Tuesday, May 22, 2007

വന്യസാന്നിദ്ധ്യമായി വെളിപ്പെടുന്ന കവിത

(അനിലന്റെ “അയ്യപ്പന്‍” എന്ന കവിത)

"അയ്യപ്പന്‍" എന്ന ഈ കവിത ആദ്യം ഉണര്‍ത്തുന്ന കൗതുകം മലയാളത്തിന്റെ നിഷേധിയായ കവി ശ്രീ.എ.അയ്യപ്പനെ പുതിയ തലമുറയിലെ ശ്രദ്ധേയരായ കവികളില്‍ ഒരാളായ അനിലന്‍(ടി.പി.അനില്‍ കുമാര്‍) എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നതു തന്നെയാവും.കവിതയ്ക്ക്‌ ആമുഖമായി നല്‍കിയ കുറിപ്പില്‍ അയ്യപ്പന്‍ എന്ന കവി തന്നെ സംബന്ധിച്ചിടത്തോളം എന്താണെന്ന് അനിലന്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്‌.

"എന്റെ തറവാട്ടമ്പലത്തിലെ ദേവന്‍ അയ്യപ്പനാണ്‌, കവിതയിലും."

ലബ്ധപ്രതിഷ്ഠനായ ഒരു കവിയെ കേന്ദ്രീകരിച്ചുള്ള രചന എന്ന നിലയ്ക്ക്‌ ഈ കവിത പെട്ടന്ന് ജനശ്രദ്ധ നേടിയേക്കാമെങ്കിലും ആ കൗതുകത്തിനു ശേഷം അത്‌ എങ്ങനെ സ്വന്തം നിലയില്‍ വായനാലോകത്ത്‌ നിലനില്‍ക്കും എന്നതാണ്‌ നിരീക്ഷിക്കപ്പെടെണ്ടതെന്ന് തോന്നുന്നു."അയ്യപ്പന്‍"എന്ന ഈ കവിതയില്‍ എ.അയ്യപ്പന്‍ ഒരു വ്യക്തിയായല്ല ഒരു പ്രതീകമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.അദ്ദേഹം "അഭയവരദ മുദ്രകളില്ലാ"ത്ത "കവിതയിലെ വനവാസി" ആണ്‌.സ്ഥാപനവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ചട്ടക്കുടിനു പുറത്ത്‌ നിഷേധത്തിന്റെ ആകാശവും ഭൂമിയും കണ്ടെടുത്ത്‌ അവിടെ വസിക്കുന്നവന്‍.സാമ്പ്രദായികതയുടെ ശീതളപാതകള്‍ക്ക്‌ ജീവിതത്തിന്റെ ചൂടും ചൂരും വ്യാപ്തിയും ഇല്ലെന്ന് കണ്ടവന്‍.കവിതയാണ്‌ അവന്റെ കാട്‌.കീഴ്പ്പെടുത്താനൊ മെരുക്കി ഉപയോഗിക്കാനോ വരുന്ന മനുഷ്യന്റെയല്ല; ചോദനകള്‍ക്കൊത്ത്‌ ഓടിത്തളരുമ്പോള്‍ തെല്ലുനിന്നൊന്നു 'കിതപ്പാറ്റുന്ന', ഉള്‍ത്തുടിപ്പുകളോട്‌ ഒട്ടിജീവിക്കുന്ന, 'മൃഗത്തിന്റെ മട്ട്‌' ആണവന്‌.

അതിജീവനത്തിന്റെ വഴികളില്‍ അലക്കിയ മുണ്ടുടുക്കാന്‍ മെനക്കെടാത്ത "വെയില്‍ തിന്ന്" മുഖം ചുവന്ന ആ വനവാസിയെ കാട്ടില്‍ വച്ചു കാണുന്നു കവി. 'മരച്ചുവട്ടിലിരുന്ന് ബീഡി വലിക്കു'ന്ന തന്റെ 'കവിതയിലെ ദൈവം' ചിരിച്ചുകൊണ്ട്‌ "പുലിപ്പാല്‍ തേടിയാണോ നീയും നാടുവിട്ടത്‌"എന്ന് ചോദിക്കുമ്പോള്‍ വിനയാന്വിതനായ കവി,

"അല്ല, കാടു കാണാന്‍
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്‌വരകള്‍,നീരൊഴുക്കുകള്‍
‍പുല്‍ക്കാടുകള്‍
അറിഞ്ഞിട്ടില്ലെ"ന്ന് പ്രതിവചിക്കുന്നു.കാടിന്റെ തുടിപ്പുകള്‍ അറിയാവുന്ന അയ്യപ്പന്‍ തന്റെ ഇളമുറക്കാരനിരിക്കുവാന്‍ വേരില്‍ അല്‍പ്പം ഇടം കൊടുത്തു.എന്നിട്ട്‌
"ചെവിയോര്‍ക്കുവാന്‍ പറഞ്ഞു".
അവന്‍,
"ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച!"

"കവിതയിലെ വനവാസി" എന്ന ബിംബത്തിലൂടെ കവനത്തിന്റെ യാഥാസ്ഥിതിക വഴികളെ നിരാകരിച്ചുകൊണ്ട്‌ മൗലീകതയുടെ വിശാലമായ ഒരിടവും സംവദിക്കാന്‍ സ്വന്തമായ്‌ ഒരു ഭാഷയുമുള്ള തന്റെ പൂര്‍വ്വജനെ കാട്ടിത്തരുന്നു കവി.ജീവിതത്തിന്റെ ഇരുണ്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വഴികളെ, അതിന്റെ വാക്കുകളെ, കല്‍പ്പനകളെ കവിതയുടെ ആത്മാവിലേയ്ക്ക്‌ സന്നിവേശിപ്പിച്ച ആരുമാവാം ഇയാള്‍. ഇവിടെ അയ്യപ്പനെന്ന മലയാളിയായ കവിയെക്കുറിച്ച്‌ തലക്കെട്ടു നല്‍കുന്ന സൂചനയുപേക്ഷിച്ച്‌ കവിത വിശാലവും സാമാന്യവുമായ മറ്റൊരു ഭൂമികയിലേയ്ക്ക്‌ ഉയരുന്നു.

വനവാസിയായ കവിയെയും,ദൈവത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ കവിത്വത്തിലേയ്ക്കുള്ള ക്ലേശഭരിതമായ വഴികളെക്കുറിച്ചും സൂചിപ്പിക്കുന്നു കവി.കല്ലും മുള്ളും കുത്തനേയുള്ള കയറ്റിറക്കങ്ങളുമുള്ള മെരുങ്ങാത്ത കാട്ടുപാതകള്‍ സ്ഥൈര്യത്തിന്റെയും അര്‍പ്പണത്തിന്റെയും മാറ്റുരയ്ക്കുന്നവയാണ്‌.അവ നടന്നുതീര്‍ത്ത്‌ ഉള്‍ക്കാട്ടിലെത്തുന്നവനേ കേള്‍ക്കുവാനാവു,
"മുലയൂട്ടുന്ന കവിതയുടെ മുരള്‍ച്ച!"
ഇവിടെ കവിത വന്യവും നൈസര്‍ഗികവുമായ ഒരു ചോദനയാകുന്നു.കവി അതിന്റെ ഉറവയെ കണ്ടെത്തുന്ന ദൈവ തുല്യനും.അന്യൂനമായ ഈ ദര്‍ശനത്തിലേയ്ക്ക്‌ കവിത വികസിക്കുന്നതാവട്ടെ പുഴയൊഴുകി കടലില്‍ ചേരുമ്പോലെ ലളിതമായി,സ്വാഭാവികമായി.

'മരവേര്‌' എന്ന ബിംബവും ശ്രദ്ധേയമാണ്‌.തുടക്കത്തെ ദ്യോതിപ്പിക്കുന്ന 'വേര്‌' കവിയെ കവിതയുടെ ആദിയോളം കൊണ്ടുപോകുന്നു.ആദ്യത്തെ കവിത പിറന്നു വീണ അതേ ഉള്‍ക്കാടിന്റെ നെഞ്ചില്‍ ചെവി ചേര്‍ത്ത്‌ നിര്‍ത്തുന്നു.അവിടെനിന്നും കേട്ടതോ ‘അര്‍ധനിമീലിത മിഴി‘കളുമായി മുകളിലേയ്ക്ക്‌ മുഖമുയര്‍ത്തി മാതൃത്വത്തിന്റെ പഴംചൊല്ലുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പരമ്പരാഗത മാതൃത്വത്തിന്റെ താരാട്ടല്ല,സൃഷ്ടിയില്‍ ഒടുങ്ങാത്ത ഗര്‍വ്വുള്ള, പറക്കമുറ്റുംവരെ കുഞ്ഞുങ്ങളെ തന്റെ പ്രാണന്റെ പുതപ്പിനുള്ളില്‍ ചേര്‍ത്തുറക്കുന്ന ഒരു മൃഗത്തിന്റെ മുരള്‍ച്ചയാണ്‌.വായിക്കുന്ന ആര്‍ക്കും കേട്ടില്ലെന്നു പറയാനാവാത്ത ആ മുരള്‍ച്ച തന്നെയാണ്‌ ഈ കവിതയെ അവിസ്മരണീയമായ ഒരു വായനാനുഭവമാക്കുന്നതും.

ആഖ്യാനത്തിലെ അയത്നലളിതമായ ഒഴുക്ക്‌ അനിലന്റെ മറ്റേതു കവിതയിലേയും പോലെ ഇവിടെയും ഒരു മുഖ്യ ആകര്‍ഷണം തന്നെ.കൗതുകമുണര്‍ത്തുന്ന ചില ചെറിയ ചിത്രങ്ങളില്‍ കണ്ടെടുക്കപ്പെടാനായി ഒരു മുഴുനീള ചലച്ചിത്രം തന്നെ ഒതുക്കിവയ്ക്കുന്നത്‌ അനിലന്റെ കവിതകളുടെ ഒരു പ്രത്യേകതയാണ്‌.പലപ്പോഴും വിവരണാത്മകമാവാന്‍ മടിക്കുന്ന ഉത്തരാധുനിക കവിതാശീലങ്ങളില്‍ നിന്നും വ്യത്യസ്തമായി അഞ്ച്‌ ഇന്ദ്രിയങ്ങളുമായും സംവദിക്കാന്‍ പോന്ന ബിംബങ്ങളുടെ ഒരു സമൃദ്ധവിരുന്നാണ്‌ അനിലന്റെ കവിതകള്‍.

'മരച്ചുവട്ടിലിരുന്നു ബീഡി വലിയ്ക്കുന്ന'

വനവാസിയായ കവി ഒരു ദൃശ്യ ബിംബമാണെങ്കില്‍,

"ഉള്‍ക്കാട്ടില്‍" ഇരുന്ന്
"മുലയൂട്ടുന്ന കവിതയുടെ മുരള്‍ച്ച"

ഒരു ശ്രാവ്യ ബിംബമാണ്‌. ഈ ബിംബങ്ങളാവട്ടെ കാവ്യ ശില്‍പ്പവുമായി ജൈവകണങ്ങള്‍ പോലെ ഒട്ടിനില്‍ക്കുന്നവയും! ബിംബങ്ങളുടെ ഈ ജൈവതാളമാവണം അനിലന്റെ കവിതകളെ ഋജുവും തീവ്രവുമായ ഒരു വായനാനുഭവമാക്കുന്നത്‌.

'അയ്യപ്പന്‍'എന്ന വ്യക്തിയുടെ,കവിയുടെ പരിമിതികള്‍ക്കപ്പുറത്തേയ്ക്ക്‌ തന്റെ രചനയെ കൊണ്ടുപോകാനായെന്നതാണ്‌ ഈ കവിതയിലൂടെ അനിലന്‍ നേടുന്ന നിര്‍ണ്ണായകമായ വിജയം.ശൈലീകരണത്തില്‍ കുടുങ്ങിപ്പോയ സമീപകാല രചനകളിലൂടെ അയ്യപ്പന്‍ തന്റെ ആരാധകരില്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തി മടക്കിവിട്ടിട്ടുണ്ട്‌.പക്ഷേ അവര്‍ക്കു പോലും ഈ കവിത നല്‍കുന്ന വായനാനുഭവം നിഷേധിക്കാനാവില്ല.അതുകൊണ്ടൊക്കെ തന്നെയാവണം ബൂലോകം ഇതിനെ ടി.പി.അനില്‍ക്കുമാറിന്റെ എറ്റവും മികച്ച കൃതികളിലൊന്നായി കാണുന്നതും.

*മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയ പ്രശസ്തമായ ഒരു അയ്യപ്പ ഭക്തിഗാനത്തില്‍ നിന്നെടുത്ത രണ്ടു വരികള്‍.

(തലക്കെട്ടിനും തിരുത്തുകള്‍ക്കും പരാജിതനോട് കടപ്പാട്)

12 comments:

വിശാഖ് ശങ്കര്‍ said...

അനിലന്റെ “അയ്യപ്പന്‍” എന്ന കൃതിയെക്കുറിച്ച് എനിക്ക് തോന്നിയത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഒരു ശ്രമം..!

വിഷ്ണു പ്രസാദ് said...

നന്നായി എഴുതി.അഭിനന്ദനങ്ങള്‍...

സാരംഗി said...

നല്ല വിശകലനം, ഭംഗിയായി എഴുതിയിരിയ്ക്കുന്നു..

വിശാഖ് ശങ്കര്‍ said...

വിഷ്ണു,
രണ്ടു ദിവസത്തെ ഇന്‍ സര്‍വീസ് കോഴ്സ് ഒക്കെ കഴിഞ്ഞ് വിശദമായ ഒരു ചര്‍ച്ചയ്ക്കായി വീണ്ടും എത്തും എന്ന് കരുതുന്നു.

സാരംഗി,
വായനയ്ക്കും അഭിനന്ദനങ്ങള്‍ക്കും ഒരുപാട് നന്ദി.

vimathan said...

വിശാഖ്, നന്നായിരിക്കുന്നു. നന്ദി.

ടി.പി.വിനോദ് said...

നല്ല ലേഖനം..

അനിലന്റെ കവിതകളില്‍ ഏറ്റവും മികച്ച ഒന്നു തന്നെ അയ്യപ്പന്‍...
വളരെ subtle ആയ സാന്നിധ്യമായാണ് അനിലന്റെ കവിതകളില്‍ അലങ്കാരങ്ങളും മറ്റു സങ്കേതങ്ങളും നിലനില്‍ക്കുന്നതെന്ന് തോന്നിയിട്ടുണ്ട്...അയ്യപ്പനെ പോലെ തീവ്രവര്‍ണ്ണങ്ങളുള്ള കവിതകളുടെ ഒരു ജീവിതത്തെ ആവിഷ്കരിക്കാന്‍ പച്ചവെള്ളം പോലെ തെളിച്ചമുള്ള അനിലന്റെ ശൈലി ഉപയോഗിച്ച് വിജയിച്ചിരിക്കുന്നതു തന്നെയാണ് ഈ കവിതയില്‍ എന്നെ ഏറ്റവും കൂടുതല്‍ കൌതുകപ്പെടുത്തിയത്..

തീപ്പന്തത്തിന്റെ പ്രതിബിംബം തെളിവെള്ളത്തില്‍ ഉലയുന്നതിന്റെ ഒരു പ്രതീതിയാണ് എനിക്കീ കവിത...:)

Pramod.KM said...

നല്ല പഠനം ആണ്‍ വിശാഖ് മാഷേ..
കവിതയെ കുറിച്ച് അധികം വൈകാതെ അഭിപ്രായം പറയാം:)

Pramod.KM said...

അയ്യപ്പന്മാരുടെ താരതമ്യം കവിതയില്‍ എറ്റവും മികച്ച ഒരു വിജയമായി കടന്നു വരുന്നുണ്ട്.വിശാഖ് മാഷിന്റെ നിരീക്ഷണങ്ങളോട് 100% യോജിക്കുന്നു.
വെയില്‍ തിന്നുണ്ടായ മുഖത്തെ ചുവപ്പിന്റെ പകറ്ത്തല്‍ മികവുറ്റതാണ്‍.
ഏറ്റവും ശ്രദ്ധയോടെ പുലി ചെയ്യുന്ന ഒരു കറ്മ്മമാണ്‍ മുലയൂട്ടുക എന്നുള്ളത്.മുരള്‍ച്ച വന്യതയുടെ പ്രതീകമാണ്‍.ഇതിനു മുമ്പ് ഞാന്‍ കണ്ട കവിതകളില്‍ പുലിയുടെ വന്യത കണ്ടത് കടമ്മനിട്ടയുടെ ‘ഈറ്റപ്പുലി പെറ്റു കിടക്കും ഈറന്‍ കണ്ണു തുറന്നും” എന്ന കാട്ടാളന്റെ അലറ്ച്ചയിലാണ്‍.ആ ഒരു ഓറ്മ്മ കൂടി ,അനിലേട്ടന്റെ കവിതയുടെ തീവ്രത വായിക്കാന്‍ എന്നെ സഹായിച്ചു.:)

K.V Manikantan said...

“പുലിപ്പാലു തേടിയാണോ
നീയും വീടു വിട്ടത്?”
===വിശാഖ്, ഈ വരികള്‍ വളരെയേറെ പറയുന്നില്ലേ? പുലിപ്പാല്‍. നീയും. വീടുവിട്ടത്. വളരെയേറേ പറയുന്നില്ലെ??

-സങ്കുചിതന്‍. (അനിലന്റെ കവിതകള്‍ മിക്കതും ചൂടാറുന്നതിനു മുമ്പ് ഫോണില്‍ കൂടി കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു ഭാഗ്യവാന്‍)

വിശാഖ് ശങ്കര്‍ said...

വിമതാ,
നന്ദി,വായനയ്ക്കും കുറിപ്പിനും.
ലാപുട,
അതെ,അനിലിന്റെ കവിത ഒരു ഒഴുക്കാണ്.ബിംബങ്ങളും അലങ്കാരങ്ങളും ഘടനാ സങ്കേതങ്ങളും ക്രാഫ്റ്റ് പോലും വേര്‍തിരിച്ച് കണ്ടെടുക്കാനാവാത്ത വിധം ജൈവമായ കവിതയുടെ ഒഴുക്ക്!

പരാജിതന്‍ said...

വിശാഖ്, ഈ ലേഖനത്തില്‍ അത്ര നിസ്സാരമല്ലാത്ത ഒരു പാകപ്പിഴ കടന്നുകൂടിയിട്ടുണ്ട്: പി.കുഞ്ഞിരാമന്‍ നായരുടെ വരികള്‍ ചേര്‍‌ത്തതിലെ അനൌചിത്യം.

പി.യുടെ അയ്യപ്പഭക്തിഗാനത്തില്‍ “കാട്ടാനകളോടൊത്തു കരിമ്പുലികടുവാപ്പടയണികള്‍” അയ്യപ്പന് സ്തുതിയോതുന്നതാ‍യാണല്ലോ കാണുന്നത്. അതിനാല്‍ തന്നെ അവയെ കാട്ടുവഴിയിലെ ക്ലേശങ്ങളുടെയും വിഘാതങ്ങളുടെയും പ്രതീകങ്ങളായി അവതരിപ്പിച്ചാല്‍ എങ്ങനെ ശരിയാകും? തന്നെയുമല്ല, അനിലന്റെ കവിതയുടെ അവസാനഭാഗത്ത് “ഉള്‍‌ക്കാട്ടില്‍ നിന്നും കേള്‍ക്കുന്ന വന്യമായ മുരള്‍ച്ച” കവിതയുടേതാണെന്നിരിക്കേ, നിരൂപണത്തിന്റെ വേറൊരു ഭാഗത്ത് പുലിയെയും മറ്റും വഴിയിലെ ഘോരതടസ്സങ്ങളെന്ന നിലയില്‍ അവതരിപ്പിക്കുന്നത് ശരിയാകില്ലല്ലോ.

വിശാഖ് ശങ്കര്‍ said...

പ്രമോദേ,
അയ്യപ്പന്‍മാര്‍ തമ്മിലുള്ള താരതമ്യം ഇതിലും വിശദമായി ചര്‍ച്ചചെയ്യണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.പിന്നെ അത് വായനയെ വഴിതിരിച്ചു വിട്ടാലൊ എന്നോര്‍ത്ത് ഉപേക്ഷിച്ചതാണ്.അതു നന്നായ് എന്നു തോന്നുന്നു.അല്ലെ..?പറഞ്ഞ കാര്യങ്ങള്‍ വച്ചുതന്നെ അതു വേണ്ടവിധം കമ്യൂണികേറ്റ് ചെയ്തു എന്ന് പ്രമോദിന്റെ കുറിപ്പിലൂടെ മനസിലായി..നന്ദി.
സങ്കുചിതാ,
അപ്പറഞ്ഞത് ഒരു ഭാഗ്യം തന്നെ.ഉറപ്പ്..
പിന്നെ പുലിപ്പാല്‍,അയ്യപ്പന്മാരുടെ താരതമ്യം തുടങ്ങിയ സ്ഥലങ്ങളില്‍ ഏറെ പറഞ്ഞാല്‍ അത് ലേഖനത്തെ വഴിതെറ്റിച്ചേക്കുമോ എന്നൊരു ഭയം.അതു കൊണ്ടാണ് അതൊരു ഒതുക്കത്തില്‍ പറഞ്ഞു പോയത്.മാത്രമല്ല വ്യാഖ്യാനം അതിരുകവിഞ്ഞുപോയാല്‍ അത് കവിത ലക്ഷ്യം വയ്ക്കുന്ന ദര്‍ശനത്തില്‍നിന്നും വയനയെ അമൂര്‍ത്തമായ മറ്റ് ചില മേഘലകളിലേയ്ക്ക് തിരിച്ചുവിട്ടേയ്ക്കാം എന്നും തോന്നി.ആശയത്തിലും ആഘ്യാനത്തിലും ഉള്ള തെളിമയിലൂടെ അനിലന്‍ കവിതകള്‍ കൈവരിക്കുന്ന സൌന്ദര്യം വെളിപ്പെടുത്തുക എന്നതായിരുന്നു ഞാന്‍ പ്രാഥമികമായി ലക്ഷ്യം വച്ചതും.
പരാജിതാ,
ആ നിരീക്ഷണത്തോടു യോജിക്കുന്നു.ആദ്യ കരടില്‍ ആ ഭാഗം ഉണ്ടായിരുന്നുമില്ല.ഇതു പൊസ്റ്റ് ചെയ്യുന്ന വെളയില്‍ പൊടുന്നനേ പിയുടെ ആ വരികള്‍ ഓര്‍മ്മവന്നു.രണ്ടാമത് ഒന്നാലോചിക്കാതെ അതങ്ങു ചേര്‍ക്കുകയും ചെയ്തു.(പീ. യോടുള്ള ആരാധന വരുത്തിവച്ച ഒരു വിനയേ..:) )സദാ അയ്യപ്പ നാമംവാഴ്ത്തുന്ന സഹചാരികളുടെ ആ പടയണിയെ വഴിയിലെ ക്ലേശളെയും അപകടങ്ങളേയും സൂചിപ്പിക്കുവാനായി ഉദ്ധരിച്ചത് ഒരു പിശകു തന്നെയാണ്.അത് ചൂണ്ടിക്കാണിച്ചതിന് നന്ദി.ആ ഭാഗം ഇപ്പോള്‍തന്നെ എഡിറ്റ് ചെയ്യുന്നതായിരിക്കും.

ഇവിടിതുവരെ