Wednesday, March 26, 2008

കെട്ടു പൊട്ടിക്കുന്ന കവിത

ബിംബങ്ങളും രൂപകങ്ങളും പോലും കവിതയ്ക്ക് ഭാരമാകാം എന്ന ഉത്തരാധുനിക സൌന്ദര്യദര്‍ശനവുമായി ചേര്‍ന്നു നിന്നുകൊണ്ട് കണ്ടിട്ടും കാണാതെ പോകുന്ന നിരവധി നാട്ടുകാഴ്ച്ചകളെക്കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു വിഷ്ണുപ്രസാദ് എന്ന കവി.അനിതരസാധാരണമായ നിരീക്ഷണപാടവത്തോടെ, വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെ ഭാഷയിലേയ്ക്ക്‌ സന്നിവേശിപ്പിക്കപ്പെട്ട നിരവധി ദൃശ്യാനുഭവങ്ങളുണ്ട്‌ ഇയാളുടെ കവിതകളില്‍. ഋജുവായ ഒരു ആഖ്യാനശൈലി അവലംബിച്ചുകൊണ്ട്‌ തികഞ്ഞ ലാളിത്യത്തോടെ വരച്ചു ചേര്‍ത്ത അത്തരം ചില ദൃശ്യങ്ങളിലൂടെയാണ്‌
'പശു'
എന്ന ഈ കവിതയും വളരുന്നത്‌.

നാട്ടുവഴികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ കയറുപൊട്ടിച്ച്‌ പാഞ്ഞുവരുന്നൊരു പയ്യിനെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മനുഷ്യരുണ്ടാവില്ല.
"മുന്നിലുള്ളതിനെ മുഴുവന്‍
‍കോര്‍ത്തുകളയും എന്ന " മട്ടിലുള്ള അതിന്റെ കുതറിയോടലിന്‌ ഒരു ദൂര പരിധിയുണ്ട്‌. അതെത്തുമ്പോഴേയ്ക്കും പശു കലഹം ഉപേക്ഷിച്ച്‌ വീണ്ടും ഒരു വളര്‍ത്തുമൃഗമായി മെരുങ്ങി നില്‍ക്കുന്നതു കാണാം. പിറകേ ഓടിയെത്തുന്ന ഉടമ നല്‍കുന്ന ശിക്ഷയും ഏറ്റുവാങ്ങിക്കഴിയുന്നതോടെ ഈ നാടന്‍ കലാപത്തിനു തിരശ്ശീല വീഴുന്നു.


"ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച്‌ ഓടിയില്ലെങ്കില്‍‍
സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്" ഉടമ കരുതിയാലോ എന്ന പശുവിന്റെ വേവലാതിക്കും, എത്ര തവണ കയറു പൊട്ടിച്ചാലും എത്ര ദൂരം ഓടിയാലും തന്റെ അധികാര പരിധി കടന്നുപോകാന്‍ ഒരു വളര്‍ത്തുമൃഗത്തിനാവുമോ എന്ന ഉടമയുടെ ശങ്കയ്ക്കും അതാതു തലങ്ങളില്‍ ധനാത്മകമായ പരിഹാരമാകുന്നു പലായനം എന്ന ഈ അനുഷ്ഠാനം.

എല്ലാം കഴിഞ്ഞുള്ള മടക്കയാത്രയാവട്ടെ തൊട്ടുമുന്‍പ്‌ അമര്‍ത്തപ്പെട്ട കലാപത്തെ ഒരു അസംബന്ധനാടകമായി ചുരുക്കുന്നതും. ഏതു കാഴ്ച്ചക്കാരനും,
"ഇത്ര സൗമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ്‌ അങ്ങോട്ട്‌ പോയതെന്ന്" മൂക്കത്ത്‌ വിരല്‍ വയ്ക്കും വണ്ണം അവിശ്വസനീയം തന്നെയാണ്‌ ഈ സമരസപ്പെടലിന്റെ മനഃശാസ്ത്രം.അതിനു സ്വന്തം നിലയ്ക്കു തന്നെ ഒരു അനുഭവതലം അവകാശപ്പെടാനാവുന്നുമുണ്ട്‌.പക്ഷേ ഈ സാധാരണമായ ദൃശ്യാനുഭവത്തെ സൃഷ്ടിപരമായി സ്വതന്ത്രമാക്കി സ്വയം പെരുകുന്ന ഒരു ദാര്‍ശനിക വ്യഥയായ്‌ വളര്‍ത്തുന്നത്‌
"കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പൊഴും അയവിറക്കുന്നത്‌." എന്ന നിരീക്ഷണമാണ്‌.

ഇവിടെനിന്നും കവിത പിന്നിലേയ്ക്ക്‌ സഞ്ചരിച്ച് അത് വന്ന വഴികളില്‍ ഒരു പുതിയ വെളിച്ചം വീഴ്ത്തിക്കൊണ്ട്‌ അനുഭവചക്രം പൂര്‍ത്തിയാക്കുന്നു. വായനക്കാരന്‍, അയവിറക്കുന്ന പശുവിന്റെ ശാന്തതയില്‍ നിന്നും കയറുപൊട്ടിക്കാനായി കുതറുന്ന അതിന്റെ പ്രാഗ്‌ രൂപത്തിന്റെ സ്ഫോടനാത്മകമായ നിഷേധത്തില്‍ ചെന്ന് ചേക്കേറുന്നു. ഓടി നിര്‍ത്തിയ ഇടത്തില്‍ നിന്നും ബാക്കിയായ ദൂരത്തേക്കുറിച്ചുള്ള സമസ്യകള്‍ ഉടലെടുക്കുന്നു.

പശു എന്തിനായി കയറുപൊട്ടിച്ചു എന്ന ചോദ്യത്തിന്‌
"സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്നു കരുതിയാവണം" എന്ന ഈ മൂന്നുവരികള്‍ ഒരുത്തരം നിര്‍ദ്ദേശിക്കുന്നുണ്ട്‌. എങ്കിലും അമ്മായിയുടെ കരുതലുകളെ തിരുത്തുക എന്നതിലുപരി തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്കു തന്നെയുള്ള സ്വപ്നങ്ങളോട് നീതിപുലര്‍ത്താന്‍ വേണ്ടിയുള്ള ഒരു ശ്രമം ആയിരുന്നു ആ കയറുപൊട്ടിക്കല്‍ എന്നതിന്റെ വ്യക്തമായ സൂചനയാണ് മുന്നിലുള്ള എല്ലാറ്റിനേയും തകര്‍ത്തുകളയാന്‍ പോന്ന അതിന്റെ ആദ്യ ആവേഗം. അടിമത്തം തരുന്ന ഷണ്ഡമായ സുരക്ഷിതത്വത്തില്‍ തന്റെ അടിസ്ഥാനചോദനകള്‍ പോലും അലിഞ്ഞു തീരുന്നുവോ എന്ന അസ്തിത്വപരമായ ഭീതിയാവാം അതിന്റെ ഉറവിടം.

ഇഛാശക്തിയില്ലാത്ത സമരങ്ങളും ലക്ഷ്യബോധമില്ലാത്ത പരിവര്‍ത്തന ശ്രമങ്ങളും ചേര്‍ന്ന് അസംബന്ധമാക്കി മാറ്റിയ ഒരു സാമൂഹ്യജീവിതത്തിന്റെ കുതറിയോടലുകള്‍ക്ക്‌ അധികാരം കാലേക്കൂട്ടി കല്‌പിച്ചു തരുന്ന ദൂരങ്ങള്‍ക്കപ്പുറം പോകുവാനുള്ള ഊര്‍ജ്ജമുണ്ടാകുമോ എന്ന ഭയം‌ ഉത്തരാധുനിക മനുഷ്യാവസ്ഥയെ കുറെ സന്ദേഹങ്ങളില്‍ കൊണ്ടു ചെന്ന് കുരുക്കിയിട്ടിരിക്കുന്നു. ചെറുത്തുനില്‍പ്പുകളില്‍ വിശ്വാസം നഷ്ടപ്പെട്ട നമ്മുടെ ജനതയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കുതറിയോട്ടങ്ങളെല്ലാം അതു പിന്നിടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവയോ ഒരു പക്ഷേ വ്യര്‍ത്ഥം തന്നെയോ ആണ്‌. വിശ്വാസമര്‍പ്പിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഒക്കെ തകര്‍ക്കപ്പെടുമ്പോള്‍ അവയൊക്കെയും അപ്രായോഗികങ്ങളായ ഉട്ടോപ്പിയകളായിരുന്നു എന്ന വാദത്തോട് വിപ്ലവകാരികള്‍ തന്നെ സമരസപ്പെടുമ്പോള്‍ 'അച്ചുവേട്ടന്റെ കടയില്‍ ചായകുടിക്കുന്ന'വര്‍ക്ക്‌ മൂക്കത്ത്‌ വിരല്‍ വയ്ക്കുവാനേ കഴിയുന്നുള്ളു. പിടിക്കപ്പെട്ടു എന്ന ഒറ്റ കാരണം മതി അവരെ സംബന്ധിച്ചിടത്തോളം പശുവിന്റെ വിമോചന ശ്രമത്തെ പരിഹാസ്യമായി ഗണിക്കാന്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിനോട് തോന്നുന്ന വികാരം ഒരു തരം ജാഡ്യമോ, വിപ്രതിപത്തി തന്നെയോ‍ ആണ്. പൊരുതുന്നവര്‍ മാത്രമേ തോല്‍പ്പിക്കപ്പെടുന്നൂള്ളു എന്ന പോരാട്ടത്തിന്റെ ചരിത്രം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. മറ്റാരെങ്കിലും പൊരുതി ജയിച്ച്‌ തങ്ങളേയും മോചിപ്പിക്കണമെന്ന വര്‍ത്തമാന സമൂഹത്തിന്റെ അടിമമനസ്സാകണം ചായക്കടയിലെ കാഴ്ച്ചക്കാരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്.

പണ്ടെങ്ങോ നടത്തിയ ചില മുന്നേറ്റങ്ങളുടെ ഗൃഹാതുര സ്മരണകള്‍ അയവിറക്കിയും, വര്‍ത്തമാനത്തിന്റെ അഹിതയാഥാര്‍ത്ഥ്യങ്ങളുമായി സന്ധി ചെയ്തും തൊഴുത്തില്‍ കിടക്കുന്ന പശു ഒന്നിനോടും പ്രതികരിക്കാനാവാതെ അപാഹാസ്യമായ ഒരുതരം അരാഷ്ട്രീയ ജഡത്വത്തില്‍ ആണ്ടുപോയ നമ്മുടെ സമൂഹത്തെ പ്രതീകവല്‍ക്കരിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിന്റെ സ്വപ്നങ്ങളും ബോധ്യങ്ങളും പോലും പണ്ട് പിന്നിട്ട ആ രണ്ട് കിലോമീറ്ററില്‍ ചെന്ന് അണച്ചു നില്‍ക്കുകയാ‍ണ് എന്ന് കവി കുമ്പസരിക്കുന്നു. പക്ഷേ ആ ഏറ്റുപറച്ചിലില്‍‍ ഒളിഞ്ഞിരിക്കുന്ന കടുത്ത വിഷാദം കണ്ടെടുക്കുമ്പോഴാണ്‌ ഈ പശു എപ്പൊഴെങ്കിലും വീണ്ടും കയറുപൊട്ടിക്കണമെന്നും പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ പച്ചപ്പിലേയ്ക്ക് എന്നെന്നേക്കുമായി രക്ഷപെടണമെന്നും ആഗ്രഹിക്കുന്ന കവിമനസ്സിലേയ്ക്ക്‌ നാം പ്രവേശിക്കുന്നത്‌. അപ്പോഴാണ്‌ പിടിച്ചു കെട്ടപ്പെട്ട പശു കവിയുമായും, ഓരോ വായനക്കാരനുമായും താദാത്മ്യം പ്രാപിക്കുന്നത്‌. അങ്ങനെ നമ്മളോരോരുത്തരുമായി മാറുന്ന പശുവിന്റെ അയവിറക്കല്‍ കേവലമായ ഗൃഹാതുരത്വം വിട്ട്‌ താനുമുള്‍‌പ്പെടുന്ന സമകാലിക സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ സ്തംഭനാവസ്ഥയ്ക്കെതിരെയുള്ള കവിയുടെ താക്കീതായി മാറുന്നു. അതിനെ നെഞ്ചേറ്റുന്ന മനസ്സുകളിലൊക്കെ വിഷ്ണുവിന്റെ ഈ 'പശു' ആത്മപരിശോധനയുടെ വിത്തുകള്‍ വിതയ്ക്കുക തന്നെ ചെയ്യും.

ഇവിടിതുവരെ