Thursday, August 28, 2008

അപനിര്‍മിതിയുടെ കാരശ്ശേരിപര്‍വം

എങ്ങനെ ഒരു വ്യക്തിയെ അപനിര്‍മിക്കാം...?
ആദ്യം ഇരയെ ഒരു പാഠത്തിലേക്ക്‌ ചുരുക്കണം. അതിനായി അയാളുടെ ജീവിതം എന്ന തുടര്‍ പാഠത്തില്‍ നിന്ന് ലക്ഷ്യവേധിയായി തോന്നുന്ന വരികളെ, വാക്കുകളെ, ഖണ്ഡങ്ങളെ അടര്‍ത്തിയെടുത്ത്‌ അവയില്‍ സ്വതന്ത്ര അസ്തിത്വം ആരോപിച്ച്‌ കൂട്ടിയിണക്കണം. അങ്ങനെ ഒരു ചതുരത്തിലേക്ക്‌ വ്യക്തിയെ ചുരുക്കി പാകപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ കശാപ്പിന്റെ ഊഴമായി. കോശങ്ങളും കശേരുക്കളും ഉള്‍പ്പെടെ നുറുക്കിയെടുത്ത വ്യക്തിയെ മുന്‍പെ തയ്യറാക്കിവച്ച പാത്രത്തില്‍ വിളമ്പി വിഭവത്തിനു ഒരു പേരും നല്‍കിക്കഴിഞ്ഞാല്‍ ചടങ്ങ്‌ പൂര്‍ണമായി.മാധവനും ആനന്ദും ഹിന്ദുവര്‍ഗീയവാദികളായി, ബഷീര്‍ ഇസ്ലാമിക വര്‍ഗീയവാദിയായി, കാരശ്ശേരി സംശയിക്കപ്പെടേണ്ട സര്‍വസമ്മതനുമായി.

അധികാരത്തിനായി സന്ധിയില്ലാസമരം നടത്തുന്ന, ഫാസിസ്റ്റ്‌ ചട്ടക്കൂടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മതേതര ജനാധിപത്യവാദിയായ ഓരോ സ്വതന്ത്രചിന്തകനും പ്രത്യക്ഷ ശത്രുപക്ഷങ്ങളേക്കാള്‍ വലിയ ഭീഷണിയാണ്‌.ശത്രുക്കള്‍ ഉയര്‍ത്തുന്ന വാദങ്ങളും, ആരോപണങ്ങളും അവരില്‍നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍ പോലും തങ്ങളുടെ പ്രവര്‍ത്തകരെ അനിവാര്യമായ ഒരു പ്രതിരോധത്തിലേയ്ക്ക്‌ ഒരുമിച്ച്‌ നിര്‍ത്തും എന്നതുകൊണ്ട്‌ ശത്രുക്കള്‍ ഇത്തരം ശക്തികളുടെ ഒരാവശ്യമാണ്‌.അങ്ങനെയൊരു ശത്രുപക്ഷം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍കൂടി സാങ്കല്‍പ്പികമായ ഒന്നിനെ അവര്‍ കല്‍പ്പിച്ചെടുത്ത്‌ ഒരു നിതാന്ത ഭീഷണിയായി മറുപക്ഷത്ത്‌ നിര്‍ത്തും.ഇന്ത്യയിലെ വര്‍ഗ്ഗീയ സംഘടനകളൊക്കെ തങ്ങളുടെ പക്ഷത്തേയ്ക്ക്‌ അണികളെ കൂട്ടുന്നത്‌ അത്തരം ചില അയഥാര്‍ത്ഥഭീഷണികളെ യാഥാര്‍ത്ഥ്യമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്‌.അതുകൊണ്ട്‌തന്നെ ഏതെങ്കിലും ഒരു മതത്തിനുള്ളില്‍ നിന്നുകൊണ്ട്‌ അതിന്റെ നവോദ്ധാനത്തിനായി പ്രയത്നിക്കുന്ന മനുഷ്യര്‍ ആ മതത്തിനു മാത്രമല്ല ഇതരമതങ്ങള്‍ക്കും അനഭിമതരായിരിക്കും.അത്തരം ബിംബങ്ങളെ തകര്‍ക്കാന്‍ അവര്‍ പരസ്പരം സഹവര്‍ത്തിക്കും.അതിനായി ഏത്‌ ഉത്തരാധുനികസങ്കേതത്തെയും ദുരുപയോഗപ്പെടുത്തും.

'സര്‍വസമ്മതന്മാരെ' സംശയിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്‌ മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലൂടെ ശ്രീ എ.എം ഷീനാസ്‌, ( http://yuvapaksham.blogspot.com/2008/06/blog-post_09.html ) എം എന്‍ കാരശ്ശേരി എന്ന 'സ്വതന്ത്ര ബുദ്ധിജീവി'യെ ഉടച്ച്‌ തനിക്കാവശ്യമുള്ള മറ്റൊന്നായി വാര്‍ത്തെടുക്കുന്നത്‌ അപനിര്‍മാണം എന്ന സങ്കെതം ഉപയോഗിച്ചാണ്‌.മലയാളിയുടെ പൊതുജീവിതത്തില്‍ സുപരിചിതനും സുസമ്മതനുമായ കാരശ്ശേരിമാഷെന്ന മതേതര ജനാധിപത്യവാദിയെ എടുത്തുപറയേണ്ട വൈദഗ്ധ്യത്തോടുകൂടി ഷിനാസ്‌ ഒരു ചതുരത്തിലേക്ക്‌ ഒതുക്കുന്നത്‌ ശ്രദ്ധിക്കുക. 'സങ്കീര്‍ണ്ണ സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പിടിതരാത്ത മനസ്സുള്ള, വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി.......' എന്ന ഷിനാസിന്റെ പുത്തന്‍ കാരശ്ശേരിനിര്‍വചനത്തിന്റെ ആദ്യഭാഗം വിരല്‍ചൂണ്ടുന്നത്‌ അദ്ദേഹം കൈകാര്യം ചെയ്ത സങ്കീര്‍ണസംഭവങ്ങളില്‍ പ്രഥമഗണനീയങ്ങളായ ചേകനൂര്‍ ഷാബാനു സംഭവങ്ങളിലേക്കാണ്‌. ചേകന്നൂര്‍ വധം 'മലയാളി മനസ്സാക്ഷിക്കു മുന്‍പില്‍ മറവിക്കു വിട്ടു കൊടുക്കാത്തവിധം നോവുന്ന ഒരു ചോദ്യ ചിഹ്നമായി വര്‍ഷങ്ങളോളം നിലനിര്‍ത്തുന്ന'തില്‍ കാരശ്ശേരിമാഷ്‌ വഹിച്ച പങ്ക്‌ ലേഖകന്‍തന്നെ അംഗീകരിക്കുന്നുണ്ട്‌.പക്ഷേ ഈ പങ്കിനെ പിന്നീട്‌ ലേഖകന്‍ അപനിര്‍മിക്കുന്നത്‌ 'ചേകന്നൂര്‍വധത്തിനുപിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നു പൊതുജനം സംശയിക്കുന്ന ശക്തികളുമായി സി.പി.എം പോലുള്ള രാഷ്ട്രീയപാര്‍ടികള്‍ നിര്‍ലജ്ജമായ വോട്ടുബാങ്ക്‌കൂട്ടുകെട്ടിന്‌ സമാരംഭം കുറിച്ചപ്പോള്‍ ', 'ചേകന്നൂര്‍ പ്രശ്നത്തില്‍ കാരശ്ശേരി പ്രദര്‍ശിപ്പിച്ച രചനാപരമായ രണോത്സുകത' കണ്ടില്ല എന്ന്‌ ആരോപിച്ചു കൊണ്ടാണ്‌. കാരശ്ശെരി എന്ന വ്യക്തിയുടെ സാമൂഹ്യജീവിതത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട്‌തന്നെ അവയെ അപ്രസക്തമാക്കാന്‍ ഷീനാസിന്‌ ഒരൊറ്റവാചകം മാത്രമേ വേണ്ടിവന്നുള്ളു എന്ന് പറഞ്ഞാല്‍ അത്‌ അദ്ദേഹത്തിന്റെ അദ്ധ്വാനത്തെ കുറച്ചുകാണലാവും. കാരണം പകലുപോലെ വ്യക്തമായ ഒരുപാട്‌ വസ്തുതകളെ തമസ്കരിക്കുക എന്ന അസാധ്യമായ കര്‍മ്മമാണ്‌ അദ്ദേഹത്തിന്‌ അഭിമുഖീകരിക്കാന്‍ ഉണ്ടായിരുന്നത്‌.ഇടതുപക്ഷത്തിന്റെ 'നിര്‍ലജ്ജമായ വോട്ട് ബാങ്ക്‌ കൂട്ടുകെട്ടുക'ളെക്കുറിച്ച്‌ കലാകൗമുദി വാരികയില്‍ എം. സഞ്ജീവനുമായുള്ള അഭിമുഖത്തില്‍ കാരശ്ശേരി പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക."കമ്മ്യൂണിസ്റ്റുകള്‍ വിചാരിക്കുന്നത്‌ ഒരു കമ്മ്യൂണലിസ്റ്റിനെ കമ്മ്യൂണിസ്റ്റ്‌ ആക്കാമെന്നാണ്‌.എന്നാല്‍ ലോകത്തൊരിടത്തും കമ്മ്യൂണലിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളായിട്ടില്ല.എന്നാല്‍, കമ്മ്യൂണലിസ്റ്റുകള്‍ സൗഹൃദത്തിലൂടെ കമ്മ്യൂണിസ്റ്റുകളെ കമ്മ്യൂണലിസ്റ്റുകളാക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌".
മേല്‍പ്പറഞ്ഞ ഉദ്ധരണി ഉള്‍പ്പെടുന്ന ആ അഭിമുഖം പ്രസിദ്ധീകരിച്ചുവന്നതോടെ സര്‍വ്വസമ്മതനായ കാരശ്ശേരിയെ ‘സര്‍വ്വാത്മനാ‘ സമ്മതിക്കുന്ന ഇടതുപക്ഷത്തിന്റെ മുഖപത്രത്തില്‍ ഇടതുബുദ്ധിജീവിയായ പി.കെ പോക്കര്‍ 'കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയുടെ കാരമുള്ളുകള്‍, അഥവാ ഭൂതാവേശിതര്‍ തീര്‍ക്കുന്ന വാരിക്കുഴികള്‍' എന്ന തലക്കെട്ടുള്ള കവര്‍സ്റ്റോറി രചിച്ചു.പ്രഖ്യാപിതഇടതുപക്ഷത്തിന്റെ വലതുപക്ഷവ്യതിയാനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വലതുപക്ഷആശയങ്ങളുടെ പ്രചരണത്തിനാവശ്യമായ രാഷ്ട്രീയസ്ഥലി ഒരുക്കുന്ന കപടഇടതന്‍ എന്ന് പരിഹസിച്ചു.ഇവിടെ കാരശ്ശേരി മതെതരവിരുദ്ധ സംഘടനകള്‍ക്കും ഇടതുപക്ഷത്തിനും ഒരുപോലെ വെറുക്കപ്പെട്ടവനായി തീരുന്നതു കാണാം.

കാരശ്ശേരി തങ്കാര്യത്തില്‍ മാത്രം രണോല്‍സുകനായ അവസരവാദിയാണെന്ന് സ്ഥാപിക്കാന്‍ എ.എം ഷീനാസ്‌ മുന്നോട്ട്‌വയ്ക്കുന്ന കാരണം അയാള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളുമായുള്ള ഇടതുപക്ഷത്തിന്റെ അവസരബാന്ധവത്തിന്‌ എതിര്‍വാക്കു മിണ്ടിയിട്ടില്ലെന്നതാണ്‌.ഇടതുപക്ഷത്തിനു അയാളോടുള്ള അകല്‍ച്ചയോ ,താല്‍ക്കാലികമായ പാര്‍ലമെന്ററിനേട്ടങ്ങള്‍ക്കായി മൗദൂദിസ്റ്റ്‌ സംഘടനകളുമായി പോലും ബന്ധമാവാം എന്ന പ്രായോഗികരാഷ്ട്രീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അവസരവാദത്തിന്‌ സൈദ്ധാന്തിക അടിത്തറ പണിയാന്‍ പാടുപെടുന്ന കെ.ഈ.എനെ പോലെയുള്ളവരെ വിമര്‍ശിച്ചതിന്റെ പേരിലും..!ആ നിലയ്ക്ക്‌ സര്‍വ്വസമ്മതരായ കാരശ്ശേരിയെ പോലുള്ളവരെ സംശയിക്കുക തന്നെ വേണ്ടേ..?ഒപ്പം ഷീനാസിനെ പോലുള്ള വസ്തുനിഷ്ഠമായി പത്രപ്രവര്‍ത്തനം നടത്തുന്നവരെ ശ്ലാഘിക്കുകയും വേണം.

നിര്‍വചനത്തിന്റെ രണ്ടാംഭാഗം 'വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം' എന്നതാണ്‌.തന്റെയീ വാദത്തെ സ്ഥാപിക്കുവാനായി വസ്തുനിഷ്ഠമായ തെളിവുകളൊന്നും മുന്നോട്ടുവെക്കാതെ വ്യക്തിനിഷ്ഠമായ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രമാണ്‌ ലേഖകന്‍. തൊഴിലില്‍നിന്ന് രാജി വെച്ചോ അല്ലാതെയോ ഒരാള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനങ്ങളെ ആ നിലയ്ക്കു മാത്രം ഋണാത്മകമായി കണക്കാക്കാനവുമോ? ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതിനു മുന്‍പെ പ്രസ്തുത മാധ്യമത്തില്‍ അയാള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി വിശകലനവിധേയമാക്കപ്പെടേണ്ടതല്ലെ? കൈരളിയും ദേശാഭിമാനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു എന്ന ഒറ്റകാരണം കൊണ്ട്‌ ഇടതുപക്ഷത്തിനു വന്നുപെട്ട അപചയങ്ങള്‍ക്ക്‌ എതിരെ കാരശ്ശേരി ശബ്ദിച്ചിരുന്നില്ല എന്നു നാളിതുവരെയുള്ള അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം മുന്‍നിര്‍ത്തി ഒരാള്‍ക്ക്‌ തെളിയിക്കാനാവുമോ? പ്രത്യക്ഷമായിത്തന്നെ അത്തരം ഒരു അയിത്തം ഈ മാധ്യമങ്ങള്‍ അര്‍ഹിക്കുന്നുവെങ്കില്‍ മതേതര ജനാധിപത്യ വാദിയായ ഒരെഴുത്തുകാരനു ആശയപ്രകാശനത്തിനായി തിരഞ്ഞെടുക്കാനാവുന്ന ഏതൊക്കെ മാധ്യമങ്ങളാണ്‌ ഇന്ന്‌ മലയാളത്തില്‍ ബാക്കിയുള്ളതെന്നു അയാള്‍ക്ക്‌ ഉപദേശിക്കാനാവുമൊ? കാരശ്ശേരിയുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ വസ്തുനിഷ്ഠമായ തെളിവുകളാണ്‌ വ്യത്യസ്ഥമാധ്യമങ്ങളില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും മറ്റു പരിപാടികളും. അവയുടെ ഘടനയെയും ഉള്ളടക്കത്തെയും പരിശോധിച്ച്‌ തന്റെ വാദങ്ങള്‍ക്ക്‌ തെളിവുകള്‍ കണ്ടെടുക്കാതെ കേവലമായ സാമാന്യവല്‍കരണത്തിലൂടെ ലേഖകന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരിയുടെ വ്യക്തിത്വം അയാളുടെ ഒരു അജണ്ട മാത്രമാണ്‌.വ്യക്തിത്വങ്ങളുടെ അപഗ്രഥനത്തില്‍ അപനിര്‍മാണം പോലുള്ള ഉത്തരാധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇത്തരം എഴുത്തുകാര്‍ ശ്രമിക്കുന്നത്‌ വ്യക്തിത്വത്തെ അത്‌ നിലനില്‍ക്കുന്ന തലത്തില്‍ വിശകലനം ചെയ്യുന്നതിനു പകരം മുന്‍ കൂര്‍ തയ്യാറാക്കപ്പെട്ട നിഗമനത്തിലേക്ക്‌ തിരുകിക്കയറ്റാന്‍ ആകുംവിധം അതിനെ പാകപ്പെടുത്താനാണ്‌.

വിസ്താരഭയം കൊണ്ട്‌ ശ്രീ കെ. പി സലാം വിട്ടു കളഞ്ഞതിനെ പൂരിപ്പിക്കാനിറങ്ങിയ ഷിനാസ്‌ 'ആശയതലത്തില്‍ ശക്തമായി എതിര്‍ക്കുന്ന ചിലരെ വ്യക്തിതലത്തില്‍ സുഖിപ്പിക്കാനുള്ള കാരശ്ശേരിയുടെ അസാധാരണമായ കഴിവിനെ' വിശദീകരിക്കുന്നത്‌ ബാലിശമായ ചില വാദങ്ങളിലൂടെയാണ്‌. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാംതന്നെ പ്രാപ്യമായിട്ടുള്ള ഒരാള്‍ തന്റെ ആശയപ്രകാശനത്തിനായി അല്ലെങ്കില്‍ സാംസ്കാരികപ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കാനായി ആദര്‍ശങ്ങളൊക്കെ ഇട്ടെറിഞ്ഞു എന്ന്‌ പ്രബോധനം പത്രത്തിലെ 'സ്നേഹസംവാദം' എന്ന ഒരു പംക്തിയിലെ പങ്കാളിത്തം മാത്രം അടിസ്ഥാനമാക്കി വായനക്കാരന്‍ വിശ്വസിക്കണോ? അതും സംവാദത്തിലെ പങ്കാളിയായ അബ്ദുറഹിമാന്‍ അയാളുടെ സതീര്‍ത്ഥ്യനായിരുന്നു എന്നിരിക്കെ. ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച്‌ ഒരേ വീക്ഷണം പങ്കുവയ്ക്കുന്ന രണ്ട്‌ പേര്‍ ചേര്‍ന്ന് ആ പ്രത്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതിനെയാണോ സംവാദം എന്നു വിളിക്കുന്നത്‌? മൗദൂദിസ്റ്റ്‌പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, ഒരുപിടി മനുഷ്യരെയെങ്കിലും അതിലേയ്ക്ക്‌ തെളിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനുമായി 'മുസ്ലിങ്ങളുടെ ഇടയില്‍ സാമാന്യം പച്ച പിടിച്ച ഒരേയൊരു പത്ര'ത്തില്‍ ഒരു സംവാദത്തിന്‌ വേദി ഒരുങ്ങിയാല്‍ മതേതരജനാധിപത്യവിശ്വാസിയായ ഒരു സാംസ്കാരികപ്രവര്‍ത്തകന്‍ അത്‌ ഏറ്റെടുക്കരുതായിരുന്നോ? അപനിര്‍മ്മിതിയുടെ പുതിയ നിഘണ്ടുവില്‍ സംവാദത്തിന്‌ സുഖിപ്പിക്കലെന്നൊ അര്‍ത്ഥം..!

'ചേന്നമംഗലൂരിലെ എഴുത്തുകാരെക്കുറിച്ച്‌ പറയുമ്പോള്‍ മതേതരവാദിയായ കാരശ്ശേരി ഉയര്‍ത്തിക്കാണിക്കുന്നത്‌ മതേതര വിരുദ്ധരായ ഒ അബ്ദുറഹ്മാനെയും ഒ അബ്ദുള്ളയെയുമാണ്‌' എന്നു പറയുന്ന ലേഖകന്‍ ഇതോടൊപ്പം പരാമര്‍ശിക്കപ്പെട്ട ഹമീദ്‌ ചേന്നമംഗലൂരിന്റെതുള്‍പ്പെടെയുള്ള മറ്റു ചില പേരുകള്‍ സൗകര്യപൂര്‍വം വിട്ടു കളയുന്നു. കാരശ്ശേരിക്ക്‌ മൗദൂദിസ്റ്റ്‌ പ്രത്യയശാസ്ത്രത്തോട്‌ എതിര്‍പ്പാണെന്നുള്ള കാര്യത്തില്‍ ലേഖകനു പോലും രണ്ടഭിപ്രായമില്ലെന്നിരിക്കെ, അദ്ദേഹം മൗദൂദിസ്റ്റ്‌ പാളയത്തിലേക്ക്‌ പാലം പണിഞ്ഞുവെന്നും ,അവരെ സുഖിപ്പിക്കുംവിധം ലേഖനങ്ങള്‍ എഴുതിയെന്നും മറ്റും ഉള്ള ആരോപണങ്ങള്‍ക്ക്‌ എന്തു സാധുതയാണുള്ളത്‌? പ്രബോധനത്തില്‍ പ്രസിദ്ധപ്പെടുത്തിയ സ്നേഹസംവാദത്തില്‍ നിന്നൊ വാരാദ്യ മാധ്യമത്തില്‍ അച്ചടിച്ചുവന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്നോ തന്റെ ആരോപണം തെളിയിക്കുവാന്‍ പോന്ന വിധത്തിലുള്ള ഒരു ഉദ്ധരണി പോലും കണ്ടെത്താന്‍ ഇതെഴുതിയ ആള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.ഒരു എഴുത്തുകാരന്റെ ഏതാനും ലേഖനങ്ങളോ കുറിപ്പുകളോ ഒരു പ്രത്യേക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതുകൊണ്ട്‌ അയാള്‍ ആ മാധ്യമതിന്റെ പ്രത്യയശാസ്ത്രം പങ്കുവയ്ക്കുന്നു എന്ന് ഉറപ്പിക്കാനാവുമോ? അങ്ങനെയെങ്കില്‍ ഓരോ മാധ്യമത്തിലും ഒരിക്കലെങ്കിലും എഴുതിയിട്ടുള്ള ഓരോ എഴുത്തുകാരനും അതാത്‌ മാധ്യമങ്ങളുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നു പറയേണ്ടതല്ലേ? 'വര്‍ത്തമാന'ത്തില്‍ ഒരു കുറിപ്പെങ്കിലും എഴുതിയിട്ടുള്ളവരൊക്കെ മുജാഹിദുകളല്ലെ?

ഷീനാസ്‌ തന്റെ ലേഖനത്തിലൂടെ എം. എന്‍ കാരശ്ശേരി എന്ന വ്യക്തിയെ അപനിര്‍മ്മിച്ചെടുക്കുന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളില്‍ നിന്നും എഴുത്തില്‍ നിന്നും തനിക്കാവശ്യമുള്ളവ മാത്രം അഴിച്ചെടുത്തും ബാക്കിയുള്ളവ മനപൂര്‍വ്വം വിട്ടുകളഞ്ഞും കൊണ്ടാണ്‌.അത്തരത്തില്‍ ആര്‍ക്കും ആരെയും എന്തുമാക്കി തീര്‍ക്കാവുന്നതാണ്‌.നമ്മുടെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഇത്തരം അപനിര്‍മ്മിതികള്‍ ഇപ്പൊള്‍ ധാരാളം നടക്കുന്നുമുണ്ട്‌.ഇതിന്റെ ഇരയാവുന്ന മനുഷ്യരെ അല്ല ഇത്തരം ശ്രമങ്ങളെയാണ്‌ നാം സംശയിക്കേണ്ടിയിരിക്കുന്നത്‌.

നാളിതുവരെയുള്ള സാഹിത്യ സാംസ്കാരിക ചരിത്രം ഭഞ്ജിക്കപ്പെട്ട വിഗ്രഹങ്ങളുടേത്‌ കൂടിയാണ്‌. പക്ഷേ കേരളീയസമൂഹം പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളൊന്നൊന്നായി അപ്രായോഗികമെന്നനിലയില്‍ കൈയൊഴിക്കപ്പെടുകയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലൊട്ടാകെ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു നാം വിശ്വസിച്ചിരുന്ന ജീര്‍ണതകള്‍ പൊതുജീവിതത്തെ തന്നെ ചോദ്യം ചെയ്യും വിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്‌,അത്തരം ജീര്‍ണ്ണതകള്‍ക്കെതിരേ യുക്തിഭദ്രമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിത്വങ്ങള്‍‍ക്കുനേരേ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്ന വ്യക്തിഹത്യകളുടെ തുടര്‍ച്ചയെ മുന്‍ കാലങ്ങളിലെപ്പോലെ സ്വാഭാവികമായി കാണാന്‍ കഴിയില്ല.മതേതര സ്വതന്ത്ര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന്‌ പൊതുസമൂഹം വിശ്വസിക്കുന്ന വ്യക്തിത്വങ്ങളെ അതാര്യവും യുക്തിരഹിതവുമായ വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരെ സഹായിക്കാനാണെന്നത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാണ്‌. അത്തരം ശ്രമങ്ങള്‍ക്കെതിരേ സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരുടെ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യവും.

12 comments:

വിശാഖ് ശങ്കര്‍ said...

ഏതാണ്ട് രണ്ടരമാസം മുന്‍പ് (ജൂണ്‍ 13,2008)സമകാലികമലയാളം വാരികയില്‍ ശ്രീ. എ. എം ഷിനാസ് എഴുതിയ ‘സര്‍വസമ്മതന്മാരെ സൂക്ഷിക്കുക’ എന്ന ലേഖനത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചതും ഇതിന് ഒരു മറുപടി എഴുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തിയതും ഒരു ബ്ലോഗര്‍ കൂടിയായ എന്റെ സുഹൃത്ത് ശ്രീ. സുനില്‍ സലാം ആണ്. അത് മലയാളം വാരികയില്‍തന്നെ പ്രസിദ്ധീകരിക്കുന്നത് ഗുണകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കുമെന്നു സുനില്‍ പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് ഈ ലേഖനം രണ്ടുമാസം മുന്‍പ് മലയാളം വാരികയ്ക്ക് അയച്ചു കൊടുത്തത്. സ്വാഭാവികമായും അത് അച്ചടിച്ചുവന്നില്ല എന്നു മാത്രമല്ല,അവരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായതുമില്ല. അല്പം വൈകിയെങ്കിലും ഇതിന്റെ കാലികപ്രസക്തി നഷ്ടമായിട്ടില്ലെന്നു വിശ്വസിക്കുന്നതിനാല്‍ നിങ്ങളുടെ പ്രതികരണങ്ങള്‍ കാത്ത് കൊണ്ട് ഇത് ഇവിടെ പോസ്റ്റുന്നു.....

മൂര്‍ത്തി said...

ലിങ്ക് ശരിയാക്കുമോ? രണ്ട് http കിടക്കുന്നു ഷീനാസ് ലേഖനത്തിന്റെ ലിങ്കില്‍.

വിശാഖ് ശങ്കര്‍ said...

മൂര്‍ത്തീ,
ഒരു ഭഗീരഥപ്രയത്നത്തിനൊടുവില്‍ ലിങ്ക് ശരിയാക്കിയിട്ടുണ്ട്.
അപാകത ചൂണ്ടിക്കാട്ടിയതിനു നന്ദി..

പച്ചപ്പായല്‍ said...

വിശാഖ്,
കാര്യങ്ങളെ വേറെ ചില രീതിയില്‍ നോക്കുമ്പോള്‍ വിശാഖ് പറയുന്ന പോലെയല്ല തോന്നുന്നത്. ഇതിനെ കേരളത്തിലെ ലിബറല്‍ മുസ്ലിംകള്‍ കാലങ്ങളായി എടുത്തുവരുന്ന നിലപാടുകളുകളുടെ വെളിച്ചത്തില്‍ നോക്കനം എന്നു തോന്നുന്നു.

വക്കം മൌലവി തൊട്ട് ഷിനാസ് വരെയുള്ളവര്‍, പൊതുവെ മുസ്ലിം‌ലീഗിന്റെ രാഷ്ട്രീയത്തോട് വിയോജിച്ചുകൊണ്ട് യാഥാസ്ഥിതിക മുസ്ലിം രീതികളോട് കലഹിക്കുന്നവരാണ്. പൊതുവെ കണ്ടിട്ടുള്ളത് ഇവരെല്ലാവരും ലീഗ് രാഷ്ടീയത്തിന്റെയും സുന്നിസത്തിന്റെയും വിമര്‍ശകരാണെന്നതാണ്. 80കളിലും 90കളിലും ജമാ അത്തെ ഇസ്ലാമിയുടെ ജിഹ്വകളായിട്ടുണ്ട് ഇവരില്‍ പലരും, അവരു മാത്രമല്ല, ഇടതുപക്ഷ സഹയാത്രികരായ ബുദ്ധിജീവികള്‍ പലരും സ്ഥിരമായി മൌദൂദിസ്റ്റുകളുടെ വേദി പങ്കിടാറുണ്ടായിരുന്നു, സന്തോഷപൂര്‍വ്വം. പില്‍ക്കാലങ്ങളില്‍, ജമായത്തെ ഇസ്ലാമിയുടെ രാഷ്ടീയ സാമൂഹിക നിലപാടുകളും ഇടപെടലുകളും കൂടുതല്‍ പച്ചയായി പുറത്തുവന്ന കാലത്താണ് പല ഇസ്ലാം ബുജികളും (പ്രയോഗം തെറ്റാണ്, എന്നാലും) മുജാഹിദ്ദീന്‍ കൂടക്കീഴിലേക്ക് ചുവടുമാറിയത്. മുജാഹിദ്ദീനാവട്ടെ, ജമായത്തിന്റെ പ്രചാരണത്തോടെ മുസ്ലികളുടെ ഇടയ്ക്കുള്ള സ്വാധീനം നഷ്ടപ്പെട്ടകൊട്ടിരിക്കുകയായിരുന്നു. ലിബറല്‍ മുസ്ലിംകളുടെ (പ്രത്യക്ഷത്തില്‍) മേലങ്കിയണിഞ്ഞ് ജമായത്തെ വിരോധവുമായിറങ്ങി കയ്യടി വാങ്ങിയ പലരുമുണ്ട് ഹിഡ്ഡന്‍‍ അജണ്ടക്കാരായി, വര്‍ത്തമാനത്തിന്റെ ഹാഫിസ് മുഹമ്മദും ഹമീദ് ചേന്ദമംഗലൂരും അക്കൂട്ടത്തില്‍പ്പെടും. ഹമീദിന്റെ ഹിഡ്ഡന്‍ മുജാഹിദ്ദീന്‍ അജണ്ട അത്ര വലിയ രഹസ്യമൊന്നുമല്ല ഇന്ന്. വിശാഖ് പറഞ്ഞ ഷീനാസിന്റെ ലേഖനം വായിക്കുമ്പോള്‍ ഹമീദിന്റെ മകനായ ഷീനാസിനും അത് വേണ്ടുവോളമുണ്ടെന്ന് തോന്നുന്നു. ഇനി കാരശ്ശേരിയെപ്പറ്റി: ആദ്യകാലം തൊട്ടെ കാരശ്ശേരി ആശയക്കുഴപ്പത്തിലായിരുന്നു എന്നു തോന്നുന്നു. പലപ്പളും ജമായത്ത് - മുജാഹിദ്ദീന്‍ ഇഷ്യുകളില്‍ കാരശ്ശേരിമാഷിന് ഒരു ഉരുണ്ടുകളിയുണ്ടായിരുന്നു. എന്നിരുന്നാലും മറ്റു ഇടപെടലുകളിലൂടെ ഒരു ബിദ്ധിജീവിയിടം പ്രത്യെകിച്ച് പ്രകടമായ ലേബലില്ലാതെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നു വേണം കരുതാന്‍. ഷിനാസിന്റെ ലേഖനത്തെ സമുദായപരമായ ഒരു ലേബലില്ലായ്മയെ വിമര്‍ശിക്കുന്നതായൊ അല്ലെങ്കില്‍ ഒരു മുജാഹിദ്ദീന്‍ അജണ്ടയുടെ പിന്‍പറ്റലായൊ കാണേണ്ടത് എന്ന കണ്‍ഫ്യൂഷന്‍ ആ ലേഖനം വായിച്ചപ്പോള്‍തന്നെ തോന്നിയിരുന്നു.

ടി.പി.വിനോദ് said...

എം എന്‍ കാരശ്ശേരിയുടെ സാംസ്ക്കാരിക ഇടപെടലുകളെക്കുറിച്ച് സമഗ്രമായ അറിവില്ലാത്തതുകൊണ്ട് ലേഖനത്തിലെ പരാമര്‍ശ വിഷയത്തെപ്പറ്റി അഭിപ്രായം പറയുന്നില്ല.

ഏതോ ചില ഗൂഢാലോചനകളുടെ ഭാഗമാണെന്ന് സംശയിച്ചുകൊണ്ടല്ലാതെ എഴുത്തുകാരും സാംസ്ക്കാരികപ്രവര്‍ത്തകരും അന്യോന്യം മനസ്സിലാക്കുന്നത് നമ്മുടെ നാട്ടില്‍ ഒരപൂര്‍വ്വ സംഗതി ആയിട്ടുണ്ടെന്ന് തോന്നുന്നു. ഇത് സര്‍ഗ്ഗാത്മക സംവാദങ്ങളുടെ സാധ്യതകളെയും സ്വാതന്ത്ര്യത്തെയും വല്ലാതെ കെടുത്തിക്കളയുന്നു.

Latheesh Mohan said...

ലാപുട,
അതിനു കയ്യടികള്‍. സാമ്പ്രദായിക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നമ്മുടെ ബോധത്തില്‍ കുത്തിവെച്ചതാണ്. സി ഐ എ സിന്‍ഡ്രോം. ഏതു മരത്തിനു പിന്നിലും ഗൂഢാലോചനകളെയാണ് നമ്മളിപ്പോള്‍ തിരയുന്നത്.

ഒരാളുടെ, ആശയങ്ങളെ രീതികളെ വിമര്‍ശിക്കാം. പക്ഷേ, ഏതു മാനദണ്ഡമുപയോഗിച്ചാണ് നമ്മളയാളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത്?

ടി.പി.വിനോദ് said...

ലതീഷേ, ‘സാമ്പ്രദായിക’ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കുറ്റത്തിന്റെ കോണി ചാരിവെച്ച് ഒരു സമീകരണത്തിലേക്ക് എളുപ്പത്തില്‍ കയറിപ്പോവുന്നതും ശരിയാണെന്ന് തോന്നുന്നില്ല..

Unknown said...

കാരശ്ശേരി ചേകനൂർ വിഷയത്തിൽ കാണിച്ച ഉത്സാഹം പിന്നീട് പല മനുഷ്യാവകാശ പ്രശ്നങ്ങളിലും കാണിച്ചതായി തോന്നുന്നില്ല. ചേകനൂരിനു വേണ്ടി നാഴികയ്ക്ക് നാപ്പതുവട്ടം ശബ്ദം മുഴക്കിയ ആൾ. ഒരു കാരണവുമില്ലാതെ കൊല്ലങ്ങളോളം വിചാരണ തടവുകാരനാക്കി അബ്ദുന്നാസർ മ‌അ്ദനി പീടിപ്പിക്കപ്പെട്ടപ്പോൾ ഒരക്ഷരവും മിണ്ടിക്കണ്ടില്ല. മനുഷ്യാവകാശം ചേകനൂരിന്റെയും മ‌അ്ദനിയുടെയും കാര്യത്തിൽ രണ്ടും രണ്ടാണോ?

shebi.... said...

ഷിനാസിന്റെ ലേഖനം ഒറ്റ വായനയിൽ തന്നെ വലിയ കഴമ്പുള്ള ഒന്നാണെന്ന് തോന്നിയിരുന്നില്ല. എങ്കിലും അതിൽ ഉന്നയിച്ച ആരോപണങ്ങളും ഉപോത്ബലകമായി തേടിപ്പിടിച്ചു കൊണ്ടുവന്ന തെളിവുകളും പിന്നീട്‌ ലേഖനത്തിൽ സമർത്ഥമായി മറച്ചുപിടിക്കുന്ന കാര്യങ്ങളെയും ഒരു കൗതുകത്തിനു വേണ്ടി ഒന്നു കൂട്ടി വായിച്ചു നോക്കി. സ്വാഭാവികമായും അതിൽ പറയുന്ന ആരോപണങ്ങൾക്കൊന്നും യാതൊരടിസ്ഥാനവുമില്ല എന്ന ധാരണ ഒന്നു കൂടി ബലപ്പെട്ടു. ഈ കാര്യങ്ങളിൽ ചിലത്‌ പറയുന്നത്‌ വിശാഖിന്റെ ലേഖനത്തിൽ പറയുന്ന ഇത്തരം അപനിർമാണങ്ങൾക്ക്‌ പിന്നിലെ ദുരൂഹത ബോധ്യമാവാൻ ഉപകരിക്കും എന്നു തോന്നുന്നു.

കാരശ്ശേരിക്കെതിരായ ലേഖനത്തിൽ ഷിനാസുന്നയിക്കുന്ന പൊതു യുക്തി എന്താണെന്നു വെച്ചാൽ കാരശ്ശേരി സർവ്വസമ്മതനാണ്‌; സർവ്വസമ്മതന്മാരെ സംശയിക്കണം എന്നതാണ്‌. കാരശ്ശേരിയുടെ സർവ്വ സമ്മതിയിൽ പ്രധാനമായും ഊന്നിപ്പറഞ്ഞത്‌ കേരളത്തിലെ സി.പി. എമ്മിന്റെ കാര്യമാണ്‌. വിശാഖ്‌ ചൂണ്ടിക്കാട്ടിയ പി.കെ. പോക്കറുടെ കാരശ്ശേരി വിമർശനലേഖനങ്ങൾ തന്നെ ഈ ആരോപണത്തിൽ ഒരു അടിസ്ഥാനവൂമില്ല എന്നതിന്‌ തെളിവാണ്‌. വിശദ വായനക്ക്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു.
ലേഖനങ്ങൾ


പിന്നീട്‌ പരാമർശിക്കപ്പെടുന്നത്‌ ജമഅത്തെ ഇസ്ലാമിയുടെ നേതാക്കന്മാരുമായുള്ള വ്യക്തി ബന്ധത്തിന്റെ കാര്യമാണ്‌. ഇവിടെ മനസ്സിലാവാത്ത ഒരു കാര്യം ഒരു സാമൂഹിക വ്യവഹാരത്തിന്റെ ഭാഗമായി ഏതു വ്യക്തിയും പിന്തുടരുന്ന സാധാരണ വ്യക്തി ബന്ധങ്ങൾ താൻ വിമർശിക്കുന്ന ആശയത്തിന്റെ ആളുകളെ സുഖിപ്പിക്കാനുള്ള തെളിവായി നിരത്തുന്നതിന്റെ യുക്തിയാണ്‌. ഒരാശയത്തെ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെ എതിർക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഒരെഴുത്തുകാരൻ എതിർപ്പക്ഷത്ത്‌ നിലകൊള്ളുന്ന നാട്ടുകാരെനെയോ സഹപാഠിയെയോ വഴിയിൽ വെച്ചു കാണുമ്പോൾ കുശലം പറയുന്നത്‌ പ്രീണനമായി കാണുക. മിണ്ടാതെപോയാലൊ അയാളെ അസഹിഷ്ണുവും പിന്തിരിപ്പനുമാക്കി മൂലക്കിരുത്തുക. ഈ ഒരു സൗകര്യമാണ്‌ ഈ വ്യക്തി ബന്ധങ്ങളുടെ കാര്യത്തിൽ ഷിനാസ്‌ ഉപയോഗിച്ചത്‌ എന്നത്‌ പറയാതിരിക്കാൻ നിവൃത്തിയില്ല.


ചേകനൂർ കേസിന്റെ പശ്ചാത്തലം.

ഷിനാസിന്റെ ലേഖനത്തിൽ ഉന്നയിച്ച പ്രധാന ചോദ്യം ചേകനൂർ മൗലവി പ്രശ്നത്തിലെടുത്ത രചനാപരമായ രണോത്സുകത ജമാഅത്തെ ഇസ്ലാമിയോടും സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തോടും എന്തുകൊണ്ട്‌ എം. എൻ കാരശ്ശേരി കൈകൊള്ളുന്നില്ല എന്നതാണ്‌.

സി.പി. എമ്മിനെയും ജമാത്തെ ഇസ്ലാമിയെയും കാരശ്ശേരി വിമർശിച്ചതിന്‌ അടുത്തിട വന്ന ആനുകാലികങ്ങൾ വിശാഖിന്റെ ലേഖനത്തിൽ സൂചിപ്പിച്ചു കഴിഞ്ഞു. ഇനി ജമാഅത്തെ ഇസ്ലാമിയുടെ കാര്യം പരിശോധിക്കാം. ജമാത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയത്തോടും മത രാഷ്ട്ര വാദത്തോടും നിരന്തരമായി കലഹിക്കുകയും അതിന്റെ അപകടങ്ങളെ കേരളീയ മതേതര സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരികയും ചെയ്ത എഴുത്തുകാരാണ്‌ ശ്രീ ഹമീദ്‌ ചേന്നമംഗലുരും എം. എൻ. കാരശ്ശേരിയും. മറ്റൊരു എഴുത്തുകാരും ഈ പ്രശ്നത്തിൽ നിരന്തരമായും ഗൗരവമായും ഇത്തരത്തിലൊരു നിലപാട്‌ തുടർന്നു പോന്നതായി തോന്നുന്നില്ല. കാരശ്ശേരിയുടെ ജമാഅത്ത്‌ വിമർശനത്തിന്‌ എത്രവേണമെങ്കിലും തെളിവുകളാജറാക്കാം. ഓർമ്മയിലുള്ള ചിലത്‌, ഇസ്ലാമിക രാഷ്ട്രീയവും മുസ്ലിം രാഷ്ട്രീയവും (പച്ചക്കുതിര ഇസ്ലാം , മുസ്ലിം സ്പെഷ്യൽ ഇഷ്യു, കലാ കൗമുദി ഇന്റർവ്യൂ). മറ്റ്‌ ഒട്ടനവധി ലേഖനങ്ങളും പ്രസംഗങ്ങളും ടെലിവിഷൻ പരിപാടികളും സംവാദങ്ങളും. ഇതെല്ലാം അംഗീകരിച്ചു കൊണ്ട്‌ തന്നെ ഷിനാസ്‌ ചോദിക്കുന്നത്‌ ചേകനൂർ കേസിൽ കൈക്കൊണ്ട രണോത്സുകതയുടെ അളവ്‌ മാർക്ക്സിസ്റ്റ്‌ വിമർശനത്തിൽ കുറഞ്ഞുപോയതാണ്‌.

ഇതിൽ പറയാനുള്ളത്‌ രണ്ട്‌ കാര്യങ്ങളാണ്‌. അതിലൊന്ന് ചേകനൂർ മൗലവി കേസും മാർക്ക്സിസ്റ്റ്‌ വിമർശവും തമ്മിൽ ഒരു ഇഷ്യു ആവശ്യപ്പെടുന്ന ഇൻവോൾമെന്റിന്റെ അളവിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്‌ എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. കാരണം , സാമ്പ്രദായിക ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ യുക്തിയെയും പൊള്ളത്തരങ്ങളെയും ഖുറാന്റെ സ്വാഭാവിക വ്യാഖ്യാനങ്ങൾക്ക്‌ പകരം പുതിയ വ്യാഖ്യാനങ്ങളുടെ പിൻബലത്തോടെ വിമർശിച്ച ആളായിരുന്നു ചേകനൂർ മൗലവി. അദ്ദേഹത്തിന്റെ പുതിയ വാദഗതികൾക്ക്‌ യുവാക്കളടക്കമുള്ള ചെറിയൊരു പറ്റത്തിന്‌ ആഭിമുഖ്യം തോന്നിത്തുടങ്ങിയ ഒരു സമയത്താണ്‌ പെട്ടെന്ന് അദ്ദേഹം ഭൂമുഖത്ത്‌ നിന്ന് അപ്രത്യക്ഷമാകുന്നത്‌. പിന്നീട്‌ നമ്മൾ കണ്ടത്‌ കേരളത്തിന്റെ സാംസ്കാരിക പൗരാവകാശ മണ്ഡലത്തിന്റെ അതിഭീകരമായ നിശബ്ദതയായിരുന്നു. ആറു മാസത്തോളം ഒരു ചെറിയ ലേഖനം പോലും ഒരു മുഖ്യധാരാ മാധ്യമത്തിലും വന്നില്ല. പിന്നിട്‌ ആദ്യമായി വന്ന ലേഖനം പോലൂം കൃത്യമായ എഡിറ്റിങ്ങിനു വിധേയമായിട്ടാണ്‌ വന്നത്‌ എന്നാണറിയാൻ കഴിഞ്ഞത്‌. ഇതിന്റെ കാരണം വ്യക്തമാണ്‌. ചേകനൂർ മൗലവി വധിക്കപ്പെടുന്നത്‌ കൃത്യമായ ഒരു മതവിധിയുടെ അടിസ്ഥാനത്തിലായിരുന്നു. (ഇസ്ലാം മതത്തിൽ നിന്ന് പുറത്ത്‌ പോകുന്ന ആളെ(മുർത്തദ്ദ്‌) കൊന്നുകളയേണ്ടത്‌ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്‌ എന്ന നിയമം). ഇതിനെ ആധുനിക സമൂഹത്തിന്റെ മുമ്പിൽ ചില കപടവ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ മയപ്പെടുത്തി പറയുമെങ്കിലും എല്ലാ മുഖ്യധാരാ ഇസ്ലാമിക സംഘടനകളും അടിസ്ഥാനപരമായി ഇതംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ വലിയ ഒരു വോട്ടു ബേങ്കുള്ള ഈ സമൂഹത്തെ പിണക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുകയില്ല. ഇഷ്യു എത്രമാത്രം പ്രാധാന്യമുള്ളതായാലും വെറും വിരലിലെണ്ണാവുന്ന നിർദ്ദോഷകരമായ പ്രതികരണങ്ങൾ മാത്രമാണ്‌ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്ന് ഉണ്ടായത്‌. ഈ ഒരു സമയത്താണ്‌ നിരന്തരം ഈ വിഷയത്തിൽ ഇടപെടുകയും ഇഷ്യു കേരള ചരിത്രത്തിലെ വലിയൊരു പൗരാവകാശ പോരാട്ടമാക്കി മാറ്റുകയും ചെയ്ത കാരശ്ശേരി മാഷുടെ പ്രസക്തി. ബി.ജെ.പി അടക്കമുള്ള എല്ലാ രാഷ്ട്രിയക്കക്ഷികളും കോമ്പ്രൈമൈസ്‌ ചെയ്ത, എല്ലാ മുസ്ലിം സംഘടനകളും എതിർപ്പക്ഷത്ത്‌ നിലയുറപ്പിച്ച ഒരു സാഹചര്യത്തിൽ ആ ഇഷ്യു ഏറ്റെടുത്ത്‌ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തത്‌ ഏത്‌ സർവ്വസമ്മതിക്ക്‌ വേണ്ടിയായിരുന്നു?.

ഇന്ന് മാർക്ക്സിസ്റ്റ്‌ പാർട്ടിയുടെ പ്രീണന രാഷ്ട്രീയത്തെയും വലതുപക്ഷ വ്യതിയാനത്തെയും വിമർശിക്കുന്ന ഒരു വലിയ നിരതന്നെയുണ്ട്‌. അതുപോലെ ജമാഅത്തെ ഇസ്ലാമിയുടെതടക്കമുള്ള മത വർഗ്ഗീയ രാഷ്ട്രീയത്തെയും എതിർക്കുന്ന ഒട്ടേറെ ബുദ്ധിജീവികളും എഴുത്തുകാരും ഉണ്ട്‌. ഇവർ ഇത്തരം പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ തന്റെ ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞതിന്റെ പേരിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ചേകനൂർ മൗലവിക്ക്‌ വേണ്ടിയോ. അതിന്‌ കാരണമായ അങ്ങേ അറ്റം മനുഷ്യത്വ വിരുദ്ധവും അപകടകരവുമായ മതവിധിക്കെതിരെ ശബ്ദിക്കുന്ന കാര്യത്തിലോ തികഞ്ഞ നിസ്സംഗതയാണ്‌ അന്ന് ഇപ്പറഞ്ഞ എഴുത്തുകാരോ ബുദ്ധിജീവികളോ കാണിച്ചത്‌(ചില ലേഖനത്തിലെ നാമമാത്ര പരാമർശങ്ങൾ ഒഴിച്ചു നിർത്തിയാൽ). ഈ സമയത്ത്‌ ചോദിക്കാനുള്ളത്‌ ഷിനാസ്‌ ചോദിച്ചതിന്റെ മറുചോദ്യമാണ്‌. മാക്സിസ്റ്റ്‌ വിമർശനത്തിൽ കാണിക്കുന്ന രണോത്സുകത ചേകനൂർ പ്രശ്നത്തിൽ എന്തുകൊണ്ട്‌ ഇവരാരും ഏടുത്തു കണ്ടില്ല?.

ഇനി രണ്ടാമത്തെക്കാര്യം, ഒരു പ്രശ്നത്തിൽ ഒരാൾ ശക്തമായ നിലപാട്‌ കൈക്കൊള്ളുകയും അത്‌ കേരളീയ മനുഷ്യാവകാശ പ്രവർത്തകരുടെ വളരെ വലിയ പോരാട്ടമാക്കി മാറ്റുകയും ചെയ്തതുകൊണ്ട്‌ (പരമ്പാരാഗത മതാനുഷ്ഠാനങ്ങളെയും നിയമങ്ങളെയും വിമർശിച്ചതിന്റെ പേരിൽ മൃതദേഹം പോലും കിട്ടാത്ത രീതിയിൽ നാമാവശേഷമാക്കിയ ഒരു പാവം മൗലവിക്കു വേണ്ടി ആരും ശബ്ദിക്കാനില്ലാത്ത സാഹചര്യത്തിൽ) അതേ അളവിലും രൂപത്തിലും മറ്റ്‌ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളിലും അയാൾ ഇടപെടണം എന്നു ശഠിക്കുന്നത്‌ എന്ത്‌ ന്യായമാണ്‌? ഈ ഒരൂ കാരണം കൊണ്ട്‌ സംശയത്തിന്റെ നിഴലിൽ നിർത്തി കശാപ്പ്‌ ചെയ്യുകയും എന്നിട്ട്‌ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ ക്രെഡിബിലിറ്റിയെ ഇല്ലാതാക്കുകയും ചെയ്യുന്നത്‌ പ്രത്യക്ഷത്തിൽ ആരെ സഹായിക്കാനാണ്‌ എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാവും.

ഇനി ഷാബാനൂ കേസിന്റെയും ശരീഅത്ത്‌ വിമർശനത്തിന്റെയും കാര്യം എടുത്തു നോക്കാം. മുസ്ലിം സ്ത്രീ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട്‌ എഴുതിയ ഉമ്മമാർക്കു വേണ്ടി ഒരു സങ്കട ഹരജി മുതൽ ഒട്ടേറെ ലേഖനങ്ങൾ കാരശ്ശേരിയുടെതായിട്ട്‌ ഈ പ്രശ്നങ്ങളിൽ വന്നിട്ടുണ്ട്‌. ശരീഅത്ത്‌ വിമർശനത്തിന്റെ അടിസ്ഥാനമെന്താണെന്നു വച്ചാൽ എല്ലാ മത നിയമങ്ങളും കാലത്തിനും ദേശത്തിനും അനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ്‌ എന്ന വാദമാണ്‌. എന്നാൽ ശരീഅത്ത്‌ നിയമങ്ങൾ ദൈവത്തിന്റെതാണെന്നും അത്‌ എല്ലാ കാലത്തേക്കുമുള്ളതാണന്നും അതുകൊണ്ടു തന്നെ അത്‌ മാറ്റാനോ വിമർശിക്കാനോ മനുഷ്യർക്ക്‌ അധികാരമില്ല എന്നതാണ്‌ എല്ലാ മുസ്ലിം സംഘടനകളുടെയും വാദം. അപ്പോൾ മുസ്ലിം സംഘടനകൾക്ക്‌ കാരശ്ശേരി സമ്മതനാവാൻ നിർവ്വാഹമില്ല.

ഇത്രയും കാര്യങ്ങൾ പരിഗണിക്കുമ്പോൾ വിശാഖ്‌ സൂചിപ്പിച്ചപോലെ ഈ അപനിർമ്മാണത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതു തന്നെ.


പച്ചപ്പായലിന്റെ കമന്റിൽ, മുജാഹിദ്‌ ജമാഅത്ത്‌ ഇഷ്യുവിൽ മുമ്പേ ചില ഉരുണ്ടുകളികൾ കാരശ്ശേരിക്ക്‌ ഉണ്ടായി എന്ന് പറഞ്ഞു കണ്ടു. എന്നാൽ ഇതെന്താണെന്ന് അദ്ദേഹം വ്യക്തമാക്കി കണ്ടില്ല. ഞാൻ വിചാരിക്കുന്നത്‌ ലീഗ്‌ മുജാഹിദ്‌ സംഘടനകളും പറയുന്ന മുസ്ലിം രാഷ്ട്രീയത്തെ എതിർക്കുന്ന കാര്യത്തിൽ ജമാഅത്തെ ഇസ്ലാമിയും മറ്റ്‌ മൗദൂദി ആശയ സംഘടനകളും മുന്നോട്ടുവെക്കുന്ന ഇസ്ലാമിക രാഷ്ട്രീയത്തെ എതിർക്കുന്ന രീതിയിലുള്ള ജാഗ്രത അദ്ദേഹം കാണിക്കുന്നില്ല എന്നതായിരിക്കാം. ഇതിനുള്ള ഉത്തരം ഇതാണ്‌. പൂർണ്ണമായി ഇസ്ലാമിക ശരീഅത്ത്‌ നിയമങ്ങൾ നടപ്പാക്കുന്ന ഇസ്ലാമിക മത രാഷ്ട്രം സ്ഥാപിക്കുന്നത്‌ അന്തിമ ലക്ഷ്യമായി കാണുന്നതാണ്‌ ഇസ്ലാമികരാഷ്ട്രീയം. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഭരണഘടന അനുശാസിക്കുന്ന അവകാശം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതാണ്‌ മുസ്ലിം ലീഗ്‌ മുന്നോട്ടുവെക്കുന്ന മുസ്ലിം രാഷ്ട്രീയം. ഈ രീതിയിൽ ന്യൂനപക്ഷം എന്ന നിലക്ക്‌ അവകാശ സംരക്ഷണത്തിനു വേണ്ടി മതത്തിന്റെയും ജാതിയുടെയോ ഒക്കെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സംഘടനകൾ കേരളത്തിലുണ്ട്‌. ഇതിനും പ്രശ്നങ്ങളുണ്ട്‌ എന്നത്‌ ശരിതന്നെ പക്ഷേ മതരാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ആശയത്തെയും സ്വന്തം സമുദായത്തിനുവേണ്ടി നിലകൊള്ളുന്ന സാമുദായിക സംഘടനകളുടെ രാഷ്ട്രീയത്തെയും ഒരേ തൊഴുത്തിൽ കെട്ടുന്നത്‌ ശരിയല്ല. ഇത്‌ മറ്റേതിന്റെ ഗൗരവത്തെ കുറക്കാനേ ഉപകരിക്കുകയുള്ളൂ.

നാരായം said...
This comment has been removed by the author.
നാരായം said...

മലയാളം വാരികയിലെ ലേഖനം എന്ന പോലെ ഇതും വൈകി തന്നെയാണ്‌ കണ്ടത് കാരശ്ശേരി വിഷയത്തില്‍ ഈയുള്ളവനുള്ള അഭിപ്രായം
തീര്‍ച്ചയായും വിശാഖിന്റെ അഭിപ്രായത്തോട് യോജിക്കുന്നത് തന്നെയാണ്‌. അതേ സമയം തന്നെ മതം എന്ന കള്ളച്ചരക്കിനെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ ഭയക്കുന്നത് ആണ്‌ ഏറ്റവും നിന്ദ്യമായ കാര്യം. ചേകന്നൂര്‍ മൗലവി ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് ഭാരതത്തിനു പുറമേ പാക്കിസ്ഥാനിലും അനുയായികളെ ലഭിച്ചിരുന്നു. സത്യത്തില്‍ മൗലവി മതത്തിന്റെ അകത്ത് നിന്ന് അതിനെ നന്നാക്കാന്‍ ശ്രമിച്ചു. സത്യത്തില്‍ മതം അല്ല മതത്തിന്റെ അനുയായികള്‍ ആണ്‌ നന്നാവാത്തത് അതൊരിക്കലും ഒട്ടു നന്നാവാനും സദ്ധ്യത ഇല്ല അത് മനസ്സിലാക്കാതെ ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പിയ മൗലവിയുടെ ജീവന്‍ നഷ്ടമായ്. അതുപോലെ തന്നെ കാരശ്ശേരിമാഷോ ഞാനോ മറ്റാരുമോ മതം എന്ന കള്ളത്തരത്തിനെതിരെ ഈ നാട്ടില്‍ നിന്ന് യുദ്ധം ചെയ്താല്‍ നിര്‍ദ്ധാക്ഷിണ്യം കൊന്നുകളയും എന്നു മാത്രമല്ല ശവം പോലും കിട്ടില്ല. ഈ ഞെളിഞ്ഞിരുന്നു മുഹമ്മദിന്റെ സഹനവും കാരുണ്യവും ഒക്കെ പറയുന്ന മച്ചാന്‍മാരും, അച്ചന്മാരും സ്വാമിമാരും അവരുടെ ശിഷ്യന്മാരുമായിരിക്കും നമ്മെ കൊല്ല്ലുന്നത് അതിനെതിരെ ഇടതുപക്ഷം ഉള്‍പ്പടെയുള്ള അധികാരകൊതിമൂത്ത ഒരു രാഷ്ട്രീയകഷിയും ചെറുവിരലനക്കില്ല എന്നു മാത്രമല്ല പ്രതികളെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ ഡല്‍ഹിയില്‍ വരെ വിളിച്ച് മുക്കികളയും അത് ചേകന്നൂരാണെങ്കിലും അഭയയാണെങ്കിലും ഒക്കെ നടക്കും കാരണം സംഘടിത മതങ്ങളുടെ തീട്ടം തിന്നു വളര്‍ന്ന രാഷ്ട്രീയക്കാരെന്ന പട്ടികള്‍കള്‍ക്കുണ്ടോ ഊച്ചിന്റെ വാട അറിയുന്നു


. അറേബ്യയിലെ ഒരു ഗോത്രവര്‍ഗ്ഗത്തിനു വേണ്ടി നിലകൊണ്ട,സാധാരണ എതൊരു അധികാരിയെയും പോലെ യുദ്ധം ചെയ്ത.തന്റെ ഭാര്യമാരിലൊരാളെ മറ്റൊരുത്തന്‍ നോക്കുന്നത് കണ്ടപ്പോള്‍ പര്‍ദ്ദയിടാന്‍ നിര്‍ദ്ദേശിച്ച മുഹമ്മദ് നബിയും, അദ്ദേഹത്തിന്റെ ആശയങ്ങളും വസ്ത്രധാരണ ജീവിത നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ എല്ലാ നാട്ടിനും ചേരും എന്നു പറഞ്ഞു നാട്ടില്‍ മുഴുവന്‍ ചര്‍ച്ചകള്‍ക്ക് നടക്കുന്ന എം എം അക്ബര്‍ എന്ന പ്രാന്തനുണ്ട് അയാളുടെ ഒരു സം‌വാദത്തിനു പ്രിയ കാരശ്ശേരിമാഷ് മദ്ധ്യസ്ഥനായിരിക്കുന്നത് കണ്ടിരുന്നു. അപ്പോള്‍ മാഷിനോട് മനസ്സില്‍ കഷ്ടം തോന്നിയിരുന്നു എങ്കിലും മാഷും അല്പ്പം ഭയക്കണം കാരണം ആരെന്തുപറഞ്ഞാലും മതം കള്ളമാണെന്നുമാത്രം (അതുമനസ്സിലായെങ്കില്‍) പറയരത്. പകരം അതിന്റെ തണലില്‍ നിന്ന് തന്നെ അതിന്റെ മോശം വശങ്ങളെ എതിര്‍ക്കുക. അത്ര നല്ല കാര്യമല്ല എങ്കിലും അതല്ലാതെ മറ്റൊരു വഴിയും തല്‍ക്കാലം നമുക്ക് മുന്നിലില്ല. പിന്നെ മതേതര വാദി എന്ന വിളി അത് കണക്കാക്കണ്ട ഇ എം എസ് ആശാനു മുസ്ലിം ലീഗെന്ന മത പാര്‍ട്ടിയെ മതേതരമാക്കി കൂടെ നിര്‍ത്താമെങ്കില്‍ ഇനിയീനാട്ടില്‍ മതവാദികളായുള്ള ആര്‍ക്കും മതേതര വാദികളാവാം. ആ ഭയം വേണ്ട.

എനിക്ക് തോന്നുന്നു മതേതരവാദികളില്‍ നട്ടെല്ലുള്ളൊരാള്‍ ജോസഫ് ഇടമറുകായിരുന്നു.‍ കാരണം അദ്ദേഹം പെരുമാറിയതു പോലെ മതത്തിന്റെ പൊള്ളത്തരങ്ങള്‍ക്കെതിരെ മറ്റാരും ഒന്നും പറഞ്ഞില്ല. ഇനി രസകരമായ ഒരു കണക്കു കാണുക അദ്ദേഹം ഈ മതങ്ങളും അതിന്റെ പ്രവാചകന്മാരും ജനിച്ചിട്ടു തന്നെയില്ല എന്നു തെളിവു നിരത്തി സ്ഥാപിച്ചിട്ടുണ്ട് കൃസ്തുവിനെതിരെ എഴുതിയതും അപ്രകാരം. ഇതൊക്കെ വെറും നാടോടിക്കഥയാണെന്ന്‍ ഒക്കെ നമുക്കും ഏകദേശമെങ്കിലും മനസ്സിലാക്കാവുന്നതാണല്ലൊ.'ഭഗവത് ഗീത ഒരു വിമര്ശ്ശന പഠനം' എന്ന കൃതിക്ക് മറുപടി പുസ്തകങ്ങള്‍ ഒന്നുമില്ലായിരുന്നു. ബൈബിള്‍ വിമര്‍ശനത്തിനതിരെ രണ്ട് പുസ്തകങ്ങള്‍. ഖുര്‍- ആന്‍ ഒരു വിമര്ശ്ശന പഠനം ഒപ്പം അഹമ്മദീയ തുടങ്ങി മുസ്ലീം മതത്തിനെ പറ്റിയുള്ള പഠനത്തിനെതിരെ എഴുതിയതിനു പകരം 27 പുസ്തകങ്ങള്‍. ആനന്ദിന്റെ വേട്ടക്കാരും വിരുന്നുകാരും എന്ന പുസ്തകത്തിനെതിരെ മറുപടിയായ് ഒരു വിദ്വാന്‍ 'വിരുന്നുകാരും വേട്ടക്കാരും' എന്ന മറു പുസ്തകമെഴുതി ആ പുസ്തകത്തില്‍ തന്നെ അയാള്‍ ബോധപൂര്‍വ്വം ആനന്ദിനു കത്തുകളയച്ച് അതൊക്കെ പുസ്തകത്തിലെ ലേഖനങ്ങളെ കുടുക്കാനുള്ള മറയാക്കിയിരുന്നു. അപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് കാരശ്ശേരിമാഷ് മതഭ്രാന്തനായ എം എം അക്ബറെപ്പോലെ യുള്ളവരുടെ കൂടെ അതിന്റെ മദ്ധ്യസ്ഥത വഹിക്കുന്നത് അത്ര സുഖകരമായിരിക്കില്ല. കാരണം ഉലകിലൊരാനയിലന്ധരെന്നപോലെ.....
പലവിധയുക്തിപറഞ്ഞു പാമരന്മാ
രലവതുകണ്ടലയാതമര്‍ന്നിടേണം എന്ന വരികള്‍ ഓര്‍ക്കുക.
ഈ അക്ബര്‍ പണിതുടങ്ങിയിട്ട് വര്‍ഷം ഒത്തിരിയായ് 'ഒരുമതവും പൊരുതാലൊടുങ്ങുവില്ല...എന്ന് ഒത്തിരി സ്റ്റേജുകളില്‍ അടിയും നടത്തി നടക്കുന്ന, എന്നിട്ടും അതില്‍നിന്നുമൊന്നും ഈ നാട്ടിനും ആ മതത്തിനും യാതൊരു ഗുണവുമുണ്ടായില്ല എന്നു തിരിച്ചറിയാത്ത. പകരം പരസ്പര സ്പര്‍ദ്ധ കൂടിയിട്ടുമുണ്ട് എന്നു തിരിച്ചറിഞ്ഞ മാഷേങ്കിലും ഇനി ഇത്തരം പണിക്ക് പോവരുത് അത് കൊണ്ട് കാരശ്ശേരിമാഷിനെതിരെയുള്ള എഴുത്തിനെ പിന്താങ്ങുന്നതനൊപ്പം മാഷീ മതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ ഒന്നു തിരിച്ചറിയണം അത് ജനങ്ങളുമായ് കൈമാറുകയും വേണം

'ഒരുമതമന്യനു നിന്ദ്യമല്ലൊന്നിലോതും കരു
അപരന്റെ കണക്കിന്നൂനമാകും'

പരമതവാദിയിതോര്‍ത്തിടാതെപാഴെ
പൊരുതുപൊലിഞ്ഞിടുമെന്നതോര്‍മ്മവേണം

വിശാഖ് ശങ്കര്‍ said...

കാരശ്ശേരിമാഷിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഒരു അപഗ്രഥനം എന്നതായിരുന്നില്ല ഈ പോസ്റ്റിന്റെ മൂലലക്ഷ്യം. മറിച്ച് ഷിനാസിനെപ്പോലുള്ള പുത്തനെഴുത്തുകാര്‍ വിഗ്രഹഭഞ്ജനമെന്ന പേരില്‍ നടത്തുന്ന അപനിര്‍മാണങ്ങളിലെ അസംബന്ധം പുറത്ത് കൊണ്ട് വരിക എന്നത് മാത്രമായിരുന്നു.അത് വസ്തുതകള്‍ നിരത്തി തന്നെയാണ് ചെയ്തതെന്നണ് ഞാന്‍ വിശ്വസിക്കുന്നത്.

കാരശ്ശേരിമാഷിന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട് താങ്കള്‍ മുന്നോ‍ട്ട് വെച്ചത് പോലുള്ള ചില സന്തുലനമില്ലായ്മകള്‍ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പോലും സൂചിപ്പിച്ചിട്ടുണ്ട്. (മാഷിന്റെ ഏറ്റവും അടുത്ത സഹചാരികള്‍ പോലും.) പറയാന്‍ ഏറെയുണ്ടെങ്കിലും മുഖവിലയ്ക്ക് അത് അംഗീരിക്കുന്നു.

കുഴൂരിന്റെ ‘ആ മര’ത്തെക്കുറിച്ച് ഒരു കുറിപ്പിട്ടത് കണ്ടു കാണുമല്ലോ..

ഇവിടിതുവരെ