Tuesday, May 29, 2007

ജെ.സി.ബി. വായിക്കുമ്പോള്‍

ഉമ്പാച്ചിയുടെ ജെ.സി.ബി. എന്ന കവിതയെക്കുറിച്ച്

“ചൂട്‌","സാന്റ്‌ പേപ്പര്‍","റൂഹ്‌", "തീര്‍ത്തും സ്വകാര്യം" , "മാവ്‌" , "വിള്ളല്‍" ,"ആദ്യപകല്‍" തുടങ്ങി ഒരുപിടി മികച്ച കവിതകള്‍ ബൂലോകത്തിനു സമ്മാനിച്ച ഉമ്പാച്ചി എന്ന യുവ കവിയുടെ രചനകളില്‍ നമ്മെ ഒരു പക്ഷേ ഏറ്റവും നിരാശപ്പെടുത്തിയത്‌ ഈയിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട "ജെ.സി.ബി"എന്ന കവിതയാവും. ഒരു കവി എഴുതുന്നതെല്ലാം മികച്ചവയാകണമെന്ന് ശാഠ്യം പിടിച്ചിട്ട്‌ കാര്യമില്ല. ലബ്ധപ്രതിഷ്ഠരായ കവികള്‍ പോലും മോശം കവിതകള്‍ എഴുതിയിട്ടുണ്ട്‌. ഇതൊക്കെ സമ്മതിക്കുമ്പോഴും, മേല്‍പ്പറഞ്ഞ കവിതയിലെ വീഴ്ച്ച ചര്‍ച്ചചെയ്യപ്പെടേണ്ട വിധം പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു.

ശില്പഭദ്രതയിലും, ബിംബസമൃദ്ധിയിലും "ജെ.സി.ബി" മറ്റേത്‌ ഉമ്പാച്ചി കവിതയ്ക്കും ഒപ്പം നില്‍ക്കാന്‍ പോന്നതു തന്നെ. പ്രശ്നം അത്തരം സാങ്കേതികതകളുടേതല്ല, മറിച്ച്‌ സാങ്കേതികത്തികവുകള്‍ക്കൊക്കെ അപ്പുറം നില്‍ക്കുന്ന ദര്‍ശനത്തിന്റേതാണ്‌. കവിതയുടെ അവസാന ഭാഗം വരെ ജെ.സി.ബി എന്ന ബിംബം ജീവിതത്തെ കടന്നാക്രമിക്കുകയും നിഷ്കരുണം തകര്‍‌‍ത്തെറിയുകയും ചെയ്യുന്നൊരു യന്ത്രത്തിന്റെ വന്യസാന്നിദ്ധ്യത്തെ ധ്വനിപ്പിക്കുന്നു. "ഇടവഴിയില്‍ മഞ്ഞ നിറത്തിലൊരു ഹിംസ്രജന്തു"വായി പ്രത്യക്ഷപ്പെടുന്ന ജെ.സി.ബി യുടെ "ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമായി" ഉള്ള "ജൈത്രയാത്രകള്‍" ഭീതിദം തന്നെയാണ്‌. എന്നാല്‍ അധികാരത്തെ എന്നും ആരാധനയോടെ മാത്രം കാണുന്ന സമൂഹം ഈ യന്ത്രരാക്ഷസ്സനും വശംവദരാവുന്നു. "കുട്ടികള്‍ കാറുകളെ വിട്ട്‌ ജെ.സി.ബി വേണമെന്ന് കരയാന്‍ തുടങ്ങി". "ആനയെക്കാള്‍ പൊക്ക“മുള്ള തുമ്പിക്കയ്യും ഉയര്‍ത്തിപ്പിടിച്ച്‌ "ഇപ്പോള്‍ രാവിലെയുംവൈകുന്നേരവുംഅങ്ങാടിയിലൂടതിന്റെ എഴുന്നള്ളത്തുണ്ട്‌". ദൈവത്തിന്റെ സൃഷ്ടിയല്ലാത്തതിനാല്‍ "ജീവനുള്ളതെല്ലാറ്റിനോടും ഈറ"യാണതിന്‌.

മിഴിവുറ്റ ഇത്തരം കുറെ ചിത്രങ്ങളിലൂടെ മനുഷ്യ നിര്‍മ്മിതമായ ഒരു യന്ത്രം സ്രഷ്ടാവായ അവന്റെ ജീവിതത്തിലേയ്ക്ക്‌ തിരിഞ്ഞ്‌ അതിനെ പകയോടെ തിന്നു തീര്‍ക്കുന്നത്‌ കാട്ടിതരുന്നു ഇതുവരെയുള്ള വരികള്‍. മനുഷ്യന്‍ തന്റെ വിയര്‍പ്പും ചോരയും വീഴ്ത്തി പണിതുയര്‍ത്തുന്നവയെ ക്ഷണം കൊണ്ട്‌ തകര്‍ത്ത്‌ നിലമ്പരിശാക്കുന്ന വിനാശത്തിന്റെ കൈയായി ഈ ഭീമന്‍‌യന്ത്രത്തെ കാണുന്നതില്‍ എന്താണു തെറ്റ്‌? ഒരു തെറ്റുമില്ല. പക്ഷേ ചിലപ്പൊഴെങ്കിലും സംഹാരത്തിനല്ലാതെ സൃഷ്ടിക്കായും അതിന്റെ തുമ്പിക്കൈ ഉയരാറുണ്ടെന്നത്‌ നാം വിസ്മരിക്കരുത്‌. മലകളെ ചുറ്റിപ്പിണഞ്ഞു കയറുന്ന മലമ്പാതകള്‍, കുന്നിന്റെ പള്ളതുളച്ച്‌ പ്രതീക്ഷകളുടെ തീവണ്ടിയെ അപ്പുറത്തെത്തിക്കുന്നൊരു തുരങ്കം, തുടങ്ങിയ പലതും അവന്റെ വന്യമായ കരുത്തിന്റെ സൃഷ്ടിപരമായ പ്രയോഗത്തിനു സാക്ഷ്യമാവുന്നു.

ഇനി, ഒരു കവിതയില്‍ ആ യന്ത്രത്തിന്റെ എല്ലാ മുഖങ്ങളും അനാവരണം ചെയ്യപ്പെടേണ്ടതുണ്ടൊ, ബിംബം എന്ന നിലയ്യ്ക്ക്‌ അത്‌ ധ്വനിപ്പിക്കുന്ന ഭാവത്തിന്റെ വിനിമയം മാത്രം പരിഗണിച്ചാല്‍ പോരേ എന്ന ചോദ്യം. ശരിയാണ്‌, ഈ കവിതയിലെ അവസാനത്തെ ഒരു ഖണ്ഡിക ഒഴിവാക്കിയാല്‍. മുന്നില്‍ നിന്നും പിന്നില്‍ നിന്നും" കുത്തുകയും", “തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ" പോലും പൊളിക്കുകയും "അഭേദ്യബന്ധങ്ങളില്‍"വിള്ളലുണ്ടാക്കുകയും ചെയ്യുന്ന "ഭരണ കക്ഷി"യുടെ "അരുമയായ വളര്‍ത്തുമൃഗം" "ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം ടിവിയിലും വന്നു" എന്നു പറയുമ്പോള്‍ തെളിയുന്ന കവിതയിലെ രാഷ്ട്രീയം മുന്‍‌വിധികള്‍ നിറഞ്ഞതും പിന്തിരിപ്പനുമാണ്‌. എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ട സര്‍ക്കാര്‍ വക ഭൂമി, പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെയൊക്കെ തൃണവല്‍ക്കരിച്ചു കൊണ്ട്‌ കയ്യേറി, കാടുവെട്ടിയും കായല്‍ നികത്തിയും കൂറ്റന്‍ റിസോര്‍ട്ടുകളും മറ്റും പണിതുയര്‍ത്തിയ കുത്തക ഭീമന്മാര്‍ക്കെതിരെ ഉയര്‍ന്ന ജെ.സി.ബി യുടെ തുമ്പിക്കൈ ഇങ്ങനെ ചിത്രീകരിക്കപ്പെട്ടത്‌ നിരാശ മാത്രമല്ല, ചില സംശയങ്ങള്‍ പോലും ഉണര്‍ത്തുന്നു. ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരും ഒരു ചെറു വിരല്‍ പോലും ഉയര്‍ത്താന്‍ ധൈര്യം കാട്ടാത്ത ഈ പൊതുമുതല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സ്വന്തം പാര്‍ട്ടിക്കും, മുന്നണിക്കുമുള്ളില്‍ ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ പോലും അവഗണിച്ച്‌ നടപ്പിലാക്കിയ ഒരു പറ്റം മനുഷ്യരുടെ പ്രതിബദ്ധതയെ കേവലം വോട്ടുബാങ്ക്‌ രാഷ്ട്രീയമായി ചുരുക്കി കാണുന്നത്‌ തികച്ചും അരാഷ്ട്രീയമായ ഒരു വീക്ഷണമാണ്‌. അല്ലെങ്കില്‍, കവി മനസുകൊണ്ട്‌ മേല്‍പ്പറഞ്ഞ കുത്തക കൈയ്യേറ്റകാരോടൊപ്പം നില്‍ക്കുന്നു എന്ന് വിശ്വസിക്കേണ്ടിവരും. അങ്ങനെയല്ല എന്ന് വിശ്വസിക്കാനാണ്‌ ബഹുഭൂരിപക്ഷം ബൂലോകരേയും പോലെ എനിക്കും ഇഷ്ടമെങ്കിലും.

സഹജീവികളോട്‌ പരിഗണനയുള്ള എല്ലാ മനുഷ്യരിലും ഒരു രാഷ്ട്രീയമുണ്ടാവും. കാരണം, സ്വന്തം അസ്തിത്വത്തെ അതിന്റെ അതിര്‍ത്തികള്‍ക്കപ്പുറം, ചുറ്റുമുള്ള വിശാലമായൊരു ജൈവപരിസരവുമായി കൂട്ടിവായിക്കുവാന്‍ പഠിപ്പിക്കുന്നൊരു സങ്കല്‍പ്പമാണത്‌. (“ഞാന്‍ കാങ്ഗ്രസ്സും നീ കമ്മൂണിസ്റ്റും ഓന്‍ ബിജെപ്പീയും“ എന്നു കാണുന്ന ഇടുങ്ങിയ കക്ഷി രാഷ്ട്രീയമല്ല ഞാന്‍ സൂചിപ്പിക്കുന്നത്‌ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു.) അങ്ങനെയെങ്കില്‍ മനുഷ്യന്റെ സര്‍ഗ്ഗപരമായ ഇടപെടലുകളിലെല്ലാം ഒരു രാഷ്ട്രീയം ഉണ്ടാകും, അഥവാ ഉണ്ടാകേണ്ടതുണ്ട്‌. എഴുത്തിലെ അത്തരം രാഷ്ട്രീയത്തെ ഒരു വായനക്കാരന്‍ വേര്‍തിരിച്ചെടുത്ത്‌ വിശകലനം ചെയ്യേണ്ടതുമുണ്ട്‌. അത്തരമൊരു വായനയിലാണ്‌ ഉമ്പാച്ചിയുടെ "ജെ.സി.ബി" നമ്മെ നിരാശപ്പെടുത്തുകയും വ്യസനിപ്പിക്കുകയും ചെയ്യുന്നത്‌.

Tuesday, May 22, 2007

വന്യസാന്നിദ്ധ്യമായി വെളിപ്പെടുന്ന കവിത

(അനിലന്റെ “അയ്യപ്പന്‍” എന്ന കവിത)

"അയ്യപ്പന്‍" എന്ന ഈ കവിത ആദ്യം ഉണര്‍ത്തുന്ന കൗതുകം മലയാളത്തിന്റെ നിഷേധിയായ കവി ശ്രീ.എ.അയ്യപ്പനെ പുതിയ തലമുറയിലെ ശ്രദ്ധേയരായ കവികളില്‍ ഒരാളായ അനിലന്‍(ടി.പി.അനില്‍ കുമാര്‍) എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നതു തന്നെയാവും.കവിതയ്ക്ക്‌ ആമുഖമായി നല്‍കിയ കുറിപ്പില്‍ അയ്യപ്പന്‍ എന്ന കവി തന്നെ സംബന്ധിച്ചിടത്തോളം എന്താണെന്ന് അനിലന്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്‌.

"എന്റെ തറവാട്ടമ്പലത്തിലെ ദേവന്‍ അയ്യപ്പനാണ്‌, കവിതയിലും."

ലബ്ധപ്രതിഷ്ഠനായ ഒരു കവിയെ കേന്ദ്രീകരിച്ചുള്ള രചന എന്ന നിലയ്ക്ക്‌ ഈ കവിത പെട്ടന്ന് ജനശ്രദ്ധ നേടിയേക്കാമെങ്കിലും ആ കൗതുകത്തിനു ശേഷം അത്‌ എങ്ങനെ സ്വന്തം നിലയില്‍ വായനാലോകത്ത്‌ നിലനില്‍ക്കും എന്നതാണ്‌ നിരീക്ഷിക്കപ്പെടെണ്ടതെന്ന് തോന്നുന്നു."അയ്യപ്പന്‍"എന്ന ഈ കവിതയില്‍ എ.അയ്യപ്പന്‍ ഒരു വ്യക്തിയായല്ല ഒരു പ്രതീകമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.അദ്ദേഹം "അഭയവരദ മുദ്രകളില്ലാ"ത്ത "കവിതയിലെ വനവാസി" ആണ്‌.സ്ഥാപനവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ചട്ടക്കുടിനു പുറത്ത്‌ നിഷേധത്തിന്റെ ആകാശവും ഭൂമിയും കണ്ടെടുത്ത്‌ അവിടെ വസിക്കുന്നവന്‍.സാമ്പ്രദായികതയുടെ ശീതളപാതകള്‍ക്ക്‌ ജീവിതത്തിന്റെ ചൂടും ചൂരും വ്യാപ്തിയും ഇല്ലെന്ന് കണ്ടവന്‍.കവിതയാണ്‌ അവന്റെ കാട്‌.കീഴ്പ്പെടുത്താനൊ മെരുക്കി ഉപയോഗിക്കാനോ വരുന്ന മനുഷ്യന്റെയല്ല; ചോദനകള്‍ക്കൊത്ത്‌ ഓടിത്തളരുമ്പോള്‍ തെല്ലുനിന്നൊന്നു 'കിതപ്പാറ്റുന്ന', ഉള്‍ത്തുടിപ്പുകളോട്‌ ഒട്ടിജീവിക്കുന്ന, 'മൃഗത്തിന്റെ മട്ട്‌' ആണവന്‌.

അതിജീവനത്തിന്റെ വഴികളില്‍ അലക്കിയ മുണ്ടുടുക്കാന്‍ മെനക്കെടാത്ത "വെയില്‍ തിന്ന്" മുഖം ചുവന്ന ആ വനവാസിയെ കാട്ടില്‍ വച്ചു കാണുന്നു കവി. 'മരച്ചുവട്ടിലിരുന്ന് ബീഡി വലിക്കു'ന്ന തന്റെ 'കവിതയിലെ ദൈവം' ചിരിച്ചുകൊണ്ട്‌ "പുലിപ്പാല്‍ തേടിയാണോ നീയും നാടുവിട്ടത്‌"എന്ന് ചോദിക്കുമ്പോള്‍ വിനയാന്വിതനായ കവി,

"അല്ല, കാടു കാണാന്‍
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്‌വരകള്‍,നീരൊഴുക്കുകള്‍
‍പുല്‍ക്കാടുകള്‍
അറിഞ്ഞിട്ടില്ലെ"ന്ന് പ്രതിവചിക്കുന്നു.കാടിന്റെ തുടിപ്പുകള്‍ അറിയാവുന്ന അയ്യപ്പന്‍ തന്റെ ഇളമുറക്കാരനിരിക്കുവാന്‍ വേരില്‍ അല്‍പ്പം ഇടം കൊടുത്തു.എന്നിട്ട്‌
"ചെവിയോര്‍ക്കുവാന്‍ പറഞ്ഞു".
അവന്‍,
"ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച!"

"കവിതയിലെ വനവാസി" എന്ന ബിംബത്തിലൂടെ കവനത്തിന്റെ യാഥാസ്ഥിതിക വഴികളെ നിരാകരിച്ചുകൊണ്ട്‌ മൗലീകതയുടെ വിശാലമായ ഒരിടവും സംവദിക്കാന്‍ സ്വന്തമായ്‌ ഒരു ഭാഷയുമുള്ള തന്റെ പൂര്‍വ്വജനെ കാട്ടിത്തരുന്നു കവി.ജീവിതത്തിന്റെ ഇരുണ്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വഴികളെ, അതിന്റെ വാക്കുകളെ, കല്‍പ്പനകളെ കവിതയുടെ ആത്മാവിലേയ്ക്ക്‌ സന്നിവേശിപ്പിച്ച ആരുമാവാം ഇയാള്‍. ഇവിടെ അയ്യപ്പനെന്ന മലയാളിയായ കവിയെക്കുറിച്ച്‌ തലക്കെട്ടു നല്‍കുന്ന സൂചനയുപേക്ഷിച്ച്‌ കവിത വിശാലവും സാമാന്യവുമായ മറ്റൊരു ഭൂമികയിലേയ്ക്ക്‌ ഉയരുന്നു.

വനവാസിയായ കവിയെയും,ദൈവത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ കവിത്വത്തിലേയ്ക്കുള്ള ക്ലേശഭരിതമായ വഴികളെക്കുറിച്ചും സൂചിപ്പിക്കുന്നു കവി.കല്ലും മുള്ളും കുത്തനേയുള്ള കയറ്റിറക്കങ്ങളുമുള്ള മെരുങ്ങാത്ത കാട്ടുപാതകള്‍ സ്ഥൈര്യത്തിന്റെയും അര്‍പ്പണത്തിന്റെയും മാറ്റുരയ്ക്കുന്നവയാണ്‌.അവ നടന്നുതീര്‍ത്ത്‌ ഉള്‍ക്കാട്ടിലെത്തുന്നവനേ കേള്‍ക്കുവാനാവു,
"മുലയൂട്ടുന്ന കവിതയുടെ മുരള്‍ച്ച!"
ഇവിടെ കവിത വന്യവും നൈസര്‍ഗികവുമായ ഒരു ചോദനയാകുന്നു.കവി അതിന്റെ ഉറവയെ കണ്ടെത്തുന്ന ദൈവ തുല്യനും.അന്യൂനമായ ഈ ദര്‍ശനത്തിലേയ്ക്ക്‌ കവിത വികസിക്കുന്നതാവട്ടെ പുഴയൊഴുകി കടലില്‍ ചേരുമ്പോലെ ലളിതമായി,സ്വാഭാവികമായി.

'മരവേര്‌' എന്ന ബിംബവും ശ്രദ്ധേയമാണ്‌.തുടക്കത്തെ ദ്യോതിപ്പിക്കുന്ന 'വേര്‌' കവിയെ കവിതയുടെ ആദിയോളം കൊണ്ടുപോകുന്നു.ആദ്യത്തെ കവിത പിറന്നു വീണ അതേ ഉള്‍ക്കാടിന്റെ നെഞ്ചില്‍ ചെവി ചേര്‍ത്ത്‌ നിര്‍ത്തുന്നു.അവിടെനിന്നും കേട്ടതോ ‘അര്‍ധനിമീലിത മിഴി‘കളുമായി മുകളിലേയ്ക്ക്‌ മുഖമുയര്‍ത്തി മാതൃത്വത്തിന്റെ പഴംചൊല്ലുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പരമ്പരാഗത മാതൃത്വത്തിന്റെ താരാട്ടല്ല,സൃഷ്ടിയില്‍ ഒടുങ്ങാത്ത ഗര്‍വ്വുള്ള, പറക്കമുറ്റുംവരെ കുഞ്ഞുങ്ങളെ തന്റെ പ്രാണന്റെ പുതപ്പിനുള്ളില്‍ ചേര്‍ത്തുറക്കുന്ന ഒരു മൃഗത്തിന്റെ മുരള്‍ച്ചയാണ്‌.വായിക്കുന്ന ആര്‍ക്കും കേട്ടില്ലെന്നു പറയാനാവാത്ത ആ മുരള്‍ച്ച തന്നെയാണ്‌ ഈ കവിതയെ അവിസ്മരണീയമായ ഒരു വായനാനുഭവമാക്കുന്നതും.

ആഖ്യാനത്തിലെ അയത്നലളിതമായ ഒഴുക്ക്‌ അനിലന്റെ മറ്റേതു കവിതയിലേയും പോലെ ഇവിടെയും ഒരു മുഖ്യ ആകര്‍ഷണം തന്നെ.കൗതുകമുണര്‍ത്തുന്ന ചില ചെറിയ ചിത്രങ്ങളില്‍ കണ്ടെടുക്കപ്പെടാനായി ഒരു മുഴുനീള ചലച്ചിത്രം തന്നെ ഒതുക്കിവയ്ക്കുന്നത്‌ അനിലന്റെ കവിതകളുടെ ഒരു പ്രത്യേകതയാണ്‌.പലപ്പോഴും വിവരണാത്മകമാവാന്‍ മടിക്കുന്ന ഉത്തരാധുനിക കവിതാശീലങ്ങളില്‍ നിന്നും വ്യത്യസ്തമായി അഞ്ച്‌ ഇന്ദ്രിയങ്ങളുമായും സംവദിക്കാന്‍ പോന്ന ബിംബങ്ങളുടെ ഒരു സമൃദ്ധവിരുന്നാണ്‌ അനിലന്റെ കവിതകള്‍.

'മരച്ചുവട്ടിലിരുന്നു ബീഡി വലിയ്ക്കുന്ന'

വനവാസിയായ കവി ഒരു ദൃശ്യ ബിംബമാണെങ്കില്‍,

"ഉള്‍ക്കാട്ടില്‍" ഇരുന്ന്
"മുലയൂട്ടുന്ന കവിതയുടെ മുരള്‍ച്ച"

ഒരു ശ്രാവ്യ ബിംബമാണ്‌. ഈ ബിംബങ്ങളാവട്ടെ കാവ്യ ശില്‍പ്പവുമായി ജൈവകണങ്ങള്‍ പോലെ ഒട്ടിനില്‍ക്കുന്നവയും! ബിംബങ്ങളുടെ ഈ ജൈവതാളമാവണം അനിലന്റെ കവിതകളെ ഋജുവും തീവ്രവുമായ ഒരു വായനാനുഭവമാക്കുന്നത്‌.

'അയ്യപ്പന്‍'എന്ന വ്യക്തിയുടെ,കവിയുടെ പരിമിതികള്‍ക്കപ്പുറത്തേയ്ക്ക്‌ തന്റെ രചനയെ കൊണ്ടുപോകാനായെന്നതാണ്‌ ഈ കവിതയിലൂടെ അനിലന്‍ നേടുന്ന നിര്‍ണ്ണായകമായ വിജയം.ശൈലീകരണത്തില്‍ കുടുങ്ങിപ്പോയ സമീപകാല രചനകളിലൂടെ അയ്യപ്പന്‍ തന്റെ ആരാധകരില്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തി മടക്കിവിട്ടിട്ടുണ്ട്‌.പക്ഷേ അവര്‍ക്കു പോലും ഈ കവിത നല്‍കുന്ന വായനാനുഭവം നിഷേധിക്കാനാവില്ല.അതുകൊണ്ടൊക്കെ തന്നെയാവണം ബൂലോകം ഇതിനെ ടി.പി.അനില്‍ക്കുമാറിന്റെ എറ്റവും മികച്ച കൃതികളിലൊന്നായി കാണുന്നതും.

*മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയ പ്രശസ്തമായ ഒരു അയ്യപ്പ ഭക്തിഗാനത്തില്‍ നിന്നെടുത്ത രണ്ടു വരികള്‍.

(തലക്കെട്ടിനും തിരുത്തുകള്‍ക്കും പരാജിതനോട് കടപ്പാട്)

Friday, May 11, 2007

ലാപുട സൂചിപ്പിക്കുന്നത്..

"ദൂരത്തെ സ്വയം നിര്‍ണ്ണയിച്ച്‌ ഭാഷയ്ക്കും ചിന്തയ്ക്കും ഇടയില്‍ കവി തന്നോട്‌ തന്നെ നടത്തുന്ന ഓട്ടപന്തയം ആവുമ്പൊഴാണ്‌ കവിതയ്ക്ക്‌ അതിന്റെ ഗാഢവും ഗൂഢവുമായ ത്വരണങ്ങള്‍ ഉണ്ടാവുന്നതെന്ന് കരുതുവാന്‍ എനിക്ക്‌ ഇഷ്ടമാണ്‌".
പരാജിതന്റെ കവിതയിലെ കലാസംവിധാനം എന്ന ലേഖനത്തിന്‌ ലാപുട ഇട്ട ഈ കുറിപ്പ്‌ അദ്ദേഹത്തിന്റെ കവിതയുടെ ആത്മാവിലേയ്ക്ക്‌ തുറക്കുന്ന ഒരു വാതിലാണ്‌.ഭാഷ അതിന്റെ സൃഷ്ടിപരമായ വ്യവഹാരങ്ങളില്‍ വെളിപ്പെടുന്നത്‌ വ്യവഹര്‍ത്താവിന്റെ ചിന്തയെ പ്രതിനിധാനം ചെയ്യുന്ന കുറേ ചിഹ്നങ്ങള്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല. ചിന്തയ്ക്കും അതിന്റെ ചിഹ്നങ്ങളുപയോഗിച്ചുള്ള രേഖപ്പെടുത്തലിനും ഇടയില്‍ ഭാഷ അതിന്റേതായ ഒരു സ്വതന്ത്രമേഖല രൂപപ്പെടുത്തുന്നു. അവിടെവച്ച്‌ അത്‌ സ്ഥലകാലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയെ അതിജീവിക്കുകയും ചെയ്യുന്നു. അങ്ങനെയാണ്‌ സ്ഥലകാല ബന്ധിയായി പിറക്കുന്ന ഒരു കൃതിയ്ക്ക്‌ അവയെ അതിവര്‍ത്തിക്കുന്ന ഒരു പാഠം ഉണ്ടാവുന്നത്‌. അതായത്‌ കൃതിക്ക്‌ ആധാരമായ ചിന്താപദ്ധതി രചനയോടെ പൂര്‍ണ്ണമാകുകയും രചയിതാവിന്‌ അതിന്റെ നിയതിയ്ക്കുമേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലതാവുകയും ചെയ്യുന്നു.എന്നാല്‍ അതിന്റെ പാഠമാകട്ടെ ഭാഷയുടെ ജൈവസ്വഭാവത്തില്‍നിന്നും കരചരണങ്ങള്‍ കടം കൊണ്ട്‌ അനന്തമായ യാത്രകളിലൂടെ,അനുഭവങ്ങളിലൂടെ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ വേണമോ വേണ്ടയോ എന്നു ശങ്കിച്ചുനിന്ന ഹാമ്ലറ്റ്‌ രാജകുമാരന്‍ ഷേക്സ്പിയറെയും കടന്ന് അസ്തിത്വവാദിയായ അന്യനായി മാറിയത്‌ ഈ വഴിയിലൂടെ സഞ്ചരിച്ചാണ്‌. "മെറ്റാഫിസിക്കല്‍ " എന്ന് സമകാലികര്‍ ചിറികോട്ടിപ്പറഞ്ഞ നിയോക്ലാസിക്കല്‍ കവിതകള്‍ നമ്മുടെ നൂറ്റാണ്ടിന്റെ കവിതയിലെ ഏറ്റവും സൃഷ്ടിപരമായ സ്വാധീനമായതും ഇങ്ങനെതന്നെ.

ലാപുടയുടെ പല കവിതകളിലും ഭാഷ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു സ്വതന്ത്ര മേഖല നേടിയെടുക്കുന്നതായി കാണാം. അവിടെ വാക്കുകള്‍ കേവലം ചിന്തയുടെ ശബ്ദരൂപങ്ങളല്ല. വാച്യാര്‍ത്ഥത്തിന്റെ പരിധികള്‍ ലംഘിച്ച്‌ അവ വളരുകയും പരിസരങ്ങളില്‍ നിന്നും കാവ്യശില്‍പ്പത്തില്‍നിന്നുതന്നെയും ഊര്‍ജ്ജം കണ്ടെത്തി സ്വന്തം അസ്തിത്വം പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. അതുകൊണ്ടാവാം ലാപുടയുടെ കവിതകള്‍ സംവേദനത്തിനായി വരികളോടൊപ്പം അതിന്റെ ഘടനയേയും ഉപകരണമാക്കുന്നത്‌. അടുത്തടുത്ത്‌ വിന്യസിച്ചിരിക്കുന്ന വിരുദ്ധ സ്വഭാവമുള്ള വാക്കുകള്‍ തമ്മിലുള്ള വിനിമയങ്ങളിലൂടെ,കലഹങ്ങളിലൂടെ വികസിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ കവിതാശില്‍പ്പം.
"ഈണത്തെ
അഴിച്ചുമാറ്റി മാത്രമെ
ഒരു പാട്ടിനെ
എഴുതിവെക്കാനാവൂ.

എഴുതി വെച്ച ഒരു പാട്ട്‌
പാട്ടിനെക്കുറിച്ചുള്ള
വലിയ ഒരു നുണയാണ്‌..."
('എഴുതുമ്പോള്‍...')

ഇവിടെ പാട്ട്‌ തന്നെ അതെക്കുറിച്ചുള്ള ഒരു വലിയ നുണയായി മാറുന്നത്‌ കാണാം. ഈണത്തെ അഴിച്ചുമാറ്റി മാത്രമെ ഒരു പാട്ടിനെ എഴുതി വെക്കാനാവു എന്നിരിക്കെ എഴുതിവെച്ച പാട്ട്‌ ഒരേ സമയം ഈണത്തെയും പാട്ടിനെതന്നെയും നിഷേധിക്കുന്നു. ഇത്തരത്തില്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ബിംബങ്ങളുടെ നൈരന്തര്യത്തിലൂടെ പടുത്തുയര്‍ത്തപ്പെട്ടവയായതിനാലാവും അദ്ദെഹത്തിന്റെ കവിതകള്‍ ഒന്നും തന്നെ വിവരണാത്മകമല്ലാത്തത്‌.

രണ്ടു തവണ വീതം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന 'വെളിച്ചം' ,'ഇരുട്ട്‌', 'നിഴല്‍', 'നിറം' എന്നീ നാലു വാക്കുകളും, അവ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത ഭാഷാപരിസരങ്ങളിലൂടെ മാറി മാറിവരുന്ന ധ്വനികളും അടങ്ങുന്നതാണ്‌ സൂചന എന്ന ഈ കവിതയുടെ രസതന്ത്രം. ആദ്യവരിയിലെ 'വെളിച്ചം'പിന്നീട്‌
'വെളിച്ചം കൊണ്ട്‌
കാണാനാവാത്ത
ഇരുട്ട്‌' ആയി മാറുമ്പോള്‍ വാക്ക്‌ ചിന്തയുടെ വാഹകന്‍ എന്നനിലയ്ക്കുള്ള പരാധീനതകളെ കുടഞ്ഞെറിഞ്ഞ്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്‌ നമുക്ക്‌ കാണാം.രണ്ടാം ഖണ്ഡികയിലെ ആദ്യവരിയിലെ'കാഴ്ച്ചകള്‍'ക്ക്‌ പറയാനുള്ളതാവട്ടെ
"നിറം ചേര്‍ത്ത്‌
ചിത്രമാക്കാനാവാത്ത" നിഴലിനെക്കുറിച്ചാണ്‌. നിറം തേച്ച കാഴ്ചകള്‍ നിറങ്ങളോ ചിത്രങ്ങളോ അല്ലാത്ത നിഴലുകളെക്കുറിച്ച്‌ വരക്കുന്ന ഈ വാങ്മയ ചിത്രത്തില്‍ വാക്കുകള്‍ അസ്തിത്വം തേടി തങ്ങളുടെ ഇരിപ്പിടങ്ങളില്‍നിന്നും ഇറങ്ങി നടക്കുന്നു.കാവ്യ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ബിംബങ്ങളുടെ ഈ സ്വതന്ത്ര ഗതാഗത്തിലൂടെയാണ്‌ കവിത വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ക്കുള്ള സാധ്യത തുറന്നിടുന്നത്‌.

അഞ്ച്‌ ഖണ്ഡങ്ങളിലായി തീര്‍ത്തിരിക്കുന്ന ഈ കാവ്യശില്‍പ്പത്തെ വിഘടിപ്പിച്ചാല്‍ നമുക്ക്‌ ഇതിനുപിന്നിലെ ക്രാഫ്റ്റിലേയ്ക്കെത്താം.
"വെളിച്ചം കൊണ്ട്‌
കാണാനാവാത്ത
ഇരുട്ടു പോലെ
......
അസാധ്യതകളുടെ
വിരസവ്യംഗ്യം" ആണ്‌ ജീവിതം എന്നതാണ്‌ ആദ്യ ഖ്ണ്ഡികയിലെ
"വെളിച്ചം
ഏഴു വരികളില്‍
ഇരുട്ടിനെക്കുറിച്ച്‌" നല്‍കുന്ന സൂചന. ഇവിടെ കവിതയുടെ ഒഴുക്ക്‌ മൂന്നാം ഖണ്ഡത്തില്‍ നിന്നും അഞ്ചിലേക്കിറങ്ങി വീണ്ടും ആരംഭത്തിലേക്ക്‌ മടങ്ങിയെത്തുമ്പോള്‍ രണ്ടാം ഖണ്ഡത്തിലെ
"കാഴ്ച്ചകള്‍
നിഴലിനെക്കുറിച്ച്‌
നിറങ്ങളില്‍ പടുത്ത
സൂചനകള്‍" ഒരു ഖണ്ഡം താഴേക്കിറങ്ങി
"നിറം തേച്ച്‌
ചിത്രമാക്കാനാവാത്ത
നിഴലു പോലെ
അസാധ്യതകളുടെ" ഒരു വിരസ വ്യംഗ്യമായി ജീവിതത്തെ നിര്‍വചിക്കുന്നു.രണ്ടായി ഇഴപിരിഞ്ഞ്‌ വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക്‌ ശില്‍പത്തിനുള്ളില്‍ വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച്‌ നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്‌. ഈ കവിതയ്ക്ക് വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ സാധ്യമാക്കുന്നതും ഇതു തന്നെ.

ഇരുളും വെളിച്ചവും, കാഴ്ചയും നിഴലും എന്നിങ്ങനെ ഒരിക്കലും സമന്വയിപ്പിക്കാനാവാത്ത ദ്വന്ദ്വങ്ങളിലൂടെ അസാധ്യതകളുടെ വിരസവ്യംഗ്യമായി ജീവിതത്തെ വ്യാഖ്യാനിക്കുക വഴി കവി അതിന്റെ ധനാത്മകമായ സാധ്യതകളെ നിരാകരിക്കുന്നു എന്നൊരു വാദം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്‌. ദുരന്തബോധത്തെ സിനിസിസവുമായി കൂട്ടിവായിക്കാന്‍ ആവാത്തിടത്തോളം അത്തരമൊരു വായന സംഗതമല്ലെന്നാണ്‌ എന്റെ തോന്നല്‍. ചാര്‍ത്തുകളില്ലാത്ത ജീവിതത്തിന്റെ പരുക്കന്‍ ഉണ്മകളുമായി മുഖാമുഖം നില്‍ക്കുകയും ഭംഗ്യന്തരങ്ങളില്ലാതെ അതിന്റെ പാഠങ്ങളെ ഉള്‍കൊള്ളുകയും ചെയ്യുമ്പോഴാണല്ലോ ദുരന്ത ദര്‍ശനം എന്നൊന്ന് ഉരുത്തിരിയുന്നത്‌. മാനുഷികമായ കാഴ്ചകളുടെ മേലൊരു തിരുത്തായി നിലനില്‍ക്കുന്നിടത്തോളം കാലം ആ ദര്‍ശനം ഋണാത്മകമല്ല. അസ്തിത്വവാദം എന്ന ദര്‍ശനത്തിന്റെ വികലമായ പാഠങ്ങളുടെ വായനയിലൂടെ എണ്‍പതുകളിലെ അപക്വമതികളായ ചില വായനക്കര്‍ക്ക്‌ വന്നുചേര്‍ന്ന അപചയങ്ങള്‍ക്ക്‌ അങ്ങ്‌ സാര്‍ത്ര് മുതല്‍ ഇങ്ങ്‌ വിജയന്‍ വരെയുള്ളവരെ പഴിക്കുന്നതില്‍ കാര്യമില്ലല്ലോ!

നാളിതുവരെയുള്ള തന്റെ കാവ്യ ജീവിതത്തിലൂടെ ലാപുട മൗലീകമായ ഒരു ശൈലി നേടിയെടുത്തുകഴിഞ്ഞു.കാവ്യഘടനയ്ക്കുമേലുള്ള തനതു വൈദഗ്ദ്ധ്യം അദ്ദേഹത്തിന്റെ ശൈലിയുടെ മുഖമുദ്രയാണ്‌.എങ്കിലും ചിലപ്പോഴെങ്കിലും ശൈലി എഴുത്തിനെ ശൈലീകരണത്തിലേയ്ക്ക്‌ വലിച്ചുകൊണ്ടുപോകാറുണ്ട്‌. എഴുത്തിനെ നിര്‍ജ്ജീവാവസ്ഥയില്‍ കൊണ്ടെത്തിക്കുന്ന ഇത്തരമൊരു ശൈലീകരണം ഒ.വി. വിജയനെപ്പോലുള്ള എഴുത്തുകാരെ പോലും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അവസാന കാല രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.ലാപുട കവിതകളുടെ കരുത്തും സൗന്ദര്യവുമായ സവിശേഷ ശൈലിയും തനതു ഘടനയും ചേര്‍ന്ന് എഴുത്തിനെ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു ശൈലീകരണത്തിലേയ്ക്ക്‌ തട്ടിക്കൊണ്ടു പോകതിരിക്കുവാന്‍ കവി സദാ ജാഗരൂകനായിരിക്കണം.ഘടനയെയും ശൈലിയെയും നിരന്തരം അപനിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്‌ ഇത്തരം ഒരു ജാഗരത്തിനായി കവിതയെ സജ്ജമാക്കുവാനുള്ള വഴി എന്നു തോന്നുന്നു.ലാപുടയ്ക്ക്‌ അതിന്‌ ആവും എന്നു തന്നെയാണ്‌ എന്റെ വിശ്വാസവും..

(ലിങ്കുകള്‍ക്കും ഒന്നാം വട്ട എഡിറ്റിങ്ങിനും മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പരാജിതനോട് കടപ്പാട്)

ഇവിടിതുവരെ