Tuesday, May 29, 2007

ജെ.സി.ബി. വായിക്കുമ്പോള്‍

ഉമ്പാച്ചിയുടെ ജെ.സി.ബി. എന്ന കവിതയെക്കുറിച്ച്

“ചൂട്‌","സാന്റ്‌ പേപ്പര്‍","റൂഹ്‌", "തീര്‍ത്തും സ്വകാര്യം" , "മാവ്‌" , "വിള്ളല്‍" ,"ആദ്യപകല്‍" തുടങ്ങി ഒരുപിടി മികച്ച കവിതകള്‍ ബൂലോകത്തിനു സമ്മാനിച്ച ഉമ്പാച്ചി എന്ന യുവ കവിയുടെ രചനകളില്‍ നമ്മെ ഒരു പക്ഷേ ഏറ്റവും നിരാശപ്പെടുത്തിയത്‌ ഈയിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട "ജെ.സി.ബി"എന്ന കവിതയാവും. ഒരു കവി എഴുതുന്നതെല്ലാം മികച്ചവയാകണമെന്ന് ശാഠ്യം പിടിച്ചിട്ട്‌ കാര്യമില്ല. ലബ്ധപ്രതിഷ്ഠരായ കവികള്‍ പോലും മോശം കവിതകള്‍ എഴുതിയിട്ടുണ്ട്‌. ഇതൊക്കെ സമ്മതിക്കുമ്പോഴും, മേല്‍പ്പറഞ്ഞ കവിതയിലെ വീഴ്ച്ച ചര്‍ച്ചചെയ്യപ്പെടേണ്ട വിധം പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു.

ശില്പഭദ്രതയിലും, ബിംബസമൃദ്ധിയിലും "ജെ.സി.ബി" മറ്റേത്‌ ഉമ്പാച്ചി കവിതയ്ക്കും ഒപ്പം നില്‍ക്കാന്‍ പോന്നതു തന്നെ. പ്രശ്നം അത്തരം സാങ്കേതികതകളുടേതല്ല, മറിച്ച്‌ സാങ്കേതികത്തികവുകള്‍ക്കൊക്കെ അപ്പുറം നില്‍ക്കുന്ന ദര്‍ശനത്തിന്റേതാണ്‌. കവിതയുടെ അവസാന ഭാഗം വരെ ജെ.സി.ബി എന്ന ബിംബം ജീവിതത്തെ കടന്നാക്രമിക്കുകയും നിഷ്കരുണം തകര്‍‌‍ത്തെറിയുകയും ചെയ്യുന്നൊരു യന്ത്രത്തിന്റെ വന്യസാന്നിദ്ധ്യത്തെ ധ്വനിപ്പിക്കുന്നു. "ഇടവഴിയില്‍ മഞ്ഞ നിറത്തിലൊരു ഹിംസ്രജന്തു"വായി പ്രത്യക്ഷപ്പെടുന്ന ജെ.സി.ബി യുടെ "ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമായി" ഉള്ള "ജൈത്രയാത്രകള്‍" ഭീതിദം തന്നെയാണ്‌. എന്നാല്‍ അധികാരത്തെ എന്നും ആരാധനയോടെ മാത്രം കാണുന്ന സമൂഹം ഈ യന്ത്രരാക്ഷസ്സനും വശംവദരാവുന്നു. "കുട്ടികള്‍ കാറുകളെ വിട്ട്‌ ജെ.സി.ബി വേണമെന്ന് കരയാന്‍ തുടങ്ങി". "ആനയെക്കാള്‍ പൊക്ക“മുള്ള തുമ്പിക്കയ്യും ഉയര്‍ത്തിപ്പിടിച്ച്‌ "ഇപ്പോള്‍ രാവിലെയുംവൈകുന്നേരവുംഅങ്ങാടിയിലൂടതിന്റെ എഴുന്നള്ളത്തുണ്ട്‌". ദൈവത്തിന്റെ സൃഷ്ടിയല്ലാത്തതിനാല്‍ "ജീവനുള്ളതെല്ലാറ്റിനോടും ഈറ"യാണതിന്‌.

മിഴിവുറ്റ ഇത്തരം കുറെ ചിത്രങ്ങളിലൂടെ മനുഷ്യ നിര്‍മ്മിതമായ ഒരു യന്ത്രം സ്രഷ്ടാവായ അവന്റെ ജീവിതത്തിലേയ്ക്ക്‌ തിരിഞ്ഞ്‌ അതിനെ പകയോടെ തിന്നു തീര്‍ക്കുന്നത്‌ കാട്ടിതരുന്നു ഇതുവരെയുള്ള വരികള്‍. മനുഷ്യന്‍ തന്റെ വിയര്‍പ്പും ചോരയും വീഴ്ത്തി പണിതുയര്‍ത്തുന്നവയെ ക്ഷണം കൊണ്ട്‌ തകര്‍ത്ത്‌ നിലമ്പരിശാക്കുന്ന വിനാശത്തിന്റെ കൈയായി ഈ ഭീമന്‍‌യന്ത്രത്തെ കാണുന്നതില്‍ എന്താണു തെറ്റ്‌? ഒരു തെറ്റുമില്ല. പക്ഷേ ചിലപ്പൊഴെങ്കിലും സംഹാരത്തിനല്ലാതെ സൃഷ്ടിക്കായും അതിന്റെ തുമ്പിക്കൈ ഉയരാറുണ്ടെന്നത്‌ നാം വിസ്മരിക്കരുത്‌. മലകളെ ചുറ്റിപ്പിണഞ്ഞു കയറുന്ന മലമ്പാതകള്‍, കുന്നിന്റെ പള്ളതുളച്ച്‌ പ്രതീക്ഷകളുടെ തീവണ്ടിയെ അപ്പുറത്തെത്തിക്കുന്നൊരു തുരങ്കം, തുടങ്ങിയ പലതും അവന്റെ വന്യമായ കരുത്തിന്റെ സൃഷ്ടിപരമായ പ്രയോഗത്തിനു സാക്ഷ്യമാവുന്നു.

ഇനി, ഒരു കവിതയില്‍ ആ യന്ത്രത്തിന്റെ എല്ലാ മുഖങ്ങളും അനാവരണം ചെയ്യപ്പെടേണ്ടതുണ്ടൊ, ബിംബം എന്ന നിലയ്യ്ക്ക്‌ അത്‌ ധ്വനിപ്പിക്കുന്ന ഭാവത്തിന്റെ വിനിമയം മാത്രം പരിഗണിച്ചാല്‍ പോരേ എന്ന ചോദ്യം. ശരിയാണ്‌, ഈ കവിതയിലെ അവസാനത്തെ ഒരു ഖണ്ഡിക ഒഴിവാക്കിയാല്‍. മുന്നില്‍ നിന്നും പിന്നില്‍ നിന്നും" കുത്തുകയും", “തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ" പോലും പൊളിക്കുകയും "അഭേദ്യബന്ധങ്ങളില്‍"വിള്ളലുണ്ടാക്കുകയും ചെയ്യുന്ന "ഭരണ കക്ഷി"യുടെ "അരുമയായ വളര്‍ത്തുമൃഗം" "ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം ടിവിയിലും വന്നു" എന്നു പറയുമ്പോള്‍ തെളിയുന്ന കവിതയിലെ രാഷ്ട്രീയം മുന്‍‌വിധികള്‍ നിറഞ്ഞതും പിന്തിരിപ്പനുമാണ്‌. എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ട സര്‍ക്കാര്‍ വക ഭൂമി, പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെയൊക്കെ തൃണവല്‍ക്കരിച്ചു കൊണ്ട്‌ കയ്യേറി, കാടുവെട്ടിയും കായല്‍ നികത്തിയും കൂറ്റന്‍ റിസോര്‍ട്ടുകളും മറ്റും പണിതുയര്‍ത്തിയ കുത്തക ഭീമന്മാര്‍ക്കെതിരെ ഉയര്‍ന്ന ജെ.സി.ബി യുടെ തുമ്പിക്കൈ ഇങ്ങനെ ചിത്രീകരിക്കപ്പെട്ടത്‌ നിരാശ മാത്രമല്ല, ചില സംശയങ്ങള്‍ പോലും ഉണര്‍ത്തുന്നു. ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരും ഒരു ചെറു വിരല്‍ പോലും ഉയര്‍ത്താന്‍ ധൈര്യം കാട്ടാത്ത ഈ പൊതുമുതല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സ്വന്തം പാര്‍ട്ടിക്കും, മുന്നണിക്കുമുള്ളില്‍ ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ പോലും അവഗണിച്ച്‌ നടപ്പിലാക്കിയ ഒരു പറ്റം മനുഷ്യരുടെ പ്രതിബദ്ധതയെ കേവലം വോട്ടുബാങ്ക്‌ രാഷ്ട്രീയമായി ചുരുക്കി കാണുന്നത്‌ തികച്ചും അരാഷ്ട്രീയമായ ഒരു വീക്ഷണമാണ്‌. അല്ലെങ്കില്‍, കവി മനസുകൊണ്ട്‌ മേല്‍പ്പറഞ്ഞ കുത്തക കൈയ്യേറ്റകാരോടൊപ്പം നില്‍ക്കുന്നു എന്ന് വിശ്വസിക്കേണ്ടിവരും. അങ്ങനെയല്ല എന്ന് വിശ്വസിക്കാനാണ്‌ ബഹുഭൂരിപക്ഷം ബൂലോകരേയും പോലെ എനിക്കും ഇഷ്ടമെങ്കിലും.

സഹജീവികളോട്‌ പരിഗണനയുള്ള എല്ലാ മനുഷ്യരിലും ഒരു രാഷ്ട്രീയമുണ്ടാവും. കാരണം, സ്വന്തം അസ്തിത്വത്തെ അതിന്റെ അതിര്‍ത്തികള്‍ക്കപ്പുറം, ചുറ്റുമുള്ള വിശാലമായൊരു ജൈവപരിസരവുമായി കൂട്ടിവായിക്കുവാന്‍ പഠിപ്പിക്കുന്നൊരു സങ്കല്‍പ്പമാണത്‌. (“ഞാന്‍ കാങ്ഗ്രസ്സും നീ കമ്മൂണിസ്റ്റും ഓന്‍ ബിജെപ്പീയും“ എന്നു കാണുന്ന ഇടുങ്ങിയ കക്ഷി രാഷ്ട്രീയമല്ല ഞാന്‍ സൂചിപ്പിക്കുന്നത്‌ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു.) അങ്ങനെയെങ്കില്‍ മനുഷ്യന്റെ സര്‍ഗ്ഗപരമായ ഇടപെടലുകളിലെല്ലാം ഒരു രാഷ്ട്രീയം ഉണ്ടാകും, അഥവാ ഉണ്ടാകേണ്ടതുണ്ട്‌. എഴുത്തിലെ അത്തരം രാഷ്ട്രീയത്തെ ഒരു വായനക്കാരന്‍ വേര്‍തിരിച്ചെടുത്ത്‌ വിശകലനം ചെയ്യേണ്ടതുമുണ്ട്‌. അത്തരമൊരു വായനയിലാണ്‌ ഉമ്പാച്ചിയുടെ "ജെ.സി.ബി" നമ്മെ നിരാശപ്പെടുത്തുകയും വ്യസനിപ്പിക്കുകയും ചെയ്യുന്നത്‌.

21 comments:

വിശാഖ് ശങ്കര്‍ said...

ഉമ്പാച്ചിയുടെ ജെ.സി.ബി. എന്ന കവിതയെക്കുറിച്ച്

ഗുപ്തന്‍ said...

ബ്ലോഗിലും നമുക്ക് ഒരു എ.കെ.ജി സെന്ററും പു.ക.സ. യും തുടങ്ങിയാലോ....

qw_er_ty

വിശാഖ് ശങ്കര്‍ said...

മനു,
ഞാന്‍ ഈ ലേഖനത്തിലൂടെ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ച ജെ.സി.ബി എന്ന കവിതയിലെ രാഷ്ട്രീയത്തെ എ.കെ.ജി സെന്റരും പു.ക.സ യുമായി ചേര്‍ത്തു കണ്ട താങ്കളുടെ വായന വിചിത്രവും നിരാശാജനകവും ആണ്.രാഷ്ട്രീയം എന്ന പദത്തിന് കക്ഷിരാഷ്ട്രീയം,പ്രായോഗിക രാഷ്ട്രീയം എന്നീ നിലകളിലല്ലാതെ വേറേ അര്‍ഥമേയില്ല എന്ന് ശഠിക്കണോ? ഒരു സര്‍ഗ്ഗസൃഷ്ടിയില്‍ രാഷ്ട്രീയം കടന്നുവരുന്നത് ഏറെ വിശാലമായ ഒരു ബോധം എന്ന നിലയിലാണെന്നത് കഥയൊക്കെ എഴുതുന്ന താങ്കള്‍ക്ക് അറിയാമല്ലൊ. ആ രാഷ്ട്രീയത്തെ വരികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത് ചര്‍ച്ച ചെയ്യുകയായിരുന്നു എന്റെ ഉദ്ദേശം.അതിനെ ഇത്തരത്തില്‍ ചുരുക്കി വായിച്ച് ഇങ്ങനെ ഒരു കുറിപ്പിട്ടത്....
(മൂന്നു മുന്നണികളും കണക്കാ,നമുക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല,കലയും സാഹിത്യവും തത്വചിന്തയും ഒക്കെയായി ബ്ലോഗില്‍ ജീവിച്ചുകൊള്ളാം എന്ന സമീപനത്തോടും എതിര്‍പ്പുണ്ട്.തനിക്ക് തോന്നുന്നത് നാലാളുമായി പങ്കുവയ്ക്കാനായി ഒരു ബ്ലോഗ് തുടങ്ങിയ ആര്‍ക്കും രാഷ്ട്രീയത്തെ തള്ളിപ്പറയാനാവില്ല ,കാരണം അത്തരം ഒരു ചോദനയില്‍ തന്നെ അന്തര്‍ലീനമായ ഒരു രാഷ്ട്രീയം ഉണ്ട്.)

ഗുപ്തന്‍ said...

ശില്പഭദ്രമെന്നും ബിംബസമൃദ്ധമെന്നും താങ്കള്‍ തന്നെ വിശേഷിപ്പിച്ച ഒരു കവിതയെ സമീപകാല രാഷ്ട്രീയത്തോട് ചേര്‍ത്ത്കെട്ടി വിമര്‍ശനത്തിനു തെരഞ്ഞെടുത്തതില്‍ വിയോജിപ്പുണ്ട് വിശാഖ്. അല്പമല്ല താനും.

ഇത് എന്റെയോ വിശാഖിന്റെയോ കവിയുടെയോ രാഷ്ട്രീയ ബോധ്യങ്ങളുടെ പ്രശ്നമല്ല. വായനയുടെ മാത്രം പ്രശ്നം.

വിശദീകരണങ്ങള്‍ ആവശ്യമില്ലെന്നാണ് എന്റെ ബോധ്യം. ഇനി ഉണ്ടാവുകയുമില്ല.

qw_er_ty

വിശാഖ് ശങ്കര്‍ said...

മനു,
എനിക്ക്‌ ഈ പഠനത്തിലൂടെ മുന്നോട്ട്‌ വയ്ക്കുവാനുള്ളത്‌ താങ്കള്‍ ചൂണ്ടിക്കാണിച്ച അതേ വസ്തുത തന്നെയാണ്‌.
ശില്‍പ്പം, ബിംബങ്ങളുള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ തുടങ്ങിയവ എല്ലാം കവിത വിനിമയത്തിനായി ഉപയോഗിക്കുന്ന സങ്കേതങ്ങാളാണ്‌.ഭദ്രമായ ഒരു ശില്‍പ്പത്തിനുള്ളില്‍ നിന്നുകൊണ്ട്‌ ശക്തമായ ബിംബങ്ങള്‍ ഉപയോഗിച്ചു തന്നെ ഒരു കവിതയ്ക്ക്‌ ഋണാത്മകമായ ഒരു ദര്‍ശനം മുന്നോട്ടു വയ്ക്കാനാവും.അതിലേയ്ക്കാണ്‌ ഈ പഠനത്തിലൂടെ ഞാന്‍ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതും.

ഉംബാച്ചിയുടെ ഈ കവിത സാങ്കേതികമായി അന്യൂനം തന്നെയാണ്‌.നിസ്സഹായരായ മനുഷ്യര്‍ക്കിടയിലേയ്ക്ക്‌ കാലനെപ്പോലെ നടന്നു കയറുന്ന യന്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന ജെ.സി.ബി എന്ന ബിംബം ,കവിത വര്‍ത്തമാന കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുന്ന സന്ദര്‍ഭവുമായി പ്രതിപ്രവര്‍ത്തിച്ച്‌ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന ഒഴിപ്പിക്കല്‍ പ്രക്രിയയെ മനുഷ്യത്വത്തിനുമേലുള്ള ഒരു കടന്നാക്രമണമായി ചിത്രീകരിക്കുന്നു.കവിതയുടെ സാങ്കേതിക തികവും ബിംബസമൃദ്ധിയുമെല്ലാം ഈ ചിത്രത്തിനു മിഴിവേകുന്നുണ്ട്‌.പക്ഷേ പ്രശ്നം വര്‍ത്തമാന സാഹചര്യങ്ങളില്‍ ജെ.സി.ബി മനുഷ്യരെ നിര്‍ദ്ദയം ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ഒരു യന്ത്ര ഭീകരനാണോ എന്നതാണ്‌.മൂന്നാറിലും മറ്റും നടക്കുന്നത്‌ അത്തരത്തില്‍ വ്യഖ്യാനിക്കപ്പെടേണ്ട ഒന്നാണോ?

ഇനി കവിതയെ സമീപകാല രാഷ്ട്രീയവുമായി ചേര്‍ത്തുകെട്ടി എന്ന ആരോപണം.ആരാണ്‌ അങ്ങനെ ചേര്‍ത്തു കെട്ടിയത്‌?കവിതയിലെ അവസാനഖണ്ഡം പ്രത്യക്ഷത്തില്‍ തരുന്ന സൂചനകളെപ്പോലും നിരാകരിച്ചുകൊണ്ട്‌ ഈ ഉത്തരവാദിത്വം എന്നില്‍ കെട്ടിവയ്ക്കുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.

പ്രശ്നം തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളുടേതാണ്‌(കക്ഷിരാഷ്ട്രീയത്തിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്‌ എന്ന് വീണ്ടും )കവിതയുള്‍പ്പെടെ എല്ലാ സര്‍ഗ്ഗസൃഷ്ടികള്‍ക്കും സാമൂഹികമായ ഒരു പ്രസക്തി ഉണ്ടെന്നും,മനുഷ്യനില്‍ നിന്നും അവന്റെ ജീവിതത്തില്‍ നിന്നും വേറിട്ട്‌ കവിതയ്ക്ക്‌ ഒരു സങ്കേതമെന്ന നിലയില്‍ സ്വയമ്പര്യാപ്തമായ ഒരു അസ്തിത്വം ഇല്ലെന്നും ഉള്ള വീക്ഷണമാണ്‌ ക്രാഫ്റ്റിലും മറ്റുമുള്ള തികവിനും അപ്പുറത്ത്‌ കല മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം തേടുവാന്‍ ആസ്വാദനത്തെ പ്രേരിപ്പിക്കുന്നത്‌.എന്നെ ഇത്തരം ഒരു വായനയിലേയ്ക്ക്‌ ഉണര്‍ത്തിയതും ഇതെ ബോധ്യങ്ങളാണ്‌.അവ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു.ആ വായനയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ എത്‌ അന്വേഷണത്തിനും ചര്‍ച്ചയ്ക്കും ഞാന്‍ സന്നദ്ധനുമാണ്‌.

മൂര്‍ത്തി said...

ജെ.സി.ബി.നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത് ഇപ്പോഴല്ല. എത്രയോ കാലമായി. നമ്മുടെ കുന്നുകളെ‍ നിരത്തി ആ മണ്ണ്‌ വന്‍‌കിട ഫ്ലാറ്റുകളാകുള്‍ക്കുള്ള അടിത്തറയാക്കുമ്പോഴും പാടങ്ങളെ ഇഷ്ടികക്കളങ്ങള്‍ക്കുള്ള തീറ്റയാക്കുമ്പോഴുമൊക്കെ ഈ ജെ.സി.ബി ഇവിടെ ഉണ്ടായിരുന്നു. ജെ.സി.ബി കളുടെ ലക്കും ലഗാനുമില്ലാത്ത മത്സരപ്പാച്ചിലിനിടെ പൊലിഞ്ഞ ജീവിതങ്ങളെക്കുറിച്ച് എത്രയോ നാം വായിച്ചിട്ടുണ്ട്. അതായിരുന്നു ഈ കവിതയുടെ ശരിയായ സമയം. ഇന്ന് ജെ.സി.ബി ഏറ്റവും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത് തകര്‍ക്കാന്‍ പറ്റാത്ത ചില വിശ്വാസങ്ങളെ അത് തകര്‍ക്കുന്നു എന്നതുകൊണ്ടാണ്. ആ സമയത്ത് ഈ കവിത വന്നത്, അതും അത്ര ഉള്‍ക്കാഴ്ച അവകാശപ്പെടാനില്ലാത്ത ചില രാഷ്ട്രീയ ധ്വനികളോടെ വന്നത് ഒരു പക്ഷെ നിഷ്കളങ്കമായിട്ടായിരിക്കാം. പക്ഷെ നല്‍കുന്ന സൂചനകള്‍ അരാഷ്ട്രീയം തന്നെയാണ്. നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ചില പ്രതിബദ്ധതകളെ(കട:വിശാഖ് ശങ്കര്‍) നേരിട്ടേതിര്‍ക്കാന്‍ മടിയുള്ളതുകൊണ്ട് അതിന്റെ ചില ഉപകരണങ്ങളെ എതിര്‍ക്കുന്ന പോലെ അനുഭവപ്പെട്ടു.

വിഷ്ണു പ്രസാദ് said...

manu,
ഉമ്പാച്ചിയുടെ ഇവിടെ പഠന വിധേയമായ കവിതയില്‍ സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.വിശാഖ് ഇവിടെ പുതുതായി ചേര്‍ത്തുകെട്ടിയതൊന്നുമല്ല.കവിത വായിച്ചു നോക്കിയാല്‍ മനസ്സിലാവും.

പരാജിതന്‍ said...

മനുവിന്റെ ‘എ.കെ.ജി. സെന്റര്‍ - പുകസ’ കമന്റ് ഈ പോസ്റ്റിലേക്ക് ഇടംവലം നോക്കാതെ കയറി വന്ന ജെ.സി.ബി.യായിപ്പോയി. :)

ഉമ്പാച്ചിയുടെ കവിതയിലുള്ള രാഷ്ട്രീയത്തെ ന്യാ‍യീകരിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍‌ക്കും തോന്നില്ല. ‘തീവ്രതയുള്ള‘ എഴുത്തിലൂടെ മൂന്നാറില്‍ നടക്കുന്ന ഒഴിപ്പിക്കല്‍ പ്രക്രിയയെ കൊടിയ അനീതിയും കാപട്യവുമാണെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ഈ കവിത. മറ്റൊരുതരം ‘അസത്യപ്രചാരവേല’ തന്നെയാണ് അത്. അതിനെ സൌമ്യമായ ഭാഷയില്‍, ഉമ്പാച്ചിയുടെ പ്രതിഭയെ അംഗീകരിച്ചു കൊണ്ട് തന്നെ, വിമര്‍‌ശനവിധേയമാക്കിയ ഈ പോസ്റ്റിനെ പരുക്കന്‍ പരിഹാസം കൊണ്ട് ആക്രമിക്കാന്‍ നോക്കിയത് പക്വതയില്ലായ്മയാണ്.

Unknown said...

“പ്രശ്നം അത്തരം സാങ്കേതികതകളുടേതല്ല, മറിച്ച്‌ സാങ്കേതികത്തികവുകള്‍ക്കൊക്കെ അപ്പുറം നില്‍ക്കുന്ന ദര്‍ശനത്തിന്റേതാണ്‌.“
ബിംബങ്ങള്‍ക്കും, ശില്പഭദ്രതയ്യ്ക്കൂം അപ്പുറം ദര്‍ശനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരാള്‍ പറഞ്ഞു കണ്ടതില്‍ വളരെ വളരെ സന്തോഷം.

“പക്ഷേ ചിലപ്പൊഴെങ്കിലും സംഹാരത്തിനല്ലാതെ സൃഷ്ടിക്കായും അതിന്റെ തുമ്പിക്കൈ ഉയരാറുണ്ടെന്നത്‌ നാം വിസ്മരിക്കരുത്‌“

ഇവിടെ വലിയ വലിയ മലകളില്‍ പ്രകൃതിയ്ക്ക് വലിയ പോറല്‍ ഏല്പിക്ക്കാതെ നിര്‍മ്മാണങ്ങള്‍ ഇവന്റെ സഹായത്താല്‍ നടന്ന് കൊണ്ടിരിക്കുന്നതിന്റെ സാക്ഷ്യം കൂടി.

(കമന്റുകള്‍ വായിച്ചില്ല. ആര്‍ ആരുടെ കൂടെയാണെന്ന് നോ‍ക്കിയില്ല. ഇത് വെറും ഒരു സ്ത്രീ പക്ഷ കമന്റ്:))

ഗുപ്തന്‍ said...

I will try to say you why I consider this study as problematic, a little while later. In the meantime try to read and reply to Vishak and not to me.

Sorry about English. No choice.

Viswaprabha said...

ഉമ്പാച്ചിയുടെ രചന ഞാന്‍ വായിച്ചുതുടങ്ങിയത് നല്ലൊരു കവിതയായിട്ടാണ്. പക്ഷേ ഒടുവിലെ വരികളും വായിച്ചുകഴിഞ്ഞപ്പോള്‍, കാലം തെറ്റിവന്ന ഒന്ന് എന്നു മൂര്‍ത്തി പറഞ്ഞതിനെ അപ്പാടെ ശരിവെയ്ക്കുന്നു.

ഒരുപക്ഷേ സമകാലികപ്രസക്തിയായിരിക്കാം ജേ.സി.ബി. എഴുതാന്‍ ഉമ്പാച്ചിയെ പ്രേരിപ്പിച്ചിരിക്കുക. അതുനല്‍കുന്ന പോപ്പുലാരിറ്റി അപ്പീല്‍ ആരായാലും ഇഷ്ടപ്പെട്ടുപോകും.അതിനു വേണ്ടി ഒരു പാദം കൂടി കവിതയില്‍ ചേര്‍ത്തുവെച്ചു എന്നല്ലാതെ ഉമ്പാച്ചി മനഃപൂര്‍വ്വം ഒരു രാഷ്ട്രീയാശയപ്രക്ഷേപണം കവിതയിലൂടെ നടത്തി എന്നു തോന്നുന്നില്ല.

എങ്കിലും കവിതയ്ക്കുശേഷം വരുന്ന ഈ പഠനവും അഭിപ്രായപ്രകടനങ്ങളും സ്വതവേ അ(കക്ഷി)രാഷ്ട്രീയവാദിയായി അഭിനയിച്ച് മിണ്ടാതിരിക്കുന്ന ഈയുള്ളവനെപ്പോലും വല്ലാതെ രസപ്പെടുത്തുന്നു!

പണ്ട് നാടും കാടും കുന്നും കുളങ്ങളും കുട്ടിച്ചോറാക്കിയ ജേ.സി.ബി. ഇപ്പോള്‍ തകര്‍ത്തുകളയുന്നത് സുഖവാസമന്ദിരങ്ങളോ സുഖിയന്മാരുടെ സ്വകാര്യഹര്‍മ്മ്യങ്ങളോ മാത്രമല്ല,പതിറ്റാണ്ടുകളായി നാട്ടില്‍ അടിഞ്ഞുകൂടി കട്ടപിടിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ-ഉപജാപകച്ചെളിപ്പുറ്റുകള്‍ കൂടിയാണ്. ആ തകര്‍ക്കലില്‍ ജെ.സി.ബി., നഷ്ടമാണെന്നറിഞ്ഞിട്ടും, നിന്നിടം പോലും സ്വയം കുഴിക്കുന്നുണ്ടാവണം.

മഞ്ഞനെറ്റിപ്പട്ടവും തുമ്പിക്കയ്യുമുള്ള ഈ വലിയ ആന വരുന്നതിനുമുന്‍പേ ചോപ്പുനിറത്തില്‍ വലിയ ഒറ്റപ്പോത്തുകള്‍ നമ്മുടെ വയലില്‍ ഉഴാനിറങ്ങിയിരുന്നു ഒരുകാലത്ത്. അന്നത്തെ കവിതകളിലും ഇതേ ഉപ്പായിരുന്നു രുചിചേര്‍ത്തിരുന്നത്.

അതിനും എത്രയെത്രയോ മുന്‍പു തന്നെ നാം ഉപകരണങ്ങളെ നമ്മുടെ യത്നസാമ്രാജ്യത്തിലേക്കു വിളിച്ചുകേറ്റിയിട്ടുണ്ട്? പ്ലാവില മാറ്റി തവിയാക്കിയപ്പോള്‍ , അമ്മി മാറ്റി അരവുയന്ത്രമാക്കിയപ്പോള്‍,കൈതട്ടിയെഴുത്തുയന്ത്രം മാറ്റി കമ്പ്യൂട്ടറാക്കിയപ്പോള്‍, അപ്പൊഴൊക്കെയും നമുക്കിങ്ങനെ ഓരോ കവിതയാകാമായിരുന്നു.ആയിട്ടുമുണ്ടായിരുന്നു.

അത്തരം തുടര്‍ക്കവിതകളിലൊന്നാണിതെങ്കില്‍, ദാര്‍ശനികമായി പുതുമയില്ലെങ്കിലും, നല്ല ബിംബകല്പനകള്‍ എന്ന പരിഗണന തീര്‍ച്ചയായുമുണ്ട്.

പക്ഷേ വോട്ടുചോദിച്ച് പടിവാതില്‍ക്കല്‍ വരുന്ന ജേ.സി.ബി.യെക്കുറിച്ചാണെങ്കില്‍, അതാണ് ഈ കവിതയുടെ ഇരയെങ്കില്‍, വെട്ടിനിരത്തുക എന്നതുതന്നെയാവും നമുക്കിതിനോടുചെയ്യാവുന്ന ഏറ്റവും നല്ല നീതി! ചുരുങ്ങിയ പക്ഷം ആ അവസാനവരികളെങ്കിലും.

മലയാളിയുടെ പ്രബുദ്ധപുരോഗമന കലാസാഹിത്യരാഷ്ട്രീയം എപ്പോഴും ഓടുന്ന നായ്ക്ക് രണ്ടുമുഴം പിന്‍പേയാണു കല്ലെറിയുന്നത്. പ്രാഗ്മാറ്റിസം എവിടെയോ ഓടിമറയും; ഡോഗ്മാറ്റിസം അട്ടപോലെ അപ്പോഴും അവന്റെ പിന്നില്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും.

ഇരയെ വേദനിപ്പിക്കാതെ അട്ടകള്‍ തന്റെ ചോര ഊറ്റിവലിച്ചുകുടിക്കുന്നുണ്ടെങ്കില്‍ ഉമ്പാച്ചി അതറിയണം.

വിശാഖ് ശങ്കര്‍ said...

മൂര്‍ത്തി,
താങ്കളുടെ വീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
വിഷ്ണു,
ഈ കവിതയ്ക്ക് താങ്കള്‍ ഇട്ട കുറിപ്പ് അന്നേ കണ്ടിരുന്നു.ആ അഭിപ്രായത്തിന്റെ കാരണം ഇതൊക്കെ തന്നെ എന്ന് കരുതുന്നു.
പരാജിതന്‍,
കൃത്യമായ വായനയ്ക്ക് നന്ദി.
ദാലി,
ആര്‍ ആരുടെ കൂടെയാണെന്നതൊന്നും ഒരു പ്രശ്നമല്ല.വായനയാണ് കാര്യം.ശരിയായ സ്ത്രീപക്ഷ വായനയ്ക്ക് നന്ദി പറയുന്നു.
മനു,
ചര്‍ച്ചയില്‍ സജീവമായി സഹകരിച്ചതിന് നന്ദി.വിശദമായ ഒരു കുറിപ്പ് വീണ്ടും പ്രതീക്ഷിക്കുന്നു.
വിശ്വം,
താങ്കള്‍ പറഞ്ഞതൊക്കെ തന്നെയേ എനിക്കും പറയാനുള്ളു.വായനയ്ക്കും കുറിപ്പിനും നന്ദി.

N.J Joju said...

ഇത്രയ്ക്ക് അങ്ങട് പറയാനും മാത്രം പ്രശ്നങ്ങളൊന്നും ഞാന്‍ അതില്‍ കണ്ടില്ല. സമകാലിക മൂന്നാര്‍ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നതു ശരിതന്നെ.

സമയം തെറ്റിയെന്ന മൂര്‍ത്തിയുടെ അഭിപ്രായത്തോടും ഞാന്‍ യോജിക്കുന്നില്ല. രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും കൂടി ഭൂമി കയ്യേറ്റക്കാര്‍ക്കുകൊടുത്ത “തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ പൊളിക്കു”ന്ന ഈ സമയം അതിനു യോജിച്ചതല്ല എന്നു ഞാന്‍ കരുതുന്നില്ല.

ഉമ്പാച്ചി കവിതയില്‍ ജെ.സി.ബി യെയോ സമകാലിക സംഭവവികാസങ്ങളെയോ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല. ജെ.സി.ബി യെയോ സമകാലിക സംഭവങ്ങളോടു ചേര്‍ത്ത് അവതരിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. അത് കവിയുടെ സ്വാതന്ത്രവും അവകാശവുമാണ്.

വിശ്വം പറയുന്നതുപോലെ മനഃപൂര്‍വ്വം ഒരു രാഷ്ട്രീയാശയപ്രക്ഷേപണം കവിതയിലൂടെ നടത്തി എന്നു ഞാനും കരുതുന്നില്ല.
“അടുത്ത തിരഞ്ഞെടുപ്പിന്
വോട്ടു ചോദിച്ച് വീട്ടുവാതില്‍ക്കല്‍
ഒരു ജെ.സി.ബി വരും” എന്നതാവട്ടെ മൂര്‍ത്തിപറയുന്നതുപോലെ നിഷ്കളങ്കമായ ഒരു പരാമര്‍ശമായേ ഞാന്‍ കരുതുന്നുള്ളൂ. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രാധാനപ്പെട്ടവയില്‍ ഒന്നായി എണ്ണപ്പെടുന്ന മൂന്നാര്‍ സംഭവം തിരഞ്ഞെടുപ്പു വിഷയമാകാതെ പോകുമെന്നും തോന്നുന്നില്ല.

പോപ്പുലാരിറ്റിയ്ക്കു വേണ്ടിയാണ് എന്ന പരാമര്‍ശം ഒഴിവാക്കാമായിരുന്നു.

ഗുപ്തന്‍ said...

എനിക്ക് പറയാനുള്ളതു ചുരുക്കമായി ഉമ്പാച്ചിയുടെ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട് വിശാഖ്.

എന്റെ ആ കമന്റിന് ജെ സി ബി യുടെ സ്വഭാവം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച ഹരിയേട്ടന് നന്ദി... ഇനിയും കമന്റിടുമ്പോള്‍ ശ്രദ്ധിക്കാം. അവിടെ വിഷ്ണുമാഷ് മറ്റൊന്നും പറയാതെ 'പൊട്ടക്കവിത'എന്ന് വിളിച്ചത് വായിച്ചിട്ട് വന്ന ചൂടില്‍ അല്പം agressive ആയിപ്പോയതാണ്. അതിനു ക്ഷമചോദിക്കുന്നു വിശാഖ്. ആശയത്തിനല്ല. ശൈലിക്ക്.

qw_er_ty

വിശാഖ് ശങ്കര്‍ said...

മനു,
ഉംബാച്ചിയുടെ ബ്ലോഗില്‍ ഇട്ട കുറിപ്പ്‌ കണ്ടിരുന്നു.വിശദമായ ഒരു മറുപടിയും എഴുതിയതാണ്‌.ചില സാങ്കേതിക തകരാറുകള്‍ മൂലം പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.അതിനു ശേഷമാണ്‌ ഈ കുറിപ്പ്‌ കണ്ടത്‌.ഇനിയിപ്പൊ രണ്ടിനും കൂടി ഒരു മറുപടി ഇവിടെ കിടക്കട്ടെ.

ഉംബാച്ചിയുടെ കവിതയെ രാഷ്ട്രീയമായ വശം മാത്രം പറഞ്ഞ്‌ വിമര്‍ശിക്കുന്നത്‌ ആശാസ്യമല്ലാത്ത ഒരു ദിശാബോധത്തിന്റെ പരിണാമമാണ്‌ എന്ന് താങ്കള്‍ പറയുന്നു.ഇവിടെ രാഷ്ട്രീയം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കക്ഷി രാഷ്ട്രീയമാണെങ്കില്‍ അതിനു മറുപടി ഞാന്‍ പറഞ്ഞുകഴിഞ്ഞതാണ്‌.രാഷ്ട്രവുമായി ബന്ധപ്പെട്ടത്‌ എന്ന വിശാലമായ അര്‍ത്ഥത്തിലാണ്‌ ഞാന്‍ ആ പദം ഉപയോഗിച്ചിട്ടുള്ളത്‌.അത്തരത്തില്‍ ഒരു രാഷ്ട്രീയമില്ലാതെ ഒരു കലാ സൃഷ്ടിയും ഉണ്ടാകുന്നില്ല.അതുകൊണ്ടു തന്നെ അതു പരിഗണിക്കാത്ത വായന പൂര്‍ണ്ണവുമല്ല.അത്‌ ആശാസ്യമല്ലാത്ത ഒരു ദിശാബോധത്തിന്റെ പരിണാമമാണെങ്കില്‍ ബൂലോകവും കേരള സാഹിത്യലോകവും മാത്രമല്ല മനു ഒഴികെയുള്ള ലോക സാഹിത്യം മുഴുവന്‍ ആശാസ്യമല്ലാത്ത അത്തരം ഒരു പരിണാമഘട്ടത്തില്‍ പണ്ടേ എത്തി കഴിഞ്ഞിരിക്കുന്നു!

മൂന്നാറിലെ ജെ.സി.ബി ഉപയോഗത്തില്‍ മനു കണ്വിന്‍സ്ട്‌ അല്ല എന്നു പറയുന്നു.അത്‌ തന്റെ അവകാശമാണെന്നും കൂട്ടി ചേര്‍ക്കുന്നു.ജെ.സി.ബി യെ ഈ രീതിയില്‍ കാണാന്‍ ഉംബാച്ചിക്കും ഇതേ അവകാശം ഉണ്ടെന്ന് പ്രഖ്യാപിക്കുന്നു.അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ കണ്വിന്‍സ്ട്‌ ആയിരിക്കുക എന്നത്‌ മറ്റൊരുവന്റെയും അവകാശമല്ലേ?ജെ.സി.ബി എന്ന കവിത എഴുതുന്നത്‌ ഉംബാച്ചിയുടെ അവകാശമാണെങ്കില്‍ അതിനെക്കുറിച്ച്‌ ഒരു വിമര്‍ശനം എഴുതാന്‍ മറ്റൊരുവന്‌ അവകാശമില്ലെ?അതോ കവിതാലോകത്ത്‌ വിമര്‍ശനം പാടില്ലെന്നാണോ?അത്തരം ഒരു വിമര്‍ശനത്തിനെതിരേയുള്ള അസഹിഷ്ണുതയിലും മോബ്‌ വയലന്‍സും, ഫിക്സേഷന്‍സും ഒക്കെതന്നെയല്ലേ?(ആ കമന്റ് വിഷ്ണുവിന്റെ കുറിപ്പ് ഉണ്ടാക്കിയ പ്രകോപനമായിരുന്നു എന്ന് മനസിലാക്കുന്നു.അത്തരം ഭാഷ ഉപയോഗിച്ചതിലുള്ള ഖേദം പ്രകടിപ്പിക്കാന്‍ മടിക്കാത്ത മനസിനെ ബഹുമാനിക്കുകയും ചെയ്യുന്നു.വിഷ്ണുവിന് ഉംബാച്ചി കവിതകളോട് വല്ലാത്ത സ്നേഹവും ,വല്‍ത്സല്ല്യവുമൊക്കെയാണ് എന്ന് എനിക്ക് നേരിട്ടറിയാം.ആ സ്വാതന്ത്ര്യത്തില്‍ പറഞ്ഞതാവും)
ഇനി നമുക്ക് മനു മുന്നോട്ട് വയ്ക്കുന്ന ചില ആശയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം.
മൂന്നാറില്‍ നടക്കുന്നത്‌ സഞ്ജയ്‌ ഗാന്ധിയുടെ ക്രൂര വിനോദങ്ങളെപ്പോലെ,അയോധ്യയില്‍ നടന്ന മനുഷ്യാവകാശ ലംഖനം പോലെ ഒന്നാണെന്ന വീക്ഷണം കടുത്ത കക്ഷിരാഷ്ട്രീയ മുന്‍ വിധി അല്ലേ? .മൂന്നാറില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ നിരപരാധികളായ കുറേ സാധാരണക്കാരാണ്‌ എന്ന ധ്വനിയുള്ള ഒരു ഗുരുതരമായ ആരോപണം കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നാണ്.വന്‍ കിട കയ്യേറ്റക്കാര്‍ക്കെതിരേ നടക്കുന്ന ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ നിന്നും ജന ശ്രദ്ധ തിരിച്ചുവിടാനായി,ഇതേ ഭാഷ്യം ഉപയോഗിച്ചു കൊണ്ട്‌ ചില ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാര്‍,പാവപ്പെട്ട കുറേ ആദിവാസികളെയും സാധാരണക്കാരായ കുടിയേട്ടക്കാരെയും ആക്രമിച്ചു.അത്‌ ശ്രദ്ധയില്‍ പെട്ട ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും കൃഷിയ്ക്കും താമസത്തിനുമായി നടന്നിട്ടുള്ള കുടിയേറ്റങ്ങളെ ഒഴിപ്പിക്കേണ്ടതില്ലാ എന്ന തീരുമാനമെടുക്കുകയും ചെയ്തു മുഖ്യമന്ത്രി.ഏത്‌ രഷ്ട്രീയത്തിന്റെ കണ്ണുകൊണ്ടു നോക്കിയാലും ഈ പ്രവര്‍ത്തിയെ താറടിച്ചു കാട്ടാന്‍ ആവാത്തതിനാല്‍ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടെയല്ല സംസ്ഥാനത്തിന്റെ സ്വത്താണ്‌ എന്ന് പറഞ്ഞു.ഇങ്ങനെയിരിക്കെ വസ്തുനിഷ്ടമായി ഒന്നും നിരത്തുവാനില്ലാതെ മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ മനുഷ്യത്വത്തിനുമേലുള്ള ഒരു കടന്നാക്രമണമാണെന്നു സ്ഥാപിക്കുന്നത്‌ വസ്തുതകള്‍ക്ക്‌ നിരക്കുന്നതാണോ?

അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു പക്ഷേ ഇടതുപക്ഷം ഇതു പ്രചരണായുധമാക്കിയേക്കാം.പക്ഷേ അതുകൊണ്ടുമാത്രം ഇപ്പൊ നടക്കുന്ന ഈ പ്രവര്‍ത്തി നികൃഷ്ടമാവുന്നത്‌ എങ്ങനെ?
ഞ്ജൊജു,
സമകാലിക മൂന്നാര്‍ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെടുന്ന രീതിയാണ്‌ കവിതയില്‍ അരാഷ്ട്രീയങ്ങളായ ചില ധ്വനികള്‍ ഉണ്ടാക്കിയത്‌."രാഷ്ട്രീയക്കരും ഉദ്യോഗസ്ഥരും കൂടി ഭൂമി കയ്യേറ്റക്കാര്‍ക്കുകൊടുത്ത 'തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ പൊളിക്കു'ന്ന ഈ സമയം അതിനു യോജിച്ചതല്ലെന്ന് ഞാന്‍ കരുതുന്നില്ല" എന്ന വാചകത്തിലൂടെ ഞ്ജൊജു എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായില്ല.
പിന്നെ കവിതയില്‍ ഉംബാച്ചി ജെ.സി.ബി യെയൊ സമകാലിക സംഭവവികാസങ്ങളെയോ എതിര്‍ക്കുകയ്യൊ അനുകൂലിക്കുകയോ ചെയ്യുന്നില്ല എന്നത്‌.ഒരു കവിതയിലൂടെ കവി നടത്തുന്ന വിനിമയങ്ങള്‍ മുദ്രാവാക്യങ്ങള്‍ പോലെ പ്രകടമായിരിക്കില്ല.കവിതയിലെ ധ്വനികളും റ്റോണും മറ്റും പിന്തുടര്‍ന്നാല്‍ കവി എന്തിനെ അനുകൂലിക്കുന്നു,എന്തിനെ എതിര്‍ക്കുന്നു എന്ന് വ്യകതമാവും.

Unknown said...

വിശാഖ്..,
ഞാന്‍ ഇവിടെ ഈ ചര്‍ച്ചയില്‍ ആദ്യം മുതല്‍ക്ക് തന്നെ പങ്കെടുത്തിട്ടില്ല. എന്നാല്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആദ്യമേ അഭിനന്ദിക്കട്ടെ.
ശ്രീ. മനുവിന്‍റെ ആദ്യ പരാമര്‍ശനത്തില്‍ നിന്ന് തന്നെ വ്യക്ത്മാണ് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അതിലൊരു ‘വല്ലാത്ത പരിഹാസം’ നിഴലിക്കുന്നതായും നമുക്ക് കാണാം. അതൊരു സാദാ കമന്‍റ് എന്ന നിലയില്‍ തള്ളിക്കളയുകയായിരുന്നു. ഒപ്പം താങ്കളുടെ മറുപടിയും നന്നായി. പിന്നെയും അത് ചവച്ച് ചവച്ച് ഒട്ടകത്തെ പോലെ ആകുമ്പോള്‍ എന്തോ ഒരു അരുചി തോന്നുകയും ചെയ്യുന്നു.
ഉമ്പാച്ചിയുടെ ഏറെ നല്ല കവിതകളില്‍ ഒരു പൊട്ടക്കവിത എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. എന്നാല്‍ മറ്റ് കവിതകളുമായി നോക്കുമ്പോള്‍ ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ഏറെ ആശയങ്ങള്‍ തരുന്ന കവിത തന്നെയാണ് ജെ. സി. ബി എന്നതില്‍ എനിക്ക് തര്‍ക്കമൊന്നുമില്ല.
പിന്നെ
രാഷ്ട്രീയം എന്നുള്ളത് എല്ലാവരും ഇന്ന് തെറ്റായി ധരിച്ചു വച്ചിരിക്കുന്നു. അതു കൊണ്ടാണ് മനു അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. സമീപ കാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ തന്നെയാവണം ഉമ്പാച്ചി ജെ. സി. ബി എന്ന കവിത എഴുതിയത്. എന്നാല്‍ അത് വായനക്കാരന്‍ റെ പക്ഷത്തു നിന്ന് എങ്ങിനെ വേണമെങ്കിലും വായിക്കാവുന്ന കവിത തന്നെയാണ്. പരാജിതന്‍ പറഞ്ഞതു പോലെ ഒരു ‘ഇടം വലം നോക്കാതെ യുള്ള ജെ. സി. ബി ഓപ്പറേഷന്‍ തന്നെ ആയിപ്പോയി മനുവിന്‍ റേതും അതുപോലെ ഉമ്പാച്ചിയുടേതും!!

വിശാഖ് ശങ്കര്‍ said...

ഇരിങ്ങലേ,
കുറിപ്പുകള്‍ ഒടുവില്‍ ചര്‍വ്വിത ചര്‍വ്വണമാ‍യി അല്ലേ..:)
വായനയ്ക്കും കുറിപ്പിനും വളരെ നന്ദി.

ഗുപ്തന്‍ said...

ഇരിങ്ങലിനോട്‌,
ക്ഷമിക്കുക. തെറ്റിദ്ധരിക്കപ്പെടരുത്‌ എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ്‌ പലപ്പോഴും പറയുന്ന കാര്യം ആവര്‍ത്തിക്കേണ്ടി വരുന്നത്‌. എനിക്കായാലും വിശാഖിനായാലും മറ്റാര്‍ക്ക്‌ തന്നെയായാലും. ബ്ലോഗ്‌ പോലെ പരസ്പരം മറഞ്ഞിരുന്ന് നടത്തുന്ന സംവാദങ്ങളുടെ അനിവാര്യമായ തിന്മയാണത്‌.

പ്രിയ വിശാഖ്‌,
ഞാന്‍ ഒഴികെ ഉള്ള ലോകം എന്നെക്കാള്‍ ഒരുപാട്‌ പുരോഗമിച്ചു എന്ന അറിവോടെ തന്നെയാണ്‌ ഞാന്‍ ബ്ലോഗിംഗ്‌ തുടങ്ങിയത്‌. എന്റെ പ്രൊഫൈലില്‍ അത്‌ എഴുതിവച്ചിട്ടുണ്ട്‌. :) പഠിക്കുന്ന വിഷയങ്ങളില്‍ ക്രി മു ഒന്നാം നൂറ്റാണ്ടുമുതല്‍ ക്രി വ. നാലാം നൂറ്റാണ്ട്‌ വരെയുള്ള കാലത്തെ രാഷ്ട്രീയപരിണാമങ്ങളില്‍ പ്രഭാഷണകലക്കുള്ള സ്ഥാനം ഒരു പ്രധാനവിഷയമാണ്‌. അതും ഇടതുവശം ചേര്‍ത്ത്‌ 'ജെ.സി.ബി' ഓടിച്ച്‌ കെട്ടിപ്പൊക്കിയ ഒരു നാഗരികതയുടെ ചരിത്രത്തിന്റെ ഭാഗമായിട്ട്‌. അപ്പോള്‍ അതിന്റെ ഒരു ഹാങ്ങോവര്‍ ഉണ്ടെന്ന് കൂട്ടിക്കോളൂ.

വിഷയത്തിലേക്ക്‌...
കേരളസാഹിത്യത്തിലെ 'ആശാവഹല്ല എന്ന് ഞാന്‍ കരുതുന്ന ദിശാബോധങ്ങളുടെ പരിണാമം' എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ ഏതായാലും കവിതയിലെ രാഷ്ടീയമോ അത്‌ കണക്കിലെടുത്തുള്ള വായനയോ അല്ല. (അതായത്‌ സംഗതിക്ക്‌ ഈയുള്ളവന്റെ എക്സ്‌പയറി ഡേറ്റുമായി വിശാഖ്‌ വയിച്ചെടുത്ത ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല.)സ്വന്തം ആശയങ്ങള്‍ക്കെതിരേവരുന്ന ഏതുതരം ആവിഷ്കാരത്തോടും
പലപ്പോഴും സംഘടിതമായ രീതിയില്‍ തന്നെ പ്രകടമാകുന്ന അസഹിഷ്ണുതയെ ആണ്‌ ആ പ്രയോഗം കൊണ്ട്‌ ഉദ്ദേശിച്ചത്‌.

എന്തുകൊണ്ട്‌ അവിടെ വിശാഖിന്റെ ഈ ലേഖനത്തെ ഒരു നിമിത്തമായിക്കണ്ടു? അതിനുത്തരം പറയാന്‍ ഉമ്പാച്ചിയുടെ കവിതയും വിശാഖിന്റെ പഠനവും പരാമര്‍ശിക്കുന്ന രാഷ്ട്രീയസംഭങ്ങള്‍ വീണ്ടും പരാമര്‍ശിച്ചേ മതിയാവൂ. ചുരുക്കമായെങ്കിലും.
1. ആദ്യത്തെ പ്രശ്നം ഉമ്പാച്ചിയുടെ കവിതയില്‍ ഇട്ട നീണ്ട കുറിപ്പിലും അവിടെത്തന്നെ ഹരിയേട്ടനിട്ട കുറിപ്പിലും ഞാന്‍ പറഞ്ഞ നിര്‍മാണോന്മുഖമല്ലാത്ത നശീകരണമാണ്‌. പൊളിച്ചുനീക്കുന്നതിനെല്ലാം പകരമായി വനവല്‍കരണവും പുനരധിവാസവും ഉള്‍പടെ നിര്‍മാണോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ പദ്ധതിയില്‍ ഉള്‍പെടുത്തുന്നതുവരെ മുന്നാറിലെയും അനുബന്ധഭൂമികളിലേയും നശീകരണം ക്രിയാത്മകമായ ഒരു രാഷ്ട്രീയ നീക്കം അല്ല.
2. സാക്ഷരതയോ, പ്രദേശികാസൂത്രണമോ പോലെ വിശദമായ പഠനമോ ആസൂത്രണമോ സമവായമോ പ്രായോഗിക പക്വതയോ ഏറ്റവുംകുറഞ്ഞത്‌ രാഷ്ട്രീയസുതാര്യതപോലും ഇല്ലാത്ത ഒരു ഒറ്റയാള്‍ നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ആത്മഹത്യാപ്രവണതയുള്ള വീരനായകന്മാരെ ആരാധിക്കുന്ന ഒരു സമൂഹത്തിനുമുന്നില്‍ വി.എസ്‌. മറ്റൊരു വീരനായകനാകും. മുന്‍പ്‌ വയലുകളിലെ കൃഷി വെട്ടിനിരത്തിയതുപോലെ, പകരം
വരുന്നതെന്തെന്ന് ചിന്തിക്കാതെ പണ്ടൊരന്തോണി ചാരായം നിരോധിച്ചതുപോലെ പക്വതയില്ലാത്ത ഒരു നീക്കമായിട്ടേ ഇതിനെ ഞാന്‍ വിലയിരുത്തുന്നുള്ളൂ. വീരപരിവേഷം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒടുങ്ങും. (വോട്ട്‌ ഗിമിക്കിന്റെ സാധ്യതകളും ഈ ഒറ്റയാന്‍ വീരപരിവേഷത്തോട്‌ ചേര്‍ന്ന് വരുന്നതാണ്‌)

ഇതു ധീരമായ ഒരു തുടക്കം എന്നൊക്കെ മുഴങ്ങുന്ന മറുപടികള്‍ എനിക്കിപ്പൊഴേകേള്‍ക്കാം. പൊതുവേ നിഷ്ക്രിയമായ ഒരു രാഷ്ട്രീയജീവിതത്തിന്റെ വിരസമായ ജഡതയില്‍ നിന്ന് ഉണ്ടാകുന്ന എവുഫോറിയ ആണത്‌.

ലാഹോര്‍ ബസ്‌ ഓര്‍മയുണ്ടോ? വാജ്‌പേയ്‌ ചരിത്രത്തിലേക്ക്‌ ബസ്‌ ഓടിക്കുമ്പോള്‍ മലയാളം വാരികയില്‍ ആണെന്ന് തോന്നുന്നു (അതോ കലാകൗമുദിയിലോ?) ഗസ്റ്റ്‌ എഡിറ്ററായിരുന്നു ഖസാക്കിന്റെ ഇതിഹാസകാരന്‍. രാഷ്ട്രീയത്തിന്റെ ഉള്ളര്‍ത്ഥങ്ങളറിയാതെ മലര്‍പൊടിക്കാരന്റെ സ്വപ്നവുമായി ഒരു കവിഹൃദയനായ വൃദ്ധന്‍ നടത്തുന്ന ബാലിശമായ യാത്ര എന്ന് അതിനെ വിലയിരുത്തിയിട്ട്‌, അത്തരം നന്മകള്‍ അന്യം നില്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു വിജയന്‍ അക്കാലത്തെ ഒരു കുറിപ്പില്‍. അതുപോലെ ഒരു പ്രാര്‍ത്ഥന എന്റെ മനസ്സില്‍ അച്യുതാനന്ദനുവേണ്ടിയും അന്തോണിക്കുവേണ്ടിയും ബാക്കി വച്ചിട്ടുണ്ട്‌ ഞാന്‍. അതുകൊണ്ട്‌ അദ്ദേഹത്തെ വിമര്‍ശിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന വേദന എനിക്ക്‌ മനസ്സിലാവും.

പക്ഷേ അതുകൊണ്ട്‌ മാത്രം മുന്നാര്‍ നടപടിയെ ആരും
വിമര്‍ശിക്കരുത്‌ എന്ന് വാശിപിടിക്കരുത്‌. വിശാഖ്‌ പറയുന്ന വിശാലമായ രാഷ്ട്രീയത്തിന്റെ അര്‍ത്ഥത്തില്‍ ഉമ്പാച്ചി ഉയര്‍ത്തുന്ന വിമര്‍ശനത്തിലെ ശരികള്‍ കണ്ടില്ലെന്ന് നടിക്കരുത്‌, നിങ്ങള്‍ക്ക്‌ കൊടികള്‍ക്കപ്പുറം പോകുന്ന യാഥാര്‍ത്ഥ്യബോധമുണ്ടെങ്കില്‍.

'ആശാവഹമല്ലാത്ത അസഹിഷ്ണുത'യിലേക്ക്‌. ഉമ്പാച്ചിയുടെ കവിതയിലെ 'രാഷ്ട്രീയ'നിലപാടിനെ താങ്കള്‍ക്ക്‌ വിമരശിക്കാം. ഇന്റര്‍ ആക്റ്റീവ്‌ എഴുത്തിന്റെ സവിശേഷമായ സാധ്യതയും അതുതന്നെ ആണല്ലോ. പോസ്റ്റിന്‍ക്കുറിച്ചുള്ള അഭിപ്രായം കമന്റായോ മറ്റൊരുപോസ്റ്റായോ ഇടാന്‍ ബ്ലോഗര്‍ക്ക്‌ അവകാശവുമുണ്ട്‌. പക്ഷേ ഉമ്പാച്ചിയുടെ ബ്ലോഗിലെ പ്രതികരണങ്ങളുടെ ഗതിയും ഭാഷയും കണ്ടിട്ട്‌ ഈകുറിപ്പ്‌ വീണ്ടും വായിച്ചപ്പോള്‍ ഉമ്പാച്ചിയുടെ മേല്‍ ആശയപരമായ സമ്മര്‍ദ്ധം ഏറ്റാന്‍ ഉള്ള ഒരു ശ്രമമായിട്ടേ എനിക്ക്‌ ഈ ലേഖനം കാണാനായുള്ളൂ. ഹരിയേട്ടനിട്ട മറുപടിയില്‍ ഞാന്‍ അതു പറഞ്ഞിട്ടുണ്ട്‌.

വിഷ്ണുമാഷിന്റെ കമന്റിനെകുറിച്ച്‌ ഒരുവാക്കുകൂടി. മാഷിന്‌ ഉമ്പാച്ചികവിതകളോടുള്ള വാല്‍സല്യം മനസ്സിലാകാന്‍ മാര്‍ച്ചിലെ കവിതകളില്‍ ഇട്ട രണ്ടുകുറിപ്പുകളും മാഷിന്റെ 'ചൂണ്ടുപലകയില്‍' ഇട്ട സൂചനയും തപ്പിയെടുക്കേണ്ടിവന്നു എനിക്ക്‌. മാഷിന്റെ ശീലങ്ങളുടെ ഭാഗമായിരിക്കും അത്‌. എനിക്കതിനെ ബഹുമാനിക്കാനാവും. എങ്കിലും ഉമ്പാച്ചിയുടെ കവിതകള്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് എനിക്ക്‌ തോന്നുന്നു.
(ഞാന്‍ ഇവിടെ എത്തിയിട്ട്‌ അധികം നാളായിട്ടില്ല. ഉമ്പാച്ചിയെ ആദ്യം കാണുന്നതുതന്നെ വിശാഖിന്റെ കുറിപ്പിലാണ്‌. ആ പരിചയപ്പെടുത്തലിന്‌ ഇതുവരെ പറയാതിരുന്ന നന്ദി കൂടി ഇവിടെ.). ആ ഒരു സാഹചര്യത്തില്‍ വിശാഖ്‌ ഉമ്പാച്ചിയെക്കുറിച്ച ആദ്യമെഴുതേണ്ടിയിരുന്നത്‌ ഇത്തരം ഈ ലേഖനം ആയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു.

വിശാഖിന്റെ ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ (ഉള്ളടക്കത്തെയല്ല) ഞാന്‍ തെറ്റിദ്ധരിച്ചിരിക്കാനുള്ള സാധ്യത കാണാതിരിക്കുന്നില്ല. പക്ഷേ ഇത്‌ തെറ്റിദ്ധാരണയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എന്റേത്‌ മാത്രമല്ല. ഏതായാലും അതിനെ മുന്‍വിധി എന്ന് വിളിക്കാതിരിക്കുക. കൂടുതല്‍ വായിക്കുമ്പോള്‍മാറാവുന്ന അഭിപ്രായങ്ങളില്‍ കൂടുതലൊന്നും വിശാഖിനെ കുറിച്ച്‌ എന്റെ മനസ്സിലില്ല.

ഇപ്പ്പ്പോള്‍ തന്നെ പോസ്റ്റിനെക്കാള്‍ വലുതായി കമന്റ്‌. മറ്റുമാര്‍ഗങ്ങളൊന്നും തോന്നാത്തതുകൊണ്ടാണ്‌,കഷമിക്കുക. ഇക്കാര്യത്തില്‍ ഇത്‌ എന്റെ അവസാന വാക്കാണ്‌. ഇനി ഒരു മറുപടി ഇല്ല.

ആശംസകളോടെ മനു.

qw_er_ty

Sanal Kumar Sasidharan said...

വര്‍ത്തമാനങ്ങളില്‍ ചരിത്രം നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണ് ജെ.സി.ബി വായിക്കുമ്പോള്‍ ഈ കവിത ഒരു നിരാശയായി താങ്കള്‍ക്ക് തോന്നുന്നത്.ജെ സി ബിക്ക് ഇന്നലെ കടന്നുവന്ന ഒരു കമ്യൂണിസ്റ്റ് മുഖം മാത്രം കാണുന്നതുകൊണ്ടും കൂടിയാണ്.എന്റെ വീട്ടുവളപ്പിലെ വിശാലമായ പച്ചപ്പുകളെ വിശപ്പടങ്ങാത്ത വലിയവായില്‍ ഈ വിചിത്ര ജന്തു തിന്നൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.പാടങ്ങള്‍ക്ക് തണല്‍ പിടിച്ചുനിന്ന മലകളെ ഇടിച്ച് വയല്‍ നിരത്തുന്നതും കണ്ടിട്ടുണ്ട്.ഈ കാഴ്ചകള്‍ താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഉമ്പാച്ചിയുടെ ജെ.സി.ബി എന്ന “കവിതയിലെ രാഷ്ട്രീയം മുന്‍‌വിധികള്‍ നിറഞ്ഞതും പിന്തിരിപ്പനുമാണ്‌.“എന്നു പറയുമായിരുന്നില്ല.ഇനി മുന്‍‌വിധികള്‍ മാറ്റിവച്ച് ഈ വരികള്‍ ഒന്നുകൂടിവായിക്കുക.
സ്ര്ഷ്ടിപ്പില്‍
“ദൈവത്തിനു നേരിട്ടു പങ്കില്ലാത്തതാവണം
ബാധകമായ പ്രക്ര്തി നിയമങ്ങളില്ല
ജീവനില്ല ജീവനുള്ളതെല്ലാതിനോടും ഈറ
നിറം പഴുത്തു വീഴുന്ന ഇലകളുടെ മഞ്ഞ
അതുകൊണ്ട് പച്ചപ്പുകളോടാണ്പക“

അപ്പോള്‍ നമുക്കു മുന്നില്‍ വരുന്നത് പച്ചപ്പിലേക്ക് പടകയറി വിശ്രമിക്കുന്ന റിസോര്‍ട്ടുകള്‍ തകര്‍ത്ത ജെ സി ബി യല്ല വിഷയമെന്നു.
“ഇന്നലെ
ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം
ടിവിയിലും വന്നു
ഭരണ കക്ഷിക്കിന്നത്
അരുമയായ വളര്‍ത്തു മ്രിഗം
പ്രതിപക്ഷത്തിനു പ്രതിയോഗി
മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തും
തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ പൊളിക്കും
അഭേദ്യ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും
മുന്നണികള്‍ ക്ക് ഭാവിയുടെ ഘടകകക്ഷി
അടുത്ത തിരഞ്ഞെടുപ്പിന്
വോട്ടു ചോദിച്ച് വീട്ടുവാതില്‍ക്കല്‍
ഒരു ജെ.സി.ബി വരും
ഉറപ്പ്“

അതും എത്ര ശരിയാണ് ഇന്നലെകളില്‍ വയല്‍ നികത്തിതെങ്ങുവെച്ചു എന്നതു കൊണ്ട് വെട്ടി നിരത്തല്‍ ആചരിച്ചവര്‍ ഇന്ന് അതേ വയല്‍ നികത്തലിന് ആക്കം കൂട്ടിയ യന്ത്രസം‌വിധാനത്തെ വിജയത്തിന്റെ,വിപ്ലവത്തിന്റെ,ധാര്‍മിക മൂല്യങ്ങളുടെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടുന്നു.അപ്പോള്‍ നമ്മള്‍ ചരിത്രം മറക്കുന്നു.ഇന്നലെ കണ്ണില്‍ കരടായിരുന്ന അച്ച്യുതാനന്ദന്‍ ഇന്ന് കണ്‍നിലുണ്ണിയാകുന്നു.ഇന്ന് ഏറ്റവും വലിയ പിന്തിരിപ്പനായ പിണറായി നാളെ അച്യുതാനന്ദനെ കടത്തി വെട്ടി ഇമേജുകള്‍ സൃഷ്ടിച്ചു മുന്നേറും.ഈ ഇമേജ്‌വല്‍ക്കരണത്തെ ശക്തമായി അവതരിപ്പിച്ചിട്ടുള്ള കവിതയാണ് ജെ.സി.ബി.

രാജ് said...

വൈകിയാണ് ഈ പോസ്റ്റ് വായിക്കുന്നതെങ്കിലും സനാതനന്റെ കമന്റിലാണ് ശരി ഏറെ തെളിഞ്ഞതെന്ന് തോന്നുന്നു.

ushakumari said...

വിശാഖിന്റെ നിരീക്ഷണങ്ങള്‍ ശരിയാണ്..ആശംസകള്‍!

ഇവിടിതുവരെ