എങ്ങനെ ഒരു വ്യക്തിയെ അപനിര്‍മിക്കാം...?
ആദ്യം ഇരയെ ഒരു പാഠത്തിലേക്ക് ചുരുക്കണം. അതിനായി അയാളുടെ ജീവിതം എന്ന തുടര്‍ പാഠത്തില്‍ നിന്ന് ലക്ഷ്യവേധിയായി തോന്നുന്ന വരികളെ, വാക്കുകളെ, ഖണ്ഡങ്ങളെ അടര്‍ത്തിയെടുത്ത് അവയില്‍ സ്വതന്ത്ര അസ്തിത്വം ആരോപിച്ച് കൂട്ടിയിണക്കണം. അങ്ങനെ ഒരു ചതുരത്തിലേക്ക് വ്യക്തിയെ ചുരുക്കി പാകപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ കശാപ്പിന്റെ ഊഴമായി. കോശങ്ങളും കശേരുക്കളും ഉള്‍പ്പെടെ നുറുക്കിയെടുത്ത വ്യക്തിയെ മുന്‍പെ തയ്യറാക്കിവച്ച പാത്രത്തില്‍ വിളമ്പി വിഭവത്തിനു ഒരു പേരും നല്‍കിക്കഴിഞ്ഞാല്‍ ചടങ്ങ് പൂര്‍ണമായി.മാധവനും ആനന്ദും ഹിന്ദുവര്‍ഗീയവാദികളായി, ബഷീര്‍ ഇസ്ലാമിക വര്‍ഗീയവാദിയായി, കാരശ്ശേരി സംശയിക്കപ്പെടേണ്ട സര്‍വസമ്മതനുമായി.
അധികാരത്തിനായി സന്ധിയില്ലാസമരം നടത്തുന്ന, ഫാസിസ്റ്റ് ചട്ടക്കൂടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മതേതര ജനാധിപത്യവാദിയായ ഓരോ സ്വതന്ത്രചിന്തകനും പ്രത്യക്ഷ ശത്രുപക്ഷങ്ങളേക്കാള്‍ വലിയ ഭീഷണിയാണ്.ശത്രുക്കള്‍ ഉയര്‍ത്തുന്ന വാദങ്ങളും, ആരോപണങ്ങളും അവരില്‍നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍ പോലും തങ്ങളുടെ പ്രവര്‍ത്തകരെ അനിവാര്യമായ ഒരു പ്രതിരോധത്തിലേയ്ക്ക് ഒരുമിച്ച് നിര്‍ത്തും എന്നതുകൊണ്ട് ശത്രുക്കള്‍ ഇത്തരം ശക്തികളുടെ ഒരാവശ്യമാണ്.അങ്ങനെയൊരു ശത്രുപക്ഷം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍കൂടി സാങ്കല്‍പ്പികമായ ഒന്നിനെ അവര്‍ കല്‍പ്പിച്ചെടുത്ത് ഒരു നിതാന്ത ഭീഷണിയായി മറുപക്ഷത്ത് നിര്‍ത്തും.ഇന്ത്യയിലെ വര്‍ഗ്ഗീയ സംഘടനകളൊക്കെ തങ്ങളുടെ പക്ഷത്തേയ്ക്ക് അണികളെ കൂട്ടുന്നത് അത്തരം ചില അയഥാര്‍ത്ഥഭീഷണികളെ യാഥാര്‍ത്ഥ്യമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്.അതുകൊണ്ട്‌തന്നെ ഏതെങ്കിലും ഒരു മതത്തിനുള്ളില്‍ നിന്നുകൊണ്ട് അതിന്റെ നവോദ്ധാനത്തിനായി പ്രയത്നിക്കുന്ന മനുഷ്യര്‍ ആ മതത്തിനു മാത്രമല്ല ഇതരമതങ്ങള്‍ക്കും അനഭിമതരായിരിക്കും.അത്തരം ബിംബങ്ങളെ തകര്‍ക്കാന്‍ അവര്‍ പരസ്പരം സഹവര്‍ത്തിക്കും.അതിനായി ഏത് ഉത്തരാധുനികസങ്കേതത്തെയും ദുരുപയോഗപ്പെടുത്തും.
'സര്‍വസമ്മതന്മാരെ' സംശയിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലൂടെ ശ്രീ എ.എം ഷീനാസ്, ( http://yuvapaksham.blogspot.com/2008/06/blog-post_09.html ) എം എന്‍ കാരശ്ശേരി എന്ന 'സ്വതന്ത്ര ബുദ്ധിജീവി'യെ ഉടച്ച് തനിക്കാവശ്യമുള്ള മറ്റൊന്നായി വാര്‍ത്തെടുക്കുന്നത് അപനിര്‍മാണം എന്ന സങ്കെതം ഉപയോഗിച്ചാണ്.മലയാളിയുടെ പൊതുജീവിതത്തില്‍ സുപരിചിതനും സുസമ്മതനുമായ കാരശ്ശേരിമാഷെന്ന മതേതര ജനാധിപത്യവാദിയെ എടുത്തുപറയേണ്ട വൈദഗ്ധ്യത്തോടുകൂടി ഷിനാസ് ഒരു ചതുരത്തിലേക്ക് ഒതുക്കുന്നത് ശ്രദ്ധിക്കുക. 'സങ്കീര്‍ണ്ണ സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പിടിതരാത്ത മനസ്സുള്ള, വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി.......' എന്ന ഷിനാസിന്റെ പുത്തന്‍ കാരശ്ശേരിനിര്‍വചനത്തിന്റെ ആദ്യഭാഗം വിരല്‍ചൂണ്ടുന്നത് അദ്ദേഹം കൈകാര്യം ചെയ്ത സങ്കീര്‍ണസംഭവങ്ങളില്‍ പ്രഥമഗണനീയങ്ങളായ ചേകനൂര്‍ ഷാബാനു സംഭവങ്ങളിലേക്കാണ്. ചേകന്നൂര്‍ വധം 'മലയാളി മനസ്സാക്ഷിക്കു മുന്‍പില്‍ മറവിക്കു വിട്ടു കൊടുക്കാത്തവിധം നോവുന്ന ഒരു ചോദ്യ ചിഹ്നമായി വര്‍ഷങ്ങളോളം നിലനിര്‍ത്തുന്ന'തില്‍ കാരശ്ശേരിമാഷ് വഹിച്ച പങ്ക് ലേഖകന്‍തന്നെ അംഗീകരിക്കുന്നുണ്ട്.പക്ഷേ ഈ പങ്കിനെ പിന്നീട് ലേഖകന്‍ അപനിര്‍മിക്കുന്നത് 'ചേകന്നൂര്‍വധത്തിനുപിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നു പൊതുജനം സംശയിക്കുന്ന ശക്തികളുമായി സി.പി.എം പോലുള്ള രാഷ്ട്രീയപാര്‍ടികള്‍ നിര്‍ലജ്ജമായ വോട്ടുബാങ്ക്‌കൂട്ടുകെട്ടിന് സമാരംഭം കുറിച്ചപ്പോള്‍ ', 'ചേകന്നൂര്‍ പ്രശ്നത്തില്‍ കാരശ്ശേരി പ്രദര്‍ശിപ്പിച്ച രചനാപരമായ രണോത്സുകത' കണ്ടില്ല എന്ന് ആരോപിച്ചു കൊണ്ടാണ്. കാരശ്ശെരി എന്ന വ്യക്തിയുടെ സാമൂഹ്യജീവിതത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട്‌തന്നെ അവയെ അപ്രസക്തമാക്കാന്‍ ഷീനാസിന് ഒരൊറ്റവാചകം മാത്രമേ വേണ്ടിവന്നുള്ളു എന്ന് പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ അദ്ധ്വാനത്തെ കുറച്ചുകാണലാവും. കാരണം പകലുപോലെ വ്യക്തമായ ഒരുപാട് വസ്തുതകളെ തമസ്കരിക്കുക എന്ന അസാധ്യമായ കര്‍മ്മമാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കാന്‍ ഉണ്ടായിരുന്നത്.ഇടതുപക്ഷത്തിന്റെ 'നിര്‍ലജ്ജമായ വോട്ട് ബാങ്ക് കൂട്ടുകെട്ടുക'ളെക്കുറിച്ച് കലാകൗമുദി വാരികയില്‍ എം. സഞ്ജീവനുമായുള്ള അഭിമുഖത്തില്‍ കാരശ്ശേരി പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക."കമ്മ്യൂണിസ്റ്റുകള്‍ വിചാരിക്കുന്നത് ഒരു കമ്മ്യൂണലിസ്റ്റിനെ കമ്മ്യൂണിസ്റ്റ് ആക്കാമെന്നാണ്.എന്നാല്‍ ലോകത്തൊരിടത്തും കമ്മ്യൂണലിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളായിട്ടില്ല.എന്നാല്‍, കമ്മ്യൂണലിസ്റ്റുകള്‍ സൗഹൃദത്തിലൂടെ കമ്മ്യൂണിസ്റ്റുകളെ കമ്മ്യൂണലിസ്റ്റുകളാക്കുകയാണ് ചെയ്തിട്ടുള്ളത്".
മേല്‍പ്പറഞ്ഞ ഉദ്ധരണി ഉള്‍പ്പെടുന്ന ആ അഭിമുഖം പ്രസിദ്ധീകരിച്ചുവന്നതോടെ സര്‍വ്വസമ്മതനായ കാരശ്ശേരിയെ ‘സര്‍വ്വാത്മനാ‘ സമ്മതിക്കുന്ന ഇടതുപക്ഷത്തിന്റെ മുഖപത്രത്തില്‍ ഇടതുബുദ്ധിജീവിയായ പി.കെ പോക്കര്‍ 'കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയുടെ കാരമുള്ളുകള്‍, അഥവാ ഭൂതാവേശിതര്‍ തീര്‍ക്കുന്ന വാരിക്കുഴികള്‍' എന്ന തലക്കെട്ടുള്ള കവര്‍സ്റ്റോറി രചിച്ചു.പ്രഖ്യാപിതഇടതുപക്ഷത്തിന്റെ വലതുപക്ഷവ്യതിയാനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വലതുപക്ഷആശയങ്ങളുടെ പ്രചരണത്തിനാവശ്യമായ രാഷ്ട്രീയസ്ഥലി ഒരുക്കുന്ന കപടഇടതന്‍ എന്ന് പരിഹസിച്ചു.ഇവിടെ കാരശ്ശേരി മതെതരവിരുദ്ധ സംഘടനകള്‍ക്കും ഇടതുപക്ഷത്തിനും ഒരുപോലെ വെറുക്കപ്പെട്ടവനായി തീരുന്നതു കാണാം.
കാരശ്ശേരി തങ്കാര്യത്തില്‍ മാത്രം രണോല്‍സുകനായ അവസരവാദിയാണെന്ന് സ്ഥാപിക്കാന്‍ എ.എം ഷീനാസ് മുന്നോട്ട്‌വയ്ക്കുന്ന കാരണം അയാള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളുമായുള്ള ഇടതുപക്ഷത്തിന്റെ അവസരബാന്ധവത്തിന് എതിര്‍വാക്കു മിണ്ടിയിട്ടില്ലെന്നതാണ്.ഇടതുപക്ഷത്തിനു അയാളോടുള്ള അകല്‍ച്ചയോ ,താല്‍ക്കാലികമായ പാര്‍ലമെന്ററിനേട്ടങ്ങള്‍ക്കായി മൗദൂദിസ്റ്റ് സംഘടനകളുമായി പോലും ബന്ധമാവാം എന്ന പ്രായോഗികരാഷ്ട്രീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അവസരവാദത്തിന് സൈദ്ധാന്തിക അടിത്തറ പണിയാന്‍ പാടുപെടുന്ന കെ.ഈ.എനെ പോലെയുള്ളവരെ വിമര്‍ശിച്ചതിന്റെ പേരിലും..!ആ നിലയ്ക്ക് സര്‍വ്വസമ്മതരായ കാരശ്ശേരിയെ പോലുള്ളവരെ സംശയിക്കുക തന്നെ വേണ്ടേ..?ഒപ്പം ഷീനാസിനെ പോലുള്ള വസ്തുനിഷ്ഠമായി പത്രപ്രവര്‍ത്തനം നടത്തുന്നവരെ ശ്ലാഘിക്കുകയും വേണം.
നിര്‍വചനത്തിന്റെ രണ്ടാംഭാഗം 'വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം' എന്നതാണ്.തന്റെയീ വാദത്തെ സ്ഥാപിക്കുവാനായി വസ്തുനിഷ്ഠമായ തെളിവുകളൊന്നും മുന്നോട്ടുവെക്കാതെ വ്യക്തിനിഷ്ഠമായ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രമാണ് ലേഖകന്‍. തൊഴിലില്‍നിന്ന് രാജി വെച്ചോ അല്ലാതെയോ ഒരാള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനങ്ങളെ ആ നിലയ്ക്കു മാത്രം ഋണാത്മകമായി കണക്കാക്കാനവുമോ? ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതിനു മുന്‍പെ പ്രസ്തുത മാധ്യമത്തില്‍ അയാള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി വിശകലനവിധേയമാക്കപ്പെടേണ്ടതല്ലെ? കൈരളിയും ദേശാഭിമാനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു എന്ന ഒറ്റകാരണം കൊണ്ട് ഇടതുപക്ഷത്തിനു വന്നുപെട്ട അപചയങ്ങള്‍ക്ക് എതിരെ കാരശ്ശേരി ശബ്ദിച്ചിരുന്നില്ല എന്നു നാളിതുവരെയുള്ള അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം മുന്‍നിര്‍ത്തി ഒരാള്‍ക്ക് തെളിയിക്കാനാവുമോ? പ്രത്യക്ഷമായിത്തന്നെ അത്തരം ഒരു അയിത്തം ഈ മാധ്യമങ്ങള്‍ അര്‍ഹിക്കുന്നുവെങ്കില്‍ മതേതര ജനാധിപത്യ വാദിയായ ഒരെഴുത്തുകാരനു ആശയപ്രകാശനത്തിനായി തിരഞ്ഞെടുക്കാനാവുന്ന ഏതൊക്കെ മാധ്യമങ്ങളാണ് ഇന്ന് മലയാളത്തില്‍ ബാക്കിയുള്ളതെന്നു അയാള്‍ക്ക് ഉപദേശിക്കാനാവുമൊ? കാരശ്ശേരിയുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ വസ്തുനിഷ്ഠമായ തെളിവുകളാണ് വ്യത്യസ്ഥമാധ്യമങ്ങളില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും മറ്റു പരിപാടികളും. അവയുടെ ഘടനയെയും ഉള്ളടക്കത്തെയും പരിശോധിച്ച് തന്റെ വാദങ്ങള്‍ക്ക് തെളിവുകള്‍ കണ്ടെടുക്കാതെ കേവലമായ സാമാന്യവല്‍കരണത്തിലൂടെ ലേഖകന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരിയുടെ വ്യക്തിത്വം അയാളുടെ ഒരു അജണ്ട മാത്രമാണ്.വ്യക്തിത്വങ്ങളുടെ അപഗ്രഥനത്തില്‍ അപനിര്‍മാണം പോലുള്ള ഉത്തരാധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇത്തരം എഴുത്തുകാര്‍ ശ്രമിക്കുന്നത് വ്യക്തിത്വത്തെ അത് നിലനില്‍ക്കുന്ന തലത്തില്‍ വിശകലനം ചെയ്യുന്നതിനു പകരം മുന്‍ കൂര്‍ തയ്യാറാക്കപ്പെട്ട നിഗമനത്തിലേക്ക് തിരുകിക്കയറ്റാന്‍ ആകുംവിധം അതിനെ പാകപ്പെടുത്താനാണ്.
വിസ്താരഭയം കൊണ്ട് ശ്രീ കെ. പി സലാം വിട്ടു കളഞ്ഞതിനെ പൂരിപ്പിക്കാനിറങ്ങിയ ഷിനാസ് 'ആശയതലത്തില്‍ ശക്തമായി എതിര്‍ക്കുന്ന ചിലരെ വ്യക്തിതലത്തില്‍ സുഖിപ്പിക്കാനുള്ള കാരശ്ശേരിയുടെ അസാധാരണമായ കഴിവിനെ' വിശദീകരിക്കുന്നത് ബാലിശമായ ചില വാദങ്ങളിലൂടെയാണ്. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാംതന്നെ പ്രാപ്യമായിട്ടുള്ള ഒരാള്‍ തന്റെ ആശയപ്രകാശനത്തിനായി അല്ലെങ്കില്‍ സാംസ്കാരികപ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കാനായി ആദര്‍ശങ്ങളൊക്കെ ഇട്ടെറിഞ്ഞു എന്ന് പ്രബോധനം പത്രത്തിലെ 'സ്നേഹസംവാദം' എന്ന ഒരു പംക്തിയിലെ പങ്കാളിത്തം മാത്രം അടിസ്ഥാനമാക്കി വായനക്കാരന്‍ വിശ്വസിക്കണോ? അതും സംവാദത്തിലെ പങ്കാളിയായ അബ്ദുറഹിമാന്‍ അയാളുടെ സതീര്‍ത്ഥ്യനായിരുന്നു എന്നിരിക്കെ. ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒരേ വീക്ഷണം പങ്കുവയ്ക്കുന്ന രണ്ട് പേര്‍ ചേര്‍ന്ന് ആ പ്രത്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതിനെയാണോ സംവാദം എന്നു വിളിക്കുന്നത്? മൗദൂദിസ്റ്റ്‌പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, ഒരുപിടി മനുഷ്യരെയെങ്കിലും അതിലേയ്ക്ക് തെളിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനുമായി 'മുസ്ലിങ്ങളുടെ ഇടയില്‍ സാമാന്യം പച്ച പിടിച്ച ഒരേയൊരു പത്ര'ത്തില്‍ ഒരു സംവാദത്തിന് വേദി ഒരുങ്ങിയാല്‍ മതേതരജനാധിപത്യവിശ്വാസിയായ ഒരു സാംസ്കാരികപ്രവര്‍ത്തകന്‍ അത് ഏറ്റെടുക്കരുതായിരുന്നോ? അപനിര്‍മ്മിതിയുടെ പുതിയ നിഘണ്ടുവില്‍ സംവാദത്തിന് സുഖിപ്പിക്കലെന്നൊ അര്‍ത്ഥം..!
'ചേന്നമംഗലൂരിലെ എഴുത്തുകാരെക്കുറിച്ച് പറയുമ്പോള്‍ മതേതരവാദിയായ കാരശ്ശേരി ഉയര്‍ത്തിക്കാണിക്കുന്നത് മതേതര വിരുദ്ധരായ ഒ അബ്ദുറഹ്മാനെയും ഒ അബ്ദുള്ളയെയുമാണ്' എന്നു പറയുന്ന ലേഖകന്‍ ഇതോടൊപ്പം പരാമര്‍ശിക്കപ്പെട്ട ഹമീദ് ചേന്നമംഗലൂരിന്റെതുള്‍പ്പെടെയുള്ള മറ്റു ചില പേരുകള്‍ സൗകര്യപൂര്‍വം വിട്ടു കളയുന്നു. കാരശ്ശേരിക്ക് മൗദൂദിസ്റ്റ് പ്രത്യയശാസ്ത്രത്തോട് എതിര്‍പ്പാണെന്നുള്ള കാര്യത്തില്‍ ലേഖകനു പോലും രണ്ടഭിപ്രായമില്ലെന്നിരിക്കെ, അദ്ദേഹം മൗദൂദിസ്റ്റ് പാളയത്തിലേക്ക് പാലം പണിഞ്ഞുവെന്നും ,അവരെ സുഖിപ്പിക്കുംവിധം ലേഖനങ്ങള്‍ എഴുതിയെന്നും മറ്റും ഉള്ള ആരോപണങ്ങള്‍ക്ക് എന്തു സാധുതയാണുള്ളത്? പ്രബോധനത്തില്‍ പ്രസിദ്ധപ്പെടുത്തിയ സ്നേഹസംവാദത്തില്‍ നിന്നൊ വാരാദ്യ മാധ്യമത്തില്‍ അച്ചടിച്ചുവന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്നോ തന്റെ ആരോപണം തെളിയിക്കുവാന്‍ പോന്ന വിധത്തിലുള്ള ഒരു ഉദ്ധരണി പോലും കണ്ടെത്താന്‍ ഇതെഴുതിയ ആള്‍ക്ക് കഴിഞ്ഞിട്ടില്ല.ഒരു എഴുത്തുകാരന്റെ ഏതാനും ലേഖനങ്ങളോ കുറിപ്പുകളോ ഒരു പ്രത്യേക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതുകൊണ്ട് അയാള്‍ ആ മാധ്യമതിന്റെ പ്രത്യയശാസ്ത്രം പങ്കുവയ്ക്കുന്നു എന്ന് ഉറപ്പിക്കാനാവുമോ? അങ്ങനെയെങ്കില്‍ ഓരോ മാധ്യമത്തിലും ഒരിക്കലെങ്കിലും എഴുതിയിട്ടുള്ള ഓരോ എഴുത്തുകാരനും അതാത് മാധ്യമങ്ങളുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നു പറയേണ്ടതല്ലേ? 'വര്‍ത്തമാന'ത്തില്‍ ഒരു കുറിപ്പെങ്കിലും എഴുതിയിട്ടുള്ളവരൊക്കെ മുജാഹിദുകളല്ലെ?
ഷീനാസ് തന്റെ ലേഖനത്തിലൂടെ എം. എന്‍ കാരശ്ശേരി എന്ന വ്യക്തിയെ അപനിര്‍മ്മിച്ചെടുക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളില്‍ നിന്നും എഴുത്തില്‍ നിന്നും തനിക്കാവശ്യമുള്ളവ മാത്രം അഴിച്ചെടുത്തും ബാക്കിയുള്ളവ മനപൂര്‍വ്വം വിട്ടുകളഞ്ഞും കൊണ്ടാണ്.അത്തരത്തില്‍ ആര്‍ക്കും ആരെയും എന്തുമാക്കി തീര്‍ക്കാവുന്നതാണ്.നമ്മുടെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഇത്തരം അപനിര്‍മ്മിതികള്‍ ഇപ്പൊള്‍ ധാരാളം നടക്കുന്നുമുണ്ട്.ഇതിന്റെ ഇരയാവുന്ന മനുഷ്യരെ അല്ല ഇത്തരം ശ്രമങ്ങളെയാണ് നാം സംശയിക്കേണ്ടിയിരിക്കുന്നത്.
നാളിതുവരെയുള്ള സാഹിത്യ സാംസ്കാരിക ചരിത്രം ഭഞ്ജിക്കപ്പെട്ട വിഗ്രഹങ്ങളുടേത് കൂടിയാണ്. പക്ഷേ കേരളീയസമൂഹം പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളൊന്നൊന്നായി അപ്രായോഗികമെന്നനിലയില്‍ കൈയൊഴിക്കപ്പെടുകയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലൊട്ടാകെ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു നാം വിശ്വസിച്ചിരുന്ന ജീര്‍ണതകള്‍ പൊതുജീവിതത്തെ തന്നെ ചോദ്യം ചെയ്യും വിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്,അത്തരം ജീര്‍ണ്ണതകള്‍ക്കെതിരേ യുക്തിഭദ്രമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിത്വങ്ങള്‍ക്കുനേരേ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്ന വ്യക്തിഹത്യകളുടെ തുടര്‍ച്ചയെ മുന്‍ കാലങ്ങളിലെപ്പോലെ സ്വാഭാവികമായി കാണാന്‍ കഴിയില്ല.മതേതര സ്വതന്ത്ര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് പൊതുസമൂഹം വിശ്വസിക്കുന്ന വ്യക്തിത്വങ്ങളെ അതാര്യവും യുക്തിരഹിതവുമായ വാദമുഖങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരെ സഹായിക്കാനാണെന്നത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാണ്. അത്തരം ശ്രമങ്ങള്‍ക്കെതിരേ സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരുടെ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും.
Thursday, August 28, 2008
Subscribe to:
Posts (Atom)