Saturday, February 21, 2009

കവിതയുടെ പ്രായം

"അഭിരാമി എടപ്പാളിലുള്ള വെറൂര്‍ എ യു പി സ്കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്നു. പക്ഷേ, അവളുടെ കവിതയോ?" ശ്രീ പി. പി രാമചന്ദ്രന്‍ അഭിരാമിയുടെ കവിതകളെ പരിചയപ്പെടുത്തിക്കൊണ്ട് ഹരിതകത്തില്‍ എഴുതിയ ഒരു കുറിപ്പിലൂടെ ഉന്നയിക്കുന്ന ഈ ചോദ്യം അവളുടെ കവിതകള്‍ വായിച്ചവരൊക്കെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവനവനോട് ചോദിച്ചുപോകുന്നുണ്ട്. ബാലപ്രതിഭ എന്നാല്‍ ബാല്യം മുതല്‍ക്കേ വെളിപ്പെടുന്ന പ്രതിഭയെന്നാണ് അര്‍ത്ഥമെങ്കില്‍ അഭിരാമി ആ വിശേഷണത്തിന്‌ അര്‍ഹയാണ്‌. എങ്കിലും ഒരു പ്രതിഭ അതിന്റെ വികാസപരിണാമങ്ങള്‍ക്കായി തന്റെ പരിസരത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്‌ കേവലം ആശ്ചര്യപ്രകടനങ്ങളോ, സ്നേഹവാല്‍സല്യങ്ങളോ മാത്രമല്ല, മറിച്ച്‌ ആഴത്തിലുള്ള, വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും, വിമര്‍ശനാത്മകമായ പ്രതികരണവും കൂടിയാണ്. അതുകൊണ്ടുതന്നെ ആറാംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി എഴുതിയതാണ്‌ എന്ന മുന്നറിവോടെ അഭിരാമിയുടെ കവിതകളെ സമീപിക്കുന്ന ഓരോ വായനക്കാരനും പ്രായത്തിന്റെ ഒരാനുകൂല്യത്തിനും കാത്തുനില്‍ക്കാതെ ഇതാ ഒരു കവിത, ശേഷിയുണ്ടെങ്കില്‍ ‍വായിച്ചാസ്വദിച്ചുകൊള്ളുക എന്ന് സര്‍ഗ്ഗപരമായ എല്ലാ ധാര്‍ഷ്ട്യങ്ങളോടുംകൂടി വിളിച്ചുപറയാന്‍ കെല്‍പ്പുള്ളവയാണ്‌ അവളുടെ മികച്ച കവിതകളോരോന്നുമെന്നും, ആ നിലയ്ക്ക്‌ അവ ഗൗരവമുള്ള, നിശിതമായൊരു വായനയെയാണ്‌ ആവശ്യപ്പെടുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

അഭിരാമിയുടെ കവിതകളെക്കുറിച്ചുള്ളൊരു പഠനം ആദ്യം വിശകലനം ചെയ്യേണ്ടത് അവയുടെ പൊതുഗുണമായ ശില്പഭദ്രതയാണെന്ന് തോന്നുന്നു. ഉള്ളടക്കത്തില്‍ പ്രതിഫലിക്കുന്ന ഉള്‍ക്കാഴ്ചയുടെ ആഴവും പരപ്പും ഏറിയും കുറഞ്ഞും ഇരിക്കുമ്പൊഴും അതിനെ നിയതമായ ഒരു കാവ്യഘടനയ്ക്കുള്ളിലേയ്ക്ക് ഭദ്രമായി കേന്ദ്രീകരിക്കാന്‍ കവയിത്രിയ്ക്ക് കഴിയുന്നുണ്ട്. ‘പെന്‍ഡുലം’, 'നിനക്കായി' തുടങ്ങിയ അപൂര്‍വ്വം ചില അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രചനാസംബന്ധിയായ വിരുതിന്റെ (ക്രാഫ്റ്റ്) കാര്യത്തില്‍ മിക്കവാറും എല്ലാ അഭിരാമിക്കവിതകളും കുറ്റമറ്റവ തന്നെയാണ്. സങ്കീര്‍ണ്ണമായ ഒരു അനുഭവമണ്ഡലത്തിലേയ്ക്ക് വികേന്ദ്രീകരിക്കപ്പെട്ടിട്ടില്ലാത്ത കൗമാരഭാവനയാവാം തന്റെ പ്രമേയങ്ങളെ ലളിതവും, സുതാര്യവുമായ ഒരു ഘടനയിലേയ്ക്ക് വെട്ടിയൊതുക്കി പരുവപ്പെടുത്താന്‍ അവളെ സഹായിക്കുന്ന ഒരു പ്രധാന ഘടകം. എഴുതിയ ആളിനെക്കുറിച്ചുള്ള മുന്നറിവുകളൊന്നുമില്ലാതെപോലും അഭിരാമിയുടെ പല കവിതകളിലും, സുശിക്ഷിതരായ വായനക്കാര്‍ക്ക് അതിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനാവും. ക്രാഫ്റ്റ് ഉണര്‍ത്തുന്ന കൗതുകങ്ങള്‍ക്കപ്പുറം ഏറെയൊന്നും വളരാത്ത 'പെന്‍സില്‍ സദ്ദാം', 'പ്ലൂട്ടോ കരയുന്നു', 'മഴക്കൊമ്പ്'' തുടങ്ങിയ കവിതകള്‍ ഇതിന് ചില ഉദാഹരണങ്ങളാണ്. എന്നാല്‍ 'അണ്ടിക്ക് തുണപോകുമോ?', 'കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട് ', 'കടലിലായ വാക്ക്'', 'ചെരുപ്പുകുത്തി' തുടങ്ങിയ മറ്റു പല കവിതകളുടേയും പാഠം(text) എഴുത്തുകാരിയേയും, അവളുടെ പ്രായത്തേയും ഒക്കെ കടന്ന് ഒരു സ്വതന്ത്ര അസ്തിത്വത്തിലേയ്ക്ക് വികസിക്കുന്നുണ്ടുതാനും. അഭിരാമിയുടെ ശരാശരി നിലവാരം പുലര്‍ത്തുന്ന കവിതകളില്‍ പോലും അവളുടെ പ്രതിഭയെക്കുറിച്ചുള്ള ധാരാളം സൂചനകള്‍ കണ്ടെത്താനാവുമെങ്കിലും മേലുദ്ധരിച്ചതുപോലെയുള്ള കവിതകളില്‍നിന്നും അവയ്ക്കുള്ള അന്തരം വളരെ വലുതാണ്. അതുകൊണ്ടുതന്നെ എഴുത്തിലെ പ്രതിഫലനങ്ങളെ ആധാരമാക്കി എഴുത്താളിന്റെ വയസ്സളന്നാല്‍ അഭിരാമിയ്ക്ക് ഒരേ സമയം പല പ്രായങ്ങളുണ്ടെന്ന് പറയേണ്ടിവരും. കാരണം ഭാവനയുടെ ഊര്‍ജ്ജസ്രോതസ്സ് ജീവശാസ്ത്രപരമായ പ്രായമല്ല(biological age), സര്‍ഗ്ഗപ്രചോദനമാണ്. അതിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് ഒരു കൃതി അതിന്റെ മൂലകാരണങ്ങളായ എഴുത്താള്‍, എഴുത്തിന്റെ പരിസരം, അതിന്റെ കാലം എന്നിവ ചേര്‍ന്ന ത്രയത്തിലേയ്ക്ക് ഒതുങ്ങിപ്പോവുകയോ, അതിനെ ലംഘിച്ചുകൊണ്ട് മുന്നോട്ടുപോവുകയോ ചെയ്യുന്നത്.

അഭിരാമിയുടെ ഓരോകൃതിയിലും പ്രതിഫലിക്കുന്ന അവളുടെ പ്രതിഭയുടെ പ്രായം ഓരോന്നാണ്. ചിലതില്‍ ‍നാം കാണുന്നത് ബാല്യം മുതല്‍ക്കേ ഓര്‍മ്മയില്‍ രേഖപ്പെടുത്തപ്പെട്ട ദൃശ്യങ്ങളേയും, അനുഭവങ്ങളേയുമൊക്കെ കവിതയെന്ന പുത്തന്‍ കൗതുകത്തിലേയ്ക്ക് ആവേശപൂര്‍വ്വം രൂപാന്തരപ്പെടുത്തുന്ന പ്രതിഭയുടെ കൗമാരമാണെങ്കില്‍, മറ്റുചിലവയില്‍ പ്രത്യക്ഷമാകുന്നത് ആര്‍ജ്ജിതമായ അസംസ്കൃതവസ്തുക്കളെ ധ്യാനഗമ്യമായ അവധാനതയോടെ ദാര്‍ശനികമായൊരു രസാന്തരത്തിലേയ്ക്ക് വളര്‍ത്തിയെടുക്കുന്ന അതിന്റെ പ്രായപൂര്‍ത്തിയും. നിലവാരത്തിന്റെ കാര്യത്തില്‍‍ ഏതെഴുത്തുകാരിക്കും വരാവുന്ന ചില സാധാരണ ഏറ്റക്കുറച്ചിലുകള്‍ എന്ന നിലയ്ക്ക് ഇതിനെ ലളിതവല്‍ക്കരിക്കാനാവില്ല. കാരണം ഇവയെഴുതിയത് കൗമാരം വിടാത്ത ഒരു പെണ്‍കുട്ടിയാണെന്നത് തന്നെ. കൗമാരത്തിലേ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിത്വമാണ് അഭിരാമിയുടേതെന്ന നിഗമനത്തെ ചോദ്യം ചെയ്യാന്‍ കുട്ടിത്തം നിറഞ്ഞുതുളുമ്പുന്ന ധാരാളം കവിതകള്‍ ഉണ്ടെന്നിരിക്കെ മറ്റു ചില കവിതകള്‍ അവളുടെ പ്രായത്തെ, വ്യക്തിത്വത്തെ ഒക്കെക്കടന്ന് എഴുത്തിന് ഐച്ഛീകമല്ലാത്ത ഒരു ഉയരത്തിലേയ്ക്ക് എത്തിച്ചേരുന്നുവെങ്കില്‍ അവയ്ക്കുപിന്നിലെ സര്‍ഗ്ഗപ്രചോദനം എത്ര തീവ്രമായിരിക്കണം..! അവളുടെ പ്രതിഭ എത്ര നൈസര്‍ഗ്ഗികമായിരിക്കണം..! അഭിരാമിയുടെ പ്രായത്തെ അവളുടെ കൃതികളുടെ ആസ്വാദനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്താമെങ്കില്‍ അത് ഇത്തരമൊരു വീക്ഷണകോണിലൂടെയാണെന്ന് തോന്നുന്നു.

ബിംബങ്ങളുടെ മൂര്‍ച്ച, മൌലികത, ഘടനാപരമായ മുറുക്കം, പൂര്‍ണ്ണത, വ്യത്യസ്തമാനങ്ങളിലേയ്ക്ക്‌ വായനയെ വികസിപ്പിക്കാന്‍ പര്യാപ്തമായ ധ്വനിസമ്പത്ത്‌, ഓരോ വായനയേയും പുതിയൊരനുഭവമാക്കാന്‍ പോന്ന സൃഷ്ടിപരമായ സന്നിഗ്ദ്ധത തുടങ്ങിയ കാവ്യ ഗുണങ്ങള്‍ ഒക്കെ ചേര്‍ന്നവയാണ്‌ അഭിരാമിയുടെ മികച്ച കവിതകള്‍ ഒക്കെയും. ഇതിന്‌ ഉദാഹരണമായി 'കിടാവിന്റെ കരച്ചില്‍' എന്ന ഒറ്റ കവിതമാത്രം മതിയാവും. പശുവിനെ കറന്ന് പാല്‍ വിതരണകേന്ദ്രത്തിലേയ്ക്ക്‌ വില്‍ക്കാന്‍ കൊണ്ടുപോകുന്ന അതിസാധാരണമായ ഒരു ദൃശ്യത്തെ ഹൃദയസ്പര്‍ശിയായ ഒരു കവിതയായ്‌ ഉയര്‍ത്തുന്നത്‌ അളക്കാനായി തുറന്ന പാത്രത്തില്‍ അകിടില്‍നിന്ന് അടര്‍ത്തിക്കെട്ടിയ കിടാവിന്റെ കരച്ചില്‍ കേള്‍ക്കാനായ കാവ്യദര്‍ശനമാണ്‌. നിത്യജീവിതത്തിന്റെ അതിസാധാരണമായ പരിസരങ്ങളില്‍നിന്നും എങ്ങനെ ഒരു കവയിത്രി തന്റെ എഴുത്തിന് വേണ്ടതൊക്കെ കണ്ടെടുക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്‌ 'കിടാവിന്റെകരച്ചില്‍'. ബിംബങ്ങളുടെ സ്വാഭാവികതയും ഒരൊറ്റ ജൈവഘടനയായ്‌ ഇഴപിരിയാതെ ഒട്ടിനില്‍ക്കാനുള്ള ശേഷിയുമാണ്‌ അതിന്റെ സൗന്ദര്യം.

'കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്‌' എന്ന കവിതയില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത രണ്ടു ദൃശ്യങ്ങളെ പ്രതിഭയുടെ ഒരു മിന്നല്‍ കൊണ്ട്‌ ഘടിപ്പിക്കുകയാണ്‌ എഴുത്തുകാരി. കേബിളിന്റെ ഞരമ്പുകളില്‍നിന്ന് വൈദ്യുതിയൂറ്റിക്കുടിച്ച്‌ കറങ്ങിക്കൊണ്ടെയിരിക്കുന്നു ഫാന്‍. അതിനോട്‌ കറണ്ട്‌ പറയുന്നു,
"എന്റെ ഉള്ളിലുള്ളതെല്ലാം നിനക്കു തന്നു,
ഈ കറക്കമൊന്നു നിര്‍ത്തൂ"
പള്ളനിറയെ പാലുകുടിച്ചിട്ടും കരച്ചിലു നിര്‍ത്താത്ത ഉണ്ണിയോട്‌ അമ്മ പറയുന്നു,
"എന്റെ ഉള്ളിലുള്ളതെല്ലാം നിനക്കു തന്നു
ഈ കരച്ചിലൊന്ന് നിര്‍ത്തു "
അപ്രതീക്ഷിതമായ കട്ടിലൂടെ ഒരു ദൃശ്യത്തെ പ്രത്യക്ഷമായ ഒരു തുടര്‍ച്ചയും അവകാശപ്പെടാനില്ലാത്ത മറ്റൊരു ദൃശ്യവുമായി സങ്കലനംചെയ്തുകൊണ്ട്‌ ഒരു ചലച്ചിത്രകാരന്‍ ധ്വനിപ്പിക്കുന്ന കാഴ്ചയുടെ കാണാപ്പുറങ്ങള്‍പോലെ ഒന്നാണ്‌ ഇതിലൂടെ വായനയ്ക്കായി തുറന്നുകിട്ടുന്നത്‌. ശൈശവത്തിന്റെ ആഘോഷങ്ങളില്‍നിന്ന് മാതൃത്വത്തിന്റെ നൊമ്പരങ്ങളിലേയ്ക്ക്‌, മുലഞെട്ടില്‍നിന്ന് ആദ്യം പാലും, പിന്നെ ഞരമ്പുകളിലെ ചോരതന്നെയും ഊറ്റിക്കുടിച്ച്‌ പൂതനയെ മോക്ഷത്തിലേയ്ക്ക്‌ യാത്രയാക്കിയിട്ടും കരച്ചില്‍ നിര്‍ത്താത്ത കണ്ണനാമുണ്ണിയിലേയ്ക്ക്‌ ഒക്കെ വളര്‍ത്തിയെടുക്കാം ഇതുണര്‍ത്തുന്ന അനുഭവതലങ്ങളെ.

ജീവനും പരിസ്ഥിതിയും തമ്മില്‍ അമ്മയും കുഞ്ഞുമെന്നപോലെ അഭേദ്യവും പരസ്പരപൂരകവുമായ ഒരു ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു 'കാണാതായ പശു' എന്നകവിത.
'സുബഹി നിസ്കരിച്ച്‌
തീറ്റികൊടുക്കാന്‍ ‍തൊഴുത്തില്‍ ചെന്നപ്പോള്‍' ചേക്കുമ്മത്താത്ത കാണുന്നത്‌ കുറ്റിയില്‍കെട്ടിയ കയറ്‌ മാത്രം. 'വിവരശേഖരണ'ത്തിന്റെ കോലാഹലങ്ങള്‍ക്ക്‌ ശേഷം 'അപ്പുറത്തെ മേനോനും ഇപ്പുറത്തെ നായരും' നിഗമനങ്ങളില്‍ എത്തിക്കഴിഞ്ഞു. പക്ഷേ പശു അപ്പോള്‍,
"ഇന്നലെ തീറ്റിയ കുന്നിന്റെ പള്ളയ്ക്ക്‌
പാല്‍ ചുരത്തുകയായിരുന്നു."
പശു പാല്‍ചുരത്തേണ്ടത്‌ മനുഷ്യനെന്ന സ്വാര്‍ത്ഥനായ ഇടനിലക്കാരന്റെ അന്തമില്ലാത്ത കൊതികളിലേയ്ക്കല്ല, മറിച്ച്‌ അമ്മയായ പ്രകൃതിയുടെ പള്ളയിലേയ്ക്കാണ്‌ എന്ന ഈ കവിത മുന്നോട്ട്‌വയ്ക്കുന്ന ദര്‍ശനവുമായി ആദ്യം പറഞ്ഞ 'കിടാവിന്റെ കരച്ചില്‍' എന്ന കവിതയും, ‘കറങ്ങിക്കൊണ്ടിരിക്കുന്ന ഫാ’നും കൂട്ടിവായിക്കുക. അമ്മയും കുഞ്ഞുമെന്ന അടിസ്ഥാന ദ്വന്ദ്വത്തില്‍നിന്നും വില്‍പ്പനയും, ഇടനിലക്കാരനും ഒക്കെയായ്‌ തകര്‍ക്കുന്ന കമ്പോളത്തിന്റെ പുത്തന്‍ മൂല്യങ്ങളില്‍ പെട്ട്‌ അന്യമാകുന്ന ഒരുപാട്‌ മൂല്യങ്ങളെ, അവയുടെ ശോഷണത്തിന്റെ പരസ്പരം പെരുക്കുന്ന പട്ടികയെ, ഒക്കെ നമുക്ക്‌ ഈ കവിതകളില്‍നിന്ന് ഇഴപിരിച്ചെടുക്കാനാകും. എഴുതിയ ആളിന്റെ പ്രായത്തിനപ്പുറം ഈ കവിതകള്‍ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്. മാനവികതയുടേതായ ആ രാഷ്ട്രീയം പ്രായപൂര്‍ത്തിയായതുതന്നെയാണ്‌.

അനുഭവതലത്തില്‍ വിനിമയങ്ങള്‍ക്ക്‌ മൂര്‍ച്ചവരുത്താന്‍ ആഖ്യാതാവ്‌ കണ്ടെടുക്കുന്ന ഉപകരണങ്ങളാണ്‌ ഉപമയും, ഉല്‍പ്രേക്ഷയും തൊട്ട്‌ രൂപകവും, ബിംബവും , പ്രതീകവും വരെയുള്ള അലങ്കാരങ്ങള്‍ ഒക്കെയും. എന്നാല്‍ മൂലഘടകത്തില്‍നിന്ന് അവയവങ്ങള്‍ എന്ന പോലെ വളര്‍ന്നവയല്ലെങ്കില്‍ അവ ആ ഘടനയെത്തന്നെ അസ്വാഭാവികമാക്കുന്ന(അന്തരിച്ച എം. കൃഷ്ണന്‍ നായരെ ഓര്‍ത്തുകൊണ്ട്..) ജുഗുപ്സകളായി അധപ്പതിച്ചേക്കാം. ഇവിടെയാണ്‌ പ്രതിഭയെന്ന ജന്മസിദ്ധമായ ഗുണത്തിന്റെ പ്രസക്തി. അഭിരാമിയുടെ മികച്ച കവിതകള്‍ക്കെല്ലാം അവകാശപ്പെടാവുന്ന ഘടനാപരമായ അപ്രമാദിത്വം ബിംബങ്ങളുടെ തികച്ചും അനാട്ടമിക്കലായ വളര്‍ച്ചയില്‍നിന്നുണ്ടാവുന്നതാണ്‌. 'ചെരുപ്പുകുത്തി' എന്ന കവിതയില്‍ പട്ടണപരിഷ്കാരങ്ങളുടെ ഭാഗമായ്‌ അഭംഗികളുടെ ഗണത്തില്‍ പെട്ട്‌ നീക്കംചെയ്യപ്പെട്ടിരിക്കാവുന്ന ഒരു ചെരുപ്പുകുത്തിയോട്‌ ബാലസഹജമായ നിഷ്കളങ്കതയോടെ കവി ചോദിക്കുന്നു,
"തെരുവില്‍ വളര്‍ന്നവന്‍
തൊഴില്‍ പഠിച്ചവന്‍
എത്ര പാദങ്ങള്‍ രക്ഷിക്കുന്നവന്‍
എന്നിട്ടെന്തിനാണ്‌ തെരുവില്‍നിന്നകന്നത്?"
തുടര്‍ന്നുള്ള വരികളില്‍ ചെരുപ്പ്‌ കാണുന്ന
“കരഞ്ഞു തളര്‍ന്ന
കുഞ്ഞിക്കണ്ണുകളും
ഒട്ടിയ വയറും” ഇയാളുടെ തൊഴില്‍നഷ്ടത്തോടെ പട്ടിണിയായ കുഞ്ഞുകുട്ടിപരാധീനങ്ങളുടേതാവാം. അതുപോലെ വിരല്‍ പതിഞ്ഞുണ്ടായ കുഞ്ഞു കണ്‍വട്ടങ്ങളിലും, ഉപ്പൂറ്റി പതിഞ്ഞ്‌ ഒട്ടിയ വയറിലും തുന്നിച്ചേര്‍ക്കലുകള്‍ക്കൊന്നും ഇനി സധ്യതകളില്ലെന്ന് തിരിച്ചറിയുന്ന ചെരുപ്പിന്റെ സ്വത്വബന്ധിയായ ദുരന്തബോധം തന്നെയുമാവാം. പാദരക്ഷയായണിയുന്ന ചെരുപ്പ്‌ മണ്ണുമായുള്ള യുദ്ധത്തില്‍ ഒരു പരിചയില്ലാതെ പൂര്‍ണ്ണമാവാത്ത പാദങ്ങളുടെ സുരക്ഷിതത്വബോധത്തെ ധ്വനിപ്പിക്കുന്നുവെങ്കില്‍, വലിച്ചെറിയപ്പെടുന്ന ചെരുപ്പ്‌ ഉടലാര്‍ജ്ജിച്ച ഉപഭോഗത്തിലെ തിരസ്കാരത്തിന്റെ നിഷ്ഠൂര സംസ്കാരത്തെ ദ്യോതിപ്പിക്കുന്നു. എന്റെ ചെരുപ്പെന്ന സ്വത്വബോധത്തിനും , കളയാറായ പഴഞ്ചന്‍ ചെരുപ്പെന്ന ഉപയുക്തതാ സിദ്ധാന്തത്തിനുമിടയില്‍ തുന്നിചേര്‍ക്കപ്പെടേണ്ട ഒരു പാലമാകുന്ന ചെരുപ്പുകുത്തിയുടെ തെരുവില്‍നിന്നുള്ള തിരോധാനമാവട്ടെ ഉച്ചാടനം ചെയ്യുന്നത്‌,
'ഇനിയും തുന്നിചേര്‍-
ത്തൊരുമിച്ചു ജീവിക്കാന്‍' ഉള്ള സഹജീവനത്തിന്റെ മോഹങ്ങളേയും, പ്രതീക്ഷകളേയുമൊക്കെയും.

ഇന്ദ്രിയങ്ങളെ അകത്തേയ്ക്ക്‌ തിരിച്ചുവച്ച്‌ കേവലം അകംനോക്കികളായിരിക്കുന്ന കവിതകളെ ആ കുടുസ്സുകളില്‍ ‍നിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞത്‌ കെ.ജി.എസ്സാണ്‌. ഉത്തരാധുനികതയുടെ ആദ്യകാലങ്ങളില്‍ സമൂഹത്തിന്റെ എല്ലാ രാഷ്ട്രീയങ്ങളേയും നിരസിച്ച്‌ അകംനോക്കിയിരിപ്പ്‌ പുനരാരംഭിച്ച മലയാള കവിത അന്തര്‍മുഖത്വത്തിന്റെ ഹൃസ്വമായ ഒരു അരാഷ്ട്രീയ ഇടവേള കഴിഞ്ഞ്‌ പുറത്തിറങ്ങിക്കഴിഞ്ഞു. കവിതയുടെ ദാര്‍ശനികമായ മുടിനാരിഴകീറല്‍ ദൈനംദിനം പിന്തുടര്‍ന്നിട്ടാവില്ലെങ്കിലും ഉത്തരാധുനിക കാലത്ത്‌ എഴുതപ്പെട്ടവയെന്ന നിലയില്‍ അഭിരാമിയുടെ കവിതകള്‍ ‍കേവലം വൈയ്യക്തികാനുഭവങ്ങളുടെ ഇത്തരം ഇടുക്കുകള്‍ തകര്‍ത്ത്‌ വിശാലമായൊരു സാമൂഹ്യസ്ഥലിയിലേയ്ക്ക്‌ വികസിക്കുന്നുണ്ട്‌. ഇന്നിന്റെ രാഷ്ട്രീയവുമായിപ്രതികരിക്കുന്നുണ്ട്‌. അതിനു തെളിവാണ്‌ "പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍"പോലുള്ള കവിതകള്‍. പാഠപുസ്തകവിവാദവും, അതിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന അസാന്മാര്‍ഗ്ഗിക കൊടുക്കല്‍ വാങ്ങലുകളും എന്തുതന്നെയായാലും ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകവുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങളും സമരകോലാഹലങ്ങളും കേരളീയ സമൂഹത്തോട്‌ ആവശ്യപ്പെട്ടത്‌ വ്യക്തമായ ഒരു നിലപാടാണ്‌. അത്തരം ഒരുനിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌ "പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍". വിശപ്പിന്റെ ,
“വറ്റിയ നാവ്‌ കാത്തിരിക്കയും
പിന്നെ ഓരോന്നായ്‌
രസച്ചരടില്‍ കോര്‍ത്ത്‌
മനസില്‍ കെട്ടിയി"ടുകയും ചെയ്യുന്ന പ്രതീക്ഷകളാണ്‌
"ഏഴു സീയിലെ
ലാസ്റ്റ്‌ ബെഞ്ചിന്റെ
അറ്റത്തിരിക്കുന്ന ജീവ"നിലൂടെ 'സാമൂഹ്യം റ്റീച്ചര്‍' ചിക്കന്‍ സ്റ്റാളിലേയ്ക്ക്‌കൊണ്ടുപോകുന്നത്‌. പ്രതീക്ഷകളില്‍പോലും തൂക്കപ്പെടുന്ന പച്ചയിറച്ചി വായനയോടുണ്ടാക്കുന്ന കലഹങ്ങള്‍ മലയാളിയുടെ കവിതാസ്വാദനശീലങ്ങള്‍ക്ക്‌ നല്‍കുന്ന ഷോക്ക്‌ ചികില്‍സ ഇപ്പൊഴും കവിതയെന്നാല്‍ വൃത്തമെന്നും, ഛന്ദസ്സെന്നും, ചൊല്ലലിന്റെ സംഗീതമെന്നുമൊക്കെ പുലമ്പിക്കൊണ്ടുനടക്കുന്നവര്‍ അര്‍ഹിക്കുന്നത്‌ തന്നെ.

എന്നും പെണ്ണിനെ മാത്രം വിട്ടുവീഴ്ചകളിലേയ്ക്ക്‌ പിടിച്ച്‌ തള്ളുന്ന സമൂഹമനസ്സിന്റെ മുഖമടച്ചൊരടിയാണ്‌ 'ഇവളെ തോല്‍പ്പിക്കുക' എന്നകവിത. നനകണ്ണുകളോടെ,
"ഒരാളെ തോല്‍പ്പിക്കണം
മൂത്തതു മൂന്നും പെണ്ണാണേ"എന്ന് ടീച്ചറോട്‌ പറയുന്ന കുത്സൂന്റുമ്മ മലയാളിയുടെ പുരോഗമന നാട്യങ്ങളെയാകെ തന്റെ നിസ്സഹായതകൊണ്ട്‌ മുക്കിക്കളയുന്നുണ്ട്‌. ഒരു പെണ്ണ് എന്ന നിലയ്ക്കുള്ള തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട്‌ തനിക്കുചുറ്റും ഇന്നും നിലനില്‍ക്കുന്ന ലിംഗവിവേചനങ്ങളോട്‌ മൂര്‍ച്ചയുള്ള ഭാഷയില്‍ പ്രതികരിക്കുന്ന ഒരു എഴുത്തുകാരിയെ നമുക്ക്‌ ഈ കവിതയില്‍ കാണാം.

സേവനമേഖലകളില്‍നിന്നെല്ലാം ഘട്ടം ഘട്ടമായ്‌ പിന്മാറുകയെന്ന അജണ്ട കെടുകാര്യസ്ഥതയെന്ന പരോക്ഷോപകരണമുപയോഗിച്ച്‌ നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ പിന്നാമ്പുറക്കളികള്‍ എന്തുതന്നെയാണെങ്കിലും സര്‍ക്കാര്‍ ‍സ്കൂളുകള്‍ അതിവേഗം നിശ്ശബ്ദമാക്കപ്പെടുകയാണെന്നത്‌ ഒരു സമകാലികസത്യമാണ്‌. ആ സത്യം വളരെ വിദഗ്ദ്ധമായ്‌ കുറിക്കുന്നു 'പ്രവേശനോല്‍ത്സവം'. തിരക്കോട്‌ തിരക്കില്‍ പ്യൂണ്മാഷും, കുട്ട്യോളും ലളിതടീച്ചരുമൊക്കെ ഓടിനടക്കുമ്പോഴും,
"കുതിച്ചുനിന്ന ബസ്സില്‍ നിന്നിറങ്ങിയ
സുഹൈലടീച്ചര്‍ ഒന്നാംക്ലാസ്സില്‍ കണ്ടത്‌
ആമിനടീച്ചറും അമ്പൊത്തൊന്നക്ഷരങ്ങളും മാത്രം."

“വാലിളക്കി
തലകുലുക്കി
അരികില്‍ ചേര്‍ന്നുനി”ന്ന വാക്കിനെ
“തള്ളയോട്‌ ചേര്‍ത്തുനിര്‍ത്തിയ”തും,
“അകിടുചുരന്നപ്പോള്‍ മാറ്റിക്കെട്ടിയതും കറന്നതും”, ഒരേ ആള്‍ തന്നെ. പക്ഷേ
“പിന്നെ
പിണങ്ങിയോടിയ വാക്ക്‌
പുഴവക്കത്തുരുണ്ട്‌
ഇണക്കം മാറാത്ത
ഇളം പുല്ലുകളോട്‌
കിന്നാരമ്പറയാതെ
വയലിലേക്കിറങ്ങി” , കണ്ണുനിറഞ്ഞ്‌, കൈകൂപ്പി കടലിലേയ്ക്കിറങ്ങുന്ന കാഴ്ച കണ്ണുനനയ്ക്കുകയല്ല, മുതിരലെന്ന ജൈവപ്രക്രിയകൊണ്ടൊന്നും തുറക്കാത്ത കണ്ണുകളിലേയ്ക്ക്‌ വെളിച്ചത്തിന്റെ ഒരസ്ത്രമായ്‌ ആഴ്‌ന്നിറങ്ങുകയാണ്‌. ജനിച്ചുവീണ നിമിഷംതൊട്ട്‌ അമ്മയെന്നും, അച്ഛനെന്നും, കാക്കയെന്നും, പൂച്ചയെന്നും ഓതിപ്പഠിപ്പിക്കുന്നവര്‍തന്നെയാണ്‌ മുതിര്‍ന്നുകഴിഞ്ഞാല്‍ അവന്റെ ഭാഷയുടെ നൈസര്‍ഗ്ഗികമായ ഒഴുക്കിനുമേല്‍ വിലക്കുകളുടെ കൂച്ചുവിലങ്ങിടാന്‍ മല്‍സരിക്കുന്നതും ‘കയ്ക്കാത്ത കാഞ്ഞിരമ്പോലെ’ അര്‍ത്ഥമില്ലാത്ത ഔപചാരികതകളിലേയ്ക്ക് അതിനെ ചുരുക്കിക്കളയുന്നതും. മുതിര്‍ന്നവരുടെ ലോകം അവര്‍ക്കുതന്നെ നിശ്ചയമില്ലാത്ത കുറെ ബോധ്യങ്ങളുടെയും, ധാരണകളുടേയും പേരില്‍ കുട്ടികളുടെ ഭാഷയ്ക്കും, ചിന്തയ്കുമേല്‍തന്നെയും നടത്തുന്ന അധിനിവേശങ്ങളെക്കുറിച്ച്‌ 'കടലിലായ വാക്ക്‌' എന്ന ഈ കവിത നല്‍കുന്ന സൂചനകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.

വിശപ്പ്‌ ഒരുവനെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളുടെ വെയിലിലേയ്ക്ക്‌ ഇറക്കി നിര്‍ത്തുന്നുവെങ്കില്‍, നിറവയറിന്റെ ആലസ്യം അവനെ കടുംനിറമുള്ള കിനാക്കളിലേയ്ക്ക്‌ തുറന്നുവിടുന്നു എന്ന ആഴമുള്ളൊരു തിരിച്ചറിവിനെ ലളിതമായ ഭാഷയില്‍ രേഖപ്പെടുത്തുന്നു 'തെലുങ്കന്‍' എന്ന കവിത. ദാരിദ്ര്യം വിദ്യാലയത്തില്‍നിന്നിറക്കി വീട്ടുവേലയ്ക്ക്‌ കൊണ്ടുചെന്നാക്കിയ തെലുങ്കന്‍ നിസാര്‍ പണ്ട്‌ ഒഴിവുവേളകളില്‍ വരച്ചിട്ട ചിത്രങ്ങള്‍ നിറയെ 'കുടിനീരിനായ്‌ ക്യൂ നില്‍ക്കുന്ന കുട'ങ്ങളും, 'കരഞ്ഞു തളര്‍ന്നവയ'റുകളും, 'വിളവെന്തെന്നറിയാത്ത വയലുക'ളും ആയിരുന്നെങ്കില്‍, പോകുന്നതിനുമുന്‍പ്‌ അവന്‍ വരച്ച
“തിളങ്ങുന്ന കണ്ണുകളും
വിശപ്പാറിയ വയറുമുള്ള”ചിത്രത്തിന്
“സ്വപ്നത്തിന്റെ നിറമായിരുന്നു”.

അനിതരസാധാരണമായ കാവ്യപ്രചോദനമില്ലാതെ ചെന്നെത്താനാവാത്ത, വിഷാദം സ്ഥായിഭാവമാക്കിയ അടിയൊഴുക്കുകളോടുകൂടിയ നിരവധി കല്‍പ്പനകളുണ്ട്‌ അഭിരാമിയുടെ കവിതകളില്‍. തേന്മാവും, കശുമാവും, പ്ലാവും, ഇലഞ്ഞിയുമൊക്കെച്ചേര്‍ന്ന് രുചിയും നിറവും ‍ തുറന്നിട്ട ഗ്രാമപശ്ചാത്തലത്തിലൂടെ സ്വയമുണ്ടാക്കിയ കളികളും, കളിപ്പാട്ടങ്ങളുമായി ഉപയോഗിച്ച് ‘വിടരേണ്ട കുട്ടിക്കാല’ത്തിന്റെ സ്വാഭാവികവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യത്തെ ഫ്ലാറ്റിലെ അടഞ്ഞ മുറികളില്‍, ആരോക്കെയോചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കിയ കമ്പ്യൂട്ടര്‍ ഗെയ്മുകളില്‍ തളച്ചിടുന്ന പുതിയ കാലത്തെനോക്കി നെടുവീര്‍പ്പിടുന്നു ‘അണ്ടിക്ക് തുണപോകുമോ?’ എന്ന കവിത. പിഞ്ചുടലുകളില്‍ കളിച്ചൂടുപടര്‍ത്തി, ഉരുണ്ടുകൂടുന്ന സ്വേദകണങ്ങള്‍ ഒപ്പിയെടുക്കാനായി മരച്ചില്ലകളില്‍നിന്ന് ഓടിവരുന്ന അമ്മക്കാറ്റുമായി ഒളിച്ചുകളിക്കുന്ന വേനല്‍, ശീതീകരിച്ച മുറികളിലെ നിര്‍വ്വികാരമായ തണുപ്പിലിന്ന് പുതച്ചുറങ്ങുന്ന കാഴ്ച ,
“ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച
കാറ്റിന്റെ തണുപ്പ്‌
മുറിയില്‍ പടരുമ്പോള്‍
പുതച്ചുറങ്ങി, വേനല്‍” എന്ന ഈ നാലുവരികളിലൂടെ അവള്‍ വരച്ചിടുമ്പോള്‍ ശിലകളില്‍നിന്നുപോലും കണ്ണിരുപൊടിയുന്നത് നമുക്ക് കാണാം.

വീട്‌, തൊടി, മുറ്റം, പശുക്കുട്ടി, പൂച്ച, സ്കൂള്‌, സഹപാഠികള്‍, അദ്ധ്യാപികമാര്‍, ഡസ്ക്‌, ബെഞ്ച്‌, പെന്‍സില്‍, കട്ടര്‍, ബെല്ല് എന്നിങ്ങനെ വിശാലമായ ഒരു ബാലലോകം തന്നെയുണ്ട്‌ അഭിരാമിയുടെ കവിതകള്‍ക്ക്‌ പശ്ചാത്തലമായി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള മിടുക്കികള്‍ക്കുമാത്രമല്ല, ചോദ്യങ്ങള്‍ക്കുമുന്‍പില്‍ തലകുനിച്ചുനില്‍ക്കുന്ന, അത്ര മിടുക്കില്ലാത്തവരും കവിതയ്ക്ക് പ്രചോദനമാകാമെന്നതിന് തെളിവാണ് 'പരീക്ഷ' .
“വല്ലാതെ കുഴക്കിയ
ചോദ്യങ്ങള്‍ക്കു മുന്നില്‍
തലകുനിച്ചിരുന്നു ഞാന്‍
അതുകണ്ട്‌ ബെല്ലുകള്‍
ഉറക്കെ പൊട്ടിച്ചിരിച്ചു
പിന്നെയെല്ലാം
അമ്മയുടെ വായില്‍ നിന്നായിരുന്നു.”

സ്ഥലകാലബന്ധിയായ്‌ നിലനില്‍ക്കുന്നൊരു കലാകാരിക്ക്‌ തന്റെ സ്ഥലത്തെയും, കാലത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു ആനുകാലിക പ്രശ്നത്തോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു 'പ്രതീക്ഷ ചിക്കന്‍ സ്റ്റാ'ളെങ്കില്‍ അതിനുശേഷം വന്ന 'എന്തിന്‌?', 'മ്യാവൂ മ്യാവൂ', എന്നി കവിതകള്‍ സമകാലിക സാമൂഹ്യപ്രശ്നങ്ങള്‍തന്നെ വിഷയമാക്കുമ്പൊഴും അവയില്‍ അഭിരാമിക്കവിതകള്‍ക്ക് പതിവില്ലാത്ത ഒരുതരം കൃത്രിമത്വം കലരുന്നുണ്ട്‌.
“പഠിപ്പ്‌ പോരെന്നും പറഞ്ഞ്‌
പേരുവെട്ടി
അപ്പച്ചന്റെ കൂടെ” കന്ദമലിയിലേയ്ക്ക്‌ പോയ സതീര്‍ത്ഥ്യ, ഒറീസയിലെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച്‌ അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം അസ്വാഭാവികമായ ഒരു ബിംബമാണ്‌. അതുപോലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 'മ്യാവൂ മ്യാവൂ' എന്ന കവിതയില്‍ തട്ടുമ്പുറത്ത്‌ വന്നുകയറിയ മാര്‍ജ്ജാരന്മാരുടെ ചിത്രത്തീലേയ്ക്ക്‌ തീവ്രവാദത്തിന്റെ ബിംബം സന്നിവേശിപ്പിക്കുന്നതില്‍ വന്ന അപര്യാപ്തകളാണ്‌ ‍അതിനെ ഒരു കൃത്രിമ രചനയെന്ന തോന്നലുളവാക്കുന്നതാക്കി മാറ്റുന്നത്‌. 'പറഞ്ഞുതോരാത്തത്‌' എന്ന കവിതയാവട്ടെ ഘടനാപരമായിത്തന്നെ അപൂര്‍ണ്ണവും. ലബ്ധപ്രതിഷ്ഠരായ കവികള്‍ പോലും തങ്ങളുടെ രചനാജീവിതത്തില്‍ താരതമ്യേനെ മോശമായ കൃതികള്‍ എഴുതിയിട്ടുണ്ട്‌. എഴുതുന്നതെല്ലാം ഒന്നിനൊന്ന് മികച്ചവയായിരിക്കണമെന്ന് എഴുതുന്നവരെല്ലാം സ്വയം നിഷ്കര്‍ഷിക്കാറുണ്ടെങ്കിലും, പ്രയോഗതലത്തില്‍ അതത്ര എളുപ്പവുമല്ല. എന്നിരിക്കിലും, അഭിരാമിയുടെ കാര്യത്തില്‍ ഈ മൂന്നുകവിതകള്‍ എടുത്തുപറഞ്ഞത്‌ അവ തുടര്‍ച്ചയായി എഴുതപ്പെട്ടവയായതിനാലും, മൂന്നിലും ഒരുപോലെ അഭിരാമിക്കവിതകളുടെ മുഖമുദ്രയായ അയത്നലളിതമായ ആ ഒഴുക്കിന്റെ അഭാവം കണ്ടതുകൊണ്ടും മാത്രമാണ്‌. ക്രാഫ്റ്റില്‍ ചില പുതുക്കിപ്പണികള്‍ക്ക് സമയമായോ എന്നൊരു സന്ദേഹവും, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും അവ ഉയര്‍ത്തുന്നുണ്ട്. തന്റെ സര്‍ഗ്ഗപ്രപഞ്ചത്തില്‍നിന്നുയരുന്ന അത്തരം സൂക്ഷ്മമായ ശബ്ദങ്ങള്‍ക്കുപോലും കാതോര്‍ക്കുകയും, സ്വന്തം കലയെ കാലത്തിനൊത്ത് നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടത് അളവറ്റ പ്രതിഭയും അതിതീവ്രമായ സര്‍ഗ്ഗചോദനയുംകൊണ്ട് അനുഗ്രഹീതയായ ഒരു എഴുത്തുകാരിയെന്ന നിലയില്‍ അഭിരാമിയുടെ ഉത്തരവാദിത്വമാണ്.

നൈസര്‍ഗ്ഗികമായ പ്രതിഭയുടെ അടയാളമുള്ളവയാണ് അഭിരാമിയുടെ മികച്ച കവിതകളെല്ലാം. വികസിക്കുന്ന അനുഭവമണ്ഡലത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകും വണ്ണം നിരന്തര ധ്യാനത്തിലൂടെയും, ശിക്ഷണത്തിലൂടെയും അതിനെ മൂര്‍ച്ചയിട്ട് സൂക്ഷിക്കാനായാല്‍ വരും കാലങ്ങളില്‍ മലയാളകവിതയില്‍ പുതിയൊരു ഭാവുകത്വപരിസരംതന്നെ സൃഷ്ടിക്കാന്‍ അവള്‍ക്കാവും. ഉറപ്പ്.

ഇവിടിതുവരെ