Saturday, February 21, 2009

കവിതയുടെ പ്രായം

"അഭിരാമി എടപ്പാളിലുള്ള വെറൂര്‍ എ യു പി സ്കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്നു. പക്ഷേ, അവളുടെ കവിതയോ?" ശ്രീ പി. പി രാമചന്ദ്രന്‍ അഭിരാമിയുടെ കവിതകളെ പരിചയപ്പെടുത്തിക്കൊണ്ട് ഹരിതകത്തില്‍ എഴുതിയ ഒരു കുറിപ്പിലൂടെ ഉന്നയിക്കുന്ന ഈ ചോദ്യം അവളുടെ കവിതകള്‍ വായിച്ചവരൊക്കെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവനവനോട് ചോദിച്ചുപോകുന്നുണ്ട്. ബാലപ്രതിഭ എന്നാല്‍ ബാല്യം മുതല്‍ക്കേ വെളിപ്പെടുന്ന പ്രതിഭയെന്നാണ് അര്‍ത്ഥമെങ്കില്‍ അഭിരാമി ആ വിശേഷണത്തിന്‌ അര്‍ഹയാണ്‌. എങ്കിലും ഒരു പ്രതിഭ അതിന്റെ വികാസപരിണാമങ്ങള്‍ക്കായി തന്റെ പരിസരത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്‌ കേവലം ആശ്ചര്യപ്രകടനങ്ങളോ, സ്നേഹവാല്‍സല്യങ്ങളോ മാത്രമല്ല, മറിച്ച്‌ ആഴത്തിലുള്ള, വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും, വിമര്‍ശനാത്മകമായ പ്രതികരണവും കൂടിയാണ്. അതുകൊണ്ടുതന്നെ ആറാംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി എഴുതിയതാണ്‌ എന്ന മുന്നറിവോടെ അഭിരാമിയുടെ കവിതകളെ സമീപിക്കുന്ന ഓരോ വായനക്കാരനും പ്രായത്തിന്റെ ഒരാനുകൂല്യത്തിനും കാത്തുനില്‍ക്കാതെ ഇതാ ഒരു കവിത, ശേഷിയുണ്ടെങ്കില്‍ ‍വായിച്ചാസ്വദിച്ചുകൊള്ളുക എന്ന് സര്‍ഗ്ഗപരമായ എല്ലാ ധാര്‍ഷ്ട്യങ്ങളോടുംകൂടി വിളിച്ചുപറയാന്‍ കെല്‍പ്പുള്ളവയാണ്‌ അവളുടെ മികച്ച കവിതകളോരോന്നുമെന്നും, ആ നിലയ്ക്ക്‌ അവ ഗൗരവമുള്ള, നിശിതമായൊരു വായനയെയാണ്‌ ആവശ്യപ്പെടുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

അഭിരാമിയുടെ കവിതകളെക്കുറിച്ചുള്ളൊരു പഠനം ആദ്യം വിശകലനം ചെയ്യേണ്ടത് അവയുടെ പൊതുഗുണമായ ശില്പഭദ്രതയാണെന്ന് തോന്നുന്നു. ഉള്ളടക്കത്തില്‍ പ്രതിഫലിക്കുന്ന ഉള്‍ക്കാഴ്ചയുടെ ആഴവും പരപ്പും ഏറിയും കുറഞ്ഞും ഇരിക്കുമ്പൊഴും അതിനെ നിയതമായ ഒരു കാവ്യഘടനയ്ക്കുള്ളിലേയ്ക്ക് ഭദ്രമായി കേന്ദ്രീകരിക്കാന്‍ കവയിത്രിയ്ക്ക് കഴിയുന്നുണ്ട്. ‘പെന്‍ഡുലം’, 'നിനക്കായി' തുടങ്ങിയ അപൂര്‍വ്വം ചില അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രചനാസംബന്ധിയായ വിരുതിന്റെ (ക്രാഫ്റ്റ്) കാര്യത്തില്‍ മിക്കവാറും എല്ലാ അഭിരാമിക്കവിതകളും കുറ്റമറ്റവ തന്നെയാണ്. സങ്കീര്‍ണ്ണമായ ഒരു അനുഭവമണ്ഡലത്തിലേയ്ക്ക് വികേന്ദ്രീകരിക്കപ്പെട്ടിട്ടില്ലാത്ത കൗമാരഭാവനയാവാം തന്റെ പ്രമേയങ്ങളെ ലളിതവും, സുതാര്യവുമായ ഒരു ഘടനയിലേയ്ക്ക് വെട്ടിയൊതുക്കി പരുവപ്പെടുത്താന്‍ അവളെ സഹായിക്കുന്ന ഒരു പ്രധാന ഘടകം. എഴുതിയ ആളിനെക്കുറിച്ചുള്ള മുന്നറിവുകളൊന്നുമില്ലാതെപോലും അഭിരാമിയുടെ പല കവിതകളിലും, സുശിക്ഷിതരായ വായനക്കാര്‍ക്ക് അതിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനാവും. ക്രാഫ്റ്റ് ഉണര്‍ത്തുന്ന കൗതുകങ്ങള്‍ക്കപ്പുറം ഏറെയൊന്നും വളരാത്ത 'പെന്‍സില്‍ സദ്ദാം', 'പ്ലൂട്ടോ കരയുന്നു', 'മഴക്കൊമ്പ്'' തുടങ്ങിയ കവിതകള്‍ ഇതിന് ചില ഉദാഹരണങ്ങളാണ്. എന്നാല്‍ 'അണ്ടിക്ക് തുണപോകുമോ?', 'കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട് ', 'കടലിലായ വാക്ക്'', 'ചെരുപ്പുകുത്തി' തുടങ്ങിയ മറ്റു പല കവിതകളുടേയും പാഠം(text) എഴുത്തുകാരിയേയും, അവളുടെ പ്രായത്തേയും ഒക്കെ കടന്ന് ഒരു സ്വതന്ത്ര അസ്തിത്വത്തിലേയ്ക്ക് വികസിക്കുന്നുണ്ടുതാനും. അഭിരാമിയുടെ ശരാശരി നിലവാരം പുലര്‍ത്തുന്ന കവിതകളില്‍ പോലും അവളുടെ പ്രതിഭയെക്കുറിച്ചുള്ള ധാരാളം സൂചനകള്‍ കണ്ടെത്താനാവുമെങ്കിലും മേലുദ്ധരിച്ചതുപോലെയുള്ള കവിതകളില്‍നിന്നും അവയ്ക്കുള്ള അന്തരം വളരെ വലുതാണ്. അതുകൊണ്ടുതന്നെ എഴുത്തിലെ പ്രതിഫലനങ്ങളെ ആധാരമാക്കി എഴുത്താളിന്റെ വയസ്സളന്നാല്‍ അഭിരാമിയ്ക്ക് ഒരേ സമയം പല പ്രായങ്ങളുണ്ടെന്ന് പറയേണ്ടിവരും. കാരണം ഭാവനയുടെ ഊര്‍ജ്ജസ്രോതസ്സ് ജീവശാസ്ത്രപരമായ പ്രായമല്ല(biological age), സര്‍ഗ്ഗപ്രചോദനമാണ്. അതിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് ഒരു കൃതി അതിന്റെ മൂലകാരണങ്ങളായ എഴുത്താള്‍, എഴുത്തിന്റെ പരിസരം, അതിന്റെ കാലം എന്നിവ ചേര്‍ന്ന ത്രയത്തിലേയ്ക്ക് ഒതുങ്ങിപ്പോവുകയോ, അതിനെ ലംഘിച്ചുകൊണ്ട് മുന്നോട്ടുപോവുകയോ ചെയ്യുന്നത്.

അഭിരാമിയുടെ ഓരോകൃതിയിലും പ്രതിഫലിക്കുന്ന അവളുടെ പ്രതിഭയുടെ പ്രായം ഓരോന്നാണ്. ചിലതില്‍ ‍നാം കാണുന്നത് ബാല്യം മുതല്‍ക്കേ ഓര്‍മ്മയില്‍ രേഖപ്പെടുത്തപ്പെട്ട ദൃശ്യങ്ങളേയും, അനുഭവങ്ങളേയുമൊക്കെ കവിതയെന്ന പുത്തന്‍ കൗതുകത്തിലേയ്ക്ക് ആവേശപൂര്‍വ്വം രൂപാന്തരപ്പെടുത്തുന്ന പ്രതിഭയുടെ കൗമാരമാണെങ്കില്‍, മറ്റുചിലവയില്‍ പ്രത്യക്ഷമാകുന്നത് ആര്‍ജ്ജിതമായ അസംസ്കൃതവസ്തുക്കളെ ധ്യാനഗമ്യമായ അവധാനതയോടെ ദാര്‍ശനികമായൊരു രസാന്തരത്തിലേയ്ക്ക് വളര്‍ത്തിയെടുക്കുന്ന അതിന്റെ പ്രായപൂര്‍ത്തിയും. നിലവാരത്തിന്റെ കാര്യത്തില്‍‍ ഏതെഴുത്തുകാരിക്കും വരാവുന്ന ചില സാധാരണ ഏറ്റക്കുറച്ചിലുകള്‍ എന്ന നിലയ്ക്ക് ഇതിനെ ലളിതവല്‍ക്കരിക്കാനാവില്ല. കാരണം ഇവയെഴുതിയത് കൗമാരം വിടാത്ത ഒരു പെണ്‍കുട്ടിയാണെന്നത് തന്നെ. കൗമാരത്തിലേ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിത്വമാണ് അഭിരാമിയുടേതെന്ന നിഗമനത്തെ ചോദ്യം ചെയ്യാന്‍ കുട്ടിത്തം നിറഞ്ഞുതുളുമ്പുന്ന ധാരാളം കവിതകള്‍ ഉണ്ടെന്നിരിക്കെ മറ്റു ചില കവിതകള്‍ അവളുടെ പ്രായത്തെ, വ്യക്തിത്വത്തെ ഒക്കെക്കടന്ന് എഴുത്തിന് ഐച്ഛീകമല്ലാത്ത ഒരു ഉയരത്തിലേയ്ക്ക് എത്തിച്ചേരുന്നുവെങ്കില്‍ അവയ്ക്കുപിന്നിലെ സര്‍ഗ്ഗപ്രചോദനം എത്ര തീവ്രമായിരിക്കണം..! അവളുടെ പ്രതിഭ എത്ര നൈസര്‍ഗ്ഗികമായിരിക്കണം..! അഭിരാമിയുടെ പ്രായത്തെ അവളുടെ കൃതികളുടെ ആസ്വാദനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്താമെങ്കില്‍ അത് ഇത്തരമൊരു വീക്ഷണകോണിലൂടെയാണെന്ന് തോന്നുന്നു.

ബിംബങ്ങളുടെ മൂര്‍ച്ച, മൌലികത, ഘടനാപരമായ മുറുക്കം, പൂര്‍ണ്ണത, വ്യത്യസ്തമാനങ്ങളിലേയ്ക്ക്‌ വായനയെ വികസിപ്പിക്കാന്‍ പര്യാപ്തമായ ധ്വനിസമ്പത്ത്‌, ഓരോ വായനയേയും പുതിയൊരനുഭവമാക്കാന്‍ പോന്ന സൃഷ്ടിപരമായ സന്നിഗ്ദ്ധത തുടങ്ങിയ കാവ്യ ഗുണങ്ങള്‍ ഒക്കെ ചേര്‍ന്നവയാണ്‌ അഭിരാമിയുടെ മികച്ച കവിതകള്‍ ഒക്കെയും. ഇതിന്‌ ഉദാഹരണമായി 'കിടാവിന്റെ കരച്ചില്‍' എന്ന ഒറ്റ കവിതമാത്രം മതിയാവും. പശുവിനെ കറന്ന് പാല്‍ വിതരണകേന്ദ്രത്തിലേയ്ക്ക്‌ വില്‍ക്കാന്‍ കൊണ്ടുപോകുന്ന അതിസാധാരണമായ ഒരു ദൃശ്യത്തെ ഹൃദയസ്പര്‍ശിയായ ഒരു കവിതയായ്‌ ഉയര്‍ത്തുന്നത്‌ അളക്കാനായി തുറന്ന പാത്രത്തില്‍ അകിടില്‍നിന്ന് അടര്‍ത്തിക്കെട്ടിയ കിടാവിന്റെ കരച്ചില്‍ കേള്‍ക്കാനായ കാവ്യദര്‍ശനമാണ്‌. നിത്യജീവിതത്തിന്റെ അതിസാധാരണമായ പരിസരങ്ങളില്‍നിന്നും എങ്ങനെ ഒരു കവയിത്രി തന്റെ എഴുത്തിന് വേണ്ടതൊക്കെ കണ്ടെടുക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്‌ 'കിടാവിന്റെകരച്ചില്‍'. ബിംബങ്ങളുടെ സ്വാഭാവികതയും ഒരൊറ്റ ജൈവഘടനയായ്‌ ഇഴപിരിയാതെ ഒട്ടിനില്‍ക്കാനുള്ള ശേഷിയുമാണ്‌ അതിന്റെ സൗന്ദര്യം.

'കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്‌' എന്ന കവിതയില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത രണ്ടു ദൃശ്യങ്ങളെ പ്രതിഭയുടെ ഒരു മിന്നല്‍ കൊണ്ട്‌ ഘടിപ്പിക്കുകയാണ്‌ എഴുത്തുകാരി. കേബിളിന്റെ ഞരമ്പുകളില്‍നിന്ന് വൈദ്യുതിയൂറ്റിക്കുടിച്ച്‌ കറങ്ങിക്കൊണ്ടെയിരിക്കുന്നു ഫാന്‍. അതിനോട്‌ കറണ്ട്‌ പറയുന്നു,
"എന്റെ ഉള്ളിലുള്ളതെല്ലാം നിനക്കു തന്നു,
ഈ കറക്കമൊന്നു നിര്‍ത്തൂ"
പള്ളനിറയെ പാലുകുടിച്ചിട്ടും കരച്ചിലു നിര്‍ത്താത്ത ഉണ്ണിയോട്‌ അമ്മ പറയുന്നു,
"എന്റെ ഉള്ളിലുള്ളതെല്ലാം നിനക്കു തന്നു
ഈ കരച്ചിലൊന്ന് നിര്‍ത്തു "
അപ്രതീക്ഷിതമായ കട്ടിലൂടെ ഒരു ദൃശ്യത്തെ പ്രത്യക്ഷമായ ഒരു തുടര്‍ച്ചയും അവകാശപ്പെടാനില്ലാത്ത മറ്റൊരു ദൃശ്യവുമായി സങ്കലനംചെയ്തുകൊണ്ട്‌ ഒരു ചലച്ചിത്രകാരന്‍ ധ്വനിപ്പിക്കുന്ന കാഴ്ചയുടെ കാണാപ്പുറങ്ങള്‍പോലെ ഒന്നാണ്‌ ഇതിലൂടെ വായനയ്ക്കായി തുറന്നുകിട്ടുന്നത്‌. ശൈശവത്തിന്റെ ആഘോഷങ്ങളില്‍നിന്ന് മാതൃത്വത്തിന്റെ നൊമ്പരങ്ങളിലേയ്ക്ക്‌, മുലഞെട്ടില്‍നിന്ന് ആദ്യം പാലും, പിന്നെ ഞരമ്പുകളിലെ ചോരതന്നെയും ഊറ്റിക്കുടിച്ച്‌ പൂതനയെ മോക്ഷത്തിലേയ്ക്ക്‌ യാത്രയാക്കിയിട്ടും കരച്ചില്‍ നിര്‍ത്താത്ത കണ്ണനാമുണ്ണിയിലേയ്ക്ക്‌ ഒക്കെ വളര്‍ത്തിയെടുക്കാം ഇതുണര്‍ത്തുന്ന അനുഭവതലങ്ങളെ.

ജീവനും പരിസ്ഥിതിയും തമ്മില്‍ അമ്മയും കുഞ്ഞുമെന്നപോലെ അഭേദ്യവും പരസ്പരപൂരകവുമായ ഒരു ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു 'കാണാതായ പശു' എന്നകവിത.
'സുബഹി നിസ്കരിച്ച്‌
തീറ്റികൊടുക്കാന്‍ ‍തൊഴുത്തില്‍ ചെന്നപ്പോള്‍' ചേക്കുമ്മത്താത്ത കാണുന്നത്‌ കുറ്റിയില്‍കെട്ടിയ കയറ്‌ മാത്രം. 'വിവരശേഖരണ'ത്തിന്റെ കോലാഹലങ്ങള്‍ക്ക്‌ ശേഷം 'അപ്പുറത്തെ മേനോനും ഇപ്പുറത്തെ നായരും' നിഗമനങ്ങളില്‍ എത്തിക്കഴിഞ്ഞു. പക്ഷേ പശു അപ്പോള്‍,
"ഇന്നലെ തീറ്റിയ കുന്നിന്റെ പള്ളയ്ക്ക്‌
പാല്‍ ചുരത്തുകയായിരുന്നു."
പശു പാല്‍ചുരത്തേണ്ടത്‌ മനുഷ്യനെന്ന സ്വാര്‍ത്ഥനായ ഇടനിലക്കാരന്റെ അന്തമില്ലാത്ത കൊതികളിലേയ്ക്കല്ല, മറിച്ച്‌ അമ്മയായ പ്രകൃതിയുടെ പള്ളയിലേയ്ക്കാണ്‌ എന്ന ഈ കവിത മുന്നോട്ട്‌വയ്ക്കുന്ന ദര്‍ശനവുമായി ആദ്യം പറഞ്ഞ 'കിടാവിന്റെ കരച്ചില്‍' എന്ന കവിതയും, ‘കറങ്ങിക്കൊണ്ടിരിക്കുന്ന ഫാ’നും കൂട്ടിവായിക്കുക. അമ്മയും കുഞ്ഞുമെന്ന അടിസ്ഥാന ദ്വന്ദ്വത്തില്‍നിന്നും വില്‍പ്പനയും, ഇടനിലക്കാരനും ഒക്കെയായ്‌ തകര്‍ക്കുന്ന കമ്പോളത്തിന്റെ പുത്തന്‍ മൂല്യങ്ങളില്‍ പെട്ട്‌ അന്യമാകുന്ന ഒരുപാട്‌ മൂല്യങ്ങളെ, അവയുടെ ശോഷണത്തിന്റെ പരസ്പരം പെരുക്കുന്ന പട്ടികയെ, ഒക്കെ നമുക്ക്‌ ഈ കവിതകളില്‍നിന്ന് ഇഴപിരിച്ചെടുക്കാനാകും. എഴുതിയ ആളിന്റെ പ്രായത്തിനപ്പുറം ഈ കവിതകള്‍ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്. മാനവികതയുടേതായ ആ രാഷ്ട്രീയം പ്രായപൂര്‍ത്തിയായതുതന്നെയാണ്‌.

അനുഭവതലത്തില്‍ വിനിമയങ്ങള്‍ക്ക്‌ മൂര്‍ച്ചവരുത്താന്‍ ആഖ്യാതാവ്‌ കണ്ടെടുക്കുന്ന ഉപകരണങ്ങളാണ്‌ ഉപമയും, ഉല്‍പ്രേക്ഷയും തൊട്ട്‌ രൂപകവും, ബിംബവും , പ്രതീകവും വരെയുള്ള അലങ്കാരങ്ങള്‍ ഒക്കെയും. എന്നാല്‍ മൂലഘടകത്തില്‍നിന്ന് അവയവങ്ങള്‍ എന്ന പോലെ വളര്‍ന്നവയല്ലെങ്കില്‍ അവ ആ ഘടനയെത്തന്നെ അസ്വാഭാവികമാക്കുന്ന(അന്തരിച്ച എം. കൃഷ്ണന്‍ നായരെ ഓര്‍ത്തുകൊണ്ട്..) ജുഗുപ്സകളായി അധപ്പതിച്ചേക്കാം. ഇവിടെയാണ്‌ പ്രതിഭയെന്ന ജന്മസിദ്ധമായ ഗുണത്തിന്റെ പ്രസക്തി. അഭിരാമിയുടെ മികച്ച കവിതകള്‍ക്കെല്ലാം അവകാശപ്പെടാവുന്ന ഘടനാപരമായ അപ്രമാദിത്വം ബിംബങ്ങളുടെ തികച്ചും അനാട്ടമിക്കലായ വളര്‍ച്ചയില്‍നിന്നുണ്ടാവുന്നതാണ്‌. 'ചെരുപ്പുകുത്തി' എന്ന കവിതയില്‍ പട്ടണപരിഷ്കാരങ്ങളുടെ ഭാഗമായ്‌ അഭംഗികളുടെ ഗണത്തില്‍ പെട്ട്‌ നീക്കംചെയ്യപ്പെട്ടിരിക്കാവുന്ന ഒരു ചെരുപ്പുകുത്തിയോട്‌ ബാലസഹജമായ നിഷ്കളങ്കതയോടെ കവി ചോദിക്കുന്നു,
"തെരുവില്‍ വളര്‍ന്നവന്‍
തൊഴില്‍ പഠിച്ചവന്‍
എത്ര പാദങ്ങള്‍ രക്ഷിക്കുന്നവന്‍
എന്നിട്ടെന്തിനാണ്‌ തെരുവില്‍നിന്നകന്നത്?"
തുടര്‍ന്നുള്ള വരികളില്‍ ചെരുപ്പ്‌ കാണുന്ന
“കരഞ്ഞു തളര്‍ന്ന
കുഞ്ഞിക്കണ്ണുകളും
ഒട്ടിയ വയറും” ഇയാളുടെ തൊഴില്‍നഷ്ടത്തോടെ പട്ടിണിയായ കുഞ്ഞുകുട്ടിപരാധീനങ്ങളുടേതാവാം. അതുപോലെ വിരല്‍ പതിഞ്ഞുണ്ടായ കുഞ്ഞു കണ്‍വട്ടങ്ങളിലും, ഉപ്പൂറ്റി പതിഞ്ഞ്‌ ഒട്ടിയ വയറിലും തുന്നിച്ചേര്‍ക്കലുകള്‍ക്കൊന്നും ഇനി സധ്യതകളില്ലെന്ന് തിരിച്ചറിയുന്ന ചെരുപ്പിന്റെ സ്വത്വബന്ധിയായ ദുരന്തബോധം തന്നെയുമാവാം. പാദരക്ഷയായണിയുന്ന ചെരുപ്പ്‌ മണ്ണുമായുള്ള യുദ്ധത്തില്‍ ഒരു പരിചയില്ലാതെ പൂര്‍ണ്ണമാവാത്ത പാദങ്ങളുടെ സുരക്ഷിതത്വബോധത്തെ ധ്വനിപ്പിക്കുന്നുവെങ്കില്‍, വലിച്ചെറിയപ്പെടുന്ന ചെരുപ്പ്‌ ഉടലാര്‍ജ്ജിച്ച ഉപഭോഗത്തിലെ തിരസ്കാരത്തിന്റെ നിഷ്ഠൂര സംസ്കാരത്തെ ദ്യോതിപ്പിക്കുന്നു. എന്റെ ചെരുപ്പെന്ന സ്വത്വബോധത്തിനും , കളയാറായ പഴഞ്ചന്‍ ചെരുപ്പെന്ന ഉപയുക്തതാ സിദ്ധാന്തത്തിനുമിടയില്‍ തുന്നിചേര്‍ക്കപ്പെടേണ്ട ഒരു പാലമാകുന്ന ചെരുപ്പുകുത്തിയുടെ തെരുവില്‍നിന്നുള്ള തിരോധാനമാവട്ടെ ഉച്ചാടനം ചെയ്യുന്നത്‌,
'ഇനിയും തുന്നിചേര്‍-
ത്തൊരുമിച്ചു ജീവിക്കാന്‍' ഉള്ള സഹജീവനത്തിന്റെ മോഹങ്ങളേയും, പ്രതീക്ഷകളേയുമൊക്കെയും.

ഇന്ദ്രിയങ്ങളെ അകത്തേയ്ക്ക്‌ തിരിച്ചുവച്ച്‌ കേവലം അകംനോക്കികളായിരിക്കുന്ന കവിതകളെ ആ കുടുസ്സുകളില്‍ ‍നിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞത്‌ കെ.ജി.എസ്സാണ്‌. ഉത്തരാധുനികതയുടെ ആദ്യകാലങ്ങളില്‍ സമൂഹത്തിന്റെ എല്ലാ രാഷ്ട്രീയങ്ങളേയും നിരസിച്ച്‌ അകംനോക്കിയിരിപ്പ്‌ പുനരാരംഭിച്ച മലയാള കവിത അന്തര്‍മുഖത്വത്തിന്റെ ഹൃസ്വമായ ഒരു അരാഷ്ട്രീയ ഇടവേള കഴിഞ്ഞ്‌ പുറത്തിറങ്ങിക്കഴിഞ്ഞു. കവിതയുടെ ദാര്‍ശനികമായ മുടിനാരിഴകീറല്‍ ദൈനംദിനം പിന്തുടര്‍ന്നിട്ടാവില്ലെങ്കിലും ഉത്തരാധുനിക കാലത്ത്‌ എഴുതപ്പെട്ടവയെന്ന നിലയില്‍ അഭിരാമിയുടെ കവിതകള്‍ ‍കേവലം വൈയ്യക്തികാനുഭവങ്ങളുടെ ഇത്തരം ഇടുക്കുകള്‍ തകര്‍ത്ത്‌ വിശാലമായൊരു സാമൂഹ്യസ്ഥലിയിലേയ്ക്ക്‌ വികസിക്കുന്നുണ്ട്‌. ഇന്നിന്റെ രാഷ്ട്രീയവുമായിപ്രതികരിക്കുന്നുണ്ട്‌. അതിനു തെളിവാണ്‌ "പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍"പോലുള്ള കവിതകള്‍. പാഠപുസ്തകവിവാദവും, അതിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന അസാന്മാര്‍ഗ്ഗിക കൊടുക്കല്‍ വാങ്ങലുകളും എന്തുതന്നെയായാലും ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകവുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങളും സമരകോലാഹലങ്ങളും കേരളീയ സമൂഹത്തോട്‌ ആവശ്യപ്പെട്ടത്‌ വ്യക്തമായ ഒരു നിലപാടാണ്‌. അത്തരം ഒരുനിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌ "പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍". വിശപ്പിന്റെ ,
“വറ്റിയ നാവ്‌ കാത്തിരിക്കയും
പിന്നെ ഓരോന്നായ്‌
രസച്ചരടില്‍ കോര്‍ത്ത്‌
മനസില്‍ കെട്ടിയി"ടുകയും ചെയ്യുന്ന പ്രതീക്ഷകളാണ്‌
"ഏഴു സീയിലെ
ലാസ്റ്റ്‌ ബെഞ്ചിന്റെ
അറ്റത്തിരിക്കുന്ന ജീവ"നിലൂടെ 'സാമൂഹ്യം റ്റീച്ചര്‍' ചിക്കന്‍ സ്റ്റാളിലേയ്ക്ക്‌കൊണ്ടുപോകുന്നത്‌. പ്രതീക്ഷകളില്‍പോലും തൂക്കപ്പെടുന്ന പച്ചയിറച്ചി വായനയോടുണ്ടാക്കുന്ന കലഹങ്ങള്‍ മലയാളിയുടെ കവിതാസ്വാദനശീലങ്ങള്‍ക്ക്‌ നല്‍കുന്ന ഷോക്ക്‌ ചികില്‍സ ഇപ്പൊഴും കവിതയെന്നാല്‍ വൃത്തമെന്നും, ഛന്ദസ്സെന്നും, ചൊല്ലലിന്റെ സംഗീതമെന്നുമൊക്കെ പുലമ്പിക്കൊണ്ടുനടക്കുന്നവര്‍ അര്‍ഹിക്കുന്നത്‌ തന്നെ.

എന്നും പെണ്ണിനെ മാത്രം വിട്ടുവീഴ്ചകളിലേയ്ക്ക്‌ പിടിച്ച്‌ തള്ളുന്ന സമൂഹമനസ്സിന്റെ മുഖമടച്ചൊരടിയാണ്‌ 'ഇവളെ തോല്‍പ്പിക്കുക' എന്നകവിത. നനകണ്ണുകളോടെ,
"ഒരാളെ തോല്‍പ്പിക്കണം
മൂത്തതു മൂന്നും പെണ്ണാണേ"എന്ന് ടീച്ചറോട്‌ പറയുന്ന കുത്സൂന്റുമ്മ മലയാളിയുടെ പുരോഗമന നാട്യങ്ങളെയാകെ തന്റെ നിസ്സഹായതകൊണ്ട്‌ മുക്കിക്കളയുന്നുണ്ട്‌. ഒരു പെണ്ണ് എന്ന നിലയ്ക്കുള്ള തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട്‌ തനിക്കുചുറ്റും ഇന്നും നിലനില്‍ക്കുന്ന ലിംഗവിവേചനങ്ങളോട്‌ മൂര്‍ച്ചയുള്ള ഭാഷയില്‍ പ്രതികരിക്കുന്ന ഒരു എഴുത്തുകാരിയെ നമുക്ക്‌ ഈ കവിതയില്‍ കാണാം.

സേവനമേഖലകളില്‍നിന്നെല്ലാം ഘട്ടം ഘട്ടമായ്‌ പിന്മാറുകയെന്ന അജണ്ട കെടുകാര്യസ്ഥതയെന്ന പരോക്ഷോപകരണമുപയോഗിച്ച്‌ നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ പിന്നാമ്പുറക്കളികള്‍ എന്തുതന്നെയാണെങ്കിലും സര്‍ക്കാര്‍ ‍സ്കൂളുകള്‍ അതിവേഗം നിശ്ശബ്ദമാക്കപ്പെടുകയാണെന്നത്‌ ഒരു സമകാലികസത്യമാണ്‌. ആ സത്യം വളരെ വിദഗ്ദ്ധമായ്‌ കുറിക്കുന്നു 'പ്രവേശനോല്‍ത്സവം'. തിരക്കോട്‌ തിരക്കില്‍ പ്യൂണ്മാഷും, കുട്ട്യോളും ലളിതടീച്ചരുമൊക്കെ ഓടിനടക്കുമ്പോഴും,
"കുതിച്ചുനിന്ന ബസ്സില്‍ നിന്നിറങ്ങിയ
സുഹൈലടീച്ചര്‍ ഒന്നാംക്ലാസ്സില്‍ കണ്ടത്‌
ആമിനടീച്ചറും അമ്പൊത്തൊന്നക്ഷരങ്ങളും മാത്രം."

“വാലിളക്കി
തലകുലുക്കി
അരികില്‍ ചേര്‍ന്നുനി”ന്ന വാക്കിനെ
“തള്ളയോട്‌ ചേര്‍ത്തുനിര്‍ത്തിയ”തും,
“അകിടുചുരന്നപ്പോള്‍ മാറ്റിക്കെട്ടിയതും കറന്നതും”, ഒരേ ആള്‍ തന്നെ. പക്ഷേ
“പിന്നെ
പിണങ്ങിയോടിയ വാക്ക്‌
പുഴവക്കത്തുരുണ്ട്‌
ഇണക്കം മാറാത്ത
ഇളം പുല്ലുകളോട്‌
കിന്നാരമ്പറയാതെ
വയലിലേക്കിറങ്ങി” , കണ്ണുനിറഞ്ഞ്‌, കൈകൂപ്പി കടലിലേയ്ക്കിറങ്ങുന്ന കാഴ്ച കണ്ണുനനയ്ക്കുകയല്ല, മുതിരലെന്ന ജൈവപ്രക്രിയകൊണ്ടൊന്നും തുറക്കാത്ത കണ്ണുകളിലേയ്ക്ക്‌ വെളിച്ചത്തിന്റെ ഒരസ്ത്രമായ്‌ ആഴ്‌ന്നിറങ്ങുകയാണ്‌. ജനിച്ചുവീണ നിമിഷംതൊട്ട്‌ അമ്മയെന്നും, അച്ഛനെന്നും, കാക്കയെന്നും, പൂച്ചയെന്നും ഓതിപ്പഠിപ്പിക്കുന്നവര്‍തന്നെയാണ്‌ മുതിര്‍ന്നുകഴിഞ്ഞാല്‍ അവന്റെ ഭാഷയുടെ നൈസര്‍ഗ്ഗികമായ ഒഴുക്കിനുമേല്‍ വിലക്കുകളുടെ കൂച്ചുവിലങ്ങിടാന്‍ മല്‍സരിക്കുന്നതും ‘കയ്ക്കാത്ത കാഞ്ഞിരമ്പോലെ’ അര്‍ത്ഥമില്ലാത്ത ഔപചാരികതകളിലേയ്ക്ക് അതിനെ ചുരുക്കിക്കളയുന്നതും. മുതിര്‍ന്നവരുടെ ലോകം അവര്‍ക്കുതന്നെ നിശ്ചയമില്ലാത്ത കുറെ ബോധ്യങ്ങളുടെയും, ധാരണകളുടേയും പേരില്‍ കുട്ടികളുടെ ഭാഷയ്ക്കും, ചിന്തയ്കുമേല്‍തന്നെയും നടത്തുന്ന അധിനിവേശങ്ങളെക്കുറിച്ച്‌ 'കടലിലായ വാക്ക്‌' എന്ന ഈ കവിത നല്‍കുന്ന സൂചനകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.

വിശപ്പ്‌ ഒരുവനെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളുടെ വെയിലിലേയ്ക്ക്‌ ഇറക്കി നിര്‍ത്തുന്നുവെങ്കില്‍, നിറവയറിന്റെ ആലസ്യം അവനെ കടുംനിറമുള്ള കിനാക്കളിലേയ്ക്ക്‌ തുറന്നുവിടുന്നു എന്ന ആഴമുള്ളൊരു തിരിച്ചറിവിനെ ലളിതമായ ഭാഷയില്‍ രേഖപ്പെടുത്തുന്നു 'തെലുങ്കന്‍' എന്ന കവിത. ദാരിദ്ര്യം വിദ്യാലയത്തില്‍നിന്നിറക്കി വീട്ടുവേലയ്ക്ക്‌ കൊണ്ടുചെന്നാക്കിയ തെലുങ്കന്‍ നിസാര്‍ പണ്ട്‌ ഒഴിവുവേളകളില്‍ വരച്ചിട്ട ചിത്രങ്ങള്‍ നിറയെ 'കുടിനീരിനായ്‌ ക്യൂ നില്‍ക്കുന്ന കുട'ങ്ങളും, 'കരഞ്ഞു തളര്‍ന്നവയ'റുകളും, 'വിളവെന്തെന്നറിയാത്ത വയലുക'ളും ആയിരുന്നെങ്കില്‍, പോകുന്നതിനുമുന്‍പ്‌ അവന്‍ വരച്ച
“തിളങ്ങുന്ന കണ്ണുകളും
വിശപ്പാറിയ വയറുമുള്ള”ചിത്രത്തിന്
“സ്വപ്നത്തിന്റെ നിറമായിരുന്നു”.

അനിതരസാധാരണമായ കാവ്യപ്രചോദനമില്ലാതെ ചെന്നെത്താനാവാത്ത, വിഷാദം സ്ഥായിഭാവമാക്കിയ അടിയൊഴുക്കുകളോടുകൂടിയ നിരവധി കല്‍പ്പനകളുണ്ട്‌ അഭിരാമിയുടെ കവിതകളില്‍. തേന്മാവും, കശുമാവും, പ്ലാവും, ഇലഞ്ഞിയുമൊക്കെച്ചേര്‍ന്ന് രുചിയും നിറവും ‍ തുറന്നിട്ട ഗ്രാമപശ്ചാത്തലത്തിലൂടെ സ്വയമുണ്ടാക്കിയ കളികളും, കളിപ്പാട്ടങ്ങളുമായി ഉപയോഗിച്ച് ‘വിടരേണ്ട കുട്ടിക്കാല’ത്തിന്റെ സ്വാഭാവികവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യത്തെ ഫ്ലാറ്റിലെ അടഞ്ഞ മുറികളില്‍, ആരോക്കെയോചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കിയ കമ്പ്യൂട്ടര്‍ ഗെയ്മുകളില്‍ തളച്ചിടുന്ന പുതിയ കാലത്തെനോക്കി നെടുവീര്‍പ്പിടുന്നു ‘അണ്ടിക്ക് തുണപോകുമോ?’ എന്ന കവിത. പിഞ്ചുടലുകളില്‍ കളിച്ചൂടുപടര്‍ത്തി, ഉരുണ്ടുകൂടുന്ന സ്വേദകണങ്ങള്‍ ഒപ്പിയെടുക്കാനായി മരച്ചില്ലകളില്‍നിന്ന് ഓടിവരുന്ന അമ്മക്കാറ്റുമായി ഒളിച്ചുകളിക്കുന്ന വേനല്‍, ശീതീകരിച്ച മുറികളിലെ നിര്‍വ്വികാരമായ തണുപ്പിലിന്ന് പുതച്ചുറങ്ങുന്ന കാഴ്ച ,
“ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച
കാറ്റിന്റെ തണുപ്പ്‌
മുറിയില്‍ പടരുമ്പോള്‍
പുതച്ചുറങ്ങി, വേനല്‍” എന്ന ഈ നാലുവരികളിലൂടെ അവള്‍ വരച്ചിടുമ്പോള്‍ ശിലകളില്‍നിന്നുപോലും കണ്ണിരുപൊടിയുന്നത് നമുക്ക് കാണാം.

വീട്‌, തൊടി, മുറ്റം, പശുക്കുട്ടി, പൂച്ച, സ്കൂള്‌, സഹപാഠികള്‍, അദ്ധ്യാപികമാര്‍, ഡസ്ക്‌, ബെഞ്ച്‌, പെന്‍സില്‍, കട്ടര്‍, ബെല്ല് എന്നിങ്ങനെ വിശാലമായ ഒരു ബാലലോകം തന്നെയുണ്ട്‌ അഭിരാമിയുടെ കവിതകള്‍ക്ക്‌ പശ്ചാത്തലമായി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള മിടുക്കികള്‍ക്കുമാത്രമല്ല, ചോദ്യങ്ങള്‍ക്കുമുന്‍പില്‍ തലകുനിച്ചുനില്‍ക്കുന്ന, അത്ര മിടുക്കില്ലാത്തവരും കവിതയ്ക്ക് പ്രചോദനമാകാമെന്നതിന് തെളിവാണ് 'പരീക്ഷ' .
“വല്ലാതെ കുഴക്കിയ
ചോദ്യങ്ങള്‍ക്കു മുന്നില്‍
തലകുനിച്ചിരുന്നു ഞാന്‍
അതുകണ്ട്‌ ബെല്ലുകള്‍
ഉറക്കെ പൊട്ടിച്ചിരിച്ചു
പിന്നെയെല്ലാം
അമ്മയുടെ വായില്‍ നിന്നായിരുന്നു.”

സ്ഥലകാലബന്ധിയായ്‌ നിലനില്‍ക്കുന്നൊരു കലാകാരിക്ക്‌ തന്റെ സ്ഥലത്തെയും, കാലത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു ആനുകാലിക പ്രശ്നത്തോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു 'പ്രതീക്ഷ ചിക്കന്‍ സ്റ്റാ'ളെങ്കില്‍ അതിനുശേഷം വന്ന 'എന്തിന്‌?', 'മ്യാവൂ മ്യാവൂ', എന്നി കവിതകള്‍ സമകാലിക സാമൂഹ്യപ്രശ്നങ്ങള്‍തന്നെ വിഷയമാക്കുമ്പൊഴും അവയില്‍ അഭിരാമിക്കവിതകള്‍ക്ക് പതിവില്ലാത്ത ഒരുതരം കൃത്രിമത്വം കലരുന്നുണ്ട്‌.
“പഠിപ്പ്‌ പോരെന്നും പറഞ്ഞ്‌
പേരുവെട്ടി
അപ്പച്ചന്റെ കൂടെ” കന്ദമലിയിലേയ്ക്ക്‌ പോയ സതീര്‍ത്ഥ്യ, ഒറീസയിലെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച്‌ അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം അസ്വാഭാവികമായ ഒരു ബിംബമാണ്‌. അതുപോലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 'മ്യാവൂ മ്യാവൂ' എന്ന കവിതയില്‍ തട്ടുമ്പുറത്ത്‌ വന്നുകയറിയ മാര്‍ജ്ജാരന്മാരുടെ ചിത്രത്തീലേയ്ക്ക്‌ തീവ്രവാദത്തിന്റെ ബിംബം സന്നിവേശിപ്പിക്കുന്നതില്‍ വന്ന അപര്യാപ്തകളാണ്‌ ‍അതിനെ ഒരു കൃത്രിമ രചനയെന്ന തോന്നലുളവാക്കുന്നതാക്കി മാറ്റുന്നത്‌. 'പറഞ്ഞുതോരാത്തത്‌' എന്ന കവിതയാവട്ടെ ഘടനാപരമായിത്തന്നെ അപൂര്‍ണ്ണവും. ലബ്ധപ്രതിഷ്ഠരായ കവികള്‍ പോലും തങ്ങളുടെ രചനാജീവിതത്തില്‍ താരതമ്യേനെ മോശമായ കൃതികള്‍ എഴുതിയിട്ടുണ്ട്‌. എഴുതുന്നതെല്ലാം ഒന്നിനൊന്ന് മികച്ചവയായിരിക്കണമെന്ന് എഴുതുന്നവരെല്ലാം സ്വയം നിഷ്കര്‍ഷിക്കാറുണ്ടെങ്കിലും, പ്രയോഗതലത്തില്‍ അതത്ര എളുപ്പവുമല്ല. എന്നിരിക്കിലും, അഭിരാമിയുടെ കാര്യത്തില്‍ ഈ മൂന്നുകവിതകള്‍ എടുത്തുപറഞ്ഞത്‌ അവ തുടര്‍ച്ചയായി എഴുതപ്പെട്ടവയായതിനാലും, മൂന്നിലും ഒരുപോലെ അഭിരാമിക്കവിതകളുടെ മുഖമുദ്രയായ അയത്നലളിതമായ ആ ഒഴുക്കിന്റെ അഭാവം കണ്ടതുകൊണ്ടും മാത്രമാണ്‌. ക്രാഫ്റ്റില്‍ ചില പുതുക്കിപ്പണികള്‍ക്ക് സമയമായോ എന്നൊരു സന്ദേഹവും, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും അവ ഉയര്‍ത്തുന്നുണ്ട്. തന്റെ സര്‍ഗ്ഗപ്രപഞ്ചത്തില്‍നിന്നുയരുന്ന അത്തരം സൂക്ഷ്മമായ ശബ്ദങ്ങള്‍ക്കുപോലും കാതോര്‍ക്കുകയും, സ്വന്തം കലയെ കാലത്തിനൊത്ത് നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടത് അളവറ്റ പ്രതിഭയും അതിതീവ്രമായ സര്‍ഗ്ഗചോദനയുംകൊണ്ട് അനുഗ്രഹീതയായ ഒരു എഴുത്തുകാരിയെന്ന നിലയില്‍ അഭിരാമിയുടെ ഉത്തരവാദിത്വമാണ്.

നൈസര്‍ഗ്ഗികമായ പ്രതിഭയുടെ അടയാളമുള്ളവയാണ് അഭിരാമിയുടെ മികച്ച കവിതകളെല്ലാം. വികസിക്കുന്ന അനുഭവമണ്ഡലത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകും വണ്ണം നിരന്തര ധ്യാനത്തിലൂടെയും, ശിക്ഷണത്തിലൂടെയും അതിനെ മൂര്‍ച്ചയിട്ട് സൂക്ഷിക്കാനായാല്‍ വരും കാലങ്ങളില്‍ മലയാളകവിതയില്‍ പുതിയൊരു ഭാവുകത്വപരിസരംതന്നെ സൃഷ്ടിക്കാന്‍ അവള്‍ക്കാവും. ഉറപ്പ്.

Tuesday, November 11, 2008

‘ആ മര’ത്തിന്റെ തണലുപറ്റാവുന്നവര്‍

എന്തു പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ്‌ കാര്യം എന്ന ഉത്തരാധുനിക വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിച്ച അനുഭവം, അതിന്റെ തീവ്രത തെല്ലും ചോര്‍ന്നുപോകാതെതന്നെ വിനിമയം ചെയ്ത ഒരു കവിതയാണ്‌ കുഴൂരിന്റെ 'ആ മരം'.

നാനാ ജാതിമതസ്തര്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ചുപോന്നിരുന്ന ഒരു സമൂഹത്തില്‍ സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ആത്മീയ വിശുദ്ധിയുടെ ഒക്കെ പ്രതീകമായി ഒട്ടിനിന്നിരുന്നു ഒരാല്‍മരം. കണ്ടമാത്രയില്‍ തന്നെ കവിയെ അത് വൃക്ഷങ്ങളുടെ ഉള്ളറിയാമായിരുന്ന തന്റെ അപ്പനേയും, 'ആത്മാവില്‍ തൊട്ട്‌ അനുവാദം വാങ്ങി' ഇറുത്തെടുത്ത 'ഒരിലയുടെ ഓര്‍മ്മഞരമ്പുകള്‍' പുസ്തകത്തില്‍ അടച്ചുസൂക്ഷിച്ചിരുന്ന പഴയ കൂട്ടുകാരിയേയും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. നന്മയും, നൈര്‍മ്മല്യവും നിറഞ്ഞുനിന്ന ഒരു ഭൂതകാലത്തിന്റെ ഗൃഹാതുരസ്മരണകളുമായി അയാള്‍ ആ വൃക്ഷത്തെ സമീകരിക്കുന്നു. ജീവിതം വല്ലാതങ്ങ് വേട്ടയാടുമ്പോ, 'നിലവിട്ട' പല രാത്രികളില്‍ അയാള്‍ക്ക് സ്വാസ്ഥ്യമാവുന്നു ആ മരം. ആ തണലാണ്‌ പെട്ടന്ന് ഒരു വെള്ളിയാഴ്ച്ചകൊണ്ട്‌ നിഷ്ഠൂരം വെട്ടിമാറ്റപ്പെടുന്നത്‌.'ഹൃദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ' ഇലകളും, 'രക്തം വാര്‍ന്ന് വെളുത്ത' ഞരമ്പുകളും കണ്ട്‌ 'കണ്ണുമുറിഞ്ഞ്‌' അയാള്‍
"ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക്‌ കൈയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്നനില്‍പ്പില്‍ കൈ വെട്ടിയത്‌ പോലെ
ആ മരം"

മുറിഞ്ഞു വീണത്‌ കേവലം ഒരു മരമല്ല, മറിച്ച്‌ നമ്മുടേതുപോലൊരു ബഹുസ്വര സമൂഹത്തില്‍ തണല്‍ വിരിച്ചു നിന്നിരുന്ന മതമൈത്രി, മനുഷ്യസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ തന്നെയാണ്‌ എന്നത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്‌ തുടര്‍ന്നുള്ള അവസാന അഞ്ചുവരികള്‍.
“അപ്പാ,
നനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത്‌ മരം കൊണ്ടാണപ്പാ ? “
വായനയെ വിലാപം പോലെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റുന്ന ഈ അഞ്ചു വരികള്‍ തന്നെയാണ് ഈ കവിതയുടെ വൈകാരിക പ്രഭവകേന്ദ്രവും. താഴെനിന്ന് മുകളിലേയ്ക്ക് നീറിപ്പിടിക്കുന്ന ഈ വൈകാരികത ആദ്യ വായനയില്‍ നാം ആവോളം അനുഭവിക്കുന്നുമുണ്ട്. അതിനു ശേഷം ഒരു രണ്ടാം വായനയക്കായി മടങ്ങിയെത്തുമ്പൊഴാണ് കവിത പൂര്‍വ്വാനുഭവത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ട് വായനക്കാരനുമായി സംവദിക്കാന്‍ തുടങ്ങുന്നത്.

പ്രിയനും, അഞ്ചനയും പോയ മുറിയിലേയ്ക്ക്‌ പുതിയതായി താമസത്തിനെത്തിയത്‌ തൊപ്പിവച്ച കൂട്ടരാണ്‌.പൂണൂലും, ചന്ദനക്കുറിയുമുള്ള നാരായണനും, കൊന്തയും വെന്തിങ്ങയുമുള്ള അന്തോണിക്കും ശേഷം പ്രകടമായി മത ചിഹ്നങ്ങള്‍ അണിഞ്ഞു നടക്കുന്ന ചെറുപ്പക്കാരെ വേറെ കണ്ടിരുന്നില്ല എന്ന് ഓര്‍ക്കുന്ന കവി ഒരു രാത്രി അവരുടെ മുറിയില്‍നിന്ന് ഈണത്തിലുള്ള പ്രസംഗം കേട്ടിരുന്നെങ്കിലും
"വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ" മാത്രമെ അതിനെ കരുതുന്നുള്ളു. അങ്ങനെയിരിക്കെയാണ്‌ ആ വെള്ളിയാഴ്ച്ച എത്തുന്നത്‌.

തൊപ്പിവച്ച കൂട്ടരാണ്‌ മരം വെട്ടിയിട്ടത്‌ എന്ന വ്യക്തമായ്‌ ധ്വനിപ്പിച്ച ശേഷമാണ്‌ തണലും പ്രാണവായുവും തരുന്ന അതേ മരം കൊണ്ട്‌ തന്നെയാണല്ലോ കുരിശുകളും ഉണ്ടാക്കപ്പെടുന്നത്‌ എന്ന നെടുവീര്‍പ്പിലേയ്ക്ക്‌ കവിത സമാപിക്കുന്നത്‌.പൂണൂലും ചന്ദനക്കുറിയും അണിഞ്ഞു നടന്നിട്ടും നാരായണനോ, കൊന്തയും വെന്തിങ്ങയുമായി നടന്നിട്ടും അന്തോണിയോ താനിരിക്കുന്ന കൊമ്പു മുറിക്കുന്ന ഇത്തരം ഒരു വികല ദര്‍ശനത്തിലേയ്ക്ക്‌ വഴിതെറ്റി പോയില്ല.(അഥവാ അങ്ങനെ ഒരു സൂചനയും കവിത തരുന്നില്ല) അവിടെനിന്ന് തിരിച്ച്‌ വായിക്കുമ്പോള്‍ സദാ മതചിഹ്നങ്ങള്‍ അണിഞ്ഞ്‌ നടക്കുന്ന കടുത്ത വിശ്വാസികളായ നാരായണനില്‍നിന്നും, അന്തോണിയില്‍നിന്നും ഒക്കെ വ്യത്യസ്തമായ്‌ എന്തൊക്കെയോ ചില നീചസാന്നിദ്ധ്യങ്ങള്‍ ആ തൊപ്പിവച്ച ചെറുപ്പക്കാരില്‍(അവരുടെ വിശ്വാസത്തില്‍) ഉണ്ടായിരുന്നുവോ എന്ന ഒരു ശങ്കയ്ക്ക്‌ സ്വാഭാവികമായും ഇടമുണ്ടാവുന്നു.(നാരായണനും, അന്തോണിക്കും പേരുള്ളപ്പോള്‍ തൊപ്പിക്കാര്‍ എന്നത്‌ ഒരു സര്‍വ്വനാമമാണ്‌) ഇവിടെ അവര്‍ കേവലം വ്യക്തികള്‍ എന്ന നിലവിട്ട്‌ പ്രതീകങ്ങളായി മാറുന്നു. അല്ലെങ്കില്‍ അങ്ങനെ വായിക്കപ്പെടാനുള്ള നിലം ഒരുങ്ങുന്നു. കാവ്യഘടനയുടെ ഹൃദയഭാഗത്ത്‌ എടുത്തുമാറ്റാനാവത്ത വണ്ണം ഒട്ടിനില്‍ക്കുന്നതുകൊണ്ട്‌ തന്നെ നാരായണനും , അന്തോണിയും തുറന്നിടുന്ന വ്യാഖ്യാന സാധ്യതകള്‍ അവിടെനിന്ന് മുകളിലേയ്ക്കും, താഴോട്ടും, കവിതയുടെ ഓരോ ഞരമ്പിലും വന്നു നിറയുന്നുണ്ട്. ആ ഒരു പരിപ്രേക്ഷ്യത്തില്‍നിന്ന് കവിതയെ സമീപിക്കുന്ന വായനക്കാരന്‌ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ നിരന്തരമുള്ള പ്രചാരവേലകളിലൂടെ നമ്മുടെ സമൂഹമനസ്സിലേയ്ക്ക്‌ കുത്തിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ചില മുന്‍വിധികളെ അറിഞ്ഞോ അറിയാതെയോ 'ആ മര'വും പിന്‍പറ്റുന്നു എന്ന നിഗമനത്തിലെ എത്തിച്ചേരാനാവു.

ബിംബം, പ്രതീകം തുടങ്ങിയ സൂചകങ്ങളുടെ സ്വയം അപനിര്‍മ്മിക്കുന്ന കവിത പലപ്പൊഴും കവിയെ മറികടന്ന് സ്വതന്ത്ര സഞ്ചാരം നടത്തുന്നതു കാണാം.അത്‌ സൂചിപ്പിക്കുന്നത്‌ കവിത എന്ന മാധ്യമത്തിന്റെ ജൈവ സ്വഭാവത്തെയാണ്‌. അങ്ങനെ സചേതനമാവുന്ന കവിതയുടെ സഞ്ചാരങ്ങള്‍ അയാള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ച അനുഭവമണ്ഡലവും കടന്ന് കാല, ദേശ, ഭാഷാപരിധികളെയൊക്കെ ലംഘിച്ച് അനശ്വരതയൊളം പോയേക്കാം.അതുപോലെ, ചിലപ്പോഴെങ്കിലും കവി കാണാതെപോയ ചില പതിഞ്ഞ ധ്വനികളിലൂടെ പെരുകി പെരുകി അത് ഋണാത്മകമായ ചില ഇരുട്ടറകളിലെയ്ക്ക് വഴിതെറ്റി ചെന്നുകയറിയെന്നും വരാം . 'ആ മരം' എന്ന കവിത കവിയുടെ ഇച്ഛാശക്തിയെ മറികടന്ന് അത്തരം ഒരു അപഥ സഞ്ചാരം നടത്തുന്നുണ്ടെങ്കില്‍ അത്‌ കവി അറിയണം. പ്രതിലോമ ശക്തികളുടെ കൈയ്യില്‍ അത് ഒരു പ്രചരണ ആയുധമാകുന്നതില്‍നിന്ന് തടയണം.ചുരുങ്ങിയ പക്ഷം അത്തരം ഒരു വായനാ സാധ്യത തന്റെ ദര്‍ശനമായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനെങ്കിലും അതയാളെ സഹായിച്ചേക്കും.

Thursday, August 28, 2008

അപനിര്‍മിതിയുടെ കാരശ്ശേരിപര്‍വം

എങ്ങനെ ഒരു വ്യക്തിയെ അപനിര്‍മിക്കാം...?
ആദ്യം ഇരയെ ഒരു പാഠത്തിലേക്ക്‌ ചുരുക്കണം. അതിനായി അയാളുടെ ജീവിതം എന്ന തുടര്‍ പാഠത്തില്‍ നിന്ന് ലക്ഷ്യവേധിയായി തോന്നുന്ന വരികളെ, വാക്കുകളെ, ഖണ്ഡങ്ങളെ അടര്‍ത്തിയെടുത്ത്‌ അവയില്‍ സ്വതന്ത്ര അസ്തിത്വം ആരോപിച്ച്‌ കൂട്ടിയിണക്കണം. അങ്ങനെ ഒരു ചതുരത്തിലേക്ക്‌ വ്യക്തിയെ ചുരുക്കി പാകപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ കശാപ്പിന്റെ ഊഴമായി. കോശങ്ങളും കശേരുക്കളും ഉള്‍പ്പെടെ നുറുക്കിയെടുത്ത വ്യക്തിയെ മുന്‍പെ തയ്യറാക്കിവച്ച പാത്രത്തില്‍ വിളമ്പി വിഭവത്തിനു ഒരു പേരും നല്‍കിക്കഴിഞ്ഞാല്‍ ചടങ്ങ്‌ പൂര്‍ണമായി.മാധവനും ആനന്ദും ഹിന്ദുവര്‍ഗീയവാദികളായി, ബഷീര്‍ ഇസ്ലാമിക വര്‍ഗീയവാദിയായി, കാരശ്ശേരി സംശയിക്കപ്പെടേണ്ട സര്‍വസമ്മതനുമായി.

അധികാരത്തിനായി സന്ധിയില്ലാസമരം നടത്തുന്ന, ഫാസിസ്റ്റ്‌ ചട്ടക്കൂടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മതേതര ജനാധിപത്യവാദിയായ ഓരോ സ്വതന്ത്രചിന്തകനും പ്രത്യക്ഷ ശത്രുപക്ഷങ്ങളേക്കാള്‍ വലിയ ഭീഷണിയാണ്‌.ശത്രുക്കള്‍ ഉയര്‍ത്തുന്ന വാദങ്ങളും, ആരോപണങ്ങളും അവരില്‍നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍ പോലും തങ്ങളുടെ പ്രവര്‍ത്തകരെ അനിവാര്യമായ ഒരു പ്രതിരോധത്തിലേയ്ക്ക്‌ ഒരുമിച്ച്‌ നിര്‍ത്തും എന്നതുകൊണ്ട്‌ ശത്രുക്കള്‍ ഇത്തരം ശക്തികളുടെ ഒരാവശ്യമാണ്‌.അങ്ങനെയൊരു ശത്രുപക്ഷം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍കൂടി സാങ്കല്‍പ്പികമായ ഒന്നിനെ അവര്‍ കല്‍പ്പിച്ചെടുത്ത്‌ ഒരു നിതാന്ത ഭീഷണിയായി മറുപക്ഷത്ത്‌ നിര്‍ത്തും.ഇന്ത്യയിലെ വര്‍ഗ്ഗീയ സംഘടനകളൊക്കെ തങ്ങളുടെ പക്ഷത്തേയ്ക്ക്‌ അണികളെ കൂട്ടുന്നത്‌ അത്തരം ചില അയഥാര്‍ത്ഥഭീഷണികളെ യാഥാര്‍ത്ഥ്യമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്‌.അതുകൊണ്ട്‌തന്നെ ഏതെങ്കിലും ഒരു മതത്തിനുള്ളില്‍ നിന്നുകൊണ്ട്‌ അതിന്റെ നവോദ്ധാനത്തിനായി പ്രയത്നിക്കുന്ന മനുഷ്യര്‍ ആ മതത്തിനു മാത്രമല്ല ഇതരമതങ്ങള്‍ക്കും അനഭിമതരായിരിക്കും.അത്തരം ബിംബങ്ങളെ തകര്‍ക്കാന്‍ അവര്‍ പരസ്പരം സഹവര്‍ത്തിക്കും.അതിനായി ഏത്‌ ഉത്തരാധുനികസങ്കേതത്തെയും ദുരുപയോഗപ്പെടുത്തും.

'സര്‍വസമ്മതന്മാരെ' സംശയിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്‌ മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലൂടെ ശ്രീ എ.എം ഷീനാസ്‌, ( http://yuvapaksham.blogspot.com/2008/06/blog-post_09.html ) എം എന്‍ കാരശ്ശേരി എന്ന 'സ്വതന്ത്ര ബുദ്ധിജീവി'യെ ഉടച്ച്‌ തനിക്കാവശ്യമുള്ള മറ്റൊന്നായി വാര്‍ത്തെടുക്കുന്നത്‌ അപനിര്‍മാണം എന്ന സങ്കെതം ഉപയോഗിച്ചാണ്‌.മലയാളിയുടെ പൊതുജീവിതത്തില്‍ സുപരിചിതനും സുസമ്മതനുമായ കാരശ്ശേരിമാഷെന്ന മതേതര ജനാധിപത്യവാദിയെ എടുത്തുപറയേണ്ട വൈദഗ്ധ്യത്തോടുകൂടി ഷിനാസ്‌ ഒരു ചതുരത്തിലേക്ക്‌ ഒതുക്കുന്നത്‌ ശ്രദ്ധിക്കുക. 'സങ്കീര്‍ണ്ണ സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പിടിതരാത്ത മനസ്സുള്ള, വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി.......' എന്ന ഷിനാസിന്റെ പുത്തന്‍ കാരശ്ശേരിനിര്‍വചനത്തിന്റെ ആദ്യഭാഗം വിരല്‍ചൂണ്ടുന്നത്‌ അദ്ദേഹം കൈകാര്യം ചെയ്ത സങ്കീര്‍ണസംഭവങ്ങളില്‍ പ്രഥമഗണനീയങ്ങളായ ചേകനൂര്‍ ഷാബാനു സംഭവങ്ങളിലേക്കാണ്‌. ചേകന്നൂര്‍ വധം 'മലയാളി മനസ്സാക്ഷിക്കു മുന്‍പില്‍ മറവിക്കു വിട്ടു കൊടുക്കാത്തവിധം നോവുന്ന ഒരു ചോദ്യ ചിഹ്നമായി വര്‍ഷങ്ങളോളം നിലനിര്‍ത്തുന്ന'തില്‍ കാരശ്ശേരിമാഷ്‌ വഹിച്ച പങ്ക്‌ ലേഖകന്‍തന്നെ അംഗീകരിക്കുന്നുണ്ട്‌.പക്ഷേ ഈ പങ്കിനെ പിന്നീട്‌ ലേഖകന്‍ അപനിര്‍മിക്കുന്നത്‌ 'ചേകന്നൂര്‍വധത്തിനുപിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നു പൊതുജനം സംശയിക്കുന്ന ശക്തികളുമായി സി.പി.എം പോലുള്ള രാഷ്ട്രീയപാര്‍ടികള്‍ നിര്‍ലജ്ജമായ വോട്ടുബാങ്ക്‌കൂട്ടുകെട്ടിന്‌ സമാരംഭം കുറിച്ചപ്പോള്‍ ', 'ചേകന്നൂര്‍ പ്രശ്നത്തില്‍ കാരശ്ശേരി പ്രദര്‍ശിപ്പിച്ച രചനാപരമായ രണോത്സുകത' കണ്ടില്ല എന്ന്‌ ആരോപിച്ചു കൊണ്ടാണ്‌. കാരശ്ശെരി എന്ന വ്യക്തിയുടെ സാമൂഹ്യജീവിതത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട്‌തന്നെ അവയെ അപ്രസക്തമാക്കാന്‍ ഷീനാസിന്‌ ഒരൊറ്റവാചകം മാത്രമേ വേണ്ടിവന്നുള്ളു എന്ന് പറഞ്ഞാല്‍ അത്‌ അദ്ദേഹത്തിന്റെ അദ്ധ്വാനത്തെ കുറച്ചുകാണലാവും. കാരണം പകലുപോലെ വ്യക്തമായ ഒരുപാട്‌ വസ്തുതകളെ തമസ്കരിക്കുക എന്ന അസാധ്യമായ കര്‍മ്മമാണ്‌ അദ്ദേഹത്തിന്‌ അഭിമുഖീകരിക്കാന്‍ ഉണ്ടായിരുന്നത്‌.ഇടതുപക്ഷത്തിന്റെ 'നിര്‍ലജ്ജമായ വോട്ട് ബാങ്ക്‌ കൂട്ടുകെട്ടുക'ളെക്കുറിച്ച്‌ കലാകൗമുദി വാരികയില്‍ എം. സഞ്ജീവനുമായുള്ള അഭിമുഖത്തില്‍ കാരശ്ശേരി പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക."കമ്മ്യൂണിസ്റ്റുകള്‍ വിചാരിക്കുന്നത്‌ ഒരു കമ്മ്യൂണലിസ്റ്റിനെ കമ്മ്യൂണിസ്റ്റ്‌ ആക്കാമെന്നാണ്‌.എന്നാല്‍ ലോകത്തൊരിടത്തും കമ്മ്യൂണലിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളായിട്ടില്ല.എന്നാല്‍, കമ്മ്യൂണലിസ്റ്റുകള്‍ സൗഹൃദത്തിലൂടെ കമ്മ്യൂണിസ്റ്റുകളെ കമ്മ്യൂണലിസ്റ്റുകളാക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌".
മേല്‍പ്പറഞ്ഞ ഉദ്ധരണി ഉള്‍പ്പെടുന്ന ആ അഭിമുഖം പ്രസിദ്ധീകരിച്ചുവന്നതോടെ സര്‍വ്വസമ്മതനായ കാരശ്ശേരിയെ ‘സര്‍വ്വാത്മനാ‘ സമ്മതിക്കുന്ന ഇടതുപക്ഷത്തിന്റെ മുഖപത്രത്തില്‍ ഇടതുബുദ്ധിജീവിയായ പി.കെ പോക്കര്‍ 'കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയുടെ കാരമുള്ളുകള്‍, അഥവാ ഭൂതാവേശിതര്‍ തീര്‍ക്കുന്ന വാരിക്കുഴികള്‍' എന്ന തലക്കെട്ടുള്ള കവര്‍സ്റ്റോറി രചിച്ചു.പ്രഖ്യാപിതഇടതുപക്ഷത്തിന്റെ വലതുപക്ഷവ്യതിയാനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വലതുപക്ഷആശയങ്ങളുടെ പ്രചരണത്തിനാവശ്യമായ രാഷ്ട്രീയസ്ഥലി ഒരുക്കുന്ന കപടഇടതന്‍ എന്ന് പരിഹസിച്ചു.ഇവിടെ കാരശ്ശേരി മതെതരവിരുദ്ധ സംഘടനകള്‍ക്കും ഇടതുപക്ഷത്തിനും ഒരുപോലെ വെറുക്കപ്പെട്ടവനായി തീരുന്നതു കാണാം.

കാരശ്ശേരി തങ്കാര്യത്തില്‍ മാത്രം രണോല്‍സുകനായ അവസരവാദിയാണെന്ന് സ്ഥാപിക്കാന്‍ എ.എം ഷീനാസ്‌ മുന്നോട്ട്‌വയ്ക്കുന്ന കാരണം അയാള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളുമായുള്ള ഇടതുപക്ഷത്തിന്റെ അവസരബാന്ധവത്തിന്‌ എതിര്‍വാക്കു മിണ്ടിയിട്ടില്ലെന്നതാണ്‌.ഇടതുപക്ഷത്തിനു അയാളോടുള്ള അകല്‍ച്ചയോ ,താല്‍ക്കാലികമായ പാര്‍ലമെന്ററിനേട്ടങ്ങള്‍ക്കായി മൗദൂദിസ്റ്റ്‌ സംഘടനകളുമായി പോലും ബന്ധമാവാം എന്ന പ്രായോഗികരാഷ്ട്രീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അവസരവാദത്തിന്‌ സൈദ്ധാന്തിക അടിത്തറ പണിയാന്‍ പാടുപെടുന്ന കെ.ഈ.എനെ പോലെയുള്ളവരെ വിമര്‍ശിച്ചതിന്റെ പേരിലും..!ആ നിലയ്ക്ക്‌ സര്‍വ്വസമ്മതരായ കാരശ്ശേരിയെ പോലുള്ളവരെ സംശയിക്കുക തന്നെ വേണ്ടേ..?ഒപ്പം ഷീനാസിനെ പോലുള്ള വസ്തുനിഷ്ഠമായി പത്രപ്രവര്‍ത്തനം നടത്തുന്നവരെ ശ്ലാഘിക്കുകയും വേണം.

നിര്‍വചനത്തിന്റെ രണ്ടാംഭാഗം 'വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം' എന്നതാണ്‌.തന്റെയീ വാദത്തെ സ്ഥാപിക്കുവാനായി വസ്തുനിഷ്ഠമായ തെളിവുകളൊന്നും മുന്നോട്ടുവെക്കാതെ വ്യക്തിനിഷ്ഠമായ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രമാണ്‌ ലേഖകന്‍. തൊഴിലില്‍നിന്ന് രാജി വെച്ചോ അല്ലാതെയോ ഒരാള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനങ്ങളെ ആ നിലയ്ക്കു മാത്രം ഋണാത്മകമായി കണക്കാക്കാനവുമോ? ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതിനു മുന്‍പെ പ്രസ്തുത മാധ്യമത്തില്‍ അയാള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി വിശകലനവിധേയമാക്കപ്പെടേണ്ടതല്ലെ? കൈരളിയും ദേശാഭിമാനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു എന്ന ഒറ്റകാരണം കൊണ്ട്‌ ഇടതുപക്ഷത്തിനു വന്നുപെട്ട അപചയങ്ങള്‍ക്ക്‌ എതിരെ കാരശ്ശേരി ശബ്ദിച്ചിരുന്നില്ല എന്നു നാളിതുവരെയുള്ള അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം മുന്‍നിര്‍ത്തി ഒരാള്‍ക്ക്‌ തെളിയിക്കാനാവുമോ? പ്രത്യക്ഷമായിത്തന്നെ അത്തരം ഒരു അയിത്തം ഈ മാധ്യമങ്ങള്‍ അര്‍ഹിക്കുന്നുവെങ്കില്‍ മതേതര ജനാധിപത്യ വാദിയായ ഒരെഴുത്തുകാരനു ആശയപ്രകാശനത്തിനായി തിരഞ്ഞെടുക്കാനാവുന്ന ഏതൊക്കെ മാധ്യമങ്ങളാണ്‌ ഇന്ന്‌ മലയാളത്തില്‍ ബാക്കിയുള്ളതെന്നു അയാള്‍ക്ക്‌ ഉപദേശിക്കാനാവുമൊ? കാരശ്ശേരിയുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ വസ്തുനിഷ്ഠമായ തെളിവുകളാണ്‌ വ്യത്യസ്ഥമാധ്യമങ്ങളില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും മറ്റു പരിപാടികളും. അവയുടെ ഘടനയെയും ഉള്ളടക്കത്തെയും പരിശോധിച്ച്‌ തന്റെ വാദങ്ങള്‍ക്ക്‌ തെളിവുകള്‍ കണ്ടെടുക്കാതെ കേവലമായ സാമാന്യവല്‍കരണത്തിലൂടെ ലേഖകന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരിയുടെ വ്യക്തിത്വം അയാളുടെ ഒരു അജണ്ട മാത്രമാണ്‌.വ്യക്തിത്വങ്ങളുടെ അപഗ്രഥനത്തില്‍ അപനിര്‍മാണം പോലുള്ള ഉത്തരാധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇത്തരം എഴുത്തുകാര്‍ ശ്രമിക്കുന്നത്‌ വ്യക്തിത്വത്തെ അത്‌ നിലനില്‍ക്കുന്ന തലത്തില്‍ വിശകലനം ചെയ്യുന്നതിനു പകരം മുന്‍ കൂര്‍ തയ്യാറാക്കപ്പെട്ട നിഗമനത്തിലേക്ക്‌ തിരുകിക്കയറ്റാന്‍ ആകുംവിധം അതിനെ പാകപ്പെടുത്താനാണ്‌.

വിസ്താരഭയം കൊണ്ട്‌ ശ്രീ കെ. പി സലാം വിട്ടു കളഞ്ഞതിനെ പൂരിപ്പിക്കാനിറങ്ങിയ ഷിനാസ്‌ 'ആശയതലത്തില്‍ ശക്തമായി എതിര്‍ക്കുന്ന ചിലരെ വ്യക്തിതലത്തില്‍ സുഖിപ്പിക്കാനുള്ള കാരശ്ശേരിയുടെ അസാധാരണമായ കഴിവിനെ' വിശദീകരിക്കുന്നത്‌ ബാലിശമായ ചില വാദങ്ങളിലൂടെയാണ്‌. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാംതന്നെ പ്രാപ്യമായിട്ടുള്ള ഒരാള്‍ തന്റെ ആശയപ്രകാശനത്തിനായി അല്ലെങ്കില്‍ സാംസ്കാരികപ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കാനായി ആദര്‍ശങ്ങളൊക്കെ ഇട്ടെറിഞ്ഞു എന്ന്‌ പ്രബോധനം പത്രത്തിലെ 'സ്നേഹസംവാദം' എന്ന ഒരു പംക്തിയിലെ പങ്കാളിത്തം മാത്രം അടിസ്ഥാനമാക്കി വായനക്കാരന്‍ വിശ്വസിക്കണോ? അതും സംവാദത്തിലെ പങ്കാളിയായ അബ്ദുറഹിമാന്‍ അയാളുടെ സതീര്‍ത്ഥ്യനായിരുന്നു എന്നിരിക്കെ. ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച്‌ ഒരേ വീക്ഷണം പങ്കുവയ്ക്കുന്ന രണ്ട്‌ പേര്‍ ചേര്‍ന്ന് ആ പ്രത്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതിനെയാണോ സംവാദം എന്നു വിളിക്കുന്നത്‌? മൗദൂദിസ്റ്റ്‌പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, ഒരുപിടി മനുഷ്യരെയെങ്കിലും അതിലേയ്ക്ക്‌ തെളിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനുമായി 'മുസ്ലിങ്ങളുടെ ഇടയില്‍ സാമാന്യം പച്ച പിടിച്ച ഒരേയൊരു പത്ര'ത്തില്‍ ഒരു സംവാദത്തിന്‌ വേദി ഒരുങ്ങിയാല്‍ മതേതരജനാധിപത്യവിശ്വാസിയായ ഒരു സാംസ്കാരികപ്രവര്‍ത്തകന്‍ അത്‌ ഏറ്റെടുക്കരുതായിരുന്നോ? അപനിര്‍മ്മിതിയുടെ പുതിയ നിഘണ്ടുവില്‍ സംവാദത്തിന്‌ സുഖിപ്പിക്കലെന്നൊ അര്‍ത്ഥം..!

'ചേന്നമംഗലൂരിലെ എഴുത്തുകാരെക്കുറിച്ച്‌ പറയുമ്പോള്‍ മതേതരവാദിയായ കാരശ്ശേരി ഉയര്‍ത്തിക്കാണിക്കുന്നത്‌ മതേതര വിരുദ്ധരായ ഒ അബ്ദുറഹ്മാനെയും ഒ അബ്ദുള്ളയെയുമാണ്‌' എന്നു പറയുന്ന ലേഖകന്‍ ഇതോടൊപ്പം പരാമര്‍ശിക്കപ്പെട്ട ഹമീദ്‌ ചേന്നമംഗലൂരിന്റെതുള്‍പ്പെടെയുള്ള മറ്റു ചില പേരുകള്‍ സൗകര്യപൂര്‍വം വിട്ടു കളയുന്നു. കാരശ്ശേരിക്ക്‌ മൗദൂദിസ്റ്റ്‌ പ്രത്യയശാസ്ത്രത്തോട്‌ എതിര്‍പ്പാണെന്നുള്ള കാര്യത്തില്‍ ലേഖകനു പോലും രണ്ടഭിപ്രായമില്ലെന്നിരിക്കെ, അദ്ദേഹം മൗദൂദിസ്റ്റ്‌ പാളയത്തിലേക്ക്‌ പാലം പണിഞ്ഞുവെന്നും ,അവരെ സുഖിപ്പിക്കുംവിധം ലേഖനങ്ങള്‍ എഴുതിയെന്നും മറ്റും ഉള്ള ആരോപണങ്ങള്‍ക്ക്‌ എന്തു സാധുതയാണുള്ളത്‌? പ്രബോധനത്തില്‍ പ്രസിദ്ധപ്പെടുത്തിയ സ്നേഹസംവാദത്തില്‍ നിന്നൊ വാരാദ്യ മാധ്യമത്തില്‍ അച്ചടിച്ചുവന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്നോ തന്റെ ആരോപണം തെളിയിക്കുവാന്‍ പോന്ന വിധത്തിലുള്ള ഒരു ഉദ്ധരണി പോലും കണ്ടെത്താന്‍ ഇതെഴുതിയ ആള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.ഒരു എഴുത്തുകാരന്റെ ഏതാനും ലേഖനങ്ങളോ കുറിപ്പുകളോ ഒരു പ്രത്യേക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതുകൊണ്ട്‌ അയാള്‍ ആ മാധ്യമതിന്റെ പ്രത്യയശാസ്ത്രം പങ്കുവയ്ക്കുന്നു എന്ന് ഉറപ്പിക്കാനാവുമോ? അങ്ങനെയെങ്കില്‍ ഓരോ മാധ്യമത്തിലും ഒരിക്കലെങ്കിലും എഴുതിയിട്ടുള്ള ഓരോ എഴുത്തുകാരനും അതാത്‌ മാധ്യമങ്ങളുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നു പറയേണ്ടതല്ലേ? 'വര്‍ത്തമാന'ത്തില്‍ ഒരു കുറിപ്പെങ്കിലും എഴുതിയിട്ടുള്ളവരൊക്കെ മുജാഹിദുകളല്ലെ?

ഷീനാസ്‌ തന്റെ ലേഖനത്തിലൂടെ എം. എന്‍ കാരശ്ശേരി എന്ന വ്യക്തിയെ അപനിര്‍മ്മിച്ചെടുക്കുന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളില്‍ നിന്നും എഴുത്തില്‍ നിന്നും തനിക്കാവശ്യമുള്ളവ മാത്രം അഴിച്ചെടുത്തും ബാക്കിയുള്ളവ മനപൂര്‍വ്വം വിട്ടുകളഞ്ഞും കൊണ്ടാണ്‌.അത്തരത്തില്‍ ആര്‍ക്കും ആരെയും എന്തുമാക്കി തീര്‍ക്കാവുന്നതാണ്‌.നമ്മുടെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഇത്തരം അപനിര്‍മ്മിതികള്‍ ഇപ്പൊള്‍ ധാരാളം നടക്കുന്നുമുണ്ട്‌.ഇതിന്റെ ഇരയാവുന്ന മനുഷ്യരെ അല്ല ഇത്തരം ശ്രമങ്ങളെയാണ്‌ നാം സംശയിക്കേണ്ടിയിരിക്കുന്നത്‌.

നാളിതുവരെയുള്ള സാഹിത്യ സാംസ്കാരിക ചരിത്രം ഭഞ്ജിക്കപ്പെട്ട വിഗ്രഹങ്ങളുടേത്‌ കൂടിയാണ്‌. പക്ഷേ കേരളീയസമൂഹം പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളൊന്നൊന്നായി അപ്രായോഗികമെന്നനിലയില്‍ കൈയൊഴിക്കപ്പെടുകയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലൊട്ടാകെ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു നാം വിശ്വസിച്ചിരുന്ന ജീര്‍ണതകള്‍ പൊതുജീവിതത്തെ തന്നെ ചോദ്യം ചെയ്യും വിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്‌,അത്തരം ജീര്‍ണ്ണതകള്‍ക്കെതിരേ യുക്തിഭദ്രമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിത്വങ്ങള്‍‍ക്കുനേരേ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്ന വ്യക്തിഹത്യകളുടെ തുടര്‍ച്ചയെ മുന്‍ കാലങ്ങളിലെപ്പോലെ സ്വാഭാവികമായി കാണാന്‍ കഴിയില്ല.മതേതര സ്വതന്ത്ര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന്‌ പൊതുസമൂഹം വിശ്വസിക്കുന്ന വ്യക്തിത്വങ്ങളെ അതാര്യവും യുക്തിരഹിതവുമായ വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരെ സഹായിക്കാനാണെന്നത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാണ്‌. അത്തരം ശ്രമങ്ങള്‍ക്കെതിരേ സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരുടെ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യവും.

Wednesday, March 26, 2008

കെട്ടു പൊട്ടിക്കുന്ന കവിത

ബിംബങ്ങളും രൂപകങ്ങളും പോലും കവിതയ്ക്ക് ഭാരമാകാം എന്ന ഉത്തരാധുനിക സൌന്ദര്യദര്‍ശനവുമായി ചേര്‍ന്നു നിന്നുകൊണ്ട് കണ്ടിട്ടും കാണാതെ പോകുന്ന നിരവധി നാട്ടുകാഴ്ച്ചകളെക്കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു വിഷ്ണുപ്രസാദ് എന്ന കവി.അനിതരസാധാരണമായ നിരീക്ഷണപാടവത്തോടെ, വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെ ഭാഷയിലേയ്ക്ക്‌ സന്നിവേശിപ്പിക്കപ്പെട്ട നിരവധി ദൃശ്യാനുഭവങ്ങളുണ്ട്‌ ഇയാളുടെ കവിതകളില്‍. ഋജുവായ ഒരു ആഖ്യാനശൈലി അവലംബിച്ചുകൊണ്ട്‌ തികഞ്ഞ ലാളിത്യത്തോടെ വരച്ചു ചേര്‍ത്ത അത്തരം ചില ദൃശ്യങ്ങളിലൂടെയാണ്‌
'പശു'
എന്ന ഈ കവിതയും വളരുന്നത്‌.

നാട്ടുവഴികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ കയറുപൊട്ടിച്ച്‌ പാഞ്ഞുവരുന്നൊരു പയ്യിനെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മനുഷ്യരുണ്ടാവില്ല.
"മുന്നിലുള്ളതിനെ മുഴുവന്‍
‍കോര്‍ത്തുകളയും എന്ന " മട്ടിലുള്ള അതിന്റെ കുതറിയോടലിന്‌ ഒരു ദൂര പരിധിയുണ്ട്‌. അതെത്തുമ്പോഴേയ്ക്കും പശു കലഹം ഉപേക്ഷിച്ച്‌ വീണ്ടും ഒരു വളര്‍ത്തുമൃഗമായി മെരുങ്ങി നില്‍ക്കുന്നതു കാണാം. പിറകേ ഓടിയെത്തുന്ന ഉടമ നല്‍കുന്ന ശിക്ഷയും ഏറ്റുവാങ്ങിക്കഴിയുന്നതോടെ ഈ നാടന്‍ കലാപത്തിനു തിരശ്ശീല വീഴുന്നു.


"ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച്‌ ഓടിയില്ലെങ്കില്‍‍
സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്" ഉടമ കരുതിയാലോ എന്ന പശുവിന്റെ വേവലാതിക്കും, എത്ര തവണ കയറു പൊട്ടിച്ചാലും എത്ര ദൂരം ഓടിയാലും തന്റെ അധികാര പരിധി കടന്നുപോകാന്‍ ഒരു വളര്‍ത്തുമൃഗത്തിനാവുമോ എന്ന ഉടമയുടെ ശങ്കയ്ക്കും അതാതു തലങ്ങളില്‍ ധനാത്മകമായ പരിഹാരമാകുന്നു പലായനം എന്ന ഈ അനുഷ്ഠാനം.

എല്ലാം കഴിഞ്ഞുള്ള മടക്കയാത്രയാവട്ടെ തൊട്ടുമുന്‍പ്‌ അമര്‍ത്തപ്പെട്ട കലാപത്തെ ഒരു അസംബന്ധനാടകമായി ചുരുക്കുന്നതും. ഏതു കാഴ്ച്ചക്കാരനും,
"ഇത്ര സൗമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ്‌ അങ്ങോട്ട്‌ പോയതെന്ന്" മൂക്കത്ത്‌ വിരല്‍ വയ്ക്കും വണ്ണം അവിശ്വസനീയം തന്നെയാണ്‌ ഈ സമരസപ്പെടലിന്റെ മനഃശാസ്ത്രം.അതിനു സ്വന്തം നിലയ്ക്കു തന്നെ ഒരു അനുഭവതലം അവകാശപ്പെടാനാവുന്നുമുണ്ട്‌.പക്ഷേ ഈ സാധാരണമായ ദൃശ്യാനുഭവത്തെ സൃഷ്ടിപരമായി സ്വതന്ത്രമാക്കി സ്വയം പെരുകുന്ന ഒരു ദാര്‍ശനിക വ്യഥയായ്‌ വളര്‍ത്തുന്നത്‌
"കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പൊഴും അയവിറക്കുന്നത്‌." എന്ന നിരീക്ഷണമാണ്‌.

ഇവിടെനിന്നും കവിത പിന്നിലേയ്ക്ക്‌ സഞ്ചരിച്ച് അത് വന്ന വഴികളില്‍ ഒരു പുതിയ വെളിച്ചം വീഴ്ത്തിക്കൊണ്ട്‌ അനുഭവചക്രം പൂര്‍ത്തിയാക്കുന്നു. വായനക്കാരന്‍, അയവിറക്കുന്ന പശുവിന്റെ ശാന്തതയില്‍ നിന്നും കയറുപൊട്ടിക്കാനായി കുതറുന്ന അതിന്റെ പ്രാഗ്‌ രൂപത്തിന്റെ സ്ഫോടനാത്മകമായ നിഷേധത്തില്‍ ചെന്ന് ചേക്കേറുന്നു. ഓടി നിര്‍ത്തിയ ഇടത്തില്‍ നിന്നും ബാക്കിയായ ദൂരത്തേക്കുറിച്ചുള്ള സമസ്യകള്‍ ഉടലെടുക്കുന്നു.

പശു എന്തിനായി കയറുപൊട്ടിച്ചു എന്ന ചോദ്യത്തിന്‌
"സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്നു കരുതിയാവണം" എന്ന ഈ മൂന്നുവരികള്‍ ഒരുത്തരം നിര്‍ദ്ദേശിക്കുന്നുണ്ട്‌. എങ്കിലും അമ്മായിയുടെ കരുതലുകളെ തിരുത്തുക എന്നതിലുപരി തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്കു തന്നെയുള്ള സ്വപ്നങ്ങളോട് നീതിപുലര്‍ത്താന്‍ വേണ്ടിയുള്ള ഒരു ശ്രമം ആയിരുന്നു ആ കയറുപൊട്ടിക്കല്‍ എന്നതിന്റെ വ്യക്തമായ സൂചനയാണ് മുന്നിലുള്ള എല്ലാറ്റിനേയും തകര്‍ത്തുകളയാന്‍ പോന്ന അതിന്റെ ആദ്യ ആവേഗം. അടിമത്തം തരുന്ന ഷണ്ഡമായ സുരക്ഷിതത്വത്തില്‍ തന്റെ അടിസ്ഥാനചോദനകള്‍ പോലും അലിഞ്ഞു തീരുന്നുവോ എന്ന അസ്തിത്വപരമായ ഭീതിയാവാം അതിന്റെ ഉറവിടം.

ഇഛാശക്തിയില്ലാത്ത സമരങ്ങളും ലക്ഷ്യബോധമില്ലാത്ത പരിവര്‍ത്തന ശ്രമങ്ങളും ചേര്‍ന്ന് അസംബന്ധമാക്കി മാറ്റിയ ഒരു സാമൂഹ്യജീവിതത്തിന്റെ കുതറിയോടലുകള്‍ക്ക്‌ അധികാരം കാലേക്കൂട്ടി കല്‌പിച്ചു തരുന്ന ദൂരങ്ങള്‍ക്കപ്പുറം പോകുവാനുള്ള ഊര്‍ജ്ജമുണ്ടാകുമോ എന്ന ഭയം‌ ഉത്തരാധുനിക മനുഷ്യാവസ്ഥയെ കുറെ സന്ദേഹങ്ങളില്‍ കൊണ്ടു ചെന്ന് കുരുക്കിയിട്ടിരിക്കുന്നു. ചെറുത്തുനില്‍പ്പുകളില്‍ വിശ്വാസം നഷ്ടപ്പെട്ട നമ്മുടെ ജനതയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കുതറിയോട്ടങ്ങളെല്ലാം അതു പിന്നിടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവയോ ഒരു പക്ഷേ വ്യര്‍ത്ഥം തന്നെയോ ആണ്‌. വിശ്വാസമര്‍പ്പിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഒക്കെ തകര്‍ക്കപ്പെടുമ്പോള്‍ അവയൊക്കെയും അപ്രായോഗികങ്ങളായ ഉട്ടോപ്പിയകളായിരുന്നു എന്ന വാദത്തോട് വിപ്ലവകാരികള്‍ തന്നെ സമരസപ്പെടുമ്പോള്‍ 'അച്ചുവേട്ടന്റെ കടയില്‍ ചായകുടിക്കുന്ന'വര്‍ക്ക്‌ മൂക്കത്ത്‌ വിരല്‍ വയ്ക്കുവാനേ കഴിയുന്നുള്ളു. പിടിക്കപ്പെട്ടു എന്ന ഒറ്റ കാരണം മതി അവരെ സംബന്ധിച്ചിടത്തോളം പശുവിന്റെ വിമോചന ശ്രമത്തെ പരിഹാസ്യമായി ഗണിക്കാന്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിനോട് തോന്നുന്ന വികാരം ഒരു തരം ജാഡ്യമോ, വിപ്രതിപത്തി തന്നെയോ‍ ആണ്. പൊരുതുന്നവര്‍ മാത്രമേ തോല്‍പ്പിക്കപ്പെടുന്നൂള്ളു എന്ന പോരാട്ടത്തിന്റെ ചരിത്രം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. മറ്റാരെങ്കിലും പൊരുതി ജയിച്ച്‌ തങ്ങളേയും മോചിപ്പിക്കണമെന്ന വര്‍ത്തമാന സമൂഹത്തിന്റെ അടിമമനസ്സാകണം ചായക്കടയിലെ കാഴ്ച്ചക്കാരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്.

പണ്ടെങ്ങോ നടത്തിയ ചില മുന്നേറ്റങ്ങളുടെ ഗൃഹാതുര സ്മരണകള്‍ അയവിറക്കിയും, വര്‍ത്തമാനത്തിന്റെ അഹിതയാഥാര്‍ത്ഥ്യങ്ങളുമായി സന്ധി ചെയ്തും തൊഴുത്തില്‍ കിടക്കുന്ന പശു ഒന്നിനോടും പ്രതികരിക്കാനാവാതെ അപാഹാസ്യമായ ഒരുതരം അരാഷ്ട്രീയ ജഡത്വത്തില്‍ ആണ്ടുപോയ നമ്മുടെ സമൂഹത്തെ പ്രതീകവല്‍ക്കരിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിന്റെ സ്വപ്നങ്ങളും ബോധ്യങ്ങളും പോലും പണ്ട് പിന്നിട്ട ആ രണ്ട് കിലോമീറ്ററില്‍ ചെന്ന് അണച്ചു നില്‍ക്കുകയാ‍ണ് എന്ന് കവി കുമ്പസരിക്കുന്നു. പക്ഷേ ആ ഏറ്റുപറച്ചിലില്‍‍ ഒളിഞ്ഞിരിക്കുന്ന കടുത്ത വിഷാദം കണ്ടെടുക്കുമ്പോഴാണ്‌ ഈ പശു എപ്പൊഴെങ്കിലും വീണ്ടും കയറുപൊട്ടിക്കണമെന്നും പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ പച്ചപ്പിലേയ്ക്ക് എന്നെന്നേക്കുമായി രക്ഷപെടണമെന്നും ആഗ്രഹിക്കുന്ന കവിമനസ്സിലേയ്ക്ക്‌ നാം പ്രവേശിക്കുന്നത്‌. അപ്പോഴാണ്‌ പിടിച്ചു കെട്ടപ്പെട്ട പശു കവിയുമായും, ഓരോ വായനക്കാരനുമായും താദാത്മ്യം പ്രാപിക്കുന്നത്‌. അങ്ങനെ നമ്മളോരോരുത്തരുമായി മാറുന്ന പശുവിന്റെ അയവിറക്കല്‍ കേവലമായ ഗൃഹാതുരത്വം വിട്ട്‌ താനുമുള്‍‌പ്പെടുന്ന സമകാലിക സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ സ്തംഭനാവസ്ഥയ്ക്കെതിരെയുള്ള കവിയുടെ താക്കീതായി മാറുന്നു. അതിനെ നെഞ്ചേറ്റുന്ന മനസ്സുകളിലൊക്കെ വിഷ്ണുവിന്റെ ഈ 'പശു' ആത്മപരിശോധനയുടെ വിത്തുകള്‍ വിതയ്ക്കുക തന്നെ ചെയ്യും.

Tuesday, May 29, 2007

ജെ.സി.ബി. വായിക്കുമ്പോള്‍

ഉമ്പാച്ചിയുടെ ജെ.സി.ബി. എന്ന കവിതയെക്കുറിച്ച്

“ചൂട്‌","സാന്റ്‌ പേപ്പര്‍","റൂഹ്‌", "തീര്‍ത്തും സ്വകാര്യം" , "മാവ്‌" , "വിള്ളല്‍" ,"ആദ്യപകല്‍" തുടങ്ങി ഒരുപിടി മികച്ച കവിതകള്‍ ബൂലോകത്തിനു സമ്മാനിച്ച ഉമ്പാച്ചി എന്ന യുവ കവിയുടെ രചനകളില്‍ നമ്മെ ഒരു പക്ഷേ ഏറ്റവും നിരാശപ്പെടുത്തിയത്‌ ഈയിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട "ജെ.സി.ബി"എന്ന കവിതയാവും. ഒരു കവി എഴുതുന്നതെല്ലാം മികച്ചവയാകണമെന്ന് ശാഠ്യം പിടിച്ചിട്ട്‌ കാര്യമില്ല. ലബ്ധപ്രതിഷ്ഠരായ കവികള്‍ പോലും മോശം കവിതകള്‍ എഴുതിയിട്ടുണ്ട്‌. ഇതൊക്കെ സമ്മതിക്കുമ്പോഴും, മേല്‍പ്പറഞ്ഞ കവിതയിലെ വീഴ്ച്ച ചര്‍ച്ചചെയ്യപ്പെടേണ്ട വിധം പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു.

ശില്പഭദ്രതയിലും, ബിംബസമൃദ്ധിയിലും "ജെ.സി.ബി" മറ്റേത്‌ ഉമ്പാച്ചി കവിതയ്ക്കും ഒപ്പം നില്‍ക്കാന്‍ പോന്നതു തന്നെ. പ്രശ്നം അത്തരം സാങ്കേതികതകളുടേതല്ല, മറിച്ച്‌ സാങ്കേതികത്തികവുകള്‍ക്കൊക്കെ അപ്പുറം നില്‍ക്കുന്ന ദര്‍ശനത്തിന്റേതാണ്‌. കവിതയുടെ അവസാന ഭാഗം വരെ ജെ.സി.ബി എന്ന ബിംബം ജീവിതത്തെ കടന്നാക്രമിക്കുകയും നിഷ്കരുണം തകര്‍‌‍ത്തെറിയുകയും ചെയ്യുന്നൊരു യന്ത്രത്തിന്റെ വന്യസാന്നിദ്ധ്യത്തെ ധ്വനിപ്പിക്കുന്നു. "ഇടവഴിയില്‍ മഞ്ഞ നിറത്തിലൊരു ഹിംസ്രജന്തു"വായി പ്രത്യക്ഷപ്പെടുന്ന ജെ.സി.ബി യുടെ "ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമായി" ഉള്ള "ജൈത്രയാത്രകള്‍" ഭീതിദം തന്നെയാണ്‌. എന്നാല്‍ അധികാരത്തെ എന്നും ആരാധനയോടെ മാത്രം കാണുന്ന സമൂഹം ഈ യന്ത്രരാക്ഷസ്സനും വശംവദരാവുന്നു. "കുട്ടികള്‍ കാറുകളെ വിട്ട്‌ ജെ.സി.ബി വേണമെന്ന് കരയാന്‍ തുടങ്ങി". "ആനയെക്കാള്‍ പൊക്ക“മുള്ള തുമ്പിക്കയ്യും ഉയര്‍ത്തിപ്പിടിച്ച്‌ "ഇപ്പോള്‍ രാവിലെയുംവൈകുന്നേരവുംഅങ്ങാടിയിലൂടതിന്റെ എഴുന്നള്ളത്തുണ്ട്‌". ദൈവത്തിന്റെ സൃഷ്ടിയല്ലാത്തതിനാല്‍ "ജീവനുള്ളതെല്ലാറ്റിനോടും ഈറ"യാണതിന്‌.

മിഴിവുറ്റ ഇത്തരം കുറെ ചിത്രങ്ങളിലൂടെ മനുഷ്യ നിര്‍മ്മിതമായ ഒരു യന്ത്രം സ്രഷ്ടാവായ അവന്റെ ജീവിതത്തിലേയ്ക്ക്‌ തിരിഞ്ഞ്‌ അതിനെ പകയോടെ തിന്നു തീര്‍ക്കുന്നത്‌ കാട്ടിതരുന്നു ഇതുവരെയുള്ള വരികള്‍. മനുഷ്യന്‍ തന്റെ വിയര്‍പ്പും ചോരയും വീഴ്ത്തി പണിതുയര്‍ത്തുന്നവയെ ക്ഷണം കൊണ്ട്‌ തകര്‍ത്ത്‌ നിലമ്പരിശാക്കുന്ന വിനാശത്തിന്റെ കൈയായി ഈ ഭീമന്‍‌യന്ത്രത്തെ കാണുന്നതില്‍ എന്താണു തെറ്റ്‌? ഒരു തെറ്റുമില്ല. പക്ഷേ ചിലപ്പൊഴെങ്കിലും സംഹാരത്തിനല്ലാതെ സൃഷ്ടിക്കായും അതിന്റെ തുമ്പിക്കൈ ഉയരാറുണ്ടെന്നത്‌ നാം വിസ്മരിക്കരുത്‌. മലകളെ ചുറ്റിപ്പിണഞ്ഞു കയറുന്ന മലമ്പാതകള്‍, കുന്നിന്റെ പള്ളതുളച്ച്‌ പ്രതീക്ഷകളുടെ തീവണ്ടിയെ അപ്പുറത്തെത്തിക്കുന്നൊരു തുരങ്കം, തുടങ്ങിയ പലതും അവന്റെ വന്യമായ കരുത്തിന്റെ സൃഷ്ടിപരമായ പ്രയോഗത്തിനു സാക്ഷ്യമാവുന്നു.

ഇനി, ഒരു കവിതയില്‍ ആ യന്ത്രത്തിന്റെ എല്ലാ മുഖങ്ങളും അനാവരണം ചെയ്യപ്പെടേണ്ടതുണ്ടൊ, ബിംബം എന്ന നിലയ്യ്ക്ക്‌ അത്‌ ധ്വനിപ്പിക്കുന്ന ഭാവത്തിന്റെ വിനിമയം മാത്രം പരിഗണിച്ചാല്‍ പോരേ എന്ന ചോദ്യം. ശരിയാണ്‌, ഈ കവിതയിലെ അവസാനത്തെ ഒരു ഖണ്ഡിക ഒഴിവാക്കിയാല്‍. മുന്നില്‍ നിന്നും പിന്നില്‍ നിന്നും" കുത്തുകയും", “തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ" പോലും പൊളിക്കുകയും "അഭേദ്യബന്ധങ്ങളില്‍"വിള്ളലുണ്ടാക്കുകയും ചെയ്യുന്ന "ഭരണ കക്ഷി"യുടെ "അരുമയായ വളര്‍ത്തുമൃഗം" "ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം ടിവിയിലും വന്നു" എന്നു പറയുമ്പോള്‍ തെളിയുന്ന കവിതയിലെ രാഷ്ട്രീയം മുന്‍‌വിധികള്‍ നിറഞ്ഞതും പിന്തിരിപ്പനുമാണ്‌. എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ട സര്‍ക്കാര്‍ വക ഭൂമി, പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെയൊക്കെ തൃണവല്‍ക്കരിച്ചു കൊണ്ട്‌ കയ്യേറി, കാടുവെട്ടിയും കായല്‍ നികത്തിയും കൂറ്റന്‍ റിസോര്‍ട്ടുകളും മറ്റും പണിതുയര്‍ത്തിയ കുത്തക ഭീമന്മാര്‍ക്കെതിരെ ഉയര്‍ന്ന ജെ.സി.ബി യുടെ തുമ്പിക്കൈ ഇങ്ങനെ ചിത്രീകരിക്കപ്പെട്ടത്‌ നിരാശ മാത്രമല്ല, ചില സംശയങ്ങള്‍ പോലും ഉണര്‍ത്തുന്നു. ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരും ഒരു ചെറു വിരല്‍ പോലും ഉയര്‍ത്താന്‍ ധൈര്യം കാട്ടാത്ത ഈ പൊതുമുതല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സ്വന്തം പാര്‍ട്ടിക്കും, മുന്നണിക്കുമുള്ളില്‍ ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ പോലും അവഗണിച്ച്‌ നടപ്പിലാക്കിയ ഒരു പറ്റം മനുഷ്യരുടെ പ്രതിബദ്ധതയെ കേവലം വോട്ടുബാങ്ക്‌ രാഷ്ട്രീയമായി ചുരുക്കി കാണുന്നത്‌ തികച്ചും അരാഷ്ട്രീയമായ ഒരു വീക്ഷണമാണ്‌. അല്ലെങ്കില്‍, കവി മനസുകൊണ്ട്‌ മേല്‍പ്പറഞ്ഞ കുത്തക കൈയ്യേറ്റകാരോടൊപ്പം നില്‍ക്കുന്നു എന്ന് വിശ്വസിക്കേണ്ടിവരും. അങ്ങനെയല്ല എന്ന് വിശ്വസിക്കാനാണ്‌ ബഹുഭൂരിപക്ഷം ബൂലോകരേയും പോലെ എനിക്കും ഇഷ്ടമെങ്കിലും.

സഹജീവികളോട്‌ പരിഗണനയുള്ള എല്ലാ മനുഷ്യരിലും ഒരു രാഷ്ട്രീയമുണ്ടാവും. കാരണം, സ്വന്തം അസ്തിത്വത്തെ അതിന്റെ അതിര്‍ത്തികള്‍ക്കപ്പുറം, ചുറ്റുമുള്ള വിശാലമായൊരു ജൈവപരിസരവുമായി കൂട്ടിവായിക്കുവാന്‍ പഠിപ്പിക്കുന്നൊരു സങ്കല്‍പ്പമാണത്‌. (“ഞാന്‍ കാങ്ഗ്രസ്സും നീ കമ്മൂണിസ്റ്റും ഓന്‍ ബിജെപ്പീയും“ എന്നു കാണുന്ന ഇടുങ്ങിയ കക്ഷി രാഷ്ട്രീയമല്ല ഞാന്‍ സൂചിപ്പിക്കുന്നത്‌ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു.) അങ്ങനെയെങ്കില്‍ മനുഷ്യന്റെ സര്‍ഗ്ഗപരമായ ഇടപെടലുകളിലെല്ലാം ഒരു രാഷ്ട്രീയം ഉണ്ടാകും, അഥവാ ഉണ്ടാകേണ്ടതുണ്ട്‌. എഴുത്തിലെ അത്തരം രാഷ്ട്രീയത്തെ ഒരു വായനക്കാരന്‍ വേര്‍തിരിച്ചെടുത്ത്‌ വിശകലനം ചെയ്യേണ്ടതുമുണ്ട്‌. അത്തരമൊരു വായനയിലാണ്‌ ഉമ്പാച്ചിയുടെ "ജെ.സി.ബി" നമ്മെ നിരാശപ്പെടുത്തുകയും വ്യസനിപ്പിക്കുകയും ചെയ്യുന്നത്‌.

Tuesday, May 22, 2007

വന്യസാന്നിദ്ധ്യമായി വെളിപ്പെടുന്ന കവിത

(അനിലന്റെ “അയ്യപ്പന്‍” എന്ന കവിത)

"അയ്യപ്പന്‍" എന്ന ഈ കവിത ആദ്യം ഉണര്‍ത്തുന്ന കൗതുകം മലയാളത്തിന്റെ നിഷേധിയായ കവി ശ്രീ.എ.അയ്യപ്പനെ പുതിയ തലമുറയിലെ ശ്രദ്ധേയരായ കവികളില്‍ ഒരാളായ അനിലന്‍(ടി.പി.അനില്‍ കുമാര്‍) എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നതു തന്നെയാവും.കവിതയ്ക്ക്‌ ആമുഖമായി നല്‍കിയ കുറിപ്പില്‍ അയ്യപ്പന്‍ എന്ന കവി തന്നെ സംബന്ധിച്ചിടത്തോളം എന്താണെന്ന് അനിലന്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്‌.

"എന്റെ തറവാട്ടമ്പലത്തിലെ ദേവന്‍ അയ്യപ്പനാണ്‌, കവിതയിലും."

ലബ്ധപ്രതിഷ്ഠനായ ഒരു കവിയെ കേന്ദ്രീകരിച്ചുള്ള രചന എന്ന നിലയ്ക്ക്‌ ഈ കവിത പെട്ടന്ന് ജനശ്രദ്ധ നേടിയേക്കാമെങ്കിലും ആ കൗതുകത്തിനു ശേഷം അത്‌ എങ്ങനെ സ്വന്തം നിലയില്‍ വായനാലോകത്ത്‌ നിലനില്‍ക്കും എന്നതാണ്‌ നിരീക്ഷിക്കപ്പെടെണ്ടതെന്ന് തോന്നുന്നു."അയ്യപ്പന്‍"എന്ന ഈ കവിതയില്‍ എ.അയ്യപ്പന്‍ ഒരു വ്യക്തിയായല്ല ഒരു പ്രതീകമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.അദ്ദേഹം "അഭയവരദ മുദ്രകളില്ലാ"ത്ത "കവിതയിലെ വനവാസി" ആണ്‌.സ്ഥാപനവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ചട്ടക്കുടിനു പുറത്ത്‌ നിഷേധത്തിന്റെ ആകാശവും ഭൂമിയും കണ്ടെടുത്ത്‌ അവിടെ വസിക്കുന്നവന്‍.സാമ്പ്രദായികതയുടെ ശീതളപാതകള്‍ക്ക്‌ ജീവിതത്തിന്റെ ചൂടും ചൂരും വ്യാപ്തിയും ഇല്ലെന്ന് കണ്ടവന്‍.കവിതയാണ്‌ അവന്റെ കാട്‌.കീഴ്പ്പെടുത്താനൊ മെരുക്കി ഉപയോഗിക്കാനോ വരുന്ന മനുഷ്യന്റെയല്ല; ചോദനകള്‍ക്കൊത്ത്‌ ഓടിത്തളരുമ്പോള്‍ തെല്ലുനിന്നൊന്നു 'കിതപ്പാറ്റുന്ന', ഉള്‍ത്തുടിപ്പുകളോട്‌ ഒട്ടിജീവിക്കുന്ന, 'മൃഗത്തിന്റെ മട്ട്‌' ആണവന്‌.

അതിജീവനത്തിന്റെ വഴികളില്‍ അലക്കിയ മുണ്ടുടുക്കാന്‍ മെനക്കെടാത്ത "വെയില്‍ തിന്ന്" മുഖം ചുവന്ന ആ വനവാസിയെ കാട്ടില്‍ വച്ചു കാണുന്നു കവി. 'മരച്ചുവട്ടിലിരുന്ന് ബീഡി വലിക്കു'ന്ന തന്റെ 'കവിതയിലെ ദൈവം' ചിരിച്ചുകൊണ്ട്‌ "പുലിപ്പാല്‍ തേടിയാണോ നീയും നാടുവിട്ടത്‌"എന്ന് ചോദിക്കുമ്പോള്‍ വിനയാന്വിതനായ കവി,

"അല്ല, കാടു കാണാന്‍
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്‌വരകള്‍,നീരൊഴുക്കുകള്‍
‍പുല്‍ക്കാടുകള്‍
അറിഞ്ഞിട്ടില്ലെ"ന്ന് പ്രതിവചിക്കുന്നു.കാടിന്റെ തുടിപ്പുകള്‍ അറിയാവുന്ന അയ്യപ്പന്‍ തന്റെ ഇളമുറക്കാരനിരിക്കുവാന്‍ വേരില്‍ അല്‍പ്പം ഇടം കൊടുത്തു.എന്നിട്ട്‌
"ചെവിയോര്‍ക്കുവാന്‍ പറഞ്ഞു".
അവന്‍,
"ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച!"

"കവിതയിലെ വനവാസി" എന്ന ബിംബത്തിലൂടെ കവനത്തിന്റെ യാഥാസ്ഥിതിക വഴികളെ നിരാകരിച്ചുകൊണ്ട്‌ മൗലീകതയുടെ വിശാലമായ ഒരിടവും സംവദിക്കാന്‍ സ്വന്തമായ്‌ ഒരു ഭാഷയുമുള്ള തന്റെ പൂര്‍വ്വജനെ കാട്ടിത്തരുന്നു കവി.ജീവിതത്തിന്റെ ഇരുണ്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വഴികളെ, അതിന്റെ വാക്കുകളെ, കല്‍പ്പനകളെ കവിതയുടെ ആത്മാവിലേയ്ക്ക്‌ സന്നിവേശിപ്പിച്ച ആരുമാവാം ഇയാള്‍. ഇവിടെ അയ്യപ്പനെന്ന മലയാളിയായ കവിയെക്കുറിച്ച്‌ തലക്കെട്ടു നല്‍കുന്ന സൂചനയുപേക്ഷിച്ച്‌ കവിത വിശാലവും സാമാന്യവുമായ മറ്റൊരു ഭൂമികയിലേയ്ക്ക്‌ ഉയരുന്നു.

വനവാസിയായ കവിയെയും,ദൈവത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ കവിത്വത്തിലേയ്ക്കുള്ള ക്ലേശഭരിതമായ വഴികളെക്കുറിച്ചും സൂചിപ്പിക്കുന്നു കവി.കല്ലും മുള്ളും കുത്തനേയുള്ള കയറ്റിറക്കങ്ങളുമുള്ള മെരുങ്ങാത്ത കാട്ടുപാതകള്‍ സ്ഥൈര്യത്തിന്റെയും അര്‍പ്പണത്തിന്റെയും മാറ്റുരയ്ക്കുന്നവയാണ്‌.അവ നടന്നുതീര്‍ത്ത്‌ ഉള്‍ക്കാട്ടിലെത്തുന്നവനേ കേള്‍ക്കുവാനാവു,
"മുലയൂട്ടുന്ന കവിതയുടെ മുരള്‍ച്ച!"
ഇവിടെ കവിത വന്യവും നൈസര്‍ഗികവുമായ ഒരു ചോദനയാകുന്നു.കവി അതിന്റെ ഉറവയെ കണ്ടെത്തുന്ന ദൈവ തുല്യനും.അന്യൂനമായ ഈ ദര്‍ശനത്തിലേയ്ക്ക്‌ കവിത വികസിക്കുന്നതാവട്ടെ പുഴയൊഴുകി കടലില്‍ ചേരുമ്പോലെ ലളിതമായി,സ്വാഭാവികമായി.

'മരവേര്‌' എന്ന ബിംബവും ശ്രദ്ധേയമാണ്‌.തുടക്കത്തെ ദ്യോതിപ്പിക്കുന്ന 'വേര്‌' കവിയെ കവിതയുടെ ആദിയോളം കൊണ്ടുപോകുന്നു.ആദ്യത്തെ കവിത പിറന്നു വീണ അതേ ഉള്‍ക്കാടിന്റെ നെഞ്ചില്‍ ചെവി ചേര്‍ത്ത്‌ നിര്‍ത്തുന്നു.അവിടെനിന്നും കേട്ടതോ ‘അര്‍ധനിമീലിത മിഴി‘കളുമായി മുകളിലേയ്ക്ക്‌ മുഖമുയര്‍ത്തി മാതൃത്വത്തിന്റെ പഴംചൊല്ലുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പരമ്പരാഗത മാതൃത്വത്തിന്റെ താരാട്ടല്ല,സൃഷ്ടിയില്‍ ഒടുങ്ങാത്ത ഗര്‍വ്വുള്ള, പറക്കമുറ്റുംവരെ കുഞ്ഞുങ്ങളെ തന്റെ പ്രാണന്റെ പുതപ്പിനുള്ളില്‍ ചേര്‍ത്തുറക്കുന്ന ഒരു മൃഗത്തിന്റെ മുരള്‍ച്ചയാണ്‌.വായിക്കുന്ന ആര്‍ക്കും കേട്ടില്ലെന്നു പറയാനാവാത്ത ആ മുരള്‍ച്ച തന്നെയാണ്‌ ഈ കവിതയെ അവിസ്മരണീയമായ ഒരു വായനാനുഭവമാക്കുന്നതും.

ആഖ്യാനത്തിലെ അയത്നലളിതമായ ഒഴുക്ക്‌ അനിലന്റെ മറ്റേതു കവിതയിലേയും പോലെ ഇവിടെയും ഒരു മുഖ്യ ആകര്‍ഷണം തന്നെ.കൗതുകമുണര്‍ത്തുന്ന ചില ചെറിയ ചിത്രങ്ങളില്‍ കണ്ടെടുക്കപ്പെടാനായി ഒരു മുഴുനീള ചലച്ചിത്രം തന്നെ ഒതുക്കിവയ്ക്കുന്നത്‌ അനിലന്റെ കവിതകളുടെ ഒരു പ്രത്യേകതയാണ്‌.പലപ്പോഴും വിവരണാത്മകമാവാന്‍ മടിക്കുന്ന ഉത്തരാധുനിക കവിതാശീലങ്ങളില്‍ നിന്നും വ്യത്യസ്തമായി അഞ്ച്‌ ഇന്ദ്രിയങ്ങളുമായും സംവദിക്കാന്‍ പോന്ന ബിംബങ്ങളുടെ ഒരു സമൃദ്ധവിരുന്നാണ്‌ അനിലന്റെ കവിതകള്‍.

'മരച്ചുവട്ടിലിരുന്നു ബീഡി വലിയ്ക്കുന്ന'

വനവാസിയായ കവി ഒരു ദൃശ്യ ബിംബമാണെങ്കില്‍,

"ഉള്‍ക്കാട്ടില്‍" ഇരുന്ന്
"മുലയൂട്ടുന്ന കവിതയുടെ മുരള്‍ച്ച"

ഒരു ശ്രാവ്യ ബിംബമാണ്‌. ഈ ബിംബങ്ങളാവട്ടെ കാവ്യ ശില്‍പ്പവുമായി ജൈവകണങ്ങള്‍ പോലെ ഒട്ടിനില്‍ക്കുന്നവയും! ബിംബങ്ങളുടെ ഈ ജൈവതാളമാവണം അനിലന്റെ കവിതകളെ ഋജുവും തീവ്രവുമായ ഒരു വായനാനുഭവമാക്കുന്നത്‌.

'അയ്യപ്പന്‍'എന്ന വ്യക്തിയുടെ,കവിയുടെ പരിമിതികള്‍ക്കപ്പുറത്തേയ്ക്ക്‌ തന്റെ രചനയെ കൊണ്ടുപോകാനായെന്നതാണ്‌ ഈ കവിതയിലൂടെ അനിലന്‍ നേടുന്ന നിര്‍ണ്ണായകമായ വിജയം.ശൈലീകരണത്തില്‍ കുടുങ്ങിപ്പോയ സമീപകാല രചനകളിലൂടെ അയ്യപ്പന്‍ തന്റെ ആരാധകരില്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തി മടക്കിവിട്ടിട്ടുണ്ട്‌.പക്ഷേ അവര്‍ക്കു പോലും ഈ കവിത നല്‍കുന്ന വായനാനുഭവം നിഷേധിക്കാനാവില്ല.അതുകൊണ്ടൊക്കെ തന്നെയാവണം ബൂലോകം ഇതിനെ ടി.പി.അനില്‍ക്കുമാറിന്റെ എറ്റവും മികച്ച കൃതികളിലൊന്നായി കാണുന്നതും.

*മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയ പ്രശസ്തമായ ഒരു അയ്യപ്പ ഭക്തിഗാനത്തില്‍ നിന്നെടുത്ത രണ്ടു വരികള്‍.

(തലക്കെട്ടിനും തിരുത്തുകള്‍ക്കും പരാജിതനോട് കടപ്പാട്)

Friday, May 11, 2007

ലാപുട സൂചിപ്പിക്കുന്നത്..

"ദൂരത്തെ സ്വയം നിര്‍ണ്ണയിച്ച്‌ ഭാഷയ്ക്കും ചിന്തയ്ക്കും ഇടയില്‍ കവി തന്നോട്‌ തന്നെ നടത്തുന്ന ഓട്ടപന്തയം ആവുമ്പൊഴാണ്‌ കവിതയ്ക്ക്‌ അതിന്റെ ഗാഢവും ഗൂഢവുമായ ത്വരണങ്ങള്‍ ഉണ്ടാവുന്നതെന്ന് കരുതുവാന്‍ എനിക്ക്‌ ഇഷ്ടമാണ്‌".
പരാജിതന്റെ കവിതയിലെ കലാസംവിധാനം എന്ന ലേഖനത്തിന്‌ ലാപുട ഇട്ട ഈ കുറിപ്പ്‌ അദ്ദേഹത്തിന്റെ കവിതയുടെ ആത്മാവിലേയ്ക്ക്‌ തുറക്കുന്ന ഒരു വാതിലാണ്‌.ഭാഷ അതിന്റെ സൃഷ്ടിപരമായ വ്യവഹാരങ്ങളില്‍ വെളിപ്പെടുന്നത്‌ വ്യവഹര്‍ത്താവിന്റെ ചിന്തയെ പ്രതിനിധാനം ചെയ്യുന്ന കുറേ ചിഹ്നങ്ങള്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല. ചിന്തയ്ക്കും അതിന്റെ ചിഹ്നങ്ങളുപയോഗിച്ചുള്ള രേഖപ്പെടുത്തലിനും ഇടയില്‍ ഭാഷ അതിന്റേതായ ഒരു സ്വതന്ത്രമേഖല രൂപപ്പെടുത്തുന്നു. അവിടെവച്ച്‌ അത്‌ സ്ഥലകാലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയെ അതിജീവിക്കുകയും ചെയ്യുന്നു. അങ്ങനെയാണ്‌ സ്ഥലകാല ബന്ധിയായി പിറക്കുന്ന ഒരു കൃതിയ്ക്ക്‌ അവയെ അതിവര്‍ത്തിക്കുന്ന ഒരു പാഠം ഉണ്ടാവുന്നത്‌. അതായത്‌ കൃതിക്ക്‌ ആധാരമായ ചിന്താപദ്ധതി രചനയോടെ പൂര്‍ണ്ണമാകുകയും രചയിതാവിന്‌ അതിന്റെ നിയതിയ്ക്കുമേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലതാവുകയും ചെയ്യുന്നു.എന്നാല്‍ അതിന്റെ പാഠമാകട്ടെ ഭാഷയുടെ ജൈവസ്വഭാവത്തില്‍നിന്നും കരചരണങ്ങള്‍ കടം കൊണ്ട്‌ അനന്തമായ യാത്രകളിലൂടെ,അനുഭവങ്ങളിലൂടെ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ വേണമോ വേണ്ടയോ എന്നു ശങ്കിച്ചുനിന്ന ഹാമ്ലറ്റ്‌ രാജകുമാരന്‍ ഷേക്സ്പിയറെയും കടന്ന് അസ്തിത്വവാദിയായ അന്യനായി മാറിയത്‌ ഈ വഴിയിലൂടെ സഞ്ചരിച്ചാണ്‌. "മെറ്റാഫിസിക്കല്‍ " എന്ന് സമകാലികര്‍ ചിറികോട്ടിപ്പറഞ്ഞ നിയോക്ലാസിക്കല്‍ കവിതകള്‍ നമ്മുടെ നൂറ്റാണ്ടിന്റെ കവിതയിലെ ഏറ്റവും സൃഷ്ടിപരമായ സ്വാധീനമായതും ഇങ്ങനെതന്നെ.

ലാപുടയുടെ പല കവിതകളിലും ഭാഷ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു സ്വതന്ത്ര മേഖല നേടിയെടുക്കുന്നതായി കാണാം. അവിടെ വാക്കുകള്‍ കേവലം ചിന്തയുടെ ശബ്ദരൂപങ്ങളല്ല. വാച്യാര്‍ത്ഥത്തിന്റെ പരിധികള്‍ ലംഘിച്ച്‌ അവ വളരുകയും പരിസരങ്ങളില്‍ നിന്നും കാവ്യശില്‍പ്പത്തില്‍നിന്നുതന്നെയും ഊര്‍ജ്ജം കണ്ടെത്തി സ്വന്തം അസ്തിത്വം പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. അതുകൊണ്ടാവാം ലാപുടയുടെ കവിതകള്‍ സംവേദനത്തിനായി വരികളോടൊപ്പം അതിന്റെ ഘടനയേയും ഉപകരണമാക്കുന്നത്‌. അടുത്തടുത്ത്‌ വിന്യസിച്ചിരിക്കുന്ന വിരുദ്ധ സ്വഭാവമുള്ള വാക്കുകള്‍ തമ്മിലുള്ള വിനിമയങ്ങളിലൂടെ,കലഹങ്ങളിലൂടെ വികസിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ കവിതാശില്‍പ്പം.
"ഈണത്തെ
അഴിച്ചുമാറ്റി മാത്രമെ
ഒരു പാട്ടിനെ
എഴുതിവെക്കാനാവൂ.

എഴുതി വെച്ച ഒരു പാട്ട്‌
പാട്ടിനെക്കുറിച്ചുള്ള
വലിയ ഒരു നുണയാണ്‌..."
('എഴുതുമ്പോള്‍...')

ഇവിടെ പാട്ട്‌ തന്നെ അതെക്കുറിച്ചുള്ള ഒരു വലിയ നുണയായി മാറുന്നത്‌ കാണാം. ഈണത്തെ അഴിച്ചുമാറ്റി മാത്രമെ ഒരു പാട്ടിനെ എഴുതി വെക്കാനാവു എന്നിരിക്കെ എഴുതിവെച്ച പാട്ട്‌ ഒരേ സമയം ഈണത്തെയും പാട്ടിനെതന്നെയും നിഷേധിക്കുന്നു. ഇത്തരത്തില്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ബിംബങ്ങളുടെ നൈരന്തര്യത്തിലൂടെ പടുത്തുയര്‍ത്തപ്പെട്ടവയായതിനാലാവും അദ്ദെഹത്തിന്റെ കവിതകള്‍ ഒന്നും തന്നെ വിവരണാത്മകമല്ലാത്തത്‌.

രണ്ടു തവണ വീതം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന 'വെളിച്ചം' ,'ഇരുട്ട്‌', 'നിഴല്‍', 'നിറം' എന്നീ നാലു വാക്കുകളും, അവ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത ഭാഷാപരിസരങ്ങളിലൂടെ മാറി മാറിവരുന്ന ധ്വനികളും അടങ്ങുന്നതാണ്‌ സൂചന എന്ന ഈ കവിതയുടെ രസതന്ത്രം. ആദ്യവരിയിലെ 'വെളിച്ചം'പിന്നീട്‌
'വെളിച്ചം കൊണ്ട്‌
കാണാനാവാത്ത
ഇരുട്ട്‌' ആയി മാറുമ്പോള്‍ വാക്ക്‌ ചിന്തയുടെ വാഹകന്‍ എന്നനിലയ്ക്കുള്ള പരാധീനതകളെ കുടഞ്ഞെറിഞ്ഞ്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്‌ നമുക്ക്‌ കാണാം.രണ്ടാം ഖണ്ഡികയിലെ ആദ്യവരിയിലെ'കാഴ്ച്ചകള്‍'ക്ക്‌ പറയാനുള്ളതാവട്ടെ
"നിറം ചേര്‍ത്ത്‌
ചിത്രമാക്കാനാവാത്ത" നിഴലിനെക്കുറിച്ചാണ്‌. നിറം തേച്ച കാഴ്ചകള്‍ നിറങ്ങളോ ചിത്രങ്ങളോ അല്ലാത്ത നിഴലുകളെക്കുറിച്ച്‌ വരക്കുന്ന ഈ വാങ്മയ ചിത്രത്തില്‍ വാക്കുകള്‍ അസ്തിത്വം തേടി തങ്ങളുടെ ഇരിപ്പിടങ്ങളില്‍നിന്നും ഇറങ്ങി നടക്കുന്നു.കാവ്യ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ബിംബങ്ങളുടെ ഈ സ്വതന്ത്ര ഗതാഗത്തിലൂടെയാണ്‌ കവിത വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ക്കുള്ള സാധ്യത തുറന്നിടുന്നത്‌.

അഞ്ച്‌ ഖണ്ഡങ്ങളിലായി തീര്‍ത്തിരിക്കുന്ന ഈ കാവ്യശില്‍പ്പത്തെ വിഘടിപ്പിച്ചാല്‍ നമുക്ക്‌ ഇതിനുപിന്നിലെ ക്രാഫ്റ്റിലേയ്ക്കെത്താം.
"വെളിച്ചം കൊണ്ട്‌
കാണാനാവാത്ത
ഇരുട്ടു പോലെ
......
അസാധ്യതകളുടെ
വിരസവ്യംഗ്യം" ആണ്‌ ജീവിതം എന്നതാണ്‌ ആദ്യ ഖ്ണ്ഡികയിലെ
"വെളിച്ചം
ഏഴു വരികളില്‍
ഇരുട്ടിനെക്കുറിച്ച്‌" നല്‍കുന്ന സൂചന. ഇവിടെ കവിതയുടെ ഒഴുക്ക്‌ മൂന്നാം ഖണ്ഡത്തില്‍ നിന്നും അഞ്ചിലേക്കിറങ്ങി വീണ്ടും ആരംഭത്തിലേക്ക്‌ മടങ്ങിയെത്തുമ്പോള്‍ രണ്ടാം ഖണ്ഡത്തിലെ
"കാഴ്ച്ചകള്‍
നിഴലിനെക്കുറിച്ച്‌
നിറങ്ങളില്‍ പടുത്ത
സൂചനകള്‍" ഒരു ഖണ്ഡം താഴേക്കിറങ്ങി
"നിറം തേച്ച്‌
ചിത്രമാക്കാനാവാത്ത
നിഴലു പോലെ
അസാധ്യതകളുടെ" ഒരു വിരസ വ്യംഗ്യമായി ജീവിതത്തെ നിര്‍വചിക്കുന്നു.രണ്ടായി ഇഴപിരിഞ്ഞ്‌ വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക്‌ ശില്‍പത്തിനുള്ളില്‍ വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച്‌ നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്‌. ഈ കവിതയ്ക്ക് വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ സാധ്യമാക്കുന്നതും ഇതു തന്നെ.

ഇരുളും വെളിച്ചവും, കാഴ്ചയും നിഴലും എന്നിങ്ങനെ ഒരിക്കലും സമന്വയിപ്പിക്കാനാവാത്ത ദ്വന്ദ്വങ്ങളിലൂടെ അസാധ്യതകളുടെ വിരസവ്യംഗ്യമായി ജീവിതത്തെ വ്യാഖ്യാനിക്കുക വഴി കവി അതിന്റെ ധനാത്മകമായ സാധ്യതകളെ നിരാകരിക്കുന്നു എന്നൊരു വാദം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്‌. ദുരന്തബോധത്തെ സിനിസിസവുമായി കൂട്ടിവായിക്കാന്‍ ആവാത്തിടത്തോളം അത്തരമൊരു വായന സംഗതമല്ലെന്നാണ്‌ എന്റെ തോന്നല്‍. ചാര്‍ത്തുകളില്ലാത്ത ജീവിതത്തിന്റെ പരുക്കന്‍ ഉണ്മകളുമായി മുഖാമുഖം നില്‍ക്കുകയും ഭംഗ്യന്തരങ്ങളില്ലാതെ അതിന്റെ പാഠങ്ങളെ ഉള്‍കൊള്ളുകയും ചെയ്യുമ്പോഴാണല്ലോ ദുരന്ത ദര്‍ശനം എന്നൊന്ന് ഉരുത്തിരിയുന്നത്‌. മാനുഷികമായ കാഴ്ചകളുടെ മേലൊരു തിരുത്തായി നിലനില്‍ക്കുന്നിടത്തോളം കാലം ആ ദര്‍ശനം ഋണാത്മകമല്ല. അസ്തിത്വവാദം എന്ന ദര്‍ശനത്തിന്റെ വികലമായ പാഠങ്ങളുടെ വായനയിലൂടെ എണ്‍പതുകളിലെ അപക്വമതികളായ ചില വായനക്കര്‍ക്ക്‌ വന്നുചേര്‍ന്ന അപചയങ്ങള്‍ക്ക്‌ അങ്ങ്‌ സാര്‍ത്ര് മുതല്‍ ഇങ്ങ്‌ വിജയന്‍ വരെയുള്ളവരെ പഴിക്കുന്നതില്‍ കാര്യമില്ലല്ലോ!

നാളിതുവരെയുള്ള തന്റെ കാവ്യ ജീവിതത്തിലൂടെ ലാപുട മൗലീകമായ ഒരു ശൈലി നേടിയെടുത്തുകഴിഞ്ഞു.കാവ്യഘടനയ്ക്കുമേലുള്ള തനതു വൈദഗ്ദ്ധ്യം അദ്ദേഹത്തിന്റെ ശൈലിയുടെ മുഖമുദ്രയാണ്‌.എങ്കിലും ചിലപ്പോഴെങ്കിലും ശൈലി എഴുത്തിനെ ശൈലീകരണത്തിലേയ്ക്ക്‌ വലിച്ചുകൊണ്ടുപോകാറുണ്ട്‌. എഴുത്തിനെ നിര്‍ജ്ജീവാവസ്ഥയില്‍ കൊണ്ടെത്തിക്കുന്ന ഇത്തരമൊരു ശൈലീകരണം ഒ.വി. വിജയനെപ്പോലുള്ള എഴുത്തുകാരെ പോലും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അവസാന കാല രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.ലാപുട കവിതകളുടെ കരുത്തും സൗന്ദര്യവുമായ സവിശേഷ ശൈലിയും തനതു ഘടനയും ചേര്‍ന്ന് എഴുത്തിനെ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു ശൈലീകരണത്തിലേയ്ക്ക്‌ തട്ടിക്കൊണ്ടു പോകതിരിക്കുവാന്‍ കവി സദാ ജാഗരൂകനായിരിക്കണം.ഘടനയെയും ശൈലിയെയും നിരന്തരം അപനിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്‌ ഇത്തരം ഒരു ജാഗരത്തിനായി കവിതയെ സജ്ജമാക്കുവാനുള്ള വഴി എന്നു തോന്നുന്നു.ലാപുടയ്ക്ക്‌ അതിന്‌ ആവും എന്നു തന്നെയാണ്‌ എന്റെ വിശ്വാസവും..

(ലിങ്കുകള്‍ക്കും ഒന്നാം വട്ട എഡിറ്റിങ്ങിനും മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പരാജിതനോട് കടപ്പാട്)

ഇവിടിതുവരെ