Tuesday, November 11, 2008

‘ആ മര’ത്തിന്റെ തണലുപറ്റാവുന്നവര്‍

എന്തു പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ്‌ കാര്യം എന്ന ഉത്തരാധുനിക വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിച്ച അനുഭവം, അതിന്റെ തീവ്രത തെല്ലും ചോര്‍ന്നുപോകാതെതന്നെ വിനിമയം ചെയ്ത ഒരു കവിതയാണ്‌ കുഴൂരിന്റെ 'ആ മരം'.

നാനാ ജാതിമതസ്തര്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ചുപോന്നിരുന്ന ഒരു സമൂഹത്തില്‍ സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ആത്മീയ വിശുദ്ധിയുടെ ഒക്കെ പ്രതീകമായി ഒട്ടിനിന്നിരുന്നു ഒരാല്‍മരം. കണ്ടമാത്രയില്‍ തന്നെ കവിയെ അത് വൃക്ഷങ്ങളുടെ ഉള്ളറിയാമായിരുന്ന തന്റെ അപ്പനേയും, 'ആത്മാവില്‍ തൊട്ട്‌ അനുവാദം വാങ്ങി' ഇറുത്തെടുത്ത 'ഒരിലയുടെ ഓര്‍മ്മഞരമ്പുകള്‍' പുസ്തകത്തില്‍ അടച്ചുസൂക്ഷിച്ചിരുന്ന പഴയ കൂട്ടുകാരിയേയും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. നന്മയും, നൈര്‍മ്മല്യവും നിറഞ്ഞുനിന്ന ഒരു ഭൂതകാലത്തിന്റെ ഗൃഹാതുരസ്മരണകളുമായി അയാള്‍ ആ വൃക്ഷത്തെ സമീകരിക്കുന്നു. ജീവിതം വല്ലാതങ്ങ് വേട്ടയാടുമ്പോ, 'നിലവിട്ട' പല രാത്രികളില്‍ അയാള്‍ക്ക് സ്വാസ്ഥ്യമാവുന്നു ആ മരം. ആ തണലാണ്‌ പെട്ടന്ന് ഒരു വെള്ളിയാഴ്ച്ചകൊണ്ട്‌ നിഷ്ഠൂരം വെട്ടിമാറ്റപ്പെടുന്നത്‌.'ഹൃദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ' ഇലകളും, 'രക്തം വാര്‍ന്ന് വെളുത്ത' ഞരമ്പുകളും കണ്ട്‌ 'കണ്ണുമുറിഞ്ഞ്‌' അയാള്‍
"ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക്‌ കൈയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്നനില്‍പ്പില്‍ കൈ വെട്ടിയത്‌ പോലെ
ആ മരം"

മുറിഞ്ഞു വീണത്‌ കേവലം ഒരു മരമല്ല, മറിച്ച്‌ നമ്മുടേതുപോലൊരു ബഹുസ്വര സമൂഹത്തില്‍ തണല്‍ വിരിച്ചു നിന്നിരുന്ന മതമൈത്രി, മനുഷ്യസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ തന്നെയാണ്‌ എന്നത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്‌ തുടര്‍ന്നുള്ള അവസാന അഞ്ചുവരികള്‍.
“അപ്പാ,
നനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത്‌ മരം കൊണ്ടാണപ്പാ ? “
വായനയെ വിലാപം പോലെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റുന്ന ഈ അഞ്ചു വരികള്‍ തന്നെയാണ് ഈ കവിതയുടെ വൈകാരിക പ്രഭവകേന്ദ്രവും. താഴെനിന്ന് മുകളിലേയ്ക്ക് നീറിപ്പിടിക്കുന്ന ഈ വൈകാരികത ആദ്യ വായനയില്‍ നാം ആവോളം അനുഭവിക്കുന്നുമുണ്ട്. അതിനു ശേഷം ഒരു രണ്ടാം വായനയക്കായി മടങ്ങിയെത്തുമ്പൊഴാണ് കവിത പൂര്‍വ്വാനുഭവത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ട് വായനക്കാരനുമായി സംവദിക്കാന്‍ തുടങ്ങുന്നത്.

പ്രിയനും, അഞ്ചനയും പോയ മുറിയിലേയ്ക്ക്‌ പുതിയതായി താമസത്തിനെത്തിയത്‌ തൊപ്പിവച്ച കൂട്ടരാണ്‌.പൂണൂലും, ചന്ദനക്കുറിയുമുള്ള നാരായണനും, കൊന്തയും വെന്തിങ്ങയുമുള്ള അന്തോണിക്കും ശേഷം പ്രകടമായി മത ചിഹ്നങ്ങള്‍ അണിഞ്ഞു നടക്കുന്ന ചെറുപ്പക്കാരെ വേറെ കണ്ടിരുന്നില്ല എന്ന് ഓര്‍ക്കുന്ന കവി ഒരു രാത്രി അവരുടെ മുറിയില്‍നിന്ന് ഈണത്തിലുള്ള പ്രസംഗം കേട്ടിരുന്നെങ്കിലും
"വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ" മാത്രമെ അതിനെ കരുതുന്നുള്ളു. അങ്ങനെയിരിക്കെയാണ്‌ ആ വെള്ളിയാഴ്ച്ച എത്തുന്നത്‌.

തൊപ്പിവച്ച കൂട്ടരാണ്‌ മരം വെട്ടിയിട്ടത്‌ എന്ന വ്യക്തമായ്‌ ധ്വനിപ്പിച്ച ശേഷമാണ്‌ തണലും പ്രാണവായുവും തരുന്ന അതേ മരം കൊണ്ട്‌ തന്നെയാണല്ലോ കുരിശുകളും ഉണ്ടാക്കപ്പെടുന്നത്‌ എന്ന നെടുവീര്‍പ്പിലേയ്ക്ക്‌ കവിത സമാപിക്കുന്നത്‌.പൂണൂലും ചന്ദനക്കുറിയും അണിഞ്ഞു നടന്നിട്ടും നാരായണനോ, കൊന്തയും വെന്തിങ്ങയുമായി നടന്നിട്ടും അന്തോണിയോ താനിരിക്കുന്ന കൊമ്പു മുറിക്കുന്ന ഇത്തരം ഒരു വികല ദര്‍ശനത്തിലേയ്ക്ക്‌ വഴിതെറ്റി പോയില്ല.(അഥവാ അങ്ങനെ ഒരു സൂചനയും കവിത തരുന്നില്ല) അവിടെനിന്ന് തിരിച്ച്‌ വായിക്കുമ്പോള്‍ സദാ മതചിഹ്നങ്ങള്‍ അണിഞ്ഞ്‌ നടക്കുന്ന കടുത്ത വിശ്വാസികളായ നാരായണനില്‍നിന്നും, അന്തോണിയില്‍നിന്നും ഒക്കെ വ്യത്യസ്തമായ്‌ എന്തൊക്കെയോ ചില നീചസാന്നിദ്ധ്യങ്ങള്‍ ആ തൊപ്പിവച്ച ചെറുപ്പക്കാരില്‍(അവരുടെ വിശ്വാസത്തില്‍) ഉണ്ടായിരുന്നുവോ എന്ന ഒരു ശങ്കയ്ക്ക്‌ സ്വാഭാവികമായും ഇടമുണ്ടാവുന്നു.(നാരായണനും, അന്തോണിക്കും പേരുള്ളപ്പോള്‍ തൊപ്പിക്കാര്‍ എന്നത്‌ ഒരു സര്‍വ്വനാമമാണ്‌) ഇവിടെ അവര്‍ കേവലം വ്യക്തികള്‍ എന്ന നിലവിട്ട്‌ പ്രതീകങ്ങളായി മാറുന്നു. അല്ലെങ്കില്‍ അങ്ങനെ വായിക്കപ്പെടാനുള്ള നിലം ഒരുങ്ങുന്നു. കാവ്യഘടനയുടെ ഹൃദയഭാഗത്ത്‌ എടുത്തുമാറ്റാനാവത്ത വണ്ണം ഒട്ടിനില്‍ക്കുന്നതുകൊണ്ട്‌ തന്നെ നാരായണനും , അന്തോണിയും തുറന്നിടുന്ന വ്യാഖ്യാന സാധ്യതകള്‍ അവിടെനിന്ന് മുകളിലേയ്ക്കും, താഴോട്ടും, കവിതയുടെ ഓരോ ഞരമ്പിലും വന്നു നിറയുന്നുണ്ട്. ആ ഒരു പരിപ്രേക്ഷ്യത്തില്‍നിന്ന് കവിതയെ സമീപിക്കുന്ന വായനക്കാരന്‌ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ നിരന്തരമുള്ള പ്രചാരവേലകളിലൂടെ നമ്മുടെ സമൂഹമനസ്സിലേയ്ക്ക്‌ കുത്തിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ചില മുന്‍വിധികളെ അറിഞ്ഞോ അറിയാതെയോ 'ആ മര'വും പിന്‍പറ്റുന്നു എന്ന നിഗമനത്തിലെ എത്തിച്ചേരാനാവു.

ബിംബം, പ്രതീകം തുടങ്ങിയ സൂചകങ്ങളുടെ സ്വയം അപനിര്‍മ്മിക്കുന്ന കവിത പലപ്പൊഴും കവിയെ മറികടന്ന് സ്വതന്ത്ര സഞ്ചാരം നടത്തുന്നതു കാണാം.അത്‌ സൂചിപ്പിക്കുന്നത്‌ കവിത എന്ന മാധ്യമത്തിന്റെ ജൈവ സ്വഭാവത്തെയാണ്‌. അങ്ങനെ സചേതനമാവുന്ന കവിതയുടെ സഞ്ചാരങ്ങള്‍ അയാള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ച അനുഭവമണ്ഡലവും കടന്ന് കാല, ദേശ, ഭാഷാപരിധികളെയൊക്കെ ലംഘിച്ച് അനശ്വരതയൊളം പോയേക്കാം.അതുപോലെ, ചിലപ്പോഴെങ്കിലും കവി കാണാതെപോയ ചില പതിഞ്ഞ ധ്വനികളിലൂടെ പെരുകി പെരുകി അത് ഋണാത്മകമായ ചില ഇരുട്ടറകളിലെയ്ക്ക് വഴിതെറ്റി ചെന്നുകയറിയെന്നും വരാം . 'ആ മരം' എന്ന കവിത കവിയുടെ ഇച്ഛാശക്തിയെ മറികടന്ന് അത്തരം ഒരു അപഥ സഞ്ചാരം നടത്തുന്നുണ്ടെങ്കില്‍ അത്‌ കവി അറിയണം. പ്രതിലോമ ശക്തികളുടെ കൈയ്യില്‍ അത് ഒരു പ്രചരണ ആയുധമാകുന്നതില്‍നിന്ന് തടയണം.ചുരുങ്ങിയ പക്ഷം അത്തരം ഒരു വായനാ സാധ്യത തന്റെ ദര്‍ശനമായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനെങ്കിലും അതയാളെ സഹായിച്ചേക്കും.

6 comments:

വിശാഖ് ശങ്കര്‍ said...

ഈ കവിത വായിച്ച ഉടന്‍ ആവേശം അടങ്ങാതെ ഞാന്‍ കുഴൂരിന് അയച്ച മെയില്‍ ഇതാ,

എടാ..., ഇത് വായിക്കാന്‍ ഇരുപത് മണിക്കൂര്‍ വൈകിയല്ലോ...

ഇവിടെ ജി.മെയില്‍ കിട്ടുന്നത് ഇപ്പോള്‍ ദുബായില്‍ മഴപെയ്യുന്നതുപോലെയാണ്.

കണ്ണിനു ശേഷം നീ ഒരുപാട് നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്. പക്ഷെ അതുപോലെ തീ കൊളുത്തിയ ഒന്ന് അതിനുശേഷം പിന്നെ ഇതുതന്നെ.
വെട്ടിയിട്ട ആല്‍മരത്തിന്റെ ഇലകള്‍ പോലെ നീ ചിതറിച്ചുകളഞ്ഞ ഒരു വായനക്കാരന്റെ ഹൃദയം ഏതിലയില്‍ വാരിക്കൂട്ടി മറുകുറി അയക്കുമെടാ.....

ഇവിടെ ബ്ലോഗ്ഗ് നിരോധിച്ച വിവരം അറിഞ്ഞു കാണുമല്ലോ.., ഇല്ലെങ്കില്‍ ഈ കുറിപ്പ് ഞാന്‍ നിന്റെ ബ്ലോഗില്‍ തന്നെ ഇട്ടെനേ....

ഇതെനിക്ക് ഇഷ്ടപ്പെട്ട കവിതയല്ല വിത്സാ...,ഇത് എന്റെ കവിതയാണ്....,നീ എന്റെയാണ്.

വികടശിരോമണി said...

ഞാനാദ്യം ആ കവിത വായിച്ചപ്പൊഴേ ഇത്തരമൊരു സംഘപരിവാർ ടച്ച് തോന്നിയിരുന്നു.ആശയപരമായി അതു വ്യക്തമാക്കാനൊന്നും ആലോചിച്ചില്ല.വിശാഖിന്റെ ഈ പോസ്റ്റ് അതിനെ വ്യക്തമാക്കുന്നു.
പക്ഷേ,ആ കവിതക്കു മുന്നിൽ തൊപ്പിയൂരി സലാം പറയാതെ വയ്യ.

Mahi said...

ഉറപ്പായും വിശാഖ്‌ താങ്കള്‍ പറഞ്ഞത്‌ ഒരു കാര്യമാണ്‌.പ്രത്യേകിച്ചും ശകുനികള്‍ വിലസുന്ന ഈ കാലഘട്ടങ്ങളില്‍ ഇത്തരം മുന്‍സൂചനകളിലൂടെ താങ്കള്‍ വലിയൊരു കാര്യം തന്നെയാണ്‌ നിര്‍വഹിച്ചത്‌

Anonymous said...

മരങ്ങൾ തണലേകുന്നതു വഴിപോക്കരുടെ ജാതിമതരാഷ്ട്രീയം നോക്കിയല്ല.
തങ്ങൾ മരങ്ങളെപ്പോലെയാണു എന്നു തോന്നിപ്പിക്കാനാണല്ലോ “എക്സ്ക്ലൂസിവ്” സങ്ഘങ്ങളായ പാറ്ട്ടികൾ ബസ് വെയ്യ്റ്റിങ് ഷെൽട്ടറുകൾ ഉണ്ടാക്കിയതു.
.....
കാവിയുടുത്തവർ ആ തണലത്തിരിക്കാതിരിക്കാൻ
ആ മരം വെട്ടാം.ഈ മരം വെട്ടാം. പിന്നെ ആദികവിയുടെആ പൊട്ടക്കവിത- അതും ചുടാം, അല്ലേ?
നിങ്ങളീ പൊസ്സ്റ്റിട്ടത് കേരളത്തിൽ മതതീവ്രവാദം വളർന്നതെങ്ങനെ എന്നതിലേക്ക് ഒരു പോയറ്റിക് ഇൻസൈറ്റ് തരുന്നു.
കഷ്ടം!

Unknown said...

വിശാഖ് നന്നായിരിക്കുന്നു ഞാൻ കവിത വായിച്ചില്ലെ എന്തായാലും നോക്കാം

വിശാഖ് ശങ്കര്‍ said...

വികടനും മഹിക്കും അനൂപിനും നന്ദി.....

അനോണിയാണെങ്കിലും പറഞ്ഞത് ആത്മാര്‍ത്ഥമായാണെന്ന് തോന്നിയതു കൊണ്ട് മറുപടിയിടുന്നു.
ആ മരത്തിന്റെ തണലു പറ്റാവുന്നവര്‍ എന്ന തലക്കെട്ട് തരുന്ന സൂചന കാവിക്കാരിരിക്കുമെന്നതിനാല്‍ മുറിച്ചുമാറ്റപ്പെടേണ്ട ഒരു മരത്തെക്കുറിച്ചല്ല. മറിച്ച് ആ കവിതയെ തങ്ങളുടെ ദുഷ്പ്രചരണങ്ങള്‍ക്ക് തണലാക്കാവുന്ന ഒരു വിഭാഗത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. കാവിയും കൊന്തയും തൊപ്പിയുമായി ഒരു സമൂഹത്തെ വേര്‍തിരിക്കുകയും ആ വേര്‍തിരിവിന്റെ ഉത്തരവാദിത്തം (ധാര്‍മികവും അല്ലാത്തതുമായ) ഒരു വിഭാഗത്തിനുമേല്‍ മാത്രം കെട്ടിവെക്കുകയും ചെയ്യാനുള്ള ശ്രമങ്ങളെ ഈ കവിത ന്യായീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നതാണ് ഞാനിവിടെ കാണുന്ന അപകടം.

‘ആദികവിയുടെ പൊട്ടക്കവിത’യും ‘ആ മര’വുമായുള്ള ബന്ധം ‘ആമരാമരാമ..’ എന്നു വായിച്ചെടുത്ത ധിഷണയെ അംഗീകരിക്കാതെ വയ്യ..(:
രാമരാമത്വം ഉപയോഗിച്ചുകൊണ്ട് പൊളിക്കപ്പെട്ട ഒരു പള്ളിയുടെ കഥയും ഈ ബുദ്ധി നന്നായി വ്യാഖ്യാനിക്കുന്നുണ്ട്.

ഹൈന്ദവഗ്രന്ഥങ്ങള്‍ കത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ഒരു ഇതരമത സംഘടനയും എന്റെ ഓര്‍മയില്‍ ഇല്ല. (ഉണ്ടെങ്കില്‍ പറയൂ...)പക്ഷേ രാമജന്മഭൂമി മുതല്‍ ഒറീസ്സ വരെ നീളുന്ന നരനായാട്ടുകള്‍ താങ്കള്‍ സൂചിപ്പിച്ച കാവിയുടുത്തവരുടെ പ്രഖ്യാപിതനയങ്ങള്‍ തന്നെയായിരുന്നു... (ഗോള്‍വള്‍ക്കറുടെയും ഹെഡ്ഗേവാറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങളുടെയും പ്രസംഗങ്ങളുടെയുമൊക്കെ ലിങ്ക് നെറ്റില്‍ സുലഭമായിരിക്കെ ഞാന്‍ അത് തന്ന് മെനക്കെടേണ്ട കാര്യമില്ലല്ലൊ?)
മലേഗാവിലാണെങ്കില്‍ അത് നിയമവ്യവസ്ത്ഥ പുറത്ത് കൊണ്ട് വന്ന ഒരു ഗൂഡാലോചനയാണ്. ദേശീയസുരക്ഷയെ മുന്‍ നിര്‍ത്തി ലഭിച്ച പരിശീലനങ്ങളെ ഇത്തരം സംഘങ്ങളിലേക്ക് ചോര്‍ത്തിക്കൊടുക്കുവാന്‍ പോന്നത്ര ചോര്‍ച്ച ഇന്ത്യന്‍ ആര്‍മിയില്‍നിന്നുതന്നെ ഉണ്ടാവുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. പക്ഷേ നമ്മെ സംബന്ധിചേടത്തോളം ഇതൊന്നും തീവ്രവാദമോ ഭീകരവാദമോ അല്ല. മറിച്ച് അത് മുസ്ലിം നാമമോ ചിഹ്നമോ ധരിക്കുന്ന ‘തൊപ്പിക്കാരി‘ലേക്ക് മാത്രം ഒതുങ്ങുന്ന ഒന്നാണ്.

മതതീവ്രവാദത്തില്‍ മുസ്ലീങ്ങള്‍ക്കെന്ന് പ്രചരിപ്പിക്കപ്പെടുന്ന കുത്തകാവകാശം അംഗീകരിക്കാത്ത കാവ്യമോ കാവ്യേതരമോ ആയ ഉള്‍ക്കാഴ്ചകളെക്കുറിച്ചുള്ള നിങ്ങളുടെ ‘ഇന്‍സൈറ്റ്’ കൊള്ളാം...എനിക്കുമതേ പറയാനുള്ളൂ.

കഷ്ടം...

ഇവിടിതുവരെ