Wednesday, March 26, 2008

കെട്ടു പൊട്ടിക്കുന്ന കവിത

ബിംബങ്ങളും രൂപകങ്ങളും പോലും കവിതയ്ക്ക് ഭാരമാകാം എന്ന ഉത്തരാധുനിക സൌന്ദര്യദര്‍ശനവുമായി ചേര്‍ന്നു നിന്നുകൊണ്ട് കണ്ടിട്ടും കാണാതെ പോകുന്ന നിരവധി നാട്ടുകാഴ്ച്ചകളെക്കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു വിഷ്ണുപ്രസാദ് എന്ന കവി.അനിതരസാധാരണമായ നിരീക്ഷണപാടവത്തോടെ, വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെ ഭാഷയിലേയ്ക്ക്‌ സന്നിവേശിപ്പിക്കപ്പെട്ട നിരവധി ദൃശ്യാനുഭവങ്ങളുണ്ട്‌ ഇയാളുടെ കവിതകളില്‍. ഋജുവായ ഒരു ആഖ്യാനശൈലി അവലംബിച്ചുകൊണ്ട്‌ തികഞ്ഞ ലാളിത്യത്തോടെ വരച്ചു ചേര്‍ത്ത അത്തരം ചില ദൃശ്യങ്ങളിലൂടെയാണ്‌
'പശു'
എന്ന ഈ കവിതയും വളരുന്നത്‌.

നാട്ടുവഴികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ കയറുപൊട്ടിച്ച്‌ പാഞ്ഞുവരുന്നൊരു പയ്യിനെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മനുഷ്യരുണ്ടാവില്ല.
"മുന്നിലുള്ളതിനെ മുഴുവന്‍
‍കോര്‍ത്തുകളയും എന്ന " മട്ടിലുള്ള അതിന്റെ കുതറിയോടലിന്‌ ഒരു ദൂര പരിധിയുണ്ട്‌. അതെത്തുമ്പോഴേയ്ക്കും പശു കലഹം ഉപേക്ഷിച്ച്‌ വീണ്ടും ഒരു വളര്‍ത്തുമൃഗമായി മെരുങ്ങി നില്‍ക്കുന്നതു കാണാം. പിറകേ ഓടിയെത്തുന്ന ഉടമ നല്‍കുന്ന ശിക്ഷയും ഏറ്റുവാങ്ങിക്കഴിയുന്നതോടെ ഈ നാടന്‍ കലാപത്തിനു തിരശ്ശീല വീഴുന്നു.


"ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച്‌ ഓടിയില്ലെങ്കില്‍‍
സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്" ഉടമ കരുതിയാലോ എന്ന പശുവിന്റെ വേവലാതിക്കും, എത്ര തവണ കയറു പൊട്ടിച്ചാലും എത്ര ദൂരം ഓടിയാലും തന്റെ അധികാര പരിധി കടന്നുപോകാന്‍ ഒരു വളര്‍ത്തുമൃഗത്തിനാവുമോ എന്ന ഉടമയുടെ ശങ്കയ്ക്കും അതാതു തലങ്ങളില്‍ ധനാത്മകമായ പരിഹാരമാകുന്നു പലായനം എന്ന ഈ അനുഷ്ഠാനം.

എല്ലാം കഴിഞ്ഞുള്ള മടക്കയാത്രയാവട്ടെ തൊട്ടുമുന്‍പ്‌ അമര്‍ത്തപ്പെട്ട കലാപത്തെ ഒരു അസംബന്ധനാടകമായി ചുരുക്കുന്നതും. ഏതു കാഴ്ച്ചക്കാരനും,
"ഇത്ര സൗമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ്‌ അങ്ങോട്ട്‌ പോയതെന്ന്" മൂക്കത്ത്‌ വിരല്‍ വയ്ക്കും വണ്ണം അവിശ്വസനീയം തന്നെയാണ്‌ ഈ സമരസപ്പെടലിന്റെ മനഃശാസ്ത്രം.അതിനു സ്വന്തം നിലയ്ക്കു തന്നെ ഒരു അനുഭവതലം അവകാശപ്പെടാനാവുന്നുമുണ്ട്‌.പക്ഷേ ഈ സാധാരണമായ ദൃശ്യാനുഭവത്തെ സൃഷ്ടിപരമായി സ്വതന്ത്രമാക്കി സ്വയം പെരുകുന്ന ഒരു ദാര്‍ശനിക വ്യഥയായ്‌ വളര്‍ത്തുന്നത്‌
"കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പൊഴും അയവിറക്കുന്നത്‌." എന്ന നിരീക്ഷണമാണ്‌.

ഇവിടെനിന്നും കവിത പിന്നിലേയ്ക്ക്‌ സഞ്ചരിച്ച് അത് വന്ന വഴികളില്‍ ഒരു പുതിയ വെളിച്ചം വീഴ്ത്തിക്കൊണ്ട്‌ അനുഭവചക്രം പൂര്‍ത്തിയാക്കുന്നു. വായനക്കാരന്‍, അയവിറക്കുന്ന പശുവിന്റെ ശാന്തതയില്‍ നിന്നും കയറുപൊട്ടിക്കാനായി കുതറുന്ന അതിന്റെ പ്രാഗ്‌ രൂപത്തിന്റെ സ്ഫോടനാത്മകമായ നിഷേധത്തില്‍ ചെന്ന് ചേക്കേറുന്നു. ഓടി നിര്‍ത്തിയ ഇടത്തില്‍ നിന്നും ബാക്കിയായ ദൂരത്തേക്കുറിച്ചുള്ള സമസ്യകള്‍ ഉടലെടുക്കുന്നു.

പശു എന്തിനായി കയറുപൊട്ടിച്ചു എന്ന ചോദ്യത്തിന്‌
"സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്നു കരുതിയാവണം" എന്ന ഈ മൂന്നുവരികള്‍ ഒരുത്തരം നിര്‍ദ്ദേശിക്കുന്നുണ്ട്‌. എങ്കിലും അമ്മായിയുടെ കരുതലുകളെ തിരുത്തുക എന്നതിലുപരി തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്കു തന്നെയുള്ള സ്വപ്നങ്ങളോട് നീതിപുലര്‍ത്താന്‍ വേണ്ടിയുള്ള ഒരു ശ്രമം ആയിരുന്നു ആ കയറുപൊട്ടിക്കല്‍ എന്നതിന്റെ വ്യക്തമായ സൂചനയാണ് മുന്നിലുള്ള എല്ലാറ്റിനേയും തകര്‍ത്തുകളയാന്‍ പോന്ന അതിന്റെ ആദ്യ ആവേഗം. അടിമത്തം തരുന്ന ഷണ്ഡമായ സുരക്ഷിതത്വത്തില്‍ തന്റെ അടിസ്ഥാനചോദനകള്‍ പോലും അലിഞ്ഞു തീരുന്നുവോ എന്ന അസ്തിത്വപരമായ ഭീതിയാവാം അതിന്റെ ഉറവിടം.

ഇഛാശക്തിയില്ലാത്ത സമരങ്ങളും ലക്ഷ്യബോധമില്ലാത്ത പരിവര്‍ത്തന ശ്രമങ്ങളും ചേര്‍ന്ന് അസംബന്ധമാക്കി മാറ്റിയ ഒരു സാമൂഹ്യജീവിതത്തിന്റെ കുതറിയോടലുകള്‍ക്ക്‌ അധികാരം കാലേക്കൂട്ടി കല്‌പിച്ചു തരുന്ന ദൂരങ്ങള്‍ക്കപ്പുറം പോകുവാനുള്ള ഊര്‍ജ്ജമുണ്ടാകുമോ എന്ന ഭയം‌ ഉത്തരാധുനിക മനുഷ്യാവസ്ഥയെ കുറെ സന്ദേഹങ്ങളില്‍ കൊണ്ടു ചെന്ന് കുരുക്കിയിട്ടിരിക്കുന്നു. ചെറുത്തുനില്‍പ്പുകളില്‍ വിശ്വാസം നഷ്ടപ്പെട്ട നമ്മുടെ ജനതയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കുതറിയോട്ടങ്ങളെല്ലാം അതു പിന്നിടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവയോ ഒരു പക്ഷേ വ്യര്‍ത്ഥം തന്നെയോ ആണ്‌. വിശ്വാസമര്‍പ്പിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഒക്കെ തകര്‍ക്കപ്പെടുമ്പോള്‍ അവയൊക്കെയും അപ്രായോഗികങ്ങളായ ഉട്ടോപ്പിയകളായിരുന്നു എന്ന വാദത്തോട് വിപ്ലവകാരികള്‍ തന്നെ സമരസപ്പെടുമ്പോള്‍ 'അച്ചുവേട്ടന്റെ കടയില്‍ ചായകുടിക്കുന്ന'വര്‍ക്ക്‌ മൂക്കത്ത്‌ വിരല്‍ വയ്ക്കുവാനേ കഴിയുന്നുള്ളു. പിടിക്കപ്പെട്ടു എന്ന ഒറ്റ കാരണം മതി അവരെ സംബന്ധിച്ചിടത്തോളം പശുവിന്റെ വിമോചന ശ്രമത്തെ പരിഹാസ്യമായി ഗണിക്കാന്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിനോട് തോന്നുന്ന വികാരം ഒരു തരം ജാഡ്യമോ, വിപ്രതിപത്തി തന്നെയോ‍ ആണ്. പൊരുതുന്നവര്‍ മാത്രമേ തോല്‍പ്പിക്കപ്പെടുന്നൂള്ളു എന്ന പോരാട്ടത്തിന്റെ ചരിത്രം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. മറ്റാരെങ്കിലും പൊരുതി ജയിച്ച്‌ തങ്ങളേയും മോചിപ്പിക്കണമെന്ന വര്‍ത്തമാന സമൂഹത്തിന്റെ അടിമമനസ്സാകണം ചായക്കടയിലെ കാഴ്ച്ചക്കാരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്.

പണ്ടെങ്ങോ നടത്തിയ ചില മുന്നേറ്റങ്ങളുടെ ഗൃഹാതുര സ്മരണകള്‍ അയവിറക്കിയും, വര്‍ത്തമാനത്തിന്റെ അഹിതയാഥാര്‍ത്ഥ്യങ്ങളുമായി സന്ധി ചെയ്തും തൊഴുത്തില്‍ കിടക്കുന്ന പശു ഒന്നിനോടും പ്രതികരിക്കാനാവാതെ അപാഹാസ്യമായ ഒരുതരം അരാഷ്ട്രീയ ജഡത്വത്തില്‍ ആണ്ടുപോയ നമ്മുടെ സമൂഹത്തെ പ്രതീകവല്‍ക്കരിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിന്റെ സ്വപ്നങ്ങളും ബോധ്യങ്ങളും പോലും പണ്ട് പിന്നിട്ട ആ രണ്ട് കിലോമീറ്ററില്‍ ചെന്ന് അണച്ചു നില്‍ക്കുകയാ‍ണ് എന്ന് കവി കുമ്പസരിക്കുന്നു. പക്ഷേ ആ ഏറ്റുപറച്ചിലില്‍‍ ഒളിഞ്ഞിരിക്കുന്ന കടുത്ത വിഷാദം കണ്ടെടുക്കുമ്പോഴാണ്‌ ഈ പശു എപ്പൊഴെങ്കിലും വീണ്ടും കയറുപൊട്ടിക്കണമെന്നും പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ പച്ചപ്പിലേയ്ക്ക് എന്നെന്നേക്കുമായി രക്ഷപെടണമെന്നും ആഗ്രഹിക്കുന്ന കവിമനസ്സിലേയ്ക്ക്‌ നാം പ്രവേശിക്കുന്നത്‌. അപ്പോഴാണ്‌ പിടിച്ചു കെട്ടപ്പെട്ട പശു കവിയുമായും, ഓരോ വായനക്കാരനുമായും താദാത്മ്യം പ്രാപിക്കുന്നത്‌. അങ്ങനെ നമ്മളോരോരുത്തരുമായി മാറുന്ന പശുവിന്റെ അയവിറക്കല്‍ കേവലമായ ഗൃഹാതുരത്വം വിട്ട്‌ താനുമുള്‍‌പ്പെടുന്ന സമകാലിക സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ സ്തംഭനാവസ്ഥയ്ക്കെതിരെയുള്ള കവിയുടെ താക്കീതായി മാറുന്നു. അതിനെ നെഞ്ചേറ്റുന്ന മനസ്സുകളിലൊക്കെ വിഷ്ണുവിന്റെ ഈ 'പശു' ആത്മപരിശോധനയുടെ വിത്തുകള്‍ വിതയ്ക്കുക തന്നെ ചെയ്യും.

25 comments:

സിമി said...

valare nalla kurippu. this was well deserved. there are very few parallels to vishnumash in malayalam blog

vadavosky said...

വളരെ നന്നായി.

സി. കെ. ബാബു said...

"മറ്റാരെങ്കിലും പൊരുതി ജയിച്ച്‌ തങ്ങളേയും മോചിപ്പിക്കണമെന്ന വര്‍ത്തമാന സമൂഹത്തിന്റെ അടിമമനസ്സാകണം ചായക്കടയിലെ കാഴ്ച്ചക്കാരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്."

അതിനൊരടിയൊപ്പു്!

നാടോടി said...

നല്ല ആസ്വാദനക്കുറിപ്പ്...
ആശംസകള്‍....

നാടോടി said...

നല്ല ആസ്വാദനക്കുറിപ്പ്...
ആശംസകള്‍....

ദ്രൗപദി said...

പശു...
അടുത്തിടെ വായിച്ച
ഏറെ അത്ഭുതപ്പെടുത്തിയ ഒരു രചനയായിരുന്നു...
ആസ്വാദനം മനോഹരമായി
ആശംസകള്‍

വിശാഖ്ശങ്കര്‍ said...

സിമി,
ബ്ലോഗിലെന്നല്ല, സമകാലിക മലയാളം കവിതയില്‍ വിഷ്ണുവോളം പ്രതിഭയുള്ള കവികള്‍ അങ്ങനെ ഒരുപാടൊന്നുമില്ല.
വടവ്സ്കിക്കും,ബാബുവിനും നാടോടിക്കും നന്ദി.
ദ്രൌപതി,
അതെ.’പശു’ വിഷ്ണുവിന്റെ എറ്റവും മികച്ച കവിതകളില്‍ ഒന്ന് തന്നെ.ഓരോ വായനയിലും അതാര്‍ജ്ജിക്കുന്ന പുതിയ ആഴങ്ങള്‍ എന്നെയും അത്ഭുതപ്പെടുത്തിയിരുന്നു.

സനാതനന്‍ said...

വളരെ നന്നായിട്ടുണ്ട്.
പശു ആത്യന്തികമായി കൊമ്പുള്ള ഒരു മെരുങ്ങള്‍ മൃഗമാണ്.അതിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ തനിക്കുവേണ്ടിപ്പോലുമല്ലെന്നും മറ്റുള്ളവര്‍ എന്തു കരുതും എന്നതുകൊണ്ടാണ് എന്നതും രസകരമായ കാര്യമാണ്.വായിക്കുന്തോറും നമ്മെ കവിതയില്‍ നിന്നു തള്ളിപ്പുറത്താക്കുന്നുണ്ട് ഈ കവിത.ഓരോ തവണയും ജീവിതം കണ്ട് മൂക്കില്‍ വിരല്‍ വച്ച് വീണ്ടും വരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.രണ്ട് കിലോമീറ്റര്‍ സ്വാതന്ത്ര്യം എന്ന അയവിറക്കല്‍ ശരിക്കും ഗൃഹാതുരത്വത്തെ നെഞ്ചേറ്റി നടക്കുന്ന നമ്മുടെ കള്ളത്തരത്തെ വ്യക്തമായി കളിയാക്കുന്നുമുണ്ട്.ഇന്നലെ മലയാളം വാരികയില്‍ വന്ന രാജേഷ് ആര്‍.വര്‍മ്മയുടെ കഥയിലുമുണ്ട് കപടമായ ഗൃഹാതുരത്വത്തിനെതിരേയുള്ള തുപ്പലുകള്‍.അയവിറക്കാന്‍ മാത്രമേ നമുക്ക് സ്വപ്നങ്ങള്‍ ആവശ്യമുള്ളു ഓര്‍മ്മകളും അങ്ങനെതന്നെ,എന്നാല്‍ ഓര്‍മ്മകളെയും സ്വപ്നങ്ങളേയും കൊമ്പുകള്‍ ഉപയോഗിക്കാനുള്ള പ്രേരണയായി മാറ്റുമ്പോള്‍ മാത്രമേ യഥാര്‍ത്ഥസ്വാതന്ത്ര്യം ഉണ്ടാവുകയുള്ളു.പക്ഷേ സംഭവിക്കുന്നത് രാജേഷിന്റെ കഥയില്‍ പറയുമ്പോലെ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുമ്പോള്‍ നാം അസ്വസ്ഥരാകുന്നു എന്നതാണ്.

മറ്റാരെങ്കിലും പൊരുതി ജയിച്ച്‌ തങ്ങളേയും മോചിപ്പിക്കണമെന്ന വര്‍ത്തമാന സമൂഹത്തിന്റെ അടിമമനസ്സാകണം ചായക്കടയിലെ കാഴ്ച്ചക്കാരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്.ഇതില്‍ എനിക്ക് വിയോജിപ്പുണ്ട്.സത്യത്തില്‍ തങ്ങള്‍ അടിമകളാണെന്നോ മറ്റാരെങ്കിലും തങ്ങള്‍ക്കുവേണ്ടി പൊരുതുന്നുണ്ടെന്നോ അവര്‍ അറിയുന്നില്ല.അതുകൊണ്ടു തന്നെ ആരെങ്കിലും തങ്ങളെ മോചിപ്പിച്ചെങ്കില്‍ എന്നുപോലും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല അവര്‍.അവര്‍ക്ക് വേണ്ടത് ആ രണ്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ ആര്‍ ജയിക്കുന്നു എന്നുള്ള കാഴ്ചമാത്രമാണ്.ഇനി ഒരു പക്ഷേ പശുവാണ് ജയിച്ചിരുന്നതെങ്കിലും അവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുക മാത്രമേ ചെയ്യുകയുള്ളു.മാത്രമല്ല അമ്മായി കയറുപൊട്ടിച്ചോടുന്ന ഉത്സവക്കാഴ്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും.അത്ര മാത്രം.

ഗുപ്തന്‍ said...

വിശാഖ്
പഠനം വളരെ നന്നായി. ആ അമ്മായിയുടെ ഭാഗത്തുനിന്ന് ഒരു സ്ത്രീപക്ഷ വായന ഭൂമിപുത്രി അവിടെ നിര്‍ദ്ദേശിച്ചിരുന്നു. (വിഷ്ണുമാഷ് എഴുതുമ്പോള്‍ അമ്മായീപക്ഷം ഉണ്ടായിരുന്നില്ല എന്നു പറഞ്ഞിരുന്നു). അതും പ്രസക്തമായ ഒരു ഉപവഴി ആയിത്തോന്നി.

Pramod.KM said...

നല്ല പഠനം വിശാഖ് മാഷേ..
കയറുപൊട്ടിച്ചോടുന്നതിന്റെ സുഖവും പിടിക്കപ്പെടുന്നതിന്റെ സുഖവും അനുഭവിക്കുന്ന പശുവിനെ സമരസപ്പെടലിന്റെ രീതിയില്‍ വായിച്ചത് നന്നാവുകയും ചെയ്തു.:)

സിജി said...

ശരിയാണ്‌ 'പശു' ഞാന്‍ ഇന്നോളം വായിച്ചിട്ടുള്ള മലയാള കവിതകളില്‍ എന്നും ഓര്‍ത്തുവെക്കുന്ന കവിതയാണ്‌. വിഷ്ണുമാഷിനെപ്പോലെ ബിംബങ്ങള്‍ കൊണ്ടും, ലളിതമായ വാക്കുകള്‍ കൊണ്ടും അമ്പരപ്പിക്കുന്ന കവികള്‍ ഇന്നത്തെ മലയാള സാഹിത്യത്തില്‍ത്തന്നെ കുറവാണ്‌.
ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ജീവിതത്തെ ഇത്ര മനോഹരമായി കോറിയിടാന്‍ ബ്ലോഗില്‍ ഒരേയൊരു കവി മാത്രമേയുള്ളു. ഞാന്‍ മാഷിന്റെ ബ്ലോഗ്‌ സബ്സ്ക്രെബ്‌ ചെയ്തിട്ടുണ്ട്‌ , അദ്ദേഹത്തിന്റെ കവിതകളെ ഡിലീറ്റു ചെയ്തുകളയാന്‍ തോന്നാറില്ല. ഇടക്കൊക്കെ വെറുതെയിരുന്നു വായിക്കാന്‍ ഞാനത്‌ എന്നും സൂക്ഷിച്ചു വെച്ചിരിക്കുന്നു.

വിശാഖ് ശങ്കര്‍ said...

സനാതനന്‍,
താങ്കള്‍ പറഞ്ഞ പോലെ തങ്ങളുടെ പ്രത്യക്ഷ അസ്തിത്വത്തിന്റെ പരിധിയില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ട് ചുറ്റുമുള്ള ചലനങ്ങളെ കേവലം കൌതുകത്തോടെ മാത്രം കാണുന്നവര്‍ തന്നെ ‘അച്ചുവേട്ടന്റെ ചായക്കടയി‘ലെ കാഴ്ച്ചക്കാര്‍. തങ്ങള്‍ അടിമകളാനെന്നോ ചുറ്റും നടക്കുന്ന പോരാട്ടങ്ങള്‍ തങ്ങള്‍ക്കുകൂടി വെണ്ടിയാണെന്നോ അവര്‍ അറിയുന്നില്ല.അവര്‍ക്ക് എല്ലാം കാഴ്ച്ചകള്‍ മാത്രം!ഒരു കളി കാണുന്നതുപോലെയെങ്കിലും തങ്ങളുടെ പുറം പരിസരത്തുള്ള ചലനങ്ങളെ പങ്കുവയ്ക്കാന്‍ അവര്‍ക്ക് ആവുമായിരുന്നെങ്കില്‍ ഇത്തരം പക്ഷങ്ങളില്ലാത്ത ഒരു നിസ്സംഗതയിലേയ്ക്ക് അവര്‍ക്ക് ഇറങ്ങി നില്‍ക്കാനാവുമായിരുന്നില്ല.(കളി കാണുന്ന ഓരോ കാഴ്ച്ചക്കാരനും വ്യത്യസ്തമായ ഒരു തലത്തിലാണെങ്കിലും ,കളിക്കാര്‍ക്കൊപ്പം കളി പങ്കു വയ്ക്കുന്നുണ്ടല്ലോ).ഞാന്‍ കവിതയിലെ കാഴ്ച്ചക്കാരെ അവിടെനിന്നും നമ്മുടെ വര്‍ത്തമാന സമൂഹത്തിലേയ്ക്ക് ഇറക്കിനിര്‍ത്തി നോക്കിയതില്‍ നിന്നാണ് ആ വാചകം ഉണ്ടായത്.ചുറ്റും നടക്കുന്ന സാമൂഹ്യ, രാഷ്ട്രീയ സമരങ്ങളില്‍ നിന്നൊക്കെ സുരക്ഷിതമായ അകലത്തില്‍ മാറിനിന്നുകൊണ്ട് എല്ലറ്റിനേയും കുറിച്ച് പരാതിപ്പെടുന്ന നമ്മുടെ സമൂഹമനസ്സായിരുന്നു മനസില്‍.കവിതയിലെ കാഴ്ച്ചക്കാര്‍ക്ക് താങ്കള്‍ പറഞ്ഞ വിശേഷണങ്ങള്‍ തന്നെ കൂടുതല്‍ യോജിക്കുന്നത്.
ഗുപ്തന്‍,
ഭൂമി പുത്രിയുടെ ആ കുറിപ്പ് കണ്ടിരുന്നു.അമ്മായിയുടെ അസ്വതന്ത്രമായ സ്ത്രീ സ്വത്വം പരോക്ഷമായെങ്കിലും പശുവിന്റെ കയറുപൊട്ടിച്ചോട്ടം ആഗ്രഹിച്ചിരുന്നിരിക്കാം.പശുവിനു പിറകേ ഓടുമ്പോള്‍ അവരും സ്വാതന്ത്ര്യത്തിന്റെ ആ രണ്ട് കിലോമീറ്റര്‍ ആസ്വദിച്ചിരിക്കാം.പ്രസക്തമായ ഒരു വായന തന്നെയാണത്.
പ്രമോദേ,
ത്രില്ലുമായ് ചേര്‍ത്തുള്ളൊരു വായന , അതും കൌതുകമുണ്ടാക്കുന്ന ഒരു വഴി തന്നെ.
സിജി,
അതുകൊണ്ടാണല്ലൊ ഇയാള്‍ ബൂലോകത്തിന്റെ പ്രിയ കവിയാകുന്നത്.

വെള്ളെഴുത്ത് said...

സത്യത്തില്‍ അടിമത്തത്തെ പ്രശ്നവത്കരിക്കയല്ലേ ‘പശു’? കെട്ടിയിടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ സുഖം ‘കൂടുതലറിയാന്‍’ ‍ വേണ്ടി ഒരു വിമോചനസമരം. അതും രണ്ടു കിലോമീറ്ററില്‍ തീര്‍ന്നു പോകുന്നത്. പിന്നെ സൌമ്യജീവികളായി സമരസപ്പെട്ട് ചൂഷകയും ചൂഷിതയും മടങ്ങുന്നത്.
ഇതൊന്നും പശുവിന്റെയും അമ്മായിടെയും പ്രശ്നമല്ല, കവിയുടെ മാത്രമാണെന്നത്..അങ്ങനെതന്നെയാണ് കവിതയുടെ ആഖ്യാനം എന്നത്....

വിശാഖ് ശങ്കര്‍ said...

വെള്ളെഴുത്തേ,
ചൂഷകയും ചൂഷിതയും തമ്മിലുള്ള വിചിത്രമായ ബന്ധത്തിന്റെ മനശാസ്ത്രത്തെ കുറിച്ച് ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു.

അടിമത്തത്തെ പ്രശ്നവല്‍ക്കരിക്കുകയാണ് ‘പശു’.പക്ഷേ പശു എന്ന പ്രതീകം പ്രതിനിധാനം ചെയ്യുന്നത് കവിയും വായനക്കാരനും ഒക്കെ ഉള്‍പ്പെടുന്ന ഒരു സമൂഹത്തെയാണ്.കവിതയില്‍ അത് പശുവിന്റെയും അമ്മായിയുടേയും പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്.അതിനെ അവിടുന്ന് പുറത്തിറക്കി സമകാലിക സമൂഹത്തിലേയ്ക്ക് കൊണ്ട് നിറ്ത്തുന്നത് വായനയാണ്.ഒന്നിനോടും പ്രതികരിക്കാതെ അടിമത്തത്തിന്റെ തൊഴുത്തില്‍ സുഖവാസം നയിക്കുന്ന എന്റെ ഉള്ളിലെ എന്നിലേയ്ക്ക് വിരല്‍ ചൂണ്ടി എന്നതാണ് പശു എന്ന കവിത ഞാനുമായി നടത്തുന്ന പ്രതിപ്രവര്‍ത്തനം.

വെള്ളെഴുത്ത് പറഞ്ഞതുപോലെ പശുവും അമ്മായിയുമായി ഉള്ള ബന്ധത്തിന്റെ മനശാസ്ത്രം സ്വന്തം നിലയ്ക്കു തന്നെ ഒരു പഠനം അര്‍ഹിക്കുന്ന വിഷയമാണ്.അമ്മായിയുടെ ഭാഗത്തു നിന്നുകൊണ്ടുള്ള ഒരു സ്ത്രീപക്ഷ വായനയും ഗുപ്തന്‍ പറഞ്ഞപോലെ ‘പ്രസക്തമായ ഒരു ഉപവഴി‘യാണ്.

പ്രശ്നം കവിയുടേത് മാത്രമാണെന്ന സൂചന..., അങ്ങനെയൊന്ന് ഇതില്‍ ഉണ്ടെന്ന് തോന്നിയോ..

റോബി said...

വിശാഖ്,
ശ്രദ്ധേയമായ നിരീക്ഷണം. തീര്‍ച്ചയായും പശുവും മറ്റു കവിതകളും അര്‍ഹിക്കുന്നു ഇങ്ങനെയുള്ള വായനകള്‍.

വിഷ്ണുപ്രസാദിന്റെ കവിത, കയറുകള്‍ പൊട്ടിച്ച് ബ്ലോഗ് എന്ന രണ്ടു കിമീ കടന്നു പോകേണ്ട സമയം കഴിഞ്ഞില്ലേ എന്നു സന്ദേഹം.
ഒരുപാട് ദൂരെയുള്ളവരും ഇതൊക്കെ കാണേണ്ടതുണ്ട്.

ദേവതീര്‍ത്ഥ said...

വിഷ്ണുവിന്റെ കവിതകള്‍ വായനക്കാരനെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല.....
പശുവും....

വിശാഖ് ശങ്കര്‍ said...

ശരിയാണ് റോബി.പ്രിന്റ് മീഡിയയ്ക്ക് ഇയാള്‍ ഇപ്പൊഴും അനഭിമതനായ് തുടരുന്നതിന്റെ കാരണം എന്തെന്ന് എന്നെയും നിന്നെയും പോലെ മറ്റു പലരും ചോദിക്കുന്നുണ്ട്.

അതെ ദേവതീര്‍ത്ഥ.

സ്നേഹിതന്‍ said...

nannayirikkkunnu

ഉഷാകുമാരി.ജി. said...

പശു പല ദിശയിലേക്കോടി.. കവിതയും നിരൂപണവും നന്നായി,വിശാഖ്..

വിശാഖ് ശങ്കര്‍ said...

സ്നേഹിതാ, ഉഷാകുമാ‍രി,

വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി.

Ranjith chemmad said...

ഇത്തരമൊരു പഠനം
ആശ്ചര്യമുളവാക്കുന്നു!
വളരെയിഷ്ടപ്പെട്ടു പഠനവും കവിതയും

sree said...

പിടിക്കപ്പെട്ടവന്റെ മനശ്ശാസ്ത്രം, വിപ്ലവങ്ങള്‍ സഞ്ചരിക്കുന്ന ദൂരം വളരെ നന്നായിപ്പറഞ്ഞു തരുന്നു. പഠനത്തിന്റെ തലക്കെട്ടും സൂചനകളുടെ ഭണ്ഡാരം.കവിതപോലെത്തന്നെ ആസ്വദിച്ചു വായിച്ചു.

ppramachandran said...

ഉത്തരവാദിത്വപൂര്‍ണ്ണമായ രചന ഉത്തരവാദിത്വമുള്ള വായനയും അര്‍ഹിക്കുന്നു. വിഷ്ണുവിന്റെ കവിതയിലെ ഭിന്നപാരായണസാദ്ധ്യതകളിലേക്ക് വെളിച്ചം വീശിയ ഈ നിരീക്ഷണം ഗംഭീരമായി വിശാഖ്! സമകാലികകവിതകളെക്കുറിച്ച് ഇനിയും എഴുതണമെന്നപേക്ഷ.
പി പി രാമചന്ദ്രന്‍,
www.harithakam.com

വിശാഖ് ശങ്കര്‍ said...

രഞ്ജിത്തേ,
കവിതയും പഠനവും ഒരുപോലെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ രണ്ടു സന്തോഷം.

ശ്രീ..,
ഞാന്‍ ചൂണ്ടി കാണിക്കുവാന്‍ ശ്രമിച്ചതിലും എത്രയോ വലുതാണ് നിങ്ങള്‍ കണ്ടെടുത്ത ഭണ്ടാരം...

രാമചന്ദ്രന്‍ മാഷെ,
കവിതയോടുള്ള ഇഷടങ്ങള്‍ക്കൊപ്പമുണ്ട് സ്വാഭാവികമായും ചില പിണക്കങ്ങളും പരിഭവങ്ങളും.ആവുന്നത്ര എന്നെ ഒഴിവാക്കി വസ്തുനിഷ്ഠമായ് അവയെ പറയാന്‍ ശ്രമിക്കാം മഷേ...

Anonymous said...

Visakh,

Good review
Opened lot more windows from/to those few lines of vishnu

Thanks
Sunil_

ഇവിടിതുവരെ