ഈ കവിതയുടെ രസതന്ത്രം. ആദ്യവരിയിലെ 'വെളിച്ചം'പിന്നീട്‌
'വെളിച്ചം കൊണ്ട്‌
കാണാനാവാത്ത
ഇരുട്ട്‌' ആയി മാറുമ്പോള്‍ വാക്ക്‌ ചിന്തയുടെ വാഹകന്‍ എന്നനിലയ്ക്കുള്ള പരാധീനതകളെ കുടഞ്ഞെറിഞ്ഞ്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്‌ നമുക്ക്‌ കാണാം.രണ്ടാം ഖണ്ഡികയിലെ ആദ്യവരിയിലെ'കാഴ്ച്ചകള്‍'ക്ക്‌ പറയാനുള്ളതാവട്ടെ
"നിറം ചേര്‍ത്ത്‌
ചിത്രമാക്കാനാവാത്ത" നിഴലിനെക്കുറിച്ചാണ്‌. നിറം തേച്ച കാഴ്ചകള്‍ നിറങ്ങളോ ചിത്രങ്ങളോ അല്ലാത്ത നിഴലുകളെക്കുറിച്ച്‌ വരക്കുന്ന ഈ വാങ്മയ ചിത്രത്തില്‍ വാക്കുകള്‍ അസ്തിത്വം തേടി തങ്ങളുടെ ഇരിപ്പിടങ്ങളില്‍നിന്നും ഇറങ്ങി നടക്കുന്നു.കാവ്യ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ബിംബങ്ങളുടെ ഈ സ്വതന്ത്ര ഗതാഗത്തിലൂടെയാണ്‌ കവിത വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ക്കുള്ള സാധ്യത തുറന്നിടുന്നത്‌.

അഞ്ച്‌ ഖണ്ഡങ്ങളിലായി തീര്‍ത്തിരിക്കുന്ന ഈ കാവ്യശില്‍പ്പത്തെ വിഘടിപ്പിച്ചാല്‍ നമുക്ക്‌ ഇതിനുപിന്നിലെ ക്രാഫ്റ്റിലേയ്ക്കെത്താം.
"വെളിച്ചം കൊണ്ട്‌
കാണാനാവാത്ത
ഇരുട്ടു പോലെ
......
അസാധ്യതകളുടെ
വിരസവ്യംഗ്യം" ആണ്‌ ജീവിതം എന്നതാണ്‌ ആദ്യ ഖ്ണ്ഡികയിലെ
"വെളിച്ചം
ഏഴു വരികളില്‍
ഇരുട്ടിനെക്കുറിച്ച്‌" നല്‍കുന്ന സൂചന. ഇവിടെ കവിതയുടെ ഒഴുക്ക്‌ മൂന്നാം ഖണ്ഡത്തില്‍ നിന്നും അഞ്ചിലേക്കിറങ്ങി വീണ്ടും ആരംഭത്തിലേക്ക്‌ മടങ്ങിയെത്തുമ്പോള്‍ രണ്ടാം ഖണ്ഡത്തിലെ
"കാഴ്ച്ചകള്‍
നിഴലിനെക്കുറിച്ച്‌
നിറങ്ങളില്‍ പടുത്ത
സൂചനകള്‍" ഒരു ഖണ്ഡം താഴേക്കിറങ്ങി
"നിറം തേച്ച്‌
ചിത്രമാക്കാനാവാത്ത
നിഴലു പോലെ
അസാധ്യതകളുടെ" ഒരു വിരസ വ്യംഗ്യമായി ജീവിതത്തെ നിര്‍വചിക്കുന്നു.രണ്ടായി ഇഴപിരിഞ്ഞ്‌ വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക്‌ ശില്‍പത്തിനുള്ളില്‍ വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച്‌ നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്‌. ഈ കവിതയ്ക്ക് വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ സാധ്യമാക്കുന്നതും ഇതു തന്നെ.

ഇരുളും വെളിച്ചവും, കാഴ്ചയും നിഴലും എന്നിങ്ങനെ ഒരിക്കലും സമന്വയിപ്പിക്കാനാവാത്ത ദ്വന്ദ്വങ്ങളിലൂടെ അസാധ്യതകളുടെ വിരസവ്യംഗ്യമായി ജീവിതത്തെ വ്യാഖ്യാനിക്കുക വഴി കവി അതിന്റെ ധനാത്മകമായ സാധ്യതകളെ നിരാകരിക്കുന്നു എന്നൊരു വാദം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്‌. ദുരന്തബോധത്തെ സിനിസിസവുമായി കൂട്ടിവായിക്കാന്‍ ആവാത്തിടത്തോളം അത്തരമൊരു വായന സംഗതമല്ലെന്നാണ്‌ എന്റെ തോന്നല്‍. ചാര്‍ത്തുകളില്ലാത്ത ജീവിതത്തിന്റെ പരുക്കന്‍ ഉണ്മകളുമായി മുഖാമുഖം നില്‍ക്കുകയും ഭംഗ്യന്തരങ്ങളില്ലാതെ അതിന്റെ പാഠങ്ങളെ ഉള്‍കൊള്ളുകയും ചെയ്യുമ്പോഴാണല്ലോ ദുരന്ത ദര്‍ശനം എന്നൊന്ന് ഉരുത്തിരിയുന്നത്‌. മാനുഷികമായ കാഴ്ചകളുടെ മേലൊരു തിരുത്തായി നിലനില്‍ക്കുന്നിടത്തോളം കാലം ആ ദര്‍ശനം ഋണാത്മകമല്ല. അസ്തിത്വവാദം എന്ന ദര്‍ശനത്തിന്റെ വികലമായ പാഠങ്ങളുടെ വായനയിലൂടെ എണ്‍പതുകളിലെ അപക്വമതികളായ ചില വായനക്കര്‍ക്ക്‌ വന്നുചേര്‍ന്ന അപചയങ്ങള്‍ക്ക്‌ അങ്ങ്‌ സാര്‍ത്ര് മുതല്‍ ഇങ്ങ്‌ വിജയന്‍ വരെയുള്ളവരെ പഴിക്കുന്നതില്‍ കാര്യമില്ലല്ലോ!

നാളിതുവരെയുള്ള തന്റെ കാവ്യ ജീവിതത്തിലൂടെ ലാപുട മൗലീകമായ ഒരു ശൈലി നേടിയെടുത്തുകഴിഞ്ഞു.കാവ്യഘടനയ്ക്കുമേലുള്ള തനതു വൈദഗ്ദ്ധ്യം അദ്ദേഹത്തിന്റെ ശൈലിയുടെ മുഖമുദ്രയാണ്‌.എങ്കിലും ചിലപ്പോഴെങ്കിലും ശൈലി എഴുത്തിനെ ശൈലീകരണത്തിലേയ്ക്ക്‌ വലിച്ചുകൊണ്ടുപോകാറുണ്ട്‌. എഴുത്തിനെ നിര്‍ജ്ജീവാവസ്ഥയില്‍ കൊണ്ടെത്തിക്കുന്ന ഇത്തരമൊരു ശൈലീകരണം ഒ.വി. വിജയനെപ്പോലുള്ള എഴുത്തുകാരെ പോലും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അവസാന കാല രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.ലാപുട കവിതകളുടെ കരുത്തും സൗന്ദര്യവുമായ സവിശേഷ ശൈലിയും തനതു ഘടനയും ചേര്‍ന്ന് എഴുത്തിനെ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു ശൈലീകരണത്തിലേയ്ക്ക്‌ തട്ടിക്കൊണ്ടു പോകതിരിക്കുവാന്‍ കവി സദാ ജാഗരൂകനായിരിക്കണം.ഘടനയെയും ശൈലിയെയും നിരന്തരം അപനിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്‌ ഇത്തരം ഒരു ജാഗരത്തിനായി കവിതയെ സജ്ജമാക്കുവാനുള്ള വഴി എന്നു തോന്നുന്നു.ലാപുടയ്ക്ക്‌ അതിന്‌ ആവും എന്നു തന്നെയാണ്‌ എന്റെ വിശ്വാസവും..

(ലിങ്കുകള്‍ക്കും ഒന്നാം വട്ട എഡിറ്റിങ്ങിനും മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പരാജിതനോട് കടപ്പാട്)

32 comments:

vishak sankar said...

ബൂലോക രചനകളെക്കുറിച്ച് പഠിക്കാനും കണ്ടെത്തലുകള്‍ കൂട്ടരുമായി പങ്കുവയ്ക്കാനുമായി ഒരു ബ്ലോഗ് എന്ന ആഗ്രഹത്തില്‍നിന്നും പിറന്നതാണീ‍ പുതിയ ബ്ലോഗ് ‘വിനിമയങ്ങള്‍’.
അതിലെ ആദ്യ ലേഖനം,ബൂലോകരുടെ പ്രിയ കവികളില്‍ ഒരാളായ ലാപുടയുടെ “സൂചന” എന്ന കവിതയെക്കുറിച്ച്..
സാഹിത്യത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ പങ്കിടാന്‍ ഒരിടം എന്നതാണ് ആശയം.അതിലേയ്ക്ക് നിങ്ങള്‍ ഓരോരുത്തരുടേയും പങ്കു ക്ഷണിക്കുന്നു.

Pramod.KM said...

വിശാഖ് മാഷിന്റെ ഉദ്യമത്തിന്‍ ആശംസകള്‍.നന്നായിരിക്കുന്നു ലേഖനം.ലാപുടയുടെ കവിതപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്‍ നല്‍കുന്ന കമന്റുകളും.അനുപമമായ ഒരു ഒരു ‘ലാപുടക്കമന്റില്‍‘ നിന്നും ആണ്‍ ഈ ലേഖനം തുടങ്ങിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്‍.‘സൂചന‘യെ കുറിച്ച് പിന്നീട് അഭിപ്രായം പറയാം.;).
പിന്നെ ഒരു നിറ്ദ്ദേശം:ലാപുടയുടെ സൂചന എന്ന കവിതയിലേക്കുള്ള ലിങ്ക് ലേഖനത്തില്‍ കൊടുക്കുന്നത് നന്നായിരിക്കും.അത് പോലെ ഇതില്‍ മറ്റേതെങ്കിലും കവിതയോ(ഇവിടെ പരാജിതന്റെ രചനയെ കുറിച്ച് സൂചിപ്പിച്ച പോലെ)മറ്റോ സൂചിപ്പിക്കുന്നുണ്ടെങ്കിലും ലിങ്ക് കൊടുക്കുന്നത് ഗുണം ചെയ്യും.;)

സങ്കുചിത മനസ്കന്‍ said...

ലാപുടയുടേ കവിതകള്‍:

1. കവിതകള്‍ പുതിയ തരം കവിതകളില്‍ പെടുന്ന ഇനമാണ്.
2.'പുതുക്കിയെഴുതപ്പെടുന്ന' മലയാള കവിതയുടെ വിഭാഗത്തില്‍ വരുന്നു ഇവയും. പുതുമയെ ലക്ഷ്യമിടുന്ന എഴുത്തുശ്രമങ്ങളില്‍ ഈ കവിതകള്‍ ചില സമാനതകളെ പങ്കുവെയ്ക്കുന്നു-മറ്റു പുതു തലമുറ കവിതകളുമായി. പദങ്ങള്‍, വിചാരങ്ങള്‍ എന്നിവയില്‍ ഇതു കാണാനാവും.
3.ഇത്തരം സമാനതകള്‍ ഒരുപക്ഷേ പുതു കവിതയുടെ ലക്ഷണം തന്നെയാണ്.
4.പുത്തനെഴുത്തുകാരുടെ കൂട്ടത്തില്‍ ഈ കവിയെ വേറിട്ടുയര്‍ത്തി നിര്‍ത്തുന്ന സവിശേഷതകള്‍ പക്ഷേ ഈ കവിതകളില്‍ അസന്നിഹിതമാണ്.

(കവിതയെക്കാളുപരി കവിയെ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളുടെ അഭിപ്രായങ്ങള്‍)

ഓടോ: ലാപുട എന്നെ തല്ലും എന്നുള്ളതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ പിന്നീടറിയിക്കുന്നതാണ്.

-വിശാഖ്, നല്ല ഉദ്യമം. വിഷ്ണു, അനില്‍ തുടങ്ങി എല്ലാവരേയും ഇതുപോലെ നിരീക്ഷിക്കൂ...

5.ഒരുപക്ഷേ തീര്‍ച്ചയായും ഈ കവി ആ വ്യതിരികതതയെ നേറ്റിയെടുക്കുമെന്നു തോന്നുന്നു.അതിന് സാമാന്യവത്കരണത്തില്‍ നിന്ന് വേര്‍പെടെണ്ടത് ആവശ്യമാണ്.

6.ഈ കവിതകള്‍ സമാഹരിക്കപ്പെടെണ്ടതുതന്നെയാണെന്ന് തോന്നുന്നു. കവിതയില്‍ അതൊരു ജീവിതഘട്ടമാണ്.

vishak sankar said...

പ്രമൊദ്,
സങ്കേതികമായ പാപ്പരത്തത്തിന്റെ ഒരു പര്യായമാണ് ഞാന്‍.എന്തായാലും ലിങ്കുകള്‍ ഉടന്‍ കൊടുക്കുന്നതായിരിക്കും.അതിന്റെ വഴികള്‍ ചില സുഹൃത്തുക്കള്‍ പറഞ്ഞുതരാമെന്ന് ഏറ്റിട്ടുണ്ട്.കഴിയുമെങ്കില്‍ നാളെത്തന്നെ അതു ചെയ്യുന്നതായിരിക്കും.സഹ്കരണത്തിന് നന്ദി.സജീവമായ ഒരു കവിതാ ചര്‍ച്ചയാണ് ഉന്നം.അതിലേയ്ക്ക് താങ്കളുടെ സജീവ പങ്കാളിത്തം ക്ഷണിക്കുന്നു.

സങ്കുചിതാ,
കുറിപ്പിന്റെ ആദ്യ പകുതി എനിക്ക് നേരാംവണ്ണം പിടികിട്ടിയില്ല.വിശദമ്മയി പറയാമെന്നു പറഞ്ഞല്ലൊ.അതിനായി കാത്തിരിക്കുന്നു.
അനിലിന്റെയും വിഷ്ണുവിന്റെയും കവിതകളെക്കുറിച്ച് മാത്രമല്ല അബ്ദു,പ്രമോദ് ,ഉമ്പാച്ചി ,കുഴൂര്‍ തുടങ്ങിയ ഒട്ടേറെപ്പേരുടെ കവിതകളെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹമുണ്ട്.ഒന്നൊന്നാ‍യി അത്തരം ഉദ്യമങ്ങളിലേയ്ക്ക് കടക്കുന്നതായിരിക്കും.ഈ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

വല്യമ്മായി said...

വളരെ നല്ല ഉദ്യമം വിശാഖ്.പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ബ്ലോഗെഴുത്തില്‍ താങ്കളുടെ ക്രിയാത്മക ഇടപെടലുകള്‍.

സൂചന വായിച്ച് എന്റെ സംശയമായിരുന്നു :"വെളിച്ചം ഇരുട്ടിനെ കുറിച്ചുള്ള സൂചന ആകുന്നത് പോലെ കാഴ്ച നിഴലില്ല എന്നതിന്റെ സൂചനയാണോ?"

അതിന് വളരെ നല്ലൊരുത്തരം കണ്ടെത്താന്‍ താങ്കളുടെ കുറിപ്പിലൂടെ കഴിഞ്ഞു.വളരെ നന്ദി.

ലാപുടയുടെ കവിതകളെ കുറിച്ച് പറയാനുള്ള സാഹിത്യപരിജ്ഞാനമൊന്നുമില്ല.ഒരു സാധാരണ വായനക്കാരിക്കുപോലും മറ്റ് കവിതകളില്‍ വേറിട്ട ഒരു ആസ്വാദനം,ഉള്‍ക്കാഴ്ച എല്ലാം പ്രധാനം ചെയ്യുന്നുണ്ട് ആ വരികള്‍.കാവ്യലോകത്ത് തന്റേതായ ഒരു പാത വെട്ടി തുറക്കാന്‍ ലാപുടയ്ക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ലാപുട said...

വിശാഖ്,
പുതിയ ബ്ലോഗിന് എല്ലാ നന്മകളും നേരുന്നു.
ഗഹനവും ഊര്‍ജ്ജവത്തായതുമായ എഴുത്ത് ചിന്തകളുടെ കൂട്ടിരിപ്പ് സ്ഥലമാവട്ടെ ഇവിടം..
എന്റെ കവിതകളെ സൂക്ഷ്മമായി വിശകലനം ചെയ്തതിന് ഒരുപാട് നന്ദി, സ്നേഹം...:)
ശൈലീകരണത്തിലെ അപകടത്തെ ചൂണ്ടിക്കാണിച്ചത് പ്രത്യേകം ശ്രദ്ധിക്കുന്നു...
സസ്നേഹം
ലാപുട
(ഓ.ടോ: സങ്കുചിതാ....:))

qw_er_ty

Pramod.KM said...

സൂചനയെ കുറിച്ച്:
ഏഴുവരികളില്‍,വെളിച്ചം ഇരുട്ടിനെ കുറിച്ചുള്ള സൂചന തരുന്നുണ്ട്..അവസാനം ഇരുട്ടു വരുന്നു.വറ്ണ്ണാഭമായ കാഴചകളുടെ ഉള്ളീല്‍ നിഴല്‍ ഒളിച്ചിരിപ്പുണ്ട്.പക്ഷെ ഇരുട്ടിനെ വെളിച്ചം അനുഭവവേദ്യമാക്കുന്നില്ല.അത് പോലെ നിഴലിനെ നിറങ്ങളും.
അതുപോലെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവിതം എന്നത് സൂചനകളില് മാത്രം ആണെന്നാണ്‍ ഈ കവിത വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.ജീവിതത്തെ യഥാറ്ഥത്തില്‍ കാണുമ്പോളെക്കും,ജീവിതം നഷ്ടപ്പെട്ടിരിക്കും എന്ന്.

വല്യമ്മായി said...

പ്രമോദ്,
നിഴലിനെ (നിറം ചേര്‍ത്ത്) ചിത്രമാക്കാന്‍ കഴിയാത്തതും വെളിച്ചം കൊണ്ട് ഇരുട്ടിനെ കാണാന്‍ കഴിയാത്തതും രണ്ട് രീതിയലല്ലേ എന്നായിരുന്നു എന്റെ സംശയം.

"രണ്ടായി ഇഴപിരിഞ്ഞ്‌ വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക്‌ ശില്‍പത്തിനുള്ളില്‍ വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച്‌ നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്‌." എന്റെ സശയത്തിനുള്ള ഉത്തരത്തില്‍ കൂടുതലായി.അതിലൊരുപാഠമാണ് പ്രമോദ് വിശദമാക്കിയത്.വിശാഖിന് ഒരിക്കല്‍ കൂടി നന്ദി.നല്ലൊരു ചര്‍ച്ചയ്ക്ക് ഇടമൊരുക്കിയതിന്.
qw_er_ty

vishak sankar said...

വല്യമ്മായി,
വളരെ നന്ദി.നിങ്ങളെപ്പോലുള്ള പരിചയസമ്പന്നയായ ഒരു ബ്ലോഗറെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാനായെങ്കില്‍ എന്റെ ഈ ഉദ്യമം ധന്യമായി.
ലാപുടാ..,നന്ദി.
പ്രമോദ്,
ലിങ്കുകള്‍ കൊടുത്തു കഴിഞ്ഞു.എന്റെ സുഹൃത്തായ ഹരിയുടെ(പരാജിതന്‍)സഹായത്തോടെ.

Vayanakkaran said...

ഈ ലേഖനവും ആധുനിക കവിതപോലെ.. ഒന്നും പിടികിട്ടിയില്ല

vishak sankar said...

വായനക്കാരാ,
ആധുനിക കവിതയെക്കുറിച്ചുള്ള നിരൂപണവും ആധുനികമായിരിക്കേണ്ടേ..?
“മുട്ടുവിന്‍ തുറക്കപ്പെടും” എന്നല്ലേ..ഒന്നുകൂടി മുട്ടിനോക്കൂ..ചിലപ്പൊ തുറന്നെങ്കിലോ..!

G.manu said...

ഈ ഉദ്യമത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.
ദില്ലിയിലെ കവിയരങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ "ആധുനിക കവിതകള്‍ മാടി വിളിക്കാറുണ്ട്‌ പക്ഷേ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല " എന്ന് ആത്മാര്‍ഥമായി പരാതിപ്പെടുന്ന ആഗ്രഹിക്കുന്ന ആസ്വാദകരെ കണ്ടിട്ടുണ്ട്‌. നവകവിതാ സാക്ഷരത ഇല്ലാത്ത കുഴപ്പം കൊണ്ടാണിത്‌. കൂടുതല്‍ സഹൃദയരെ പുതിയ വായനയിലേക്കു അടുപ്പിക്കാനുതകുന്ന ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളൂം (അല്‍പം കൂടി ലളിതമാക്കിയാല്‍ മനസിലാക്കുന്നവരുടെ എണ്ണം കൂടും എന്ന എളിയ അഭിപ്രായം കൂടി)

vishak sankar said...

ജി.മനു,
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

താങ്കളുടെ അഭിപ്രായം ശരിയാണ്.പരമാവധി ലളിതമായി എഴുതണമെന്നു തന്നെയാണ് ആഗ്രഹവും.ഇനിയും അതിനായുള്ള ശ്രമങ്ങള്‍ തുടരും..

Manu said...

വളരെ നല്ല ഉദ്യമം വിശാഖ്. ഒരുതരം അത്ഭുതത്തോടെ ഞാന്‍ സമീപിച്ച കവിതയാണ ലാപുടയുടേത്. ആധുനികതയുടെ ശൈലീദോഷങ്ങള്‍ എന്ന് താരതമ്യേന വളരെ പഴഞ്ചനായ ഞാന്‍ (പ്രായംകൊണ്ടല്ല... ) ധരിച്ചിരുന്ന പലതും കവിതയുടെ ശക്തിയാക്കാമെന്ന് എന്ന് ബോധ്യപ്പെടുത്തിയ രചകള്‍. ചാട്ടുളിയുടെ വേഗമുള്ള ദര്‍ശനായോധനം.

ദൂരം നിര്‍ണ്ണയിച്ച് ഭാഷക്കും ചിന്തക്കുമിടയില്‍ നടത്തുന്ന മത്സരത്തെക്കുറിച്ച് ശക്തമായ ഒരു ധ്വന്യാത്മക സൂചന വിരുന്ന് എന്ന കവിതയില്‍ ഉണ്ട്. ഏറ്റം സുന്ദരമായ ഉടുപ്പിട്ട് ,സമയത്തെക്കുറിച്ച് ശങ്കയോടെ, പകുതി ദുരൂഹമായ ചിരിയോടെ വിരുന്നിനിറങ്ങുന്ന വാക്ക് മറന്നുപോകാനിടയുള്ള മധുമായൊരര്‍ത്ഥത്തെക്കുറിച്ച്. ആ കവിതയെക്കുറിച്ചൊരുസൂചന പഠനത്തിന്റെ ഭാഗമാകേണ്ടിയിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു.

" Pramod.KM ha detto...
സൂചനയെ കുറിച്ച്:
ഏഴുവരികളില്‍,വെളിച്ചം ഇരുട്ടിനെ കുറിച്ചുള്ള സൂചന തരുന്നുണ്ട്..അവസാനം ഇരുട്ടു വരുന്നു.വറ്ണ്ണാഭമായ കാഴചകളുടെ ഉള്ളീല്‍ നിഴല്‍ ഒളിച്ചിരിപ്പുണ്ട്.പക്ഷെ ഇരുട്ടിനെ വെളിച്ചം അനുഭവവേദ്യമാക്കുന്നില്ല.അത് പോലെ നിഴലിനെ നിറങ്ങളും.
അതുപോലെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവിതം എന്നത് സൂചനകളില് മാത്രം ആണെന്നാണ്‍ ഈ കവിത വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.ജീവിതത്തെ യഥാറ്ഥത്തില്‍ കാണുമ്പോളെക്കും,ജീവിതം നഷ്ടപ്പെട്ടിരിക്കും എന്ന്.


പ്രമോദിന്റെ ഈ വായനതന്നെയാണ് ‘സൂചന‘യെക്കുറിച്ച് എനിക്ക് പറയാനുള്ളതും. അല്പം ദിശാഭ്രംശം വന്നെങ്കിലും ഈ വഴിക്കുള്ള ഒരു പുനര്‍ വായന -ലാപുടക്ക് ഒതുക്കത്തില്‍ ഒരു നന്ദിക്കുറിപ്പോടെ - പ്രസിദ്ധീകരിച്ചിരുന്നു ഞാന്‍. ലിങ്കാനും വേണ്ടിയൊന്നും ഇല്ല.

ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

vishak sankar said...

മനു,
വായനയ്ക്ക് നന്ദി.
“ദൂരം സ്വയം നിര്‍ണ്ണയിച്ച് ഭാഷയ്ക്കും ചിന്തയ്ക്കും “ഇടയില്‍ കവി നടത്തുന്ന ഓട്ടപന്തയങ്ങള്‍ ‘വിരുന്ന്‘ഉള്‍പ്പെടെയുള്ള മിക്ക ലാപുട കവിതകളുടെയും സ്വഭാവമാണ്.ഇത് ‘സൂചന’എന്ന ഒറ്റ കൃതിയുടെ പഠനമായതു കൊണ്ടാണ് അതുപോലുള്ള പലകവിതകളുടെയും റെഫറന്‍സ് ഒഴിവാക്കിയത്.

കവിതാ പാഠത്തിന്റെ വ്യാഖ്യാനത്തില്‍ ഊന്നുന്നതാണ് പരമ്പരാഗത നിരൂപണ ശൈലി.അത് പലപ്പൊഴും വയനയെ വികസിപ്പിക്കുന്നതിനു പകരം ഒരു വ്യാഖ്യാനത്തിലേയ്ക്ക് ചുരുക്കുന്നതായാണ് കണ്ടിട്ടുള്ളത്.(ഉള്‍ക്കഴ്ച്ചയോടെയുള്ള വ്യാഖ്യാനത്തിന്റെ സാധ്യതകളെ നിരാകരിക്കുന്നില്ല.പക്ഷേ അതുമാത്രമായാല്‍ പഠനം പൂര്‍ണ്ണമാവില്ല എന്നണ് എന്റെ പക്ഷം.)അതുകൊണ്ടു തന്നെ വ്യഖ്യാനങ്ങളെ ഒഴിവാക്കി കവിതയിലെ വ്യത്യസ്തങ്ങളായ ഒഴുക്കുകളെ വസ്തുനിഷ്ടമായി സമീപിക്കുക എന്നതായിരുന്നു ഉദ്ദേശം.എത്രത്തോളം വിജയിച്ചു എന്ന് അറിയില്ലെങ്കിലും.അപനിര്‍മ്മാണം എന്ന വിമര്‍ശന സങ്കേതത്തെ ഒന്നു പരീക്ഷിച്ചു നോക്കുക എന്നതും ഒരു കൌതുകമായിരുന്നു.ലാപുട കവിതകളാകട്ടെ അത്തരം പഠനങ്ങള്‍ക്ക് ഒരുപാട് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടുതാനും.

വിഷ്ണു പ്രസാദ് said...

ഒറ്റക്കവിതാപഠനങ്ങള്‍ തുടങ്ങിവെച്ചതു നന്നായി.വിശാഖിന്റെ ഈ ഉദ്യമത്തിന് എന്റെ അഭിനന്ദനങ്ങള്‍.

ലാപുടന്‍ കവിതകള്‍ക്ക് ചില പൊതുസ്വഭാവങ്ങളുണ്ട്.
ദുര്‍ഗ്രഹമായ യുക്തി കൊണ്ടാണ് അവയില്‍ പലതും പണിഞ്ഞിരിക്കുന്നതെന്നാണ് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത്.ജീവിതത്തെ വിവിധ ദിശകളില്‍ നിന്ന് അത് നോക്കുന്നുണ്ട്.പല വിമകളിലേക്കും അത് അതിന്റെ അര്‍ഥങ്ങള്‍ പ്രസരിപ്പിക്കുന്നുണ്ട്.വിശാഖ് പറഞ്ഞു വെച്ചതു പോലെ ‘ശൈലീകരണ’ത്തിന്റെ പിടിയില്‍ അത്
പെട്ടു പോയോ എന്ന് ഞാനും സംശയിക്കുന്നുണ്ട്.
ഒരര്‍ഥത്തില്‍ തനതായ ഈ ശൈലി തന്നെയല്ലേ മൌലികത എന്നു ഘോഷിക്കുന്ന സാധനം.എങ്കിലും
നിരീക്ഷണം ശരിയാണ് .വിജയന്റെ മൌലികകൃതികള്‍
വരെ മലയാളിക്ക് അവസാനം ചെടിച്ചു.


സൂചന എന്ന കവിത ജീവിതത്തെക്കുറിച്ചുള്ള കാമ്പുള്ള ഒരു നിരീക്ഷണമാണ്.വെളിച്ചം കൊണ്ട് കാണാനാവാത്ത ഇരുട്ടിനെപ്പോലെ,നിറം തേച്ച് ചിത്രമാക്കാനാവാത്ത നിഴലു പോലെ അസാധ്യതകളുടെ വിരസമായ വ്യംഗ്യമത്രേ ജീവിതം.ഇതൊരു ഋണാത്മകമായ ദര്‍ശനമല്ലെന്ന് വിശാഖ് ഇവിടെ സമര്‍ഥിച്ചിട്ടുണ്ട്.ഈ കവിത വായിച്ച ആരും അത് സമ്മതിക്കുകയും ചെയ്യും.യാഥാര്‍ഥ്യം ഇന്നതാണെന്ന് അറിയുകയും അതുമായി പൊരുത്തപെടുകയും ചെയ്തവന്റെ ഭാഷ തന്നെയാണ് കവിതയില്‍.
പരിമിതികളെക്കുറിച്ചുള്ള ഈ ബോധമാവണം ലാപുടന്‍ കവിതയില്‍ ഒരു വൈരാഗിയെ എപ്പോഴും കാണിക്കുന്നത്.

ഇടങ്ങള്‍|idangal said...

ഇത്തരം ഗൌരവമുള്ള വായനളെ അര്‍ഹിക്കുന്നതാണ് വിനോദിന്റെ എഴുത്ത്. ഭാവുകങ്ങള്‍.

സങ്കുചിതന്‍ പറഞ്ഞ പോലെ നിരന്തരമായി പുതുക്കി എഴുതപ്പെടുന്ന മലയാളത്തിന്റേത് കൂടിയാണ് ലാപുടാ കവിതകള്‍,എന്നാലും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഇവെന്തിനാ ഈ ജീവിതത്തെ തന്നെ ഇങ്ങെനെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതെന്ന് :)

parajithan said...

ലാപുടയുടെ കവിതകള്‍ ഒട്ടൊരു സൌമ്യതയോടെയും പലപ്പോഴും നിസ്സംഗതയോടെയും മുന്നോട്ട് വയ്ക്കുന്ന ദുരന്തബോധം ഋണാത്മകമല്ലെന്നും ജീവിതത്തിന്റെ അതിയാഥാര്‍ത്ഥ്യത്തിനെ (super reality) നേര്‍‌ക്കുനേരെ നോക്കാനുള്ള തീവ്രവാസനയാണെന്നുമുള്ളത് ശരിതന്നെ. ക്രാഫ്റ്റിന്റെ സവിശേഷതയിലൂടെയാണ് ലാപുട ഇത്തരത്തില്‍ ഋണാത്മകതയെ അകറ്റി നിര്‍‌ത്തുന്നത്. വൈകാരികമായ സംവേദനത്തിനെ പരമാവധി നിയന്ത്രിക്കുന്ന വിധത്തില്‍ വാക്കുകള്‍ തിരഞ്ഞെടുത്തും അവയെ അതിലും നിയന്ത്രണത്തോടെ ക്രമീകരിച്ചും കവിതയുടെ ദര്‍ശനപരമായ ധ്വനികളിലേക്ക് വായനക്കാരനെ അവധാനതയോടെ നയിക്കുന്ന കരവിരുത്. അതേ സമയം തന്നെ കേവലം ധിഷണാപരമായ അനുഭവം മാത്രമായി വായന ചുരുങ്ങിപ്പോകുന്നില്ലെന്നതിനാലാണ് ലാപുടയുടെ ക്രാഫ്റ്റ് മികച്ചതാകുന്നത്.
(എന്നാല്‍ ക്രാഫ്റ്റ് പാളിപ്പോയതിനാല്‍ സംവേദനം പരാജയപ്പെട്ട ചില കവിതകളുമുണ്ട്, ലാപുടയുടേതായി. ഉദാഹരണം: ലൈബ്രറി.)

ദുര്‍‌ഗ്രഹത എന്ന വിഷ്ണുവിന്റെ പരാമര്‍ശം സംശയമുണര്‍‌ത്തുന്നു. മികച്ച പല രചനകള്‍‌ക്കും സഹജമായ സന്നിഗ്ദ്ധത (ambiguity) ദുര്‍‌ഗ്രഹതയായി തോന്നിയതാവാം.

ശൈലീകരണത്തെപ്പറ്റി പറയുമ്പോള്‍ പെട്ടെന്നു ഓര്‍‌മ്മ വരുന്നത് എ. അയ്യപ്പനെയാണ്. :)
സ്വയം അനുകരിക്കല്‍ എന്ന കെണിയില്‍ ലാപുട വീണുപോകുന്നുണ്ടോ? ഒരു പക്ഷേ ഉണ്ടാകണം. എങ്കില്‍ പോലും കവിതയിലെ വിഷയങ്ങളുടെ വൈവിധ്യത്തിലൂടെയും പ്രത്യക്ഷത്തില്‍ ലാളിത്യം നിറഞ്ഞ ഘടനയിലൂടെയും ലാപുടയുടെ എഴുത്ത് അതിനെ വലിയൊരു പരിധി വരെ അതിജീവിക്കുന്നുണ്ടെന്നു തന്നെയാണ് എന്റെ തോന്നല്‍. ശൈലീവ്യതിയാനം സംഭവിക്കുമോയെന്നത് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.

(ആല്‍ബേര്‍ കാമുവിന്റെ ഒരു ഡയലോഗിന്റെ ഏകദേശരൂപം: “ഒരാള്‍‌ക്ക് തന്റെ ജീവിതകാലത്ത് വളരെ കുറച്ച് ആശയങ്ങളേ ഉണ്ടാകുകയുള്ളൂ. നിരാശപ്പെടുത്തുന്ന സംഗതി തന്നെ! പക്ഷേ അതാണ് സത്യം.”)

vishak sankar said...

വിഷ്ണു,
ലാപുട കവിതകള്‍ കേവലം ധിഷണാപരമായ അനുഭവമായി ചുരുങ്ങിപ്പോവാത്തതിന്റെ കാരണം വിഷ്ണു ‘ദുര്‍ഗ്രാഹ്യം’ എന്നും ഹരി ‘സന്നിഗ്ധത’ എന്നും വിവക്ഷിച്ച ആ ഘടകം തന്നെ എന്നു തോന്നുന്നു.വരികള്‍ക്കും അപ്പുറത്തേയ്ക്ക് വായനയെ കൂട്ടിക്കൊണ്ടുപോയി വായനക്കാരനെ ഒച്ചയില്ലാത്തൊരു വിങ്ങലിലേയ്ക്ക് കൊണ്ടെത്തിക്കുന്നു അത്.ലാപുടയുടെ കവിതകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് എഴുതപ്പെട്ട അസന്നിഗ്ധതകളിലല്ല,മറിച്ച് എഴുതാതെവിട്ട സന്നിഗ്ധതകളിലാണെന്നാണ് എന്റെയും തോന്നല്‍.ലാപുട കവിതകളിലെ വൈരാഗിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ളത് കൃത്യമ്മയ നിരീക്ഷണം.കാഴ്ച്ചകള്‍ക്കപ്പുറത്തെ കാഴ്ച്ചകളെക്കുറിച്ചുള്ള ബോധമാവണം ജീവിതത്തെ ഒരു വൈരാഗിയെപ്പോലെ നോക്കികാണാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.
ഇടങ്ങള്‍,
ഭാഷയുടെ ആത്മാവുതേടിയുള്ള അന്വേഷണത്തില്‍തന്നെ ലാപുടയുടെ കവിതകള്‍ എപ്പൊഴും.’ചിഹ്നങ്ങള്‍’എന്ന കവിത ഒരു പ്രത്യക്ഷോദാഹരണം.
ഹരി,
സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി എടുക്കുവാന്‍ കഴിഞ്ഞവര്‍ക്കുമുന്‍പിലെല്ലാം ശൈലീകരണം എന്ന ഭീഷണിയുമുണ്ടാവും എന്നത് ഒരു വിരോധാഭാസം തന്നെ!അയ്യപ്പനെയും,വിജയനെയും പോലെയുള്ള പ്രതിഭകളെപ്പോലും അത് ഇരയാക്കുന്നത് നമ്മള്‍ കണ്ടതാണ്.എന്നാല്‍ സ്വന്തം ശൈലിയെ വ്യത്യസ്തങ്ങളായ സങ്കേതങ്ങള്‍ ഉപയോഗിച്ച് നിരന്തരം അപനിര്‍മ്മിച്ചുകോണ്ട് അതിനെ അതിജീവിക്കുന്നവരും നമുക്കു മുന്‍പില്‍ ഉണ്ട്.കെ.ജി.എസ്സിനെപ്പോലെയുള്ളവര്‍.അത്തരം ഒരു സാധ്യതയാണ് ഞാന്‍ ഉദ്ദേശിച്ചത്.
കുറിക്കുകൊള്ളുന്ന ഉദ്ധരണികളുടെ കാര്യത്തില്‍ നീ ഒരു ഉസ്താദു തന്നെടെ..:)

vaalkashnam said...

എന്തൂട്ട്‌ മനസ്സിലയെന്നടോ കന്നാലീീസ്‌ നിങ്ങളീ പറയണെ?? മറ്റുള്ളോര്‍ക്ക്‌ മനസ്സിലാവത്തത്‌ എഴുതാനൊരുത്തന്‍ ... അതിനെക്കുറിച്ച്‌ ബ്ലാ ബ്ലാ'ന്ന് പറയാന്‍ വേറെ ചിലര്‍... ഛെ...!

vaalkashnam said...

ആനേടെ പൂട!

vishak sankar said...

വാല്‍ക്കഷ്ണം,
ഹെ ചങ്ങാതി ..,ഒരു ദിവസം രാവിലെ എഴുനേറ്റു കവിത വായിക്കനിരുന്നിട്ട് മനസിലായില്ലെന്നു പറയാന്‍ ഇതെന്താ റ്റി.വി സീരിയലാണെന്നു കരുതിയോ?

താങ്കള്‍ക്ക് മനസിലാവുന്ന കവിത എന്താണെന്നു പറഞ്ഞാല്‍ അതു വായിച്ച് അതുപോലെ എഴുതാന്‍ ലാപുടയോട് പറയാം.എന്തേയ്..

കവിത മനസിലാവാത്തവര്‍ക്ക് അതിന്റെ നിരൂപണവും മനസിലാവില്ല.അപ്പറഞ്ഞത് നേര്.

Pramod.KM said...

‘വാല്‍ക്കഷണ‘മേ..പ്രകോപനമാണ്‍ താങ്കളുടേ ഉദ്ദേശ്യമെന്നു മനസ്സിലായി.അതാണ്‍ തൊട്ടുപിറകേ നിങ്ങള്‍ തന്നെ ഇട്ട കമന്റ്.കവിതയെ കുറിച്ച് കാര്യമായ ഒരു വിവരവുമില്ലാത്ത ആ‍ളാണ്‍ താങ്കളെന്ന് കമന്റ്റില്‍ നിന്നും മനസ്സിലായി.മാത്രമല്ല നിങ്ങളുടെ വാക്കുകളിലെ ബുദ്ധിശൂന്യതയില്‍ നിന്നും,ഒരു കലാസ്വാദകനു വേണ്ട ഗുണങ്ങളും ഇല്ല എന്നു മനസ്സിലായി.ക്രിയാത്മക വിമറ്ശനത്തിന്റെ ഭാഷ ഇതല്ല.

വക്കാരിമഷ്‌ടാ said...

മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നത് മാത്രമേ ബാക്കിയുള്ളവര്‍ പറയാനും ചിന്തിക്കാനും പഠിക്കാനും പാടുള്ളൂ എന്നായിരുന്നെങ്കില്‍...

മെഡിക്കല്‍ സയന്‍‌സിനെപ്പറ്റി എനിക്ക് ഒന്നും തന്നെയറിയില്ല. പക്ഷേ അറിയാവുന്ന കുറെപ്പേര്‍ അതിനെപ്പറ്റി പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഗവേഷണം ചെയ്യുകയും ഒക്കെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എനിക്കറിയാം.

അത് തന്നെ ഏത് മേഖലയിലും, സാഹിത്യമുള്‍പ്പടെ.

ഓഫിനു മാപ്പ്-ചര്‍ച്ച വഴിതെറ്റാതിരിക്കട്ടെ.

chithrakaranചിത്രകാരന്‍ said...

കവിതയെ സ്നേഹിക്കുന്നവര്‍ തുള്ളുന്ന വാല്‍കഷണത്തെ മറക്കുക. ചിത്രകാരന്‍ പ്രസ്തുത കവിത വായിച്ചില്ല. അതിനാല്‍ അഭിപ്രായം പിന്നെ.

കണ്ണൂസ്‌ said...

ലാപുട കവിതകള്‍ പലപ്പോഴും എനിക്ക്‌ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളെ ഓര്‍മിപ്പിക്കാറുണ്ട്‌. ബുദ്ധിപരമായ നിരീക്ഷണങ്ങളാണ്‌ പലപ്പോഴും ലാപുടയുടെ കവിതകളുടെ കാതല്‍ എന്ന് തോന്നിയിട്ടുണ്ട്‌. പലപ്പോഴും, ഇതേ ബുദ്ധിപരമായ അവധാനത ലാപുട വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നും. (പരാജിതനോട്‌ ഞാന്‍ വിയോജിക്കുന്നത്‌ ഇവിടെയാണ്‌). ലാപുടയുടെ ശക്തിയും ദൌര്‍ബല്യവും ഇതാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ശൈലിയില്‍ ലാപുടക്ക്‌ പലപ്പോഴും സ്വയം അനുകരിക്കേണ്ടി വരുന്നതും, ധിഷണാപരമായ ഈ സംവേദനം സാധ്യമാക്കേണ്ടതു കൊണ്ടാവാം.

ഏറനാടന്‍ said...

വിശാഖ്‌, താങ്കളുടെ നല്ല വീക്ഷണലാക്കോടെയുള്ള ലാപുടകവിതാവലോകനം ഹൃദ്യമായിട്ടുണ്ട്‌.

vishak sankar said...

വക്കാരിമഷ്ട,
പ്രസക്തമായ ഈ ഇടപെടലിനു നന്ദി.വാല്‍ക്കഷ്ണത്തിന്
കൃത്യമായ ലോജിക്കില്‍ കൂടിതന്നെ മറുപടി കൊടുത്തതിനും..
ചിത്രകാരാ,
താങ്കളുടെ അഭിപ്രായം തന്നെ എനിക്കും.
കവിത വായിച്ചശേഷം വിശദമായി ചര്‍ച്ചചെയ്യും എന്ന് കരുതട്ടെ.
കണ്ണൂസ്,
ലാപുടയുടെ കവിതകള്‍ ജീവിതത്തെ യുക്തിയുടെ വിവിധ കോണുകളില്‍ നിന്നും നോക്കിക്കാണുന്നു എന്ന് എനിക്കു പലപ്പൊഴും തോന്നിയിട്ടുന്ണ്ട്.ഈ കഴ്ച്ചകളിലൂടെ അയാള്‍ എത്തിച്ചേരുന്നതൊ,അതിനുപയോഗിച്ച യുക്തിയെ തന്നെ നിരാകരിക്കുന്ന ഒരു ഉള്‍ക്കാഴ്ച്ചയിലേയ്ക്കും.ആംബുലന്‍സുകള്‍ യാത്ര തുടങ്ങുന്നത് ജീവിതത്തിലേയ്ക്കൊ ജീവിതത്തില്‍നിന്നൊ ആവും എന്ന നിരീക്ഷണത്തില്‍ മേല്‍പ്പറഞ്ഞ യുക്തിയുണ്ട്.എന്നാ‍ാല്‍ സദാ അപായമണി മുഴക്കുന്ന ആധുനികമനസ്സിന്റെ സന്ത്രാസങ്ങളെ ആംബുലന്‍സ് എന്ന ഉപമയിലേയ്ക്ക് വിളക്കുമ്പോള്‍ അത് യുക്തിയുടെ കാഴ്ച്ചകള്‍ പിന്നിട്ട് ദാര്‍ശനികമായ ഒരു ഉള്‍കാഴ്ച്ചയായി വളരുന്നു.ഈ പരിണാമത്തിന് ക്രാഫ്റ്റും ഒരു ഹേതുവാണ്.ലാപുടയുടെ ശക്തി ഇതുതന്നെ.ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ദൌര്‍ബല്യമായി തീരവുന്നതും തന്നെ.
ധിഷണാപരമാ‍യ സംവേദനത്തിനു വേണ്ടിയാണെങ്കില്‍ കൂടി ശൈലീകരണം അതിജീവിക്കപ്പെടേണ്ട ഒരു ഭീഷണി തന്നെയല്ലേ..?
വാല്‍മുറിച്ചിട്ട് തളര്‍ത്താന്‍ നോക്കിയ ചര്‍ച്ചയെ പുതിയൊരു ദിശയിലേയ്ക്ക് പുനരുജ്ജീവിപ്പിച്ചതിനു നന്ദി.
ഏറനാടാ,
വളരെ നന്ദി.

കെ.പി said...

വളരെ വൈകിയാണ് ഞാന്‍ ഈ ബ്ലോഗ് കാണുന്നത്. വിശാഖ് മാഷിന് അഭിനന്ദനങ്ങള്‍.

അപനിര്‍മ്മാ‍ണം എന്ന വിമര്‍ശനസങ്കേതത്തെ പരീക്ഷിച്ചത് നന്നായി. ആ‍ശംസകള്‍..

കെ.പി

vishak sankar said...

കെ.പി,
താങ്കളുടെ സാന്നിധ്യം സന്തോഷ്പ്രദമാണ്.ചര്‍ച്ചകളിലും മറ്റും സജീവമായി പങ്കെടുത്തുകൊണ്ട് ഒപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.നന്ദി.

സിബു::cibu said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

Raji Chandrasekhar said...

ലാപുടയുടെ കവിതകള്‍ വായിച്ചു തുടങ്ങുന്നു... ആദ്യ വായന ഇങ്ങനെ

താങ്കള്‍ ചെയ്യുന്നത് നല്ല കാര്യമാണ്.

ഇവിടിതുവരെ